കേരളത്തിൽ നാം ഇന്ന് പരസ്യമായി സ്‌നേഹം പ്രകടിപ്പിക്കാൻ അല്ലെങ്കിൽ ചുംബിക്കാൻ വേണ്ടിയുള്ള അവകാശത്തിനായി സമരം ചെയ്യാൻ വരെ തയ്യാറായി നിൽക്കുന്നു. ഇതിനെതിരെ ശബ്ദിക്കുന്നവരും എതിർക്കുന്നവരും വാക്കുകളിലൂടെയും വാചകങ്ങളിലൂടെയും അങ്കം വെട്ടുന്നു. എന്നാൽ ഇന്ത്യയ്‌ക്കൊപ്പം തന്നെ സ്വാതന്ത്ര്യത്തിലേക്ക് ചിറകടിച്ച് ഉയർന്ന പാക്കിസ്ഥാനിലെ ചില മേഖലകളിലെ സ്ത്രീകളുടെ അവസ്ഥ ദയനീയമെന്നു വിശേഷിപ്പിച്ചാൽ അത് ഏറ്റവും ലളിതമായിരിക്കും.

നമ്മുടെ നാട്ടിലെ സദാചാരപൊലീസിന്റെ ഏറ്റവും പ്രാകൃതമായ രൂപം എന്നുവേണമെങ്കിൽ പാക്കിസ്ഥാനിലെ ഓരോ പുരഷന്മാരെ യും വിശേഷിപ്പിക്കാം. പാക്കിസ്ഥാനിലെ സ്ത്രീ നിതാന്തമായ മരണഭീതിയിലാണെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു. ചെയ്യാത്ത തെറ്റിന് സ്ത്രീ അവിടെ ശിക്ഷിക്കപ്പെടുന്നു. ഏത് നിമിഷവും ഒരു കൊലക്കത്തിയായോ അല്ലെങ്കിൽ തോക്കിൻ കുഴലായോ മരണം പാക്ക്‌സ്ത്രീയെ പിൻതുടരുന്നു. കുടുംബത്തിന്റെ മാനം, നോട്ടത്തിന്റെ പറയലിന്റെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ നിർണ്ണയിക്കപ്പെടുന്നു. ഇവിടെ സ്ത്രീകളുടെ ശബ്ദത്തിന് യാതൊരുവിധ സ്ഥാനവുമില്ല. അവൾ നിരന്തരം വീക്ഷിക്കപ്പെടുന്നു. അവളുടെ ചെയ്തികളെ വിശകലനം ചെയ്ത് തീരുമാനം എടുക്കുന്നത് പുരഷനാണ്.

മലാലയാണ് ഇന്ന് അന്താരാഷ്ട്ര തലത്തിൽ പാക്‌സ്ത്രീകളുടെ അതിജീവനത്തിന്റെ ശബ്ദമായി ഉയർന്ന് നിൽക്കുന്നത്. എന്നാൽ ഇവിടെ കൊലചെയ്യപ്പെട്ടിരിക്കുന്ന അനേകായിരം സ്ത്രീകളിൽ ഭാഗ്യം അനുവദിക്കപ്പെട്ടതുകൊണ്ട് മാത്രം ജീവിച്ചിരിക്കുന്നവളാണ് മലാല. തീവ്രവാദികളും പാക് കുടുംബ വ്യവസ്തയിലെ പുരുഷന്മാരും തമ്മിൽ യാതൊരു തരത്തിലും വ്യത്യാസങ്ങളില്ലെന്ന് മുഖ്താർ മായിയുടെ ജീവിതം ഈ ലോകത്തിന് കാണിച്ചുകൊടുക്കുന്നു.

മലാല ആഗോളശക്തികളുടെ കൈകളിൽ എത്തിച്ചേർന്ന ഒരു ഉപകരണം മാത്രമാണ് എന്ന് വേണമെങ്കിൽ നമുക്ക് വിലിയിരുത്താം. എന്നാൽ മുഖ്താറുമായി മനുഷ്യത്വരഹിതമായ പീഡനത്തിൽ സാഹസികമായ ഒരു ഉയർത്തെഴുന്നേല്പിന്റെ 'ജീവിത'മാണ്. കാരണം അത് കഥയല്ല.

മുഖ്താർ മായി ജനനം പാക്കിസ്ഥാനിലെ കർഷകജാതിയായ ഗുജാർ വംശത്തിൽ. ഇന്ത്യൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ചെറിയ ഗ്രാമമായ മീർവാലയിൽ. ചെറിയ പ്രായത്തിൽ തന്നെ തന്റെ ഇഷ്ടമില്ലാതെ സ്വീകരിക്കപ്പെടേണ്ടി വന്ന കഴിവ് കെട്ട ഭർത്താവിൽ നിന്ന് കുടുംബത്തിന്റെ സഹായത്തോടെ വിവാഹമോചനം നേടി. എന്നാലും അവരെ എല്ലാവരും മുഖ്താരൻ ബീവി എന്ന് വിളിച്ചു. കാരണം ചെറിയ കുട്ടികളെ അവർ ഖുറാൻ പഠിപ്പിക്കുന്നു.

ഇതിനിടയിലാണ് അഗ്നിപാതം പോലെ വിധി അവരെ വേട്ടയാടി തുടങ്ങുന്നത്. അവരുടെ ഇളയസഹോദരൻ 12 വയസ്സുള്ള ഷുക്കൂർ മസ്‌തോയ് ഗോത്രത്തിലെ സൽമ എന്ന യുവതിയോട് സംസാരിച്ചിതിന്റെ പേരിൽ കുറ്റാരോപിതനായിരിക്കുന്നു. ഗ്രാമസഭയിൽ ഭൂരിപക്ഷം മസ്‌തോയി ഗോത്രത്തിനാണ്. അവരുടെ അടിസ്ഥാന സ്വാഭാവം തന്നെ അക്രമത്തിന്റെതാണ്. ആദരണീയയായ ഒരു സ്ത്രീ എന്ന നിലയിൽ തന്റെ കുടുംബത്തിനെ പ്രതിനിധീകരിക്കാൻ വേണ്ടി മുഖ്താരനോട് കുടുംബത്തിലെ മുതിർന്നവർ ആവശ്യപ്പെടുന്നു.

ഇതിന് മുമ്പ് യോജിപ്പിനുള്ള എല്ലാ വഴികളും അവർ നോക്കിയിരുന്നു. എന്നാൽ തള്ളിക്കളയുകയും ഗ്രാമസഭയ്ക്ക് മുമ്പിൽ ഒരു ഗുജാർ സ്ത്രീ ഹാജരാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഗോത്രസഭയ്ക്ക് മുമ്പിൽ ഹാജരായ മുഖ്താർ മായിയെ അവരുടെ സഹോദരന് ഒരു പ്രണയബന്ധമുണ്ടെന്നു തെറ്റായി ആരോപിക്കുകയും കൂട്ടബലാത്സംഗം ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. മുഖ്താരന്റെ പിതാവ് കുടുംബാങ്ങൾ, മുല്ല ഗ്രാമവാസികൾ എല്ലാവരെയും മസ്‌തോയികൾ തോക്കിൻ മുനയിൽ നിറുത്തി, മാനം നിലനിർത്താൻ എന്ന പേരിൽ ശിക്ഷ നടപ്പാക്കാൻ തുടങ്ങി. ഖുർ ആന്റെ പേരിൽ എന്നെ വെറുതെ വിടു എന്ന് അലറി വിളിച്ച മുഖ്താരനെ കശാപ്പു ചെയ്യാനുള്ള ആടിനെയെന്ന പോലെ തൊട്ടടുത്തുള്ള കളപ്പുരയിലേക്ക് വലിച്ചിഴയ്ക്കുകയും അവിടെ വച്ച് ഒരു രാത്രി മുഴുവൻ നാലുപേർ ചേർന്ന് അവളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തു.

മുഖ്താരൻ അവരുടെ ആത്മകഥയിൽ പറയുന്നു ഇവിടെ ഒരു സ്ത്രീയെന്നാൽ അവർക്ക് അധീനത്തിൽ വെയ്ക്കാനും പകരം വീട്ടാനുമുള്ള ഒരു വസ്തുമാത്രമാണ്. അവരുടെ ഗോത്രാഭിമാനത്തിന്റെ സങ്കൽപങ്ങൾക്കനുസരിച്ച് വിവാഹമോ, ബലാത്സംഗമോ ചെയ്യുന്നു. ്ങ്ങനെ അപമാനിക്കപ്പെട്ട സ്ത്രീക്ക് ആത്മഹത്യയല്ലാതെ മറ്റൊരു ഗതിയുമില്ല എന്ന് അവർക്കറിയാം. ഇവിടെ ആയുധങ്ങൾ ഉപയോഗിക്കേണ്ടി വരുന്നതേയില്ല. മാനഭംഗം അവളെ കൊല്ലുന്നു. ബലാത്സംഗമാണ് ഒടുക്കത്തെ ആയുധം. അത് മറ്റേ ഗോത്രത്തെ എന്നന്നേയ്ക്കുമായി നാണം കെടുത്തുന്നു.

നേരം വെളുത്തപ്പോൾ അർദ്ധനഗ്നയായി പുറത്തേക്ക് വന്ന മുഖ്താരനെ കാത്ത് ഗ്രാമവാസികളും ബാപ്പയും നിന്നിരുന്നു. നഗ്നതമറയ്ക്കാനായി സ്വന്തം പിതാവ് എറിഞ്ഞുകൊടുത്ത ഷാൾ പുതച്ച് വീട്ടിലേക്ക് നടന്ന അവളുടെ മനസ്സിൽ ആത്മഹത്യ എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനായി ആസിഡ്കുടിച്ച് മരിക്കാൻ തീരുമാനിച്ചു. ഉമ്മയോട് ആസിഡ് വാങ്ങി വരാൻ ആവശ്യപ്പെട്ടു. എന്നാൽ കാവൽ നിന്നവരും എല്ലാവരും കൂടി ആശ്രമം പരാജയപ്പെടുത്തി. ദിവസങ്ങൾ കഴിഞ്ഞതോടെ മുഖ്താരന്റെ മനസ്സ് ശാന്തമായി തുടങ്ങി. എന്നാൽ പ്രതികാരം ചെയ്യാൻ അവൾ ആഗ്രഹിച്ചു. അതോടൊപ്പം ഖുറാനിൽ നിന്നുള്ള വാക്കുകൾ ഓർമ്മയിൽ നിന്ന് ഓതി.

മുഖ്താരന്റെ സഹോദരൻ ഷുക്കൂറിനെ മസ്‌തോയി വിഭാഗത്തിൽപ്പെട്ട ചിലർ പിടിച്ചുകൊണ്ട് പോകുകയും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്ക് ഇരയാക്കുകയും ആയിരുന്നു യഥാർത്ഥത്തിൽ നടന്നത്. എന്നാൽ ഈ വിവരം പുറത്തറിഞ്ഞതോടെ മസ്‌തോയികൾ ഷുക്കൂറിനുമേൽ പ്രേമചാപല്യങ്ങൾ കാട്ടി എന്ന കള്ളം ചാർത്തുകയായിരുന്നു. എന്നാൽ ഒരു പ്രാദേശിക പത്ര പ്രവർത്തകൻ മുഖ്താരൻ സംഭവം റിപ്പോർട്ട് ചെയ്യുകയും തുടർന്ന് ലോക മാദ്ധ്യമങ്ങൾ വിഷയം ഏറ്റെടുക്കുകയും എന്നാൽ പൊലീസ് അധികാരികൾ കേസ് ഒരുക്കി തീർക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ മുഖ്താൻ തന്റെ വാദമുഖങ്ങളിൽ ഉറച്ചു നിൽക്കുകയും അവൾക്ക് സമൂഹത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്ന് പിന്തുണ ലഭിക്കുകയും ചെയ്തു.

എന്നാൽ ലോകത്തിലെ ഏറ്റവും സതീവിരുദ്ധമായ നീതിന്യായ വ്യവസ്തകളിൽ ഒന്നാണ് പാക് ജ്യുഡീഷർ. ഇസ്ലാമിക നിയമത്തിന്റെയും, ഗോത്രാചാരവ്യവസ്തകളുടെയും ഇന്തോ-ബ്രിട്ടിഷ് പാരമ്പര്യത്തിന്റെയും സങ്കരസന്തതിയാണ് പാക്കിസ്ഥാനിലെ നിയമവ്യവസ്ഥ. പുരുഷൻ വ്യവസ്ഥിതിയെ നിർണ്ണയിക്കുന്നതിനാൽ അനുഭവിക്കുന്ന വ്യക്തിത്വപ്രതിസന്ധി പാക്ജ്യുഡിഷറി ചാരിവെയ്ക്കുന്നത് അബലകളായ സ്ത്രീകളിലാണ്. പോരെങ്കിൽ പാക് സമൂഹം ഒരിക്കലും ജനാധിപത്യവത്കരിക്കപ്പെട്ടിട്ടുമില്ല. പാക് ജ്യുഡിഷറിയുടെ സ്ത്രീവിരുദ്ധ പ്രകടമാക്കിക്കൊണ്ട് ലാഹോർ കോടതി കുറ്റമാരോപിക്കപ്പെട്ടവരിൽ അഞ്ചുപേർ നിർദ്ദോഷികളാണെന്ന് കണ്ടെത്തി. വെറുതെ വിടാൻ ഉത്തരവിട്ടു. പ്രതികൾക്ക് നാമമാത്രമായ ശിക്ഷലഭിക്കുകയും ചെയ്തു.

എന്നാൽ ഇതൊരു സാധാരണ സ്ത്രീയുടെ ഉയർത്തെഴുന്നേല്പ് ആയിരുന്നു. യാതൊരു വിധത്തിലുള്ള വിദ്യാഭ്യാസവുമില്ലാതിരുന്ന അവർ ജന്മിത്തമനോഭാവത്തിനെതിരെ പോരാടാനുള്ള വഴി സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുകയാണെന്ന് തിരിച്ചറിഞ്ഞു. തനിക്ക് മാനഭംഗത്തിന്റെ ആശ്വാസധനമായി കിട്ടിയ പണം കൊണ്ട് തന്റെ ഗ്രാമത്തിൽ ഒരു സ്‌കൂൾ തുടങ്ങി. ഇതോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച സംബാവന ഉപയോഗിച്ച ആംബുലൻസായി ഉപയോഗിക്കാൻ പറ്റുന്ന വാനും, സ്‌കൂൾ ബസും തുടർന്ന് ഹൈസ്സ്‌കൂളും തുടങ്ങി.

ഇന്ന് അവരൊരു വിപ്ലവം നയിക്കുന്നകയാണ്. നിരക്ഷരതയ്‌ക്കെതിരെ സ്ത്രീകളെ അടിച്ചമർത്തുന്നതിനെതിരെ, അത് പാക്കിസ്ഥാനിലുടനീളം മാറ്റൊലി കൊള്ളുന്നു. തീർച്ചയായും ലോകമാകെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അംഗീകാരങ്ങളും അവാർഡുകളും അവരെ തേടിയെത്തി. ഐക്യരാഷ്ട്രസഭയിൽ പ്രസംഗിക്കാനുള്ള അവസരവും.

മലാല കമ്പോളവത്കരിക്കപ്പെട്ടതുപോലെ മുഖ്താർ മായിയുടെ പ്രവർത്തനങ്ങൾക്ക് പാശ്ചാത്യരാജ്യങ്ങൾ പ്രാധാന്യം കൊടുക്കുന്നില്ലേയെന്ന് നമ്മൾക്ക് സംശയിക്കാം.

കുടുംബഹിതം മറികടന്ന് ഇഷ്ടപ്പെട്ടവന്റെയൊപ്പം ജീവിതം എന്നു തീരുമാനിച്ചാൽ കൊള്ളരുതാത്തവന്റെയൊപ്പം ജീവിക്കാൻ വിസമ്മതിച്ചാൽ, ആണിന് വിരുദ്ധമായി ചിന്തിച്ചാൽ ഒക്കെ തന്നെ സ്വന്തം ജീവൻ തന്നെ സ്വന്തം ജീവൻ തന്നെ സ്ത്രീക്ക് നഷ്ടപ്പെടുന്നു. ഇങ്ങനെ എന്തെങ്കിലും ചെയ്താൽ കുടുംബത്തിന്റെ മാനം നഷ്ടപ്പെടും എന്നാണ് പാക് പൊതുതത്വം. മാനം സംരക്ഷണം പുരഷന്റെ വകുപ്പിൽപ്പെട്ടതാണ്. മാനം കെടുത്തിയവളെ കൊന്ന് കളയുക എന്നത് അവിടുത്തെ സാമൂഹ്യ മര്യാദയിൽ തെറ്റേയല്ല. കുടുംബത്തിന്റെ മാനം കെടുത്തിയവളെന്ന പ്രകോപനത്താൽ ആണ്ട് തോറും നൂറ് സ്ത്രീകൾ കൊല്ലപ്പെടുന്നു.

വസ്ത്രത്തിന്റെ അളവ് കുറയുകയുന്നതാണ് പുരോഗതിയും സ്വാതന്ത്ര്യവും എന്ന വികലമായ ഒരു സങ്കല്പത്തിലേക്ക് കേരളം എത്തിച്ചേർന്നുകൊണ്ടിരിക്കുന്നു. അവെടെ ഒരാണും പെണ്ണും തമ്മിൽ കണ്ടാൽ ഉടൻ തന്നെ ആലിംഗനം ചെയ്ത് സ്‌നേഹം പ്രകടിപ്പിക്കണം എന്നുള്ള കാഴ്ചപ്പാടുള്ളവർ നമ്മുടെ അയൽ രാജ്യങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സ്ത്രീവിരുദ്ധ സമൂഹത്തിലേക്ക് കൂടി കണ്ണോടിക്കുന്നത് നന്നാകും. എങ്കിൽ മാത്രമേ നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ സുഗന്ധം മനസ്സിലാക്കാൻ സാധിക്കു.