കേരളാ ജനതയ്ക്ക് ഇതെന്തു പറ്റി? മറുനാട്ടുകാരെല്ലാം അത്ഭുതപ്പെടുന്നു. കേരളീയർ ഇപ്പോൾ ഒരേയൊരു കള്ളുകച്ചവടക്കാരനായ ബിജു രമേശിനെ മാത്രമാണ് വിശ്വസിക്കുന്നത്. മന്ത്രി മാണി മാടപ്രാവിനെപ്പോലെ നിഷ്‌ക്കളങ്കനാണെന്ന് ആരൊക്കെ പറഞ്ഞു. കേരളാ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, മന്ത്രിസഭാ മന്ത്രിമാരെല്ലാം, യുഡിഎഫ് ഘടകക്ഷിനേതാക്കളെല്ലാം. അവിടെയും തീരുന്നില്ല. മേൽപ്പറഞ്ഞവർ എല്ലാവരും കൂടുന്നത്ര തൂക്കമുള്ള സത്യസന്ധനും ആദർശവാനുമായ വി എം സുധീരൻ, കത്തോലിക്കാ വിശ്വാസികളെല്ലാം പിതാക്കന്മാരെന്ന് വിളിച്ച് ആദരിക്കുന്ന മേൽപ്പട്ടക്കാരായ മെത്രാന്മാർ, എൻ എസ് എസിന്റെ പരമോന്നത നായർ, മെത്രാന്മാരുടെ വളർത്തു സംഘടനയായ കത്തോലിക്കാ കോൺഗ്രസ്.

എന്നിട്ടും ബിജുവിനെയാണ് കേരളത്തിലെ ജനങ്ങൾ വിശ്വാസത്തിലെടുത്തിട്ടുള്ളതും മാനിക്കുന്നതും എന്നതിന്റെ തെളിവാണല്ലോ ഫെയ്‌സ് ബുക്കിലും മറ്റും വരുന്ന മാണിക്കെതിരായ കമന്റുകളും ചെറുപ്പക്കാർ ഭിക്ഷതെണ്ടി മാണിക്ക് അയച്ചുകൊടുക്കുന്ന പിച്ചക്കാശും.

ഇതെല്ലാം സംഭവിക്കാൻ മാത്രം ഈ ബിജു രമേശ് എന്തു ചെയ്തു. രാഷ്ട്രീയത്തിലെ ഒരു തിമിംഗലത്തിനെതിരെ തെളിവു സഹിതം അഴിമതിയാരോപണം നടത്തുകയും എന്തൊക്കെ പ്രലോഭനങ്ങളും ഭീഷണികളും ഉണ്ടായിട്ടും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്തു അത്രയേയുള്ളൂ. ഏതൊരു പൗരനും ചെയ്യാവുന്നതും ചെയ്യേണ്ടതുമായ പൗര ധർമ്മം രാഷ്ട്രീയ ഉത്തരവാദിത്തം കാട്ടി. അതായത് മിനിമം ആണത്തം കാട്ടി. ഇപ്പോൾ നമുക്ക് മനസ്സിലാകുന്നു ഈ ആണത്തം എന്ന സംഗതി കേരളത്തിൽ എത്രയോ വിരളമായിത്തീർന്നിരിക്കുന്നു എന്ന്.