- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മലയാളി മാമാങ്കങ്ങൾ
മലയാളിയുടെ ജീവിതം കുറെ പൊങ്ങച്ചങ്ങളുടെയും വൃഥാഭിമാനങ്ങളുടെയും ആഘോഷം മാത്രമാണെന്ന് തോന്നിപ്പോകുന്നു. നൂറു ശതമാനം സാക്ഷരത, അന്തർദേശീയ ചലച്ചിത്ര മേളകൾ തുടങ്ങിയവ അതിന്റെ ഉദാഹരണങ്ങളാണ്. നമ്മുടെ പൊങ്ങച്ചക്കാര്യങ്ങളിൽ പ്രധാനപ്പെട്ട മറ്റൊരു ഇനമാണ് സംസ്ഥാന സ്‌ക്കൂൾ കലോത്സവം. ഏഷ്യയിലെ ഏറ്റവും വലിയ പന്തൽ, ഏറ്റവുമധികം പേർക്ക് സദ്യ, ഏറ്
മലയാളിയുടെ ജീവിതം കുറെ പൊങ്ങച്ചങ്ങളുടെയും വൃഥാഭിമാനങ്ങളുടെയും ആഘോഷം മാത്രമാണെന്ന് തോന്നിപ്പോകുന്നു. നൂറു ശതമാനം സാക്ഷരത, അന്തർദേശീയ ചലച്ചിത്ര മേളകൾ തുടങ്ങിയവ അതിന്റെ ഉദാഹരണങ്ങളാണ്.
നമ്മുടെ പൊങ്ങച്ചക്കാര്യങ്ങളിൽ പ്രധാനപ്പെട്ട മറ്റൊരു ഇനമാണ് സംസ്ഥാന സ്‌ക്കൂൾ കലോത്സവം. ഏഷ്യയിലെ ഏറ്റവും വലിയ പന്തൽ, ഏറ്റവുമധികം പേർക്ക് സദ്യ, ഏറ്റവും കൂടുതൽ വിഭവങ്ങൾ, വർണ്ണാഭമായ ഘോഷയാത്രയും കലോത്സവ ഉദ്ഘാടനവും തീർന്നു. ഇവിടം വരെ പെരുത്ത ആഢംബരവും പകിട്ടുമാണ്. മാമാങ്കം എന്ന വാക്ക് തന്നെയാണ് നമ്മൾ ഉപയോഗിക്കുന്നതും. പക്ഷേ മത്സരം തുടങ്ങുന്നതോടെ പ്രശ്‌നങ്ങളുമായി. ലൈറ്റ് ആൻഡ് സൗണ്ട് മുതൽ ജഡ്ജസിന്റെ കാര്യം വരെ പരിതാപകരമായിരിക്കും. കുട്ടികൾ മേക്കപ്പിട്ട് മണിക്കൂറുകൾ കാത്തു നിന്നു കഴിഞ്ഞാണ് മത്സരം തുടങ്ങുന്നത്. പരാതികളുടെ പ്രളയം. ആർക്കുവേണ്ടിയാണ് ഇങ്ങനെയൊരു മാമാങ്കം എന്ന ചോദ്യം പോലും ഉയരുന്നു. എന്നാൽ ഒരു മാറ്റവും കൂടാതെ അടുത്ത വർഷവും ഇതെല്ലാം ആവർത്തിക്കുന്നു.
സാധാരണക്കാർക്ക് നേരിടാൻ പറ്റാത്തത്ര ഭാരിച്ച ചെലവാണ് ഭരതനാട്യം പോലുള്ള ഇനങ്ങൾക്കായി വേണ്ടി വരുന്നത്. കുട്ടികളുടെ യഥാർത്ഥ കഴിവല്ല വിലയിരുത്തപ്പെടുന്നത് എന്ന ആരോപണങ്ങൾ പതിവായി ഉയരുന്നതാണ്. ഒരു പാട് പരിഹാര നിർദ്ദേശങ്ങളും വരും എന്നാൽ ഒന്നും നടക്കില്ല.
ചെലവു കുറയ്ക്കാം, പത്തിലൊന്നായിട്ട്
മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടി ഭരതനാട്യത്തിന്റെ നിർദ്ദിഷ്ടമായ വേഷവിധാനങ്ങൾ ധരിക്കേണ്ടതില്ല. പൈജാമയും ഷർട്ടും മതി. ഇത് ഒട്ടും മോശം കാര്യമല്ല. കഥകളിയിലെ മഹാനടന്മാർ ചൊല്ലിയാട്ടം നടത്തുന്നത് അങ്ങനെയാണ്. കാഴ്ചക്കാർക്കും അതിഥികൾക്കും മത്സരം കാണുമ്പോഴുള്ള രസം കുറയുമെന്നേയുള്ളൂ സാരമില്ല.
എല്ലാവരം ഒരേ നൃത്തമാണ് ചെയ്യേണ്ടത്
ഒരേ നൃത്തം ഒരേ പശ്ചാത്തലത്തിൽ അവതരിപ്പിക്കുമ്പോഴേ മത്സരാർത്ഥികളുടെ യഥാർത്ഥ കഴിവ് മനസ്സിലാക്കാൻ പറ്റുകയുള്ളൂ. അതിനായി ഓരോ വർഷവും ഏതെങ്കിലും ഒരു ഗീതം-പാട്ട് തെരഞ്ഞെടുക്കുക. നല്ല ഗായകരേയും വാദ്യക്കാരേയും കൊണ്ട് അത് പാടിച്ച് റിക്കോഡ് ചെയ്ത് സിഡി പുറത്തിറക്കുക. ഗവൺമെന്റാണ് ഇതെല്ലാം ചെയ്യേണ്ടത്. മത്സരാർത്ഥികൾ എല്ലാം ഈ സിഡി ഇട്ട് നൃത്തം അവതരിപ്പിക്കുക. സാമ്പത്തികശേഷി കൂടിയവർ, വമ്പന്മാരായ പക്കമേളക്കാരുടേയും നട്ടുവരുടേയും സഹായത്തോടെ നൃത്തം ചെയ്യുമ്പോൾ പിന്നണിക്കാരുടെ കഴിവും കൂടിയാണ് വിധി നിർണ്ണയിക്കുന്നത് അത് നീതിയല്ലല്ലോ.
പകരം ഇങ്ങനെയാകുമ്പോൾ ജഡ്ജുമാരുടെ ധർമ്മസങ്കടം ഒഴിവാകുന്നു. പക്ഷാഭേദം കാണിക്കാനുള്ള അവസരവും കുറയുന്നു. ഒരു ഗീതത്തിനു പകരം ഓരോ വർഷവും രണ്ടോ മൂന്നോ എണ്ണം തെരഞ്ഞെടുത്ത് അവയുടെ സിഡി ഇറക്കാവുന്നതാണ്. മത്സരാർത്ഥികൾക്ക് അവയിൽ നിന്ന് ഒരു തെരഞ്ഞെടുപ്പ് നടത്താം.
പല മത്സര ഇനങ്ങൾക്കും ഇത്തരം രീതികൾ സ്വീകരിക്കാവുന്നതാണ്. മത്സരാർത്ഥികളായ കുട്ടികൾക്കും സംഘാടകരായ ഗവൺമെന്റിനും അത് വലിയ സാമ്പത്തിക ലാഭവും അനായാസതയും നൽകുന്നു. എത്രയോ സങ്കീർണ്ണതകൾ ഒഴിവാക്കാം. കലയുടെയും സംസ്‌ക്കാരത്തിന്റെയും രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായിട്ടുള്ളതും നിർബന്ധപൂർവ്വവുമായ നിർദ്ദേശങ്ങളുണ്ടായാൽ മാറ്റങ്ങൾ വരുത്താൻ ഗവൺമെന്റ് തയ്യാറായേക്കും. അത് നമ്മുടെ കുട്ടികളോട് ചെയ്യാവുന്ന ഏറ്റവും വലിയ നന്മയായിരിക്കും.