കെ എം മാണി ഒരു രാഷ്ട്രീയ മാലിന്യമാണ്. ഇതു പറഞ്ഞു വച്ചിട്ടുള്ളത് എൽഡിഎഫുകാരാണ്, പ്രത്യേകിച്ചും സിപിഎമ്മിന്റെ നേതാക്കൾ. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തും അതിനു മുമ്പ് മാണിക്കെതിരെ ഉള്ള ബാർ കോഴ അന്വേഷണം വരുകയും, മാണി രാജി വെയ്‌ക്കേണ്ടി വരുകയും ചെയ്ത അന്നുമുതൽ സിപിഐ(എം) പറഞ്ഞിട്ടുള്ളത് മാണി അടിമുടി അഴിമതിക്കാരനാണെന്നാണ്. ബഡ്ജറ്റു വിറ്റുകാശാക്കിയവനെന്നും, പരസ്യമായി കൈക്കൂലി വാങ്ങിയവനെന്നും, കൈക്കൂലിക്കാശ് എണ്ണുന്നതിന് നോട്ടെണ്ണൽ യന്ത്രം വാങ്ങിവച്ചിട്ടുള്ളവൻ എന്നും തുടങ്ങുന്ന ആരോപണങ്ങളാണ് പിണറായിയും, കോടിയേരിയും, ജയരാജനും, വിഎസും ഉൾപ്പെടെയുള്ളവർ നൂറുവട്ടം വിളിച്ചു പറഞ്ഞിട്ടുള്ളത്. മാണിയെ അറസ്റ്റുചെയ്തു ജയിലിൽ അടയ്ക്കണമെന്നും കോടിയേരി പ്രസംഗിച്ചിട്ടുണ്ട്. സിപിഐക്കാരും ഇതെല്ലാം ആവർത്തിച്ചവരാണ്. മാലിന്യം എന്ന വാക്ക് അവരാരും ഉപയോഗിച്ചില്ല എന്നുമാത്രമെയുള്ളു.

അഴിമതിയാരോപണങ്ങൾ വെറുതെയുണ്ടാകുന്നതല്ലല്ലോ. ഇത്രയേറെ ആരോപണങ്ങളുടെ ചെളിക്കുഴിയിൽ കിടക്കുന്നയാളിനെ മാലിന്യമെന്നല്ലാതെ എന്താണ് വിളിക്കുക. ഇതിലും എത്രയോ മോശമായ പദങ്ങൾ രാഷ്ട്രീയക്കാർ അന്യേന്യം പരസ്യമായി പറയാറുണ്ട്! പക്ഷേ, കുറേക്കഴിയുമ്പോൾ അവർ ഒന്നിക്കും എന്നേയുള്ളു. അതുതന്നെയാണ് മുകളിൽ പ്രയോഗിച്ച വാക്കിന്റെ പ്രസക്തിയും.

ഇപ്പോൾ പ്രമുഖ സിപിഐ(എം) നേതാക്കൾ മാണിയുമായി യോജിക്കാൻ തയ്യാറായിട്ടുണ്ടെങ്കിലും വിഎസും, സിപിഐയും ഉള്ളിടത്തോളം കാലം മാണിക്ക് എൽഡിഎഫിൽ കയറിപ്പറ്റാൻ കഴിയില്ലെന്ന് ഉറപ്പാണ്. അക്കാര്യത്തിൽ ഏതറ്റം വരെ പോകാനും ഇവർ തയ്യാറാകും. എൻഡിഎയുടെ അന്തസിനും പോലും ചേർന്നതല്ല മാണിയും അയാളുടെ പാർട്ടിയും. വർഗ്ഗീയപാർട്ടി എന്ന ആരോപണം മാത്രമാണ് സിപിഎമ്മിന് ബിജെപിയെ കുറിച്ചു പറയാനുള്ളത്. സിപിഎമ്മിന്റെ തലവനായ പിണറായിക്കെതിരെയും ഉന്നത നേതാവായ ഇളമരം കരീമിനെതിരെയും ഉണ്ടായതുപോലുള്ള സാമ്പത്തിക അഴിമതി ആരോപണം കേരളത്തിലെ ബിജെപി നേതാക്കൾക്കെതിരെ ഉയർന്നിട്ടില്ലല്ലോ. വർഗ്ഗീയത മാത്രമല്ല, ഒരേയൊരു രാഷ്ട്രീയ തിന്മ എന്നുള്ള കാര്യം കേരളീയർ മറുന്നുപോയോ?

രാഷ്ട്രീയ മാലിന്യങ്ങളെ സമൂഹത്തിൽ നിന്നും വളരെ ദൂരെ കൊണ്ടുപോയി ഡമ്പു ചെയ്യുകയാണ് വേണ്ടത്. എന്നാൽ, ഇപ്പോൾ ടിവി ചാനലുകൾ തുറന്നാൽ എവിടെയും മാണിയുടെ ഫേഷ്യൽ ചെയ്തുമിനുക്കിയ വയോധികമുഖവും, അരോചകമായ ശബ്ദവും, അങ്ങേർ പറയുന്ന പരിഹാസ്യമായ നുണകളുമാണ്. സിപിഐ(എം) ആണ്, മങ്ങിമറഞ്ഞു രാഷ്ട്രീയമായി കെടാൻ പോയ മാണിയെയും അയാളുടെ പാർട്ടിയെയും മുഖ്യാധാരയിലേയ്ക്ക് കെട്ടിയെഴുന്നള്ളിക്കുന്നത്.

ഇപ്പോൾ, സിപിഎമ്മിൽ പിണറായിയെ പേടിച്ച് വി എസ് ഒഴികെ ആരും മാണിക്കാര്യത്തിൽ വിരുദ്ധ ശബ്ദം ഉയർത്തുന്നില്ലെങ്കിലും ഡിവൈഎഫ്‌ഐയിലും മറ്റുമുള്ള ആദർശബോധം തീരെ നഷ്ടപ്പെടാത്ത ചെറുപ്പക്കാർ തീർച്ചയായും ഇതൊന്നും അംഗീകരിക്കുന്നവരല്ല. പിണറായി ഇതേ വഴിയിൽ അധികം മുമ്പോട്ട് പോയാൽ പോളിറ്റ് ബ്യൂറോ തന്നെ അദ്ദേഹത്തെ താക്കീത് ചെയ്യും എന്നു കരുതേണ്ടിയിരിക്കുന്നു. കാരണം, എം കെ ദാമോദരൻ പ്രശ്‌നത്തിലും, ഗീതാ ഗോപിനാഥിന്റെ കാര്യത്തിലുമൊക്കെ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചില്ലെങ്കിലും പിബിയുടെ എതിരഭിപ്രായങ്ങൾ പിണറായിയെ നേരിട്ടുബോധ്യപ്പെടുത്തിയിട്ടുണ്ട് എന്ന ന്യായമായും മനസിലാക്കാം.

പിണറായി ഈ റൂട്ടിലൂടെ ഭരിച്ചു മുന്നേറിയാൽ ഭരണത്തുടർച്ചയല്ല, മുപ്പത്തഞ്ചുകൊല്ലത്തെ ഭരണം കഴിഞ്ഞപ്പോൾ ബംഗാളിൽ സിപിഎമ്മിനുണ്ടായ ഗതിയായിരിക്കും ഉണ്ടാകാൻ പോകുന്നത് എന്ന് പാർട്ടിയുടെ കേന്ദ്രനേതാക്കൾക്കു തന്നെ അറിയാം. ബംഗാൾ നഷ്ടപ്പെട്ടതോടുകൂടി, ഇന്ത്യാമഹാരാജ്യത്തിലെ രണ്ടു പത്തു സെന്റു കുടികിടപ്പുപോലെ ത്രിപുരയിലും, കേരളത്തിലും മാത്രം അല്പം സിപിഐ(എം) ശേഷിച്ചിട്ടുള്ളു. അതുകൊണ്ടുതന്നെ കേരളക്കാര്യത്തിൽ ഒരു പരിധിക്കപ്പുറം തോന്ന്യാസം കാട്ടാൻ കേന്ദ്ര നേതൃത്വം പിണറായിയെ അനുവദിക്കില്ല.

പോളിറ്റ് ബ്യൂറോയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ പിണറായിക്കൊപ്പം നിൽക്കുന്നുണ്ടെങ്കിലും നിർണായകമായ ഘട്ടെ വന്നാൽ സ്ഥിതി മാറും. ഇപ്പോൾ തന്നെ, എം എ ബേബി പിണറായിയെ നിരുപാധികം ആരാധിക്കാൻ തയ്യാറല്ല. മാണിയുടെ നിലവാരത്തിലും അതിനു മുകളഇലുമുള്ള രാഷ്ട്രീയ മാലിന്യങ്ങൾ കേരളത്തിൽ വളരെയേറെപ്പേരുണ്ട്. അതാതു പാർട്ടിയിലെ ചെറുപ്പക്കാരും ധാർമ്മികബോധമുള്ളവരും ചേർന്ന് മനസാക്ഷിയല്ല, ധാർമ്മികതയാണ് വേണ്ടത്. മനസാക്ഷി ഹിറ്റ്‌ലർക്കു പോലും ഉണ്ടായിരുന്നല്ലോ? ഇക്കൂട്ടരെ അവരുടെ പാർട്ടിൽ നിന്നു ബഹിഷ്‌ക്കരിക്കണം. പാർട്ടികൾ ബഹിഷ്‌ക്കരിച്ചാൽ, ആ നിമിഷം തന്നെ സമൂഹവും അവരെ ബഹിഷ്‌ക്കരിക്കും. അങ്ങനെ നടന്നാലെ രാഷ്ട്രീയം നന്നാകു. രാഷ്ട്രീയം നന്നായാൽ എല്ലാം നന്നാകും. രാഷ്ട്രീയം നന്നായില്ലെങ്കിൽ മറ്റുള്ളവരെല്ലാം നന്നായാലും പ്രയോജനമില്ല.