കേരളത്തിലെ ബുദ്ധിജീവികളുടെ നാവിറങ്ങിപ്പോയെ? ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഊതിക്കൊണ്ടു കഴുത്തറക്കുന്ന കേരള മുഖ്യ മന്ത്രിയുടെ നിയമത്തിനെതിരെ നട്ടെല്ലോടെ സംസാരിക്കാൻ ഇവിടെ ഒരു ബുദ്ധി ജീവിയുമില്ല. എന്നു മാത്രമല്ല അവരിതൊന്നും അറിഞ്ഞിട്ടുമില്ല! വിവരാവകാശ നിയമത്തിനുമേൽ തിരുത്തലുകൾ വരുത്താൻ വേണ്ടി എൽഡിഎഫ് ഗവൺമെന്റ് കോടതിയെ സമീപിച്ചിരിക്കുകയാണെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരം പുറത്തു വന്നിട്ടു പോലും ബുദ്ധി ജീവികളും അവരുടെ പ്രേരണയാൽ ചില മുഖ്യധാര മാദ്ധ്യമങ്ങളും ആ വാർത്തയെ കോണിലൊതുക്കിയിരിക്കുകയാണ്, ഞെരുക്കി വച്ചിരിക്കുകയാണ്.

മന്ത്രി സഭാ തീരുമാനങ്ങൾ അപ്പപ്പോൾ അറിയാൻ ജനങ്ങൾക്ക് അവകാശമുള്ളതാണ്. ഇന്ത്യയിലെ ഒരു സംസ്ഥാന ഗവൺമെന്റ് അതിർത്തിയിലുള്ളവർ പോലും ഇക്കാര്യത്തിൽ വീവ്ച വരുത്തുകയോ ധാർഷ്ട്യം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. നമ്മുടെ മുഖ്യ മന്ത്രിക്കും എൽഡിഎഫ് ഗവൺമെന്റിനും ഇക്കാര്യത്തിലുള്ള പിടാവാശിക്ക് ധിക്കാരപരമായ നിലപാടിന് കാരണമെന്തെന്ന് ആർക്കും അറിയില്ല. രാജ്യരക്ഷാപരവും സൈനിക രഹസ്യപരവുമായ കാരണങ്ങൾ കൊണ്ടാണ് എന്ന വിചിത്രമായ കാരണമാണ് മുഖ്യ മന്ത്രിയുടെ അഭിപ്രായമായി അദ്ദേഹത്തോടടുത്ത കേന്ദ്രങ്ങളിൽ നിന്ന് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അതേ വായിൽ തന്നെ അവർ വിവരാവകാശ നിയമത്തെ പുകഴ്‌ത്തുകയും ചെയ്യും. ഇതിനെല്ലാം അപ്പുറത്ത് തങ്ങളുടെ ഉള്ളിലിരിപ്പിന് യോജിച്ച തരത്തിലുള്ള തിരുത്തലുകൾ വിവരാവകാശ നിയമത്തിൽ വരുത്തിക്കിട്ടുന്നതിനായി കോടതിയെ സമീപിക്കുകയും ചെയ്തു.

ഈ കളി ഇനിയും സമ്മതിച്ചു കൊടുക്കാൻ പറ്റില്ല എന്ന ഉറച്ച തീരുമാനത്തോടെയാണ് സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജാന്ദ്രൻ ഈ വിഷയത്തെക്കുറിച്ച് പരസ്യ പ്രസ്താവനകൾ നടത്തികൊണ്ടിരിക്കുന്നത്. സിപിഐയിൽ തന്നെ മറ്റാരും ഇത്രയും ഉറച്ച നിലപാട് എടുക്കുന്നില്ല. പ്രശ്‌നം ഗുരുതരമായി മുന്നോട്ടു പോയാൽ പാർട്ടിയിൽ കാനം രാജേന്ദ്രൻ ഒറ്റപ്പെട്ടുപോയേക്കാം. ഒരു പക്ഷേ സിപിഐയിൽ ഒരു പിളർപ്പ് ഉണ്ടായേക്കാം. മറ്റൊരു ഗൗരവമേറിയ സാഹചര്യം കൂടിയുണ്ട്. സിപിഐ എന്ന ഘടകകക്ഷിയെ കൂടാതെ തന്നെ ഭരിക്കാനുള്ള ഭൂരിപക്ഷം എൽഡിഎഫിനുണ്ട്. എന്നു വച്ചാൽ സിപിഐ ഇക്കാര്യത്തിൽ വിട്ടു വീഴ്ച ചെയ്തില്ലെങ്കിൽ അവർ പുറത്താക്കപ്പെടാവുന്ന സാഹചര്യമുണ്ട്.

പറഞ്ഞു വന്നത് ഇത്തരത്തിലുള്ള എല്ലാ ഭവിഷ്യത്തുകളെയും നേരിടാൻ തയ്യാറായി കൊണ്ടിരിക്കണം കാനം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. തീർച്ചയായും അങ്ങനെ തന്നെയാണ് വേണ്ടത്. ആദർശത്തിനു വേണ്ടി നിലപാടുകൾക്കു വേണ്ടി പ്രശസ്തിയോ സാഹൃദങ്ങളോ അധികാര സ്ഥാനങ്ങളോ ഉപേക്ഷിക്കാൻ പാർട്ടിയെയോ അടുത്തകാലത്തായിട്ടു നമുക്ക് പരിചയമില്ലെങ്കിലും നമ്മുടെ രാഷ്ട്രീയത്തിൽ മുൻകാലത്ത് ചുരുക്കമായെങ്കിലും അത്തരം സംഭവങ്ങളും വ്യക്തികളും ഉണ്ടായിരുന്നു. ഇന്നിപ്പോൾ കാനത്തിന്റെ വാക്കുകൾക്ക് സമൂഹത്തിൽ നിന്നോ സ്വന്തം പാർട്ടിയിൽ നിന്നോ പോലും ഏറ്റു ചൊല്ലലുകളും പ്രതിനിധികളും ഉണ്ടാകാത്തത് എന്തു കൊണ്ടാണ് എന്ന് ചിന്തിച്ചു ചെല്ലുമ്പോഴാണ് ബുദ്ധി ജീവികൾ എന്ന വർഗ്ഗത്തിലെത്തിച്ചേരുന്നത്.

ഭരണകൂടത്തിന്റെയും അധികാരികളുടെയും വീഴ്ചകളും ഗതിമാറ്റങ്ങളും ഹിഡൺ അജണ്ടുകളുമൊക്ക കണ്ടെത്തി ജനങ്ങൾക്കു മുന്നറിയിപ്പു കൊടുക്കുകയും അവക്കൊപ്പം നിന്നു പോരാടുകയും ചെയ്യുന്നവരാണ് എഴുത്തുകാരും സാംസ്‌കാരികനായകനുമടങ്ങുന്ന ബുദ്ധി ജീവികൾ. എന്നാൽ നമ്മുടെ ബുദ്ധി ജീവികളുടെ പണി ഇതൊന്നുമല്ലാത്തതു കൊണ്ടാണ് അവർ ഏറ്റെടുക്കേണ്ടിയിരുന്ന കാര്യം ഭരണ കൂടത്തിലെ തന്നെ ഒരു ഘടക കക്ഷി നേതാവ് തന്നെ ഉറക്കെപ്പറയേണ്ടി വന്നത്. ബുദ്ധിജീവികൾ പറഞ്ഞിരുന്നെങ്കിൽ അതു മാദ്ധ്യമങ്ങൾ ചൊവിക്കൊള്ളുകയും അങ്ങനെയതു ജനങ്ങളിലേക്കെത്തിക്കുകയും ചെയ്യുമായിരുന്നു. ഇപ്പോഴാകട്ടെ കാനം രാജേന്ദ്രനും പിണറായി വിജയനും തനമ്മിലുള്ള എന്തോ പടലപ്പിണക്കത്തിന്റെ തലത്തിൽ സംശയ ദൃഷ്ടിയോടെ മാത്രമാണ് പൊതു സമൂഹം സിപിഎമ്മിലെ സാധാരണ സഖാക്കളും വിവരാവകാശ നിയമത്തെ കാണുന്നത്.

എൽൽഡിഎഫ് ഗവൺമെന്റിന്റെ ഭരണത്തിൻ കീഴിൽ പൗരാവകാശ പ്രശ്‌നങ്ങളും വിഷയങ്ങളും കൊടുമ്പിരി കൊണ്ടിരുന്ന ഈ അവസരത്തിൽ നമ്മുടെ ബുദ്ധി ജീവികൾ എവിടെ എന്തു പണിയിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് അന്വേഷിക്കുന്നവർ അന്തം വിട്ടു പോകും. എഴുത്തുകാരും സംസ്‌കാരിക പ്രവർത്തകരുമെല്ലാം അടങ്ങുന്ന ബുദ്ധി ജീവികൾ ഒന്നടങ്കം യുദ്ധകാലത്ത് പട്ടാളത്തിൽ ചേരും പോലെ ഇടതുപക്ഷ ബുദ്ധി ജീവിതത്തിലേക്ക് അതായതു മാക്‌സിസ്റ്റു പാർട്ടിയുടെ ലയങ്ങളിലേയ്ക്ക് ഫലത്തിൽ ചേക്കേറുകയാണ്. കമലിന്റെയും എംടിയുടെയും മറപിടിച്ചാണ് ഈ കുടിയേറ്റം. എം. മുകുന്ദന്റെ ദല്ലാളിത്തത്തിൻ കീഴിലാണ് റിക്രൂട്ട്‌മെന്റു നടക്കുന്നത് എന്ന കാര്യം നമ്മെ ആദ്യമൊന്ന് അമ്പരപ്പിച്ചേക്കും. പക്ഷേ കൂടുതൽ ചിന്തിക്കുമ്പോൾ തികച്ചും സ്വാഭാവികം എന്നു മനസ്സിലാകും. കഴിഞ്ഞാൽ എൽഡിഎഫ് ഭരണകാലത്ത് അദ്ദേഹം കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി നോമിനേറ്റു ചെയ്യപ്പെട്ടിരുന്നല്ലോ. പിണറായി വിജയനെ വിജയേട്ടാ എന്നു വിളിക്കാൻ സ്വാതന്ത്ര്യമുള്ള ഒരേയെരെഴുത്തുകാരൻ എന്ന നിലയിൽ കൂടി അന്നദ്ദേഹം പ്രധാന്യം നേടിയിരിക്കുന്നു.

ഇക്കാലത്തെ പോലെ ബുദ്ധി ജീവികൾ ഒന്നടങ്കം മാക്‌സിസ്റ്റു പക്ഷത്തു വിരിവയ്ക്കുന്ന അവസ്ഥ ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്നാണ് ചരിത്രമറിയുന്നവർ പറയുന്നത്. അതിനു മറ്റൊരു കാരണവുമുണ്ടത്രേ, മുൻപ് സിപിഎ പക്ഷത്ത് രണ്ടു ശക്തി കേന്ദ്രങ്ങളുണ്ടായിരുന്നു. അതിലൊന്നായ വി എസ് ഇപ്പോൾ താരതമ്യേന നിഷ്‌ക്രിയനാണ്. എം മുകുന്ദനു പോലും കഴിഞ്ഞ പ്രാവശ്യം തന്റെ മേലാളന്റെ മുൻപിൽ വിശ്വസ്തത തെളിയിക്കാൻ വേണ്ടി വിഎസിനെയും അദ്ദേഹത്തിന്റെ മൂന്നാർ ഓപ്പറേഷനെയും പരിഹസിച്ച് ഒരു കഥയെഴുതേണ്ടി വന്നു. എന്നാൽ ഇന്ന് സ്ഥിതി തികച്ചും വ്യത്യസ്തമാണ്. സിപിഐ(എം) പക്ഷത്തു നിൽക്കുന്ന ബുദ്ധി ജീവികൾ ആനപ്പുറത്തിരിക്കും പോലെ സുരക്ഷിതരും ശീതളഛായവാസികളുമാണ്. അതുകൊണ്ടു തന്നെ എഴുത്തിലും പൊതുപ്രവർത്തനത്തിലും സജീവമായി നിൽക്കുന്നവർക്കു പുറമെ വായനക്കാരുടെ മനസ്സിൽ നിന്ന് എന്നേ മാഞ്ഞു പോയവരും മ്യൂസിയം പീസുകളും ശയ്യാവലംബിയായവരും പോലും മുകുന്ദന്റെയും കവി സച്ചിദാനന്ദന്റെയും നേതൃത്വത്തിൽ മാക്‌സിസു ചങ്ങലയിൽ കണ്ണിചേർന്നു കഴിഞ്ഞിരിക്കുന്നു.

അറിയപ്പെടുന്നവരിൽ ആനന്ദിന്റെയും സാറാ ജോസഫിന്റെയും സുഗതകുമാരയുടെയും പേരുകളാണ് ഇക്കൂട്ടത്തിൽ ഇതുവരെ കാണാത്തത്. സിനിമാ രംഗത്തു നിന്നും അടൂർ ഗോപാലകൃഷ്ണൻ എന്ന ഒറ്റയാൻ പോലും ഇവിടെ പേരു ചേർത്തവരിൽ പെടുന്നു. മാക്‌സിസ്റ്റു പാർട്ടിയിലെ ഔദ്യോഗിക പക്ഷക്കാരിൽ നിന്ന് വധ ഭീഷണി വരെ നേരിട്ടിട്ടുള്ള ഉമേഷ് ബാബു പയ്യന്നൂർ മാറിയ സാംസ്‌കാരിക സാഹചര്യത്തിൽ എന്തു നിലപാടും സ്വീകരിക്കും എന്നു കാത്തിരുന്നു കാണുക. പി, സുരേന്ദ്രൻ എന്ന എഴുത്തുകാരൻ വിഎസിനെ പുകഴ്‌ത്തിക്കൊണ്ട് മുൻപ് എഴുതി പ്രസിദ്ധീകരിച്ചു വിറ്റു കാശും പ്രശസ്തിയും നേടിയ നോവൽ പിൻ വിലിച്ചു കൊണ്ട് വിളമ്പരമിറക്കിയ മഹാ സംഭവവും പൊതുജനം ശ്രദ്ധിക്കാതെ പോകരുത്. സുരേന്ദ്രൻ ഈ പുസ്തകമെഴുതിയ കാലത്ത് വിഎസിനെക്കുറിച്ച് നല്ല പ്രരതീക്ഷയുണ്ടായിരുന്നു. പക്ഷെ ഇപ്പോഴതില്ല എന്നാണ് സുരേന്ദ്രൻ കാരണം പറഞ്ഞിരിക്കുന്നത്. എന്നു വച്ചാൽ അന്ന് വി എസ് മുഖ്യമന്ത്രിയായിരുന്നു. ഇന്ന് ആരുമല്ല! എന്തായാലും സുരേന്ദ്രന്റെ സത്യ സന്ധതയെ സ്തുതിച്ചു കൊണ്ട് ഒരു പുതിയ നോവൽ അദ്ദേഹത്തിൽ നിന്നു പ്രതീക്ഷിക്കുകയും ചെയ്യാം.

ഈ എഴുത്തുകാരന്റെ ആദർശബോധം മാതൃകാപരമാണെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയക്കണക്കു കൂട്ടൽ ശരിയായിവരും എന്ന് ഉറപ്പിക്കാൻ വയ്യ. എന്നു വച്ചാൽ പിണറായി ഇപ്പോഴത്തേതു പോലെ പ്രതാപശാലിയായി എത്ര നാൾ തുടരുമെന്നും തീർച്ചയില്ല. കാരണങ്ങൾ പലതുണ്ട്. ഒന്നാമത് വി എസ് തീരെ തീർന്നു പോയി എന്നു കരുതാൻ വയ്യ. കൊക്കിനു ജീവനുള്ളിടത്തോളം കാലം അദ്ദേഹം എതിരാളികൾക്കു പണി കൊടുത്തു കൊണ്ടിരിക്കും. രണ്ടാമത് പിണറായി എന്തൊക്കെ സ്വയം കൃതാർത്ഥങ്ങൾ ഉണ്ടാക്കി വയ്ക്കുമെന്ന് അദ്ദേഹത്തിനു പോലും നിശ്ചയമില്ല.

നമ്മുടെ ബുദ്ധി ജീവികളുടെ കൂട്ടമായ മനസ്സു മാറ്റങ്ങളും അർത്ഥ ഗർഭമായ നിശബ്ദതകളും ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലം ഇതിനൊരു ഉദാഹരണമണ്. അടിയന്തരാവസ്ഥ പൊടുന്നനെ അവസാനിച്ചപ്പോൾ നമ്മുടെ സാമൂഹിക വിപ്ലവകാരുകളായ എഴുത്തുകാരും സിപിഎമ്മിന്റെ രാഷ്ട്രീയ വിപ്ലവകാരികളുമൊക്കെ പാതിരായ്ക്കു സൂര്യനുദിക്കുയും പിടിക്കപ്പെടുകയും ചെയ്തതു പോലെ പരക്കം പാഞ്ഞ കഥകൾ ഇവിടെ ഓർമ്മിക്കാവുന്നതാണ്. അതിന്റെ നാണക്കേടു തീർക്കാനാകണം ഇപ്പോഴത്തെ മോദിയുടെ ഭരണത്തെയും ക്യൂ നിൽക്കേണ്ടി വരുന്ന പീഡന കാലത്തെയും പഴയ അടിയന്തിരാവസ്ഥയോടു താരതമ്യം ചെയ്തു കൊണ്ട് വിപ്ലവത്തിനൊരുങ്ങുകയാണ്. നമ്മുടെ പ്രതിഭകളിൽ പലരും.

പക്ഷേ ഇപ്പോഴത്തെ കേരളത്തിലെ സാംസ്‌കാരിക സാഹചര്യം ഓർമ്മിപ്പിക്കുന്നത് അടിയന്തരാവസ്ഥയെയും അതിനോടുള്ള ചെറുത്തു നിൽപ്പിനെയുമല്ല പകരം 1959 ലെ വിമോചന സമരത്തെയാണ്. കേന്ദ്രത്തിലെ മോദി ഗവൺമെന്റിനെതിരെയുള്ള ഒരു വിമോചന സമരം അന്നത്തേതു പോലെ ഹൈന്ദവ സമുദായിക സംഘടനകളും കത്തോലിക്ക മെത്രാന്മാരും ക്രൈസ്തവരിലെ മറ്റ് ഉപജാതിയുമെല്ലാം ഒന്നിച്ചിരിക്കുന്നു. അവരെയെല്ലാം നയചതുരനായ പിണറായി വിജയൻ അവരുടെ പാളയങ്ങളിൽ ചെന്ന് സഖ്യത്തിൽ കോർത്തിരിക്കുന്നു. അതെല്ലാം കരാറായശേഷം ഇപ്പോൾ സ്വാശ്ര്യ സ്‌കൂളുകളുടെ ലാഭത്തിന്റെ പേരിലും മറ്റും പിണറായിയും മെത്രാന്മമാരുമായി നടത്തുന്ന ഉശിരൻ സംവാദങ്ങളൊക്കെ അപ്പച്ചന്റെയൊരു തമാശയാണെന്നുള്ള വിവരം എസ്എഫ്‌ഐ പിള്ളേർക്കു പോലും നന്നായി അറിയാം. എണ്ണിയാലൊടുങ്ങാത്ത സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചു കൊടുത്തത് യുഡുഎഫ് ഗവൺമെന്റുകൾ മാത്രമല്ലെന്ന് ആ പിള്ളേർക്കു മനസ്സിലായിട്ടുണ്ട്. മാനേജുമെന്റിനു കിട്ടുന്ന ലാഭം വലുതാണെങ്കിൽ അത്രയും തന്നെ ലാഭം സ്ഥാപനങ്ങൾ അനുവദിച്ചു കൊടുത്ത കൂട്ടരും കൈപ്പറ്റുന്നുണ്ടെന്ന് ഇതെല്ലാം കേൾക്കുന്ന ജനങ്ങൾക്കുമറിയാം.

പഴയ വിമോജന സമരത്തിൽ മറ്റൊരു കൂട്ടരുടെ സജീവ പങ്കാളിത്തം കൂടിയുണ്ടായിരുന്നു. ബുദ്ധി ജീവികളുടെ അത്ഭുതം തോന്നിയേക്കാം. എക്കാലത്തേയും മലയാളി ബുദ്ധി ജീവികളിൽ പ്രമുഖനും ധിക്കാരിയുടെ കാതലുമായ സി. ജെ. തോമസിന്റെ നേതൃത്വത്തിലായിരുന്നു അവർ വിമോചന സമരത്തിൽ നിർണ്ണായകമാമായ പങ്കു വഹിച്ചത്. നമ്മുടെ കാലത്ത് വിപ്ലവം എന്ന വാക്കിന്റെ പേറ്റന്റി കവി സച്ചിദാനന്ദൻ ആണെന്നുള്ള കാര്യത്തിൽ ഒരു മലയാളി വായനക്കാരനും അഭിപ്രായ വ്യത്യാസമില്ല. വിപ്ലവത്തിന്റെ രണ്ടാം മുതലാളി കെ. ജി. ശങ്കരപ്പിള്ളയാണെന്നും എല്ലാവർക്കുമറിയാം. പച്ചവെള്ളം പോലെ നിരൂപദ്രവകരവും വെള്ളത്തേക്കാൾ സാന്ദ്രത കുറഞ്ഞതുമായ ഇവരുടെ ഇപ്പോഴത്തെ രചനകൾ വാരിക സ്ഥാപനങ്ങൾക്കു മുന്നിൽ ക്യൂ നിൽക്കുകയാണ്. സി. ജെ. തോമസ് വിപ്ലവ വൃക്ഷം എന്ന നാടകമെഴുതി കുറേ സുദ്ധാത്മാക്കളെ ബോധവൽക്കരിച്ചു. എന്നാൽ, ഈ വിപ്ലവ നായകരുടെ കവിതകൾ കൊണ്ട് എന്തു പ്രയോജനമെന്ന് അനുയായികളിലാരെങ്കിലും നെറ്റിചുളിച്ചാൽ ഇവർക്കു പറയാവുന്നതും പറഞ്ഞേക്കാവുന്നതുമായ മറുപടി ഇതാണ് മാതൃഭൂമി, ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് തുടങ്ങിയ കുത്തക മുതുലാളിമാരുടെ പണം തട്ടിയെടുക്കുന്നതും ഒരു വിപ്ലവ പ്രവർത്തനമാണല്ലോ.

ബിജെപി ഗവൺമെന്റിന്റെ ഫാസിസത്തിനും വർഗ്ഗീയതയ്ക്കും ന്യൂനപക്ഷ ദളിത് പീഡനങ്ങൾക്കും സർവ്വോപരി സംഘികൾക്കും എതിരെ എന്നു പ്രചരിപ്പിച്ചു കൊണ്ടു നടത്തുന്ന ഈ പടയൊരുക്കവും ബുദ്ധിയുടെ വിഭവ ശേഷി സമാഹരണവും ഒന്നും ഈ പറഞ്ഞ ഒരു കാര്യത്തിനും വേണ്ടിയുള്ളതല്ല എന്നതാണ് ഏറ്റവും വിചിത്രവും ശ്രദ്ധേയവുമായ കാര്യം. സാധിക്കുന്നിടത്തെല്ലാം ജാതീയവും വർഗ്ഗീയവുമായ ഫോർമുലാകൾ വച്ചു കൊണ്ടു സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കകുയും ജനാധിപത്യ മൂല്യങ്ങളുടെയെല്ലാം കഴുത്തു ഞെരിക്കുകയും പ്രച്ഛന്നമായ ഫാസിസ്റ്റു ഭരണം നടത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ ഉന്നത നേതാവായ പിണറായി വിജയന്റെ ലക്ഷ്യം മറ്റൊന്നാണെന്നുള്ള കാര്യം ശരാശരി ബുദ്ധിക്കാര്യം പൊതു ജനത്തിനറിയാം. എന്നിട്ടുമെന്തേ ബുദ്ധി ജീവികൾക്കു മനസ്സിലാകാത്തത്. മനസ്സിലാകത്തില്ല എന്നതു തന്നെ കാര്യം.

എൽഡിഎഫ് ഗവൺമെന്റിന്റെ പ്രതിച്ഛായ നഷ്ടമായി എന്നൊക്കെ പൊതുവെ ആക്ഷേപമുണ്ടെങ്കിലും പ്രകടന പത്രകയിൽ പറഞ്ഞതൊന്നുമല്ല നടപ്പിലാകുന്നത് എങ്കിലും പിണറായി വിജയൻ എന്ന നേതാവിന്റ വ്യക്തിപരമായ അജണ്ടകൾ ഒന്നൊന്നായി നടപ്പായിക്കൊണ്ടിരിക്കുകയാണ്. മാദ്ധ്യമങ്ങളെ നിലയ്ക്കു നിർത്തുക എന്നത് അദ്ദേഹത്തിന്റെ ഒന്നാമത്തെ ലക്ഷ്യമായിരുന്നു. നിലയ്ക്കു നിർത്തുക എന്നു പറഞ്ഞാൽ ചവിട്ടടിയിൽ നിർത്തുക തന്നെ. ഒരു പറ്റം വക്കീലന്മാരെ വച്ച് അദ്ദേഹമതു ചെയ്തു. അതിനുള്ള കാരണവും എല്ലാവർക്കുമറിയാം. വി എസ്, പിണറായി ഏറ്റുമുട്ടലുകൾ തീപ്പൊരിപാറിയ മുൻകാലങ്ങളിൽ നടത്തിയ മാദ്ധ്യമ സൃഷ്ടികൾ പിണറായി മറക്കുമോ? ആ വിഷയം കൂടുതൽ ഇവിടെ പറയേണ്ടതില്ലല്ലോ?

കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് സിപിഐ നേടിയ സൽപ്പേരും ഭരണത്തിൽ അവർക്കു കൊടുക്കേണ്ടി വന്ന പങ്കു പിണറായിക്ക് ഉണ്ടാക്കിയ മനോവിഷമം വലുതാണ്. ഭരണത്തുടക്കത്തിൽ തന്നെ ആതിരപ്പള്ളി പദ്ധതി പ്രശ്‌നം എടുത്തിട്ടത് അവരെ അടിക്കാനാണ്.

സ്വന്തം പാർട്ടിയുടെ നിയന്ത്രണത്തിൽ നിന്ന് സ്വതന്ത്രനാകണമെന്നതും അഖിലേന്ത്യ നേതൃത്വത്തെ തന്നെ വെല്ലുവിളിക്കണമെന്നതും അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു. പ്രത്യേക നേട്ടമൊന്നുമില്ലെങ്കിലും ഒരുപാടു വിമർശനങ്ങളെ നേരിട്ടും ദാമോദരൻ വക്കീലിനെയും ഗീത് ഗോപിനാഥിനെയും തന്റെ ഉപദേശകരാക്കി വച്ചത് പാർട്ടിയെ വെല്ലുവിളിക്കുന്നതിന്റെ ഒരു ടെസ്റ്റു ടോസായിരുന്നു.

അഴിമതി വിരുദ്ധൻ എന്ന ഇമേജു നേടിയാൽ മാത്രമേ അഴിമതിക്കാരെ രക്ഷപ്പെടുത്താൻ കഴിയൂ എന്ന് പിണറായി മനസ്സിലാക്കിയിരുന്നു. കഴിഞ്ഞ യുഡിഎഫ് ഗവൺമെന്റിലെ അഴിമതിക്കാരായ മന്ത്രിമാരെയെല്ലാം അകത്താക്കുമെന്നതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തെ എൽഡിഎഫ് മുദ്രാവാക്യം. വലിയ ഭൂരിപക്ഷം കിട്ടിയതും അതു കൊണ്ടായിരുന്നു. ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറാക്കി. പിണറായിക്ക് ഇമേജും കിട്ടി. ആരോപിതരായ ഒരു യുഡിഎഫ് മന്ത്രിയെയും ഇതുവരെയും പിടിക്കാത്തതെന്തേ എന്ന് ഇപ്പോൾ ഒരു ജനവും ചോദിക്കുന്നില്ല. അതാണു പിണറായി മാജിക്ക്.

ഇഷ്ടമില്ലാത്തവരുടെ മേൽ നിസ്സാര കാര്യങ്ങളുടെ പേരിൽ യുഎപിഎഎന്ന വകുപ്പു ചുമത്തി കേസെടുക്കുക എന്നതും ഇപ്പോൾ വലിയ പ്രശ്‌നമല്ലാതായി. മാവോയിസ്റ്റുകളെ പ്രകോപനമില്ലാതെ പൊലീസ് വെടിവച്ചു കൊന്നതും കെട്ടടങ്ങി.

മന്ത്രി സഭാ തീരുമാനങ്ങൾ ജനങ്ങളെ അപ്പപ്പോൾ അറിയിക്കാൻ സർക്കാർ ബാദ്ധ്യസ്ഥമാണ്. അതിനു ബാധ്യതപ്പെടുത്തുന്ന വിവരാവകാശ നിയമം രാജീവ് ഗാന്ധി പ്രധാന മന്ത്രിയായിരുന്നപ്പോൾ എങ്ങനെയോ സംഭവിച്ചു പോയ ഒരു നല്ല കാര്യമാണ്. ഈ നിയമത്തിന്റെ കഴുത്തു ഞെരിക്കാനും അംഗോപാംഗങ്ങൾ ഛേദിക്കാനും കോൺഗ്രസ്സ് ഗവൺമെന്റുകൾ മുതൽ വെറും മാഫിയ സംഘങ്ങൾ വരെ വലിയ ശ്രമങ്ങൾ നടത്തിയിട്ടുള്ളതാണ്. സജീവ രാഷ്ട്രീയമില്ലാത്ത ജനാധിപത്യ പ്രേമികളായ ഒറ്റയാന്മാരെ വലിയ പേരില്ലാത്ത ചില സംഘടനകളോ ആണ് സ്വജീവൻ കൊടുത്തു പോലും ഈ നിയമത്തെ സംരക്ഷിച്ചു നിലനിർത്തിയിരിക്കുന്നത്. ഈ നിയമത്തിന്റെ സംരക്ഷകരെന്ന് വെറുതെ അവകാശപ്പെടാറുള്ള മാക്‌സിസ്റ്റു പാർട്ടിയുടെ തലവൻ തന്നെ ഈ നിയമത്തിനു മേൽ കത്തി വയ്ക്കാൻ വേണ്ട ഏർപ്പാടുകളൊക്കെ ചെയ്യുകയാണ്.

ജന വിരുദ്ധവും നിയമവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ ഈ ഭരണത്തിനെതിരെ ആരെങ്കിലും എന്തെങ്കിലും ചെയ്യാനുണ്ടോ എന്ന ഒരു ചോദ്യം കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷത്തിൽമ ുഴങ്ങി നിൽക്കുകയാണ്. ഈ വെല്ലുവുളി ഏറ്റെടുക്കുന്നവർ രണ്ടു കൂട്ടരാണ്. ആദ്യത്തേത് മാദ്ധ്യമങ്ങൾ. അവരെ കുടുക്കി, ഒതുക്കി നിർത്തിയിരിക്കുകയാണെന്നു നാം കണ്ടു. കൃത്യമായി പറഞ്ഞാൽ അക്ഷരാർത്ഥത്തിൽ മർദ്ദിച്ചൊരുക്കി. രണ്ടാമത്തെ കൂട്ടർ ബുദ്ധി ജീവികളാണ്. അവരോടുള്ള ചോദ്യം അവർ സ്വയം തിരിച്ചറിമഞ്ഞു. ഭരണത്തിന്റെയും അധികാരസ്ഥനങ്ങളെയും ശീതളച്ഛായ വേണോ, അതോ വെറുതേ വഴിയാധാരമായി നടക്കണോ? ചോദിക്കാതെ തന്നെ അവർ ഉത്തരം പറഞ്ഞു നേരിട്ടുള്ള വാക്കുകളിലൂടെയല്ല അടയാളങ്ങളിലൂടെ, ശരീര ഭാഷയിലൂടെ, ഉത്തരം പോസിറ്റീവായിരുന്നെങ്കിൽ മാദ്ധ്യമ പ്രവർത്തകർ നേരിട്ടുള്ളതു പോലെ ഭീകരവും പരിഹാസവുമായ അവസ്ഥകളെ നേരിടേണ്ടി വരുമായിരുന്നു.

ബുദ്ധി ജീവികൾ ചൂടുവെള്ളത്തിൽ ചാടിയ പൂച്ചകളാണ്. സിപിഎമ്മിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യ സംരക്ഷണമൊക്കെ അവർ കണ്ടിട്ടുള്ളതാണ്. നായനാർ മുഖ്യ മന്ത്രിയായിരുന്നപ്പോൾ പിഎം ആന്റണിയുടെ ആറാം തിരുമുറിവ് നാടകം നിരോധിച്ചതുൾപ്പെടെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലുമുണ്ട്.

പിണറായി വിജയന്റെ ഭരണ ചെയ്തികൾക്കു കവറിങ്ങ് ഫയർ കൊടുക്കാൻ വേണ്ടി റിക്രൂട്ട് ചെയ്യപ്പെട്ടിരിക്കുകയാണ് നമ്മുടെ ബുദ്ധി ജീവികൾ. യുദ്ധ മുന്നണിയിൽ സൈനികർ മുന്നേറുമ്പോൾ ശത്രു സൈനികർക്കു തലപൊക്കി നോക്കാൻ പോലും അവസരം കൊടുക്കാതെ പിന്നണിയിൽ നിന്നു തുരുതുരെ വെടിയുതിർത്തു കൊണ്ടിരിക്കുന്ന തന്ത്രമാണ് കവറിംങ്ങ് ഫയർ സച്ചിദാനന്ദൻ, എം. മുകുന്ദൻ എന്ന് എസ്, മാധവൻ, സഖറിയ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റെടുത്തിട്ടുള്ള ഈ പുതിയ ഉദ്യോഗം ആളുകൾക്കു മാത്രം പിടിക്കുന്നില്ല എന്നു തിരിച്ചറിയാനുള്ള ഒരവസരം ഇക്കഴിഞ്ഞ ദിവസം അവർക്കു തന്നെ ഉണ്ടായി. ഫെബ്രുവരി രണ്ടു മുതൽ അഞ്ചു വരെ തീയതികളിൽ കോഴിക്കോട്ടു നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ നാലു ദിവസത്തിനുള്ളിൽ നടന്ന പല സമ്മേളനങ്ങളിലും മേൽപ്പറഞ്ഞവർ തങ്ങളുടെ രഹസ്യ ദൗത്യം പാസാക്കിയെടുക്കാൻ ശ്രമം നടത്തി. എന്നാൽ മറ്റു ചില ബുദ്ധി ജീവികളിൽ നിന്നും സദസ്യരിൽ നിന്നും ഒരു പോലെ തിരച്ചടി ഉണ്ടായി. ആനന്ദ്, ശശികുമാർ, ബി. ആർ. വി. ഭാസ്‌കർ തുടങ്ങിയവർ ഇവരുടെ ആശയത്തെ തള്ളിക്കളഞ്ഞു. നമ്മുടെ എഴുത്തുകാർ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും അതിനു മാദ്ധ്യമങ്ങളെയല്ല കുറ്റപ്പെടുത്തേണ്ടതെന്നും ശശികുമാർ കൃത്യമായി പറഞ്ഞു. വർഗ്ഗീയ ഫാസിസ്റ്റു ശക്തികൾ കേരളത്തിൽ വലിയ കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണെന്നും പ്രതിരോധ ശക്തി പോലും നഷ്ടപ്പെട്ട് കേരള സമൂഹം ഭയത്തിനടമപ്പെട്ടിരിക്കുകയാണെന്നുമുള്ള വാദത്തെ വേദിയിലുണ്ടായിരുന്ന ഉണ്ണി ആറും എതിർത്തു. ചോദ്യോത്തരവേളയിൽ ഉയർന്ന സദസ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറാൻ ബുദ്ധി ജീവികൾ ഞെരുങ്ങി. മറ്റൊരു വേദിയിൽ ടി. പി. പത്മനാഭനും നമ്മുടെ ബുദ്ധി ജീവികളുടെ കാപട്യത്തിനെതിരെ ആക്ഷേപമുയർത്തി. കേരള സമൂഹം ഇന്ന് എന്തെങ്കിലും പ്രതിസന്ധി നേരിടുന്നുണ്ടെങ്കിൽ അതു കേരള ഗവൺമെന്റിന്റെ പ്രത്യേകിച്ചും മുഖ്യ മന്ത്രിയുടെ ഫാസിസ്റ്റു നടപടികളിൽ നിന്നുണ്ടായിട്ടുള്ളതാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളവരാണ് ആനന്ദിനെയും ശശികുമാറിനെയും പോലുള്ള ബുദ്ധി ജീവികളും പത്രം വായിക്കുകയും ടിവി കാണുകയും ചെയ്യുന്ന ബഹുജനങ്ങളും നിയമങ്ങളെ മറികടക്കാൻ ശ്രമിക്കുകയും ജനങ്ങളുടെ അഭിപ്രായത്തെ മാനിക്കാതിരിക്കുകയും അടിച്ചൊതുക്കൽ നയം പ്രയോഗിക്കുകയും ചെയ്യുന്നതാണ് ഫാസിസമെങ്കിൽ വിവരാവകാശ നിയമത്തിനു നേരെ പോലും കൈ ഉയർത്തുന്ന പിണറായിയുടെ ഭരണം ഫാസിസം തന്നെയാണ് ഇതു മറച്ചു വയ്ക്കാനും ജന ശ്രദ്ധ തിരിച്ചു വിടാനും വേണ്ടി വീട്ടു വേല ചെയ്യുന്നവർ എത്ര ഉന്നതരായ എഴുത്തുകാരും സാംസ്‌കാരിക നായകനുമാണെങ്കിൽ പോലും അവരെ സമൂഹം തള്ളിക്കളയുകയേ ഉള്ളൂ.

ഇപ്പോൾ ഇതുവരെ കണ്ടിടത്തോളം കേരളത്തിൽ ഒരു ബുദ്ധി ജീവിയെ ഉള്ളൂ. അതു കാനം രാജേന്ദ്രനാണ്. ഇതുവരെ കണ്ടിടത്തോളം എന്ന ക്ലോസിന് അടിവരയിടുന്നു. എന്തെങ്കിലും കാരണത്താൽ കാനം പിൻവലിഞ്ഞാൽ പോലും ജനങ്ങൾ വിവരാവകാശ നിയമത്തിന്റെ സംരക്ഷണം ഏറ്റെടുത്തു കൊള്ളും. അപ്പോൾ പരിഹാസ്യരാകുന്നത് നമ്മുടെ ആസ്ഥാന ബുദ്ധി ജീവികൾ ആയിരിക്കും.