മാണിക്കെതിരെ തുടരന്വേഷണം! ബാർ കോഴക്കേസിൽ ഗൗരവമായ അന്വേഷണം നടക്കുമെന്നും മുൻ സർക്കാരിന്റെ കാലത്തേതുപോലെയാകില്ല എന്നും കൂടി മുഖ്യ മന്ത്രി പറയുകയും ചെയ്തിരിക്കുന്നു. ഇപ്രാവശ്യം മാണി കുടുങ്ങിയതു തന്നെ അല്ലേ?

പക്ഷേ, അഴിമതി വിരുദ്ധർ ആഹ്ലാദിക്കാൻ വരട്ടെ. സുകേശനു പകരം പുതിയ ഓഫീസറെ വച്ചുള്ള ഈ അന്വേഷണത്തിൽ മാണി കുറ്റക്കാരനല്ല എന്നാണ് കണ്ടെത്തുന്നതെങ്കിലോ? ഏതന്വേഷണവും നിഷ്പക്ഷവും പ്രതികാര ബുദ്ധിയില്ലാത്തുമായിരിക്കുമെന്ന് മുഖ്യ മന്ത്രി ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. വിജിലൻസ് കൂട്ടിലെ തത്തയല്ലെന്ന് ഡിജിപി ജേക്കബ് തോമസും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനർത്ഥം ഡിജിപിയുടെ കീഴിൽ നടക്കുന്ന അന്വേഷണം സ്വതന്ത്രമായിരിക്കും എന്നു കൂടിയാണല്ലോ.

മാണിക്കെതിരെ വേണ്ടത്ര തെളിവു കിട്ടാഹ്വ ഒന്നും ചെയ്യാൻ കഴിയില്ല. തെളിവുണ്ടെങ്കിൽ തന്നെ അതു കിട്ടുക എന്നതാണ് പ്രധാനം. മാത്രമല്ല സത്യവും അസത്യവും തമ്മിൽ കുറ്റുവും നിരപരാധിത്വവും തമ്മിലുള്ള അകലം നേർത്തതാണ്. മുടിനാരിഴക്കുള്ളതാണ് ''അതെ'' എന്നും ''അല്ല'' എന്നും തമ്മിൽ ഒരക്ഷരത്തിന്റെ വ്യതായസമേ ഉള്ളൂ. മറ്റു കാര്യങ്ങളൊക്കെ വഴിയെ ആലോചിക്കാം. മാണി കുറ്റക്കാരനല്ല എന്നാണ് കണ്ടെത്തുന്നതെങ്കിൽ എന്തായിരിക്കും സ്ഥിതിയെന്ന് ഒന്നാലോചിച്ചു നോക്കൂ. കുറ്റ വിമുക്തനാക്കപ്പെട്ട മാണി സാറിന്റെ ശോഭ പത്തരമാറ്റായിട്ടൊന്നു മായിരിക്കില്ല പരക്കാൻ പോകുന്നത്. മാണിക്യം എന്ന പ്രയോഗം നിഷ്പ്രഭമാകും., കോഹിനൂറിനെയും മറികടന്ന് സൂര്യശോഭ നേടി തിരിച്ചു വരുന്ന മാണിയുടെ നേരെ നോക്കാൻ ആർക്കു ശക്തിയുണ്ടാകും. ആള് അൽപ്പം കറുത്തതെങ്കിലും സൂര്യശോഭ ആർജ്ജിച്ചു നിൽക്കുന്ന മാണി എന്ന നേതാവിന്റെ സ്വീകാര്യത എത്രയായിരിക്കും. ഏതു മുന്നണിയിലാണ് ഏതു സഭയിലാണ് അദ്ദോഹത്തിന് കടന്നു ചെന്നിരിക്കാൻ പറ്റാത്തത്?

എന്നാൽ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ അവസ്ഥയോ യുഡിഎഫ് വിട്ടിറങ്ങി എൻഡിഎയിൽ മാത്രം ആഭയം കണ്ടതുമാണ്. ചർച്ചകളും പലതും നടന്നു എന്നാൽ കടമ്പകൾ ഏറെ കടക്കണം. മതമേലദ്ധ്യക്ഷന്മാരും കുഞ്ഞാടിൻ കൂട്ടവും ഒന്ന് അയഞ്ഞുവന്നതുമാണ്. പക്ഷേ അപ്പോഴേയ്ക്കും അതുവരെ തിരിഞ്ഞു നോക്കാതിരുന്ന സിപിഐ(എം) നേതാക്കൾക്ക് പ്രേമം തോന്നി തുടങ്ങി.

ബിജെപിയുമായി കൂട്ടുകൂടിയാൽ മാണിയും അനുയായികളും നരകത്തിൽ പോകും അത്രേ. നരകത്തിൽ പൊക്കോട്ടെ. എന്നാലും കേന്ദ്രമന്ത്രിയും വൈസ് പ്രസിഡന്റ് പോലും അകാമല്ലോ എന്നു പറഞ്ഞിട്ടും വിടുന്നില്ല. മാണിയെ ധ്യാനിപ്പിക്കാനും ആത്മാവ് രക്ഷപ്പെടുത്താനും കോടിയേരിയും കൂട്ടരും അരയും തലയും മുറുക്കിയിറങ്ങി.

എന്നാൽ പിന്നെ, എൽഡിഎഫിലേക്കു പോകാം. എൻഡിഎ കേരളത്തിൽ ഒരു മിനമം ഗ്യാരന്റി പോലുമില്ലാത്ത പാർട്ടിയാണല്ലോ എന്ന് മാണി മനസിൽ വിചാരിച്ചതേയുള്ളു അപ്പോഴേയ്ക്കും വിഎസും സിപിഐയും മുറുമുറുക്കാൻ തുടങ്ങി. സിപിഐക്കാണെങ്കിൽ ഇതുവരെ കാണിച്ചിട്ടില്ലാത്ത ആണത്തവും ധൈര്യവും, മാണി അവരെ തെറിയും പറഞ്ഞു. എൽഡിഎഫിൽ കേറ്റില്ലെങ്കിൽ അങ്ങോട്ടു വരുന്നുമില്ല എന്ന് അറിയിക്കുകയും ചെയ്തു.

പെട്ടെന്നതാ, അടുത്ത പാർലമെന്റ് ഇലക്ഷനാകുമ്പോഴേക്കും മാണിയെയും കൂട്ടരെയും കിട്ടിയാൽ മറ്റു ചിലരെയും എൽഡിഎഫിൽ എത്തിച്ചിരിക്കും ഇതു സത്യം സത്യം എന്ന് പ്രതിജ്ഞയുണ്ടായതായി വാർത്ത വരുന്നു. മറ്റു കാര്യങ്ങൾ പറയാനാണെങ്കിൽ പോലും എകെജി സെന്ററിലേക്കും ക്ഷണം വരുന്നു.

ഇതിനുള്ള ധൈര്യം സിപിഎമ്മിന് എവിടെ നിന്നു കിട്ടി എന്ന് മാണി പോലും ശങ്കിച്ചു നിൽക്കുന്നു. സിപിഐയെ പുറത്താക്കിയിട്ടു പോലും മാണിപ്പാർട്ടിയെ ചേർത്ത് മുന്നണിയുടെ അടിത്തറ വികസിപ്പിക്കും അത്രേ. കഴിഞ്ഞ ഇലക്ഷൻ കാലത്ത് മാണിയെ അറസ്റ്റു ചെയ്തു ജയിലടയ്ക്കണമെന്ന് കോടിയേരിയുടെ പ്രസംഗം ചാനലുകൾ തുരുതുരാ പ്രക്ഷേപണം ചെയ്യാൻ തുടങ്ങിയ എന്നിട്ടും സിപിഎമ്മിനു കുലുക്കമില്ല. സിപിഐയെ മാറ്റി നിർത്തിയിട്ട് മാണിയെ കൂട്ടിയാൽ അതു സിപിഐയ്ക്കും നല്ലകാലം ആകുമെന്നും സിപിഎമ്മിന് ബംഗാളിലെ ഗതിയുണ്ടാകുമെന്നും യച്ചൂരി പറഞ്ഞിട്ടു പോലും കേരളാ സിപിഎമ്മിനു കുലുക്കമില്ല. വിശ്വാസ്യതയുള്ള മാദ്ധ്യമങ്ങൾ എല്ലാം തന്നെ പാർലമെന്റിലക്ഷനാകുമ്പോഴേക്കും മാണിപ്പാർട്ടിയെ എൽഡിഎഫിൽ സ്വീകരിക്കും എന്ന് ആവർത്തിക്കുന്നു.

ഇക്കാര്യത്തിലുള്ള സിപിഎമ്മിന്റെ ധൈര്യത്തിന്റെ രഹസ്യം ഇപ്പോൾ നമുക്കു പിടികിട്ടുന്നു. ശരിയായ അന്വേഷണം നടത്തി മാണികുറ്റക്കാരനല്ലെന്നു കണ്ടെത്തിയാൽ മതിയല്ലോ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിനെതിരെ ഏതറ്റം വരെ പോകാനും തയ്യാറായി നിൽക്കുന്ന സിപിഐയുടെയും കൃത്യ സമയത്ത് ആഞ്ഞടിക്കാൻ ഒരുങ്ങിയിരിക്കുന്ന വിഎസിന്റെയും വയടപ്പിക്കാൻ മാത്രമല്ല അണ്ണാക്കുവരെ അടപ്പിക്കാൻ പോന്നതാണീ അന്വേഷണ ഫലം.

യുഡിഎഫിനോട് പ്രത്യേകിച്ച് കോൺഗ്രസിനിട്ട് ഇതിലും വലിയ ഒരടി കിട്ടാനില്ല. കോൺഗ്രസ്സ് നേതാക്കൾ ഒരേ സമയം ഇരിക്കുകയും എഴുന്നേൽക്കുകയും ചെയ്യും. കോൺഗ്രസ്സിലെ മൂന്നു നേതാക്കന്മാരും ആണായിട്ട് പറഞ്ഞുകൊണ്ടിരുന്നു മാണി സാർ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന്. അതേ സമയം അന്വേഷണം നേരിട്ട് നിരപരാധിത്വം തെളിയിക്കുകയും വേണം. ഇതു രണ്ടും കൂടി പറയാമോ? ചതിയല്ലായിരുന്നു അത്. ചതി സീതദേവിയെപ്പോലെ അഗ്നിശുദ്ധി വരുത്തി എത്തുന്ന മാണി സാറിന്റെ മുന്നിൽ ഈ മൂന്നു ശ്രീരമന്മാർ ക്ഷുഭ്ര കീടങ്ങളെപ്പോലെ നിന്നു വിറയ്ക്കില്ലേ? എങ്ങനെ അവർ അദ്ദേഹത്തെ ഫെയ്‌സ് ചെയ്യം. യുഡിഎഫിന്റെ കാലത്തേതു പോലെയാകില്ല ഞങ്ങൾ നടത്തുന്ന അന്വേഷണം എന്ന് പിണറായിയുടെ വാക്കുകൾക്ക് എന്തെല്ലാം അർത്ഥ വ്യാപ്തിയാണുള്ളത്.

യച്ചൂരിക്കുള്ള മറുപടി കൂടിയാകുമല്ലോ മുകളിൽ പറഞ്ഞത് പോലുള്ള ഒരു അന്വേഷണ ഫലം. എന്നാൽ അപ്പോഴേക്കും മാണിയെ ക്രൂശിക്കുക എന്നു പറയുന്ന ഒരു വിഭാഗം ഉണ്ടായിരിക്കും. അന്യ സംസ്ഥാനതൊഴിലാളികളൊഴികെ അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികളുമാണവർ. പക്ഷേ അവരുടെ അഭിപ്രായം സാരമില്ല. അക്കൂട്ടർക്ക് നോയ്‌സേയുള്ളു വോയ്‌സില്ല എന്ന് ഭരണാധികാരികൾക്ക് നല്ലതുപോലെയറിയാം.

വിസും സിപിഐയും ഉള്ളിടത്തോളം കാലം മാണിക്ക് എൽഡിഎഫിന്റെ അടിച്ചേനകത്തു കയറാൻ കഴിയില്ല എന്ന് കഴിഞ്ഞ ആഴ്ച പോലും ലേഖനമെഴുതിയ ആളാണ് ഞാൻ. ഒരു പക്ഷേ എന്റെ മുടിഞ്ഞു ദോഷൈകദൃഷ്ടി കൊണ്ടു മാത്രമാകാം പ്രാഖ്യാപിക്കപ്പെട്ട ബാർ കോഴക്കേസിലെ തുടരന്വേഷണത്തെ ഇങ്ങനെ സംശയത്തോടെ കാണുന്നത്. അതങ്ങനെ ആയിരിക്കട്ടെ എന്നു ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു കേസു തെളിഞ്ഞു കുറ്റക്കാരനെന്നു കണ്ട് കോടിയേരിയും വിഎസും പറഞ്ഞിട്ടുള്ളതുപോലെ മാണി ജയിലിലടയ്ക്കപ്പെട്ടാൽ അതു കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ പുതിയൊരു സൂര്യോദയമായിരിക്കും. എന്നാൽ ഇതിനും വിപരീതമായിട്ടാണ് സംഭവിക്കാൻ പോകുന്നതെങ്കിൽ കേരള രാഷ്ട്രീയം അതിന്റെ നരകത്തിലേക്കുള്ള യാത്രയുടെ അവസാനത്തെ ലാപ്പിൽ പ്രവേശിച്ചു കഴിഞ്ഞു എന്ന് ഉറപ്പിക്കാം. സിപിഎമ്മോ മാണി കോൺഗ്രസ്സോ അതുകൊണ്ടൊന്നും രക്ഷപെടാനും പോകുന്നില്ല. ആദർശബോധമുള്ള ഡിവൈഎഫ്‌ഐ യുവാക്കളും മുതിർന്ന സഖാക്കളും സിപിഎമ വിട്ടു പോകും. അവസാനത്തെ ആളും വിട്ടുപോയാലും ബന്ധപ്പെട്ടവരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ടാകില്ല എന്നു മാത്രം.

പുതിയ ഗവൺമെന്റ് വന്നതിനു ശേഷമുണ്ടായ പ്രധാനപ്പെട്ട തീരുമാനങ്ങളെല്ലാം കേരളീയരെ ഷോക്കടിപ്പിക്കുന്നതായിരിന്നു. അതുകൊണ്ടു തന്നെയാണ് ബാർ കോഴക്കേസിന്റെ പുനരന്വഷണത്തിലും സകലരെയും ഞെട്ടിക്കുന്ന ഒരു ഫലം ഞാൻ ഭയത്തോടെ പ്രതീക്ഷിക്കുന്നത്. മുഖ്യ മന്ത്രിയുടെ ഉപദേശകരായി എം. കെ. ദാമോധരൻ, ഗീതാ ഗോപിനാഥ് എന്നിവരുടെം നിയമനം ഐസ്‌ക്രീം പാർലർ കേസിൽ ഗവൺമെന്റിന്റെ ഭാഗത്തു നിന്നുണ്ടായ നിലപാട് വിവരാവകാശ നിയമത്തോടു കാട്ടുന്ന മനോഭാവം ഇവയുടെയെല്ലാം ഷോക്കേറ്റ ജനങ്ങളുടെ അവബോധ മനസ്സിലും തീർച്ചയായും ഇങ്ങനെയൊരു ഭയം ഇപ്പോൾ തന്നെ ഉണ്ടായിരിക്കണം.