വിഎസിനെ ശരിക്കു മനസിലാക്കാത്തത് അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത അനുയായികൾ തന്നെയാണെന്നു തോന്നുന്നു. ഇന്നലെ (26 - 5 - 16) അർദ്ധ രാത്രി വരെ ആളിക്കത്തി നിന്ന ചാനൽ ചർച്ചയിൽ നിന്നു നിരാശയോടെ മനസ്സിലാകുന്നത് ഇതു തന്നെയാണ്.

വിഎസിന്റെ പദവി സംബന്ധിച്ച് അദ്ദേഹം യച്ചൂരിക്ക് കൈമാറിയ കുറിപ്പാണ് ഇതിലെ മഹാ സംഭവം. വി എസ് ക്യാബിനറ്റു റാങ്കു പോലുള്ള പദവിക്കു പിന്നാലെ പോകില്ല എന്നാണ് വിഎസിന്റെ സപ്പോർട്ടേഴ്‌സിന്റെ വാദം. വി എസ് അത്രയ്ക്കു തരം താഴില്ലെന്നും താഴരുതെന്നുമാണ് അവർ ചങ്കു തകർന്ന് പറയുന്നത്. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വിഎസിനെ താറടിച്ച് തറയിലിരുത്തി പ്രദർശിപ്പിക്കാൻ വേണ്ടിയാണെന്നും ചിലർ ആണയിടുന്നു.

ഏറെ അത്ഭുതപ്പെടുത്തിയത് അഡ്വക്കേറ്റ് ജയശങ്കറിന്റെ പതറിച്ച ആയിരുന്നു. വി എസ് അടിയുറച്ചു പറഞ്ഞുവെന്ന് ശത്രുക്കളും മിത്രങ്ങളും ഒരുപോലെ ഉറപ്പിച്ച പല മുൻകാല ഘട്ടങ്ങളിലും, വി എസ് ഉയർത്തെണീറ്റു വരുമെന്നും അദ്ദേഹത്തിന്റെ പോരാട്ടം തുടരുമെന്നും വിജയകരമായി പ്രവചിച്ച ആളാണ് ജയശങ്കർ. പിണറായിയെ മുഖ്യമന്ത്രിയാക്കാൻ പാർട്ടി തീരുമിനിച്ചു എന്ന് വിസ്മയത്തോടെ ചാനലുകൾ - കൈരളി ഒഴികെ - റിപ്പോർട്ട് ചെയ്ത ദിവസം രാവിലെ നേരത്താണ് ഞാൻ ഇതിന് മുൻപ് ജയശങ്കറിനെ അവസാനമായി കേൾക്കുന്നത്.

വിഎസിനെ മുഖ്യ മന്ത്രിയാക്കാൻ പാർട്ടിയിൽ എഗ്രിമെന്റുണ്ടെന്നും ഇതു നടക്കില്ലെന്നുമാണ് അദ്ദേഹം ആദ്യം പൊട്ടിത്തെറിച്ചത്. പിന്നീട് സിവിക് ചന്ദ്രൻ ആവർത്തിച്ച ഒരു പ്രയോഗവും ജയശങ്കർ നടത്തി. ''യേടത്തിയെ കാണിച്ച് അനുജത്തിയെ കെട്ടിക്കുന്ന ഇടപാട്'' എന്ന്.

അതേ സമയം വി എസ് മുഖ്യമന്ത്രി ആയിരിക്കേണ്ടതായിരുന്നു എന്നും, അതിന് അദ്ദേഹം തയ്യാറായിരുന്നു എന്നും വിഎസിന്റെ അനുയായികളെല്ലാം പറയുന്നുണ്ട്. തനിക്ക് ഒരു വർഷത്തേയ്ക്ക്, കുറഞ്ഞത് ആറുമാസമെങ്കിലും മുഖ്യമന്ത്രി സ്ഥാനം തരണമെന്ന് യച്ചൂരിയോട് വി എസ് ആവശ്യപ്പെട്ടു എന്നും ഏഷ്യനെറ്റ് ന്യൂസ് ചാനൽ സംഭവ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. അതു ശരിയാകാനാണ് സാധ്യതയും.

വി എസ് മുഖ്യ മന്ത്രി പദം ആഗ്രഹിച്ചു എന്നാണ് അദ്ദേഹത്തിന്റെ സപ്പോർട്ടേഴ്‌സ് വിചാരിക്കുന്നത്? 'നല്ല' ഒരു മുഖ്യ മന്ത്രിയായി ഭരിച്ച് എല്ലാവരുടെയും മതിപ്പ് നേടാൻ വി എസ് ആഗ്രഹിക്കുന്നു എന്നു കരുതിയിടത്ത് അദ്ദേഹത്തിന്റെ അനുയായികൾക്ക് തെറ്റു പറ്റി. ആ തെറ്റു പറ്റാൻ കാരണം, അവർക്ക് നേരത്തെ പറ്റിയ മറ്റൊരു തെറ്റാണ്. യെച്ചൂരി സെക്രട്ടറി സ്ഥാനത്ത് വന്നതോടെ വി എസ് മെരുങ്ങി, അല്ലെങ്കിൽ മെരുക്കപ്പെട്ടു. അദ്ദേഹം മാനസാന്തരപ്പെട്ട് കുഞ്ഞാടായി പാർട്ടിയുടെ സംഘാടന വിഭാഗത്തോടു സമരസപ്പെട്ടു പോകുന്നു എന്നു വിശ്വസിച്ചിടത്താണ് ആദ്യത്തെ തെറ്റു സംഭവിച്ചത്. അതു സംഭവിക്കാൻ പാടില്ലായിരുന്നു. കാരണം, തന്റെ അത്യന്തികമായ ലക്ഷ്യം അഴിമതിക്കാരെ തുറങ്കിലടയ്ക്കുകയാണെന്ന് വി എസ് കണിശമായും ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണല്ലോ.

രണ്ടാമത്തെ കാര്യം ഉമ്മനെയും അദ്ദേഹത്തിന്റെ കൂട്ടാളികളെയും മാത്രമല്ല, അഴിമതിക്കാരായ എല്ലാവരെയും കുടുക്കാനാണ് വി എസ് എന്നും ശ്രമിച്ചിട്ടുള്ളത്. സ്വന്തം പാർട്ടിയിലെ പിണറായിയും, ഇളമരം കരീമും ഒക്കെ ആരോപിതരാണല്ലോ. ഏതെങ്കിലും സാഹചര്യത്തിൽ വി എസ് അവരെ മറിക്കും എന്നു കരുതിയവർ വിഎസിനെ കുറച്ചുകണ്ടവരാണ്.

വിഎസിനെ ശരിക്കും അറിഞ്ഞവർ ആരും അദ്ദേഹത്തിന്റെ പദവി സംബന്ധിച്ച കുറിപ്പിന്റെ പേരിൽ ഇന്നലെ നടന്ന ചർച്ചയിൽ അദ്ദേഹത്തെ കുറ്റപ്പെടുത്തുകയോ, അദ്ദേഹത്തിന്റെ സ്ഥാനമോഹത്തിന്റെ പേരിൽ സഹതാപം പ്രകടിപ്പിക്കുകയോ ചെയ്യുമായിരുന്നില്ല.

മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടപ്പോൾ, ആദ്യം വിഎസും ഒന്നും പകച്ചു പോയി എന്നു തോന്നുന്നു. പക്ഷെ അദ്ദേഹം അതിവേഗം പൂർവ്വസ്ഥിതിയെ പ്രാപിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായികൾ പോലും ആ ഷോക്കിൽ നിന്നും ഉണർന്നില്ല! അവർ ''പ്രത്യാശയില്ലാത്തവരെപ്പോലെ'' വിലപിക്കുകയോ ശപിക്കുകയോ ചെയ്യുന്നു.

തുടർന്നുള്ള പോരാട്ടത്തിന് വേണ്ട ഔദ്യോഗികമായ പിൻബലമായി മാത്രമേ വി എസ് കുറിപ്പിൽ പറഞ്ഞ മൂന്നു സ്ഥാനങ്ങളും കണക്കാക്കുന്നുള്ളൂ. പിണറായിയെ മുഖ്യ മന്ത്രിയായി പ്രഖ്യാപിച്ച ആക്കൂടെ തന്നെ യച്ചൂരി വിഎസിനു നൽകാൻ പോകുന്ന പദവികളെ സംബന്ധിച്ചു പറഞ്ഞിരുന്നല്ലോ.

വിഎസിന്റെ മനസ്സും യച്ചൂരിയുടെ മനസ്സും ഒന്നാണെന്ന് ആർക്കാണറിയത്തത്. ചില കാരണങ്ങളാലുണ്ടാകുന്ന നിവർത്തികേടുകൊണ്ടാണ് യച്ചൂരി വിഎസിനു മുഖ്യമന്ത്രി പദം കൊടുക്കാതിരുന്നത്. പകരം ശക്തനായ നിലയിൽ തന്നെ വിഎസിനെ നിലനിർത്തേണ്ടത് യച്ചൂരിയുടെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന മറ്റു പിബി അംഗങ്ങളുടെയും കേന്ദ്രഘടക നേതാക്കളുടെയും കൂടി ആവശ്യമാണ്.

വിഎസിന് വേണ്ടി പറയുന്ന മൂന്നു പദവികളിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. അതു ലഭിച്ചു കഴിഞ്ഞാൽ, പിണറായി സൂചിപ്പിച്ച പാർട്ടി വിരുദ്ധനെന്ന പ്രമേയമൊക്കെ ചാമ്പലായിത്തീരും. വിഎസിനെ പാർട്ടി വിരുദ്ധനെന്നു വിളിക്കാൻ പിന്നെ ആരു ധൈര്യപ്പെടുകയില്ല. അതിന് യച്ചൂരി അനുവദിക്കുകയുമില്ല. ഇപ്പോഴത്തെ നിലയിൽ വി എസ് മര്യാദയ്ക്കു നിന്നില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കാൻ സംസ്ഥാന നേതൃത്വത്തിന് ഒരു പ്രയാസവുമില്ല. നിയമസഭാ കക്ഷി നേതാവ് എന്ന നിലയിൽ പിണറായി മാത്രം ആവശ്യപ്പെട്ടാലും സംസ്ഥാന നേതൃത്വത്തിന് അതു കഴിയും. വിഎസിന്റെ പ്രായം മാത്രമേ ഒരു തടസ്സമുള്ളൂ. അദ്ദേഹത്തിന്റെ പ്രായത്തെ പ്രായാധിക്യമെന്ന നിലയിൽ അവർക്ക് അനുകൂലമാക്കാനും കഴിയും എന്നാൽ ഒരു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആയിക്കഴിഞ്ഞാൽ കളിമാറും.

എൽഡിഎഫ് കൺവീനർ എന്ന സ്ഥാനത്തിന്റെ ഭാവി പ്രാധാന്യവും കാല സാദ്ധ്യതകളും പ്രവചനാതീതമാണ്. ലാവ്‌ലിൻ കേസിലോ, മറ്റോ അന്തിമ വിധിക്കു മുൻപേ ഗുരുതരമായ ഒരു കോടതി പരാമർശമുണ്ടായാൽ പോലും പണറായി മാറി നിൽക്കേണ്ടി വരും. യുഡിഎഫിലെ പോലെയാകില്ല ഇവിടുത്തെ കാര്യം. മന്ത്രിസഭയുടെ ഇമേജിനെ ബാധിക്കുന്ന കാര്യമായതിനാൽ ഘടക കക്ഷികളടെ പ്രത്യേകിച്ച് സിപിഐയുടെ അഭിപ്രായും നിർണ്ണായകമായി വരാം. പിണറായിക്കു പകരം അദ്ദേഹത്തിന്റെ ഒരു വിശ്വസ്തനെ തൽസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ശ്രമിച്ചാൽ സിപിഐ (എം) സമ്മതിക്കുമെന്ന് തോന്നുന്നില്ല.

പിണറായിയും അദ്ദേഹത്തിന്റെ പിൻതാങ്ങികളായ സംസ്ഥാന ഘടകവും ദുർബലമായിക്കഴിഞ്ഞാൽ, ഘടക കക്ഷി കൂടി ആവശ്യപ്പെട്ടാൽ പകരം മുഖ്യ മന്ത്രിയായി വിഎസിനെ പരിഗണിക്കാൻ യച്ചൂരിയും കേന്ദ്ര നേതൃത്വവും തന്നെ തയ്യാറായെന്നു വരാം. ദയവായി ഇതന്റെ ആഗ്രഹമോ, താൽപ്പര്യമോ ആയി ആരും വ്യാഖ്യാനിക്കരുത്. നമ്മുടെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഇത്തരം അനേകം ട്വിസ്റ്റിന്റെ സാധ്യതകൾ നിലനിൽക്കുന്നുണ്ട് എന്നു മാത്രം. മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായിയോട് അസഹിഷ്ണുതയോ വി എസ് വീണ്ടും മുഖ്യമന്ത്രിയായി വരുന്നതിൽ താൽപ്പര്യമോ ഇല്ല. മാത്രമല്ല മുഖ്യമന്ത്രിയായിരിക്കുന്ന വിഎസിനെക്കാൾ കരുത്തനും, പിണറായി പക്ഷത്തിന് കൂടുതൽ അപകടകാരിയും ഇപ്പോഴത്തെ വി എസ് ആണെന്നും ഞാൻ കരുതുന്നു. നിർദ്ദിഷ്ടമായ സ്ഥാനങ്ങളിൽ മുകളിൽ പറഞ്ഞ രണ്ടെണ്ണമെങ്കിലും ഉണ്ടെങ്കിലേ അദ്ദേഹത്തിന്റെ വാക്കുകൾക്ക് വിലയുണ്ടാകൂ. അദ്ദേഹം അപ്രതിരോധ്യനാകൂ.

വിഎസിന്റെ അടുത്ത അനുയായിയായി കാണപ്പെടുന്ന ഏഷ്യാനെറ്റിലെ അവതാരകൻ ഇന്നലത്തെ ചർച്ചയിൽ പറഞ്ഞത് ശരിയല്ല. വിഎസിന് ഒരു പദവിയും വേണ്ടാ, എംഎൽഎ ക്വോട്ടേഴ്‌സിന്റെ മുറ്റത്ത് ചാരുകസേരയിലിരുന്ന അദ്ദേഹം പറഞ്ഞാൽ മാത്രം മതി ജനമെല്ലാം അതേറ്റെടുക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ജനം ഏറ്റെടുത്തേക്കും പക്ഷെ, ഒരു വിമത ഛായ വന്നാൽ പിന്നെ വി എസ് പറയുന്നത് എൽഡിഎഫിലെ ഘടകകക്ഷികൾക്ക് പോലും സ്വീകരിക്കാനോ ചൊവിക്കൊള്ളാനോ സാധിക്കാതെ വരും. വനരോദനം, ചായക്കോപ്പയിലെ കൊടുങ്കാറ്റ് ആയി മാറും അത്. അതേ സമയം മുന്നണിയും ഭരണ കക്ഷിയിലും സ്ഥാനവും പദവിയുമുള്ളതിന്റെ വ്യത്യാസം ഊഹിക്കാവുന്നതേയുള്ളൂ.

മർമ്മ പ്രധാനമായ മൂന്നു പദവികൾ കണ്ടെത്തിയ യച്ചൂരിക്ക് - ഒരു പക്ഷെ വിഎസുമായി ആലോചിച്ചിരിക്കാം - ഇനി കേന്ദ്രനേതൃത്വത്തിലും അതിലുപി സംസ്ഥാന കമ്മിറ്റികളിലും അവതരിപ്പിച്ചു പാസാക്കിയെടുക്കാൻ പാടുപെടേണ്ടി വരും. എതിരാളികളുടെ ഒരു വാദം, ഇതൊക്കെ വി എസ് സ്വീകരിക്കുമെന്നു തോന്നുന്നില്ല എന്നൊക്കെയാകും. അതിനുള്ള പ്രതിവിധിയായി യച്ചൂരി സ്വീകരിച്ച തന്ത്രമായിരിക്കാം. വിവാദമായി മാറിയ കുറിപ്പ്. അതു വി എസ് തന്നെ എഴുതിയതോ, യച്ചൂരി എഴുതി വിഎസിന്റെ അംഗീകാരത്തിനായി ഏൽപ്പിച്ചിരുന്നതോ ആകാം. വി എസ് എടുക്കാൻ മറന്ന കുറിപ്പ് അദ്ദേഹത്തിന്റെ സ്റ്റാഫ് വേദിയിൽ കൊണ്ടു വന്ന് ഏൽപ്പിച്ചതാകാം.

എന്തു തന്നെ ആയാലും ശത്രുപക്ഷത്തോ മിത്രപക്ഷത്തോ ഉള്ള ആരുടെയും സൃഷ്ടിയോ ഗൂഢാലോചനയോ അല്ല അത്. വിഎസിന് അടവു പറഞ്ഞു കൊടുക്കാൻ അദ്ദേഹത്തിന്റെ പുത്രനോ മറ്റാരെങ്കിലുമോ ത്രാണിയില്ലാ. ഇക്കാര്യത്തിൽ ഇഎംഎസ് പോലും വിഎസിനോടു സമശീർഷനല്ല. പാർട്ടിയിൽ ഗോഡ്ഫാദറായിരിക്കുമ്പോഴാണ് ഇഎംഎസ് അടവുകൾ പയറ്റിയത്.

വിഎസിന്റെ ആലോചനകളും ഭാവിയിലെ അതിന്റെ അപകട സാധ്യതകളുമെല്ലാം വിഎസിന്റെ അനുയായികൾക്കറിയില്ലെങ്കിലും എല്ലാം മനസ്സിലാക്കുന്ന ഒരാളുണ്ട്. അത് പിണറായി തന്നെ. അതിൽ അതുഭുതപ്പെടാനുമില്ല. അത്ഭുതം തോന്നുന്നത് മറ്റൊരാളുടെ കാര്യത്തിലാണ്. ജയശങ്കറും സിവിക് ചന്ദ്രനും അപ്പുക്കുട്ടൻ വിളിക്കുന്നും പിയേഴ്‌സണും ചാനൽ അവതാരകരും എല്ലാം പരാജയപ്പെട്ടിടത്ത് ചർച്ചയിൽ സ്ഥിരമായി പങ്കെടുനക്കുന്ന ഒരാൾ തന്നെയാണ് വിഎസിനെ അദ്ദേഹത്തിന്റെ മുഴുവൻ വ്യാപ്തിയിലും - ഡമൻഷൻ - മനസ്സിലാക്കിയിട്ടുള്ളത്. അത് ഭാസുരേന്ദ്രബാബു അല്ലാതെ മാറ്റാരുമല്ല. പിണറായിയുടെ പരുക്കൻ മനസാക്ഷിക്കു ഭാഷാ രൂപവും, ദാർശനികമായ പരിവേഷങ്ങളം കൊടുക്കുന്ന നാവാണ് ഭാസുരേന്ദ്രബാബു.

വളരെ തന്ത്രപൂർവ്വം സംസാരിക്കാനും ഞാണിന്മേൽ കളി നടത്താനും സമർത്ഥനായ അദ്ദേഹത്തിന്റെ ഇന്നലത്തെ ചർച്ചയിൽ ഒരു പാർട്ടിക്ക് ആശങ്കകൾ ഒളിപ്പിച്ചു വച്ചിരിക്കുന്നതായി കാണാം. വി എസ് പക്ഷത്തിന്റെ മുന്നിലുള്ള സാധ്യതകളാണ് പിണറായി പക്ഷത്തിന്റെ മനസ്സിലുള്ള ആശങ്കകൾ.

അടിയേറ്റു കുനിഞ്ഞ ശിരസുമായി, തുന്നിചേർത്തത് പോലെയുള്ള വായുമായി ഒരിടത്തും പതിയാത്ത ദൃഷ്ടിയുമായി പാർട്ടിയുടെ എത്രയോ വിചാരണ വേദികളിൽ വി എസ് ഇരിക്കുന്നതു നാം കണ്ടിട്ടുള്ളതാണ്. ശത്രുക്കൾക്ക് പോലും ദയവ് തോന്നും. മിത്രങ്ങൾക്കു പച്ഛവും.

വി എസ് മുഖ്യമന്ത്രി ആയിരുന്ന കാലമോ, പാർട്ടി സെക്രട്ടറി പിണറായിയും ആഭ്യന്ത്രമന്ത്രി കോടിയേരിയും ചേർന്നു നടത്തിയ പീഡനങ്ങൾ സമാനതകളില്ലാത്തതാണ്. മുൾമുടി ധരിപ്പിച്ച് അടിച്ചും മുഖത്ത് തുപ്പിയും യേശുവിനെ നടത്തിയ കഥയാണ് ഓർമ്മ വരുന്നത്. വി എസ് മന്ത്രിക്കസേരയിൽ കടിച്ചു പിടിച്ചിരിക്കുകയായിരുന്നു എന്നാരോപിച്ച് അദ്ദേഹത്തിന്റെ ആരാധകരും അനുയായികളും അദ്ദേഹത്തെ നിന്ദിച്ചു മുഖ്യ മന്ത്രിസ്ഥാനവും പാർട്ടി അംഗത്വവും വിട്ട് വി എസ് ഇറങ്ങിപ്പോരണമെന്നായിരുന്നു അവർ. ഇന്നലെ നടന്ന വിചാരണയും സമാന സ്വഭാവമാണുള്ളത്.

സംഭവിച്ചത് ഇതാണ്, മുഖ്യമന്ത്രിപദം നഷ്ടമായ നിമിഷത്തിൽ വിഎസും അദ്ദേഹത്തിന്റെ അനേകായിരം അനുയായികളും പ്രജ്ഞയറ്റു നിലംപതിച്ചു. 93 കാരനായ വി എസ് മാത്രം വർദ്ധിത വീര്യനായി എഴുന്നേറ്റു. വിഎസിനെ മായാവിയെപ്പോലെ ഒരത്ഭുതമനുഷ്യനാക്കുന്നത് ഇതാണ്.

മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റുമുട്ടൽ തന്നെയാണ് വിഎസിന്റെ തീരുമാനം. പിണറായി ഗവൺമെന്റ് ചില കാര്യങ്ങളിൽ വഴിവിട്ടു സഞ്ചരിക്കുമെന്ന് കേരളത്തിലെ നല്ലൊരു പങ്ക് ജനങ്ങളും വിശ്വസിക്കുന്നു. കുറെയേറെ ഇടത്പക്ഷക്കാരും കൂടി അങ്ങനെ ആശങ്കപ്പെടുന്നുണ്ട്. പിണറായി മുഖ്യമന്ത്രിയാകുമെന്ന തീരുമാനമുണ്ടായതിന്റെ പിറ്റേന്ന്. പിസി ജോർജ് കൃത്യമായി പറഞ്ഞു, ഉമ്മൻ ചാണ്ടിയുമായി വലി ഒത്തു തീർപ്പുകളാണ് പിണറായി നടത്താൻ പോകുന്നത് എന്ന്! ''ഞാനത് സമ്മതിക്കില്ല, സഖാക്കൾ പോലും അതു സമ്മതിച്ചു കൊടുക്കില്ല'' എന്നും ജോർജ് കൂട്ടിച്ചേർത്തു. ജോർജിനു മാത്രമല്ല പൊതുജനങ്ങൾക്കെല്ലാം തന്നെ ഊഹമുള്ള കാര്യമാണിത്.

ഉമ്മൻ ചാണ്ടിയുമായി എന്തിനു പിണറായി ഒത്തുതീർപ്പുണ്ടാക്കണം? ഇവരിൽ ഒരാൾ മാത്രമായി നിലനിൽക്കില്ല എന്നതാണ് നേരി. എത്ര വിചിത്രമാണിത്. ഉമ്മൻ ചാണ്ടിക്കെതിരെ വേണ്ടതിലേറെ തെളിവുകൾ സോളാർ കേസന്വേഷണ കമ്മീഷന്റെ മുൻപിൽ എത്തിക്കഴിഞ്ഞു. കേരളം ഞെട്ടാതിരുന്നത് തിരഞ്ഞെടുപ്പു വാർത്തകളുടെ മുൻപിലായിരുന്നതു കൊണ്ടും, സോളാർക്കേസിന്റെ ആഴവും വ്യാപ്തിയും ജനങ്ങൾ നേരത്തെ തന്നെ കണ്ടറിഞ്ഞ് ഉള്ളിൽ ഞെട്ടിയതുകൊണ്ടുമാണ്. ഇതിന് പുറമെ ഉമ്മൻ ചാണ്ടിയുടെ മേൽ പാമോലിൻ കേസുണ്ട്, പറ്റൂർ ഭൂമിയിടപാടു കേസുണ്ട്, തുറുപ്പുചീട്ടുകൾ പോലെ ഗുരുതരമായവ തന്നെ. അതേ സമയം വിജയനെതിരെയും അത്രയും തന്നെ തുറുപ്പുചീട്ടുകൾ ഉമ്മന്റെ കൈയിലുമുണ്ട്, ലാവ്‌ലിൻ, ടിപി ചന്ദ്രശേഖരകൻ കൊലക്കോസിലെ ഗൂഢോലോചന തുടങ്ങി, ജനങ്ങൾക്കത്ര അറിവില്ലാത്ത മറ്റു ചിലതുമുണ്ട്. ഉമ്മൻ ചാണ്ടി വിചാരിച്ചാൽ ധർമ്മടത്ത് ഈ ഇലക്ഷനിൽ നടന്ന കള്ളവോട്ട് വിഷയവും മുഖ്യമന്ത്രിയായ പിണറായിക്കു ദോഷകരമായി ഉയർത്തിക്കൊണ്ടുവാരാൻ കഴിയും.

ഇവയിൽ ഏതെങ്കിലും ഓരോ കേസു വീതം ശിക്ഷിക്കപ്പെട്ടാൽ ഇവർ രണ്ടു പേരുടെയും ഭാവി തീർന്നത് തന്നെ. ഉമ്മന് എതിരെ പിണറായി കാര്യമായി നീങ്ങിയാൽ ഉമ്മൻ വെറുതെ ഇരിക്കില്ല. ഒരു പക്ഷെ ഇവരുടെ കൂടിക്കാഴ്ചയിൽ തിടക്കമിട്ടതും ഒത്തുതീർപ്പുകളുടെ പരമ്പരയ്ക്കായിരിക്കും.

കാവലാൾ എന്നാൽ നോക്കുകുത്തിയല്ലല്ലോ. സൂക്ഷിപ്പുകാരനുമല്ല, വി എസ് ആയുധം സംഭരിക്കുകയാണ് പദവികൾ നേടുന്നതിലൂടെ അല്ലാതെ കാബിനറ്റ് പദവിക്കോ, സ്റ്റാഫുകൾക്കോ വേണ്ടിയുള്ളതുമല്ല. കാറും സ്റ്റാഫുകളും പച്ചക്കറി വാങ്ങാൻ വിടാനുള്ളതല്ല, അദ്ദേഹത്തെ സംബന്ധിച്ചടുത്തോളം മുഖ്യ മന്ത്രി ആയാലും ഇല്ലെങ്കിലും പിണറായിയുമായുള്ള അന്തിമ പോപാട്ടത്തിന് അദ്ദേഹം തയ്യാറെടുത്തു കഴിഞ്ഞിരുന്നു. നിർദ്ദിഷ്ട സ്ഥാനമാനങ്ങൾ - ആയുധങ്ങൾ - കിട്ടിയെല്ലെങ്കിൽ വെറും കൈകൊണ്ട് ആ സിംഹത്തെ വി എസ് നേരിടും. സിംഹം എന്നത് എന്റെ പ്രയോഗമല്ല. ഒരു ചെറുപ്പക്കാരൻ ചാനലിൽ പറഞ്ഞതാണ് പിണറായി വിജയൻ സിംഹത്തെപ്പോലെയാണ്. സിംഹം കാടു ഭരിക്കുന്നത് പോലെ പിണറായി നാടു ഭരിക്കുമെന്ന്.