കോഴിക്കോട് മെഡിക്കൽ കോളജിന്റെ മുൻ പ്രിൻസിപ്പൽ കൂടിയായ ഡോക്ടർ ചികിത്സ തേടി എത്തിയ ഒരു രോഗിയോട് മോശമായി പെരുമാറി എന്ന വാർത്ത ഈ ദിവസങ്ങളിൽ വീണ്ടും സജീവമായിട്ടുണ്ട്. മാദ്ധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലെ തർക്കത്തിന്റെ ഭാഗമായി മാദ്ധ്യമ പ്രവർത്തകരെ ആക്ഷേപിക്കാനുള്ള വടിയായി ഈ ആരോപണം മാറി കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ ഹിന്ദുവിന്റെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റും മിതത്വവാദിയുമായ കെ എ ഷാജി ഫേസ്‌ബുക്കിൽ എഴുതിയ പോസ്റ്റ് പ്രസക്തമാവുകയാണ് - എഡിറ്റർ.

കോഴിക്കോട് മെഡിക്കൽകോളേജ് മുൻ പ്രിൻസിപ്പാൾ ഡോക്ടർ പി വി നാരായണന്റെ അറസ്റ്റും ആ വിഷയത്തിൽ വാർത്താ മാദ്ധ്യമങ്ങൾ എടുത്ത നിലപാടും സംബന്ധിച്ച് ധാർമിക രോഷം നിറഞ്ഞു തുളുമ്പുന്ന ഒരു സന്ദേശം കഴിഞ്ഞ ദിവസം കിട്ടിയിരുന്നു. മാദ്ധ്യമ പ്രവർത്തകരെ എന്നല്ല ലോകത്ത് ആരെയും വിളിക്കാൻ പാടില്ലാത്ത അധിക്ഷേപ പദങ്ങളും കടുത്ത നിന്ദയും പരമ പുച്ഛവും നിറഞ്ഞത് എങ്കിലും ആ പ്രതികരണം ഇവിടെ ഒന്നും മുറിച്ചു മാറ്റാതെ പോസ്റ്റ് ചെയ്തത് മിസ്ടർ നാരായണൻ അവർകൾക്ക് നിഷേധിക്കപ്പെട്ടു എന്ന് പറയുന്ന സ്വാഭാവിക നീതി കുറച്ചെങ്കിലും തിരിച്ചു കൊടുക്കാം എന്ന് കരുതി തന്നെയാണ്. സന്ദേശത്തിന്റെ യഥാർത്ഥ രചയിതാവ് ആദരണീയയായ ഒരു പീഡിയാട്രിഷ്യൻ ആണെന്നതും മുൻവിധികൾ ഇല്ലാതെ അതിനെ സമീപിക്കാൻ പ്രേരിപ്പിച്ചു.

അത് കഴിഞ്ഞു ഈ നിമിഷം വരെ ഡോക്ടർമാർ, അഭിഭാഷകർ, മാദ്ധ്യമ പ്രവർത്തകർ, ശ്രീ നാരായണന്റെ മുൻ സഹപ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവരിൽ നിന്നും ഒരുപാട് വിവരങ്ങൾ എന്നെ തേടിയെത്തി. മാദ്ധ്യമ പ്രവർത്തകർ പറഞ്ഞത് തത്കാലം മാറ്റിവയ്ക്കുന്നു. അവരാണല്ലോ ഇവിടെ ആരോപണം കേൾക്കുന്നവർ. മറ്റുള്ളവർ പറഞ്ഞ കാര്യങ്ങൾ ഇവിടെ കൊടുക്കുന്നു. എനിക്ക് വിശ്വാസം ഉള്ള ആളുകൾ നേരിൽ അറിയിച്ചവ ആണ്. എന്തെങ്കിലും തെറ്റ് വന്നാൽ മുൻപ് ചെയ്തിട്ടുള്ള പോലെ തിരുത്താം.

  1. ശ്രീ നാരായണൻ ഫാർമകോളജിയിൽ എംഡിയുള്ള ആളാണ്. രോഗികളെ പരിശോധിക്കാനും മരുന്നു നല്കാനും എംഡി ഫാർമകോളജി ഉള്ളയാൾക്ക് അനുവാദമുണ്ടോ എന്ന സന്ദേഹം ഇവിടെ ഉന്നയിച്ചിരുന്നു. എം ബി ബി എസ് യോഗ്യത വച്ച് അദ്ദേഹത്തിന് ചികിത്സിക്കാമെന്നും ഒരു ധാർമ്മിക പ്രശ്‌നവും അതിലില്ലെന്നും കിട്ടിയ വിദഗ്ദാദിപ്രായം മുൻനിർത്തി ആ സന്ദേഹം പിൻവലിക്കുന്നു. വിഷയം അതിൽ തട്ടി നില്ക്കണ്ട.

  2. മുപ്പത് രൂപ മാത്രം കൺസൽട്ടെഷൻ ഫീ വാങ്ങി അദ്ദേഹം സാമൂഹിക വിപ്ലവം നടത്തുക ആയിരുന്നു എന്ന് ആരാധകർ. ആയിരിക്കാം. നിഷേധിക്കുന്നില്ല. ഡോക്ടർക്ക് ഫീസ് കൊടുക്കാൻ വകയില്ലാതെ മെഡിക്കൽ ഷോപ്പിലെ അറ്റൻഡർ നിശ്ചയിക്കുന്ന മരുന്ന് വാങ്ങി തിന്നുന്ന നിസ്വരുടെ രാജ്യം തന്നെ ആണിത്.

  3. ഒരു കേസിൽ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു എന്നതിന് അർഥം അയാളെ വെറുതെ വിട്ടു എന്നല്ല. കുറ്റവിമുക്തൻ ആക്കി എന്നുമല്ല. അദ് ദേഹത്തെ ന്യായീകരിച്ച് എനിക്ക് സന്ദേശം അയച്ചവർ ജാമ്യം സംബന്ധിച്ച ഇന്ത്യൻ നിയമ വ്യവസ്ഥയിലെ ആശയങ്ങൾ സ്വായത്തമാക്കാൻ അപേക്ഷ.

  4. കേസെടുത്ത നല്ലളം പൊലീസ് പറയുന്നത് അത് ഇപ്പോഴും നില നിൽക്കുന്നു എന്നും ഹൈക്കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും വിചാരണ നടക്കും എന്നുമാണ്.

  5. മാതാപിതാക്കളോടൊപ്പം ഡോക്ടറെ കണ്ട കുട്ടി പരാതി പറയാൻ എന്തുകൊണ്ട് രണ്ടാഴ്ച വൈകി എന്നൊരു ചോദ്യം ഉണ്ടായിരുന്നു. മാതാപിതാക്കൾക്കൊപ്പം അല്ല കുട്ടി ഡോക്ടറെ കണ്ടത്. അയൽ വീട്ടിലെ സ്ത്രീ അവരുടെ കുട്ടിയെ കാണിക്കാൻ പോയപ്പോൾ കൂടെ പോയതായിരുന്നു. ആ സ്ത്രീയുടെ കുട്ടി ശർദിച്ചപ്പോൾ അവർ പുറത്തേക്കു ഇറങ്ങിയപ്പോൾ ആയിരുന്നത്രെ അബ്യൂസ്. ആ വിഷയം വിചാരണ കോടതി പറയട്ടെ. കൂടുതൽ പറയുന്നില്ല.

  6. കുട്ടിയെ നേരിൽ കണ്ടു സംസാരിച്ച സുഹൃത്തായ അഭിഭാഷക പറഞ്ഞ കാര്യങ്ങൾ ഇവിടെ പകർത്താത്തത് കുട്ടിയുടെ പ്രൈവസിയും കേസിന്റെ നിലനിൽപ്പും അത് ആവശ്യപ്പെടുന്നു എന്നതുകൊണ്ടാണ്..കേൾക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങൾ.

  7. അറസ്റ്റ് കഴിഞ്ഞ് ഡോക്ടർ ശാരീരിക അസ്വാസ്ഥ്യം പറഞ്ഞ് ജയിലിൽ കിടക്കാതെ മെഡിക്കൽകോളേജ് ആശുപത്രിയിൽ അഡ്‌മിറ്റ് ആയതും അവിടെ ഹെറണിയുടെ ട്രീട്‌മെന്റ്‌റ് എടുത്തതും സംബന്ധിച്ച് മെഡിക്കൽ കോളേജ് സുഹൃത്തുക്കൾ പറയുന്നു. അതിൽ ക്ലാരിട്ടി ആവശ്യമുണ്ട്. അതിനാൽ കൂടുതൽ ഒന്നും പറയുന്നില്ല.

  8. മെഡിക്കൽകോളേജ് ജോലിക്കാലത്ത് വനിതകളായ രോഗികൾ തനിക്കെതിരെ പീഡന ശ്രമത്തിന് പൊലീസ് കേസ് കൊടുത്തിട്ടുണ്ടോ എന്നും പിന്നീട് ഒത്തുതീർപ്പ് ആക്കിയോ എന്നും ഡോക്ടർ വ്യക്തമാക്കും എന്ന് കരുതുന്നു.

  9. ലൈംഗിക ചൂഷനങ്ങളെക്കുറിച്ചുള്ള ക്ലാസ്സ് കേട്ട് ഉടനെ കുട്ടിക്ക് ഉണ്ടായ ഉൾവിളിയിൽ ഡോക്ടർക്ക് എതിരെ പരാതി പറഞ്ഞു എന്നാണ് മാദ്ധ്യമ വിരുദ്ധ പോരാളികൾ പറഞ്ഞത്. അങ്ങനെ അല്ല. പഠിക്കാൻ മിടുക്കിയായ കുട്ടി മൂകയും വിഷാദ ഗ്രസ്തയുമായി കണ്ടപ്പോൾ അദ്ധ്യാപികമാർ അവരുടെ ചുമതല നിറവേറ്റി. അവർ ചൈൽഡ് ലൈനിലും പൊലീസിലും അറിയിച്ചു. അവരും നിയമം അനുശാസിക്കും വിധം കടമ നിറവേറ്റി. അല്ലെങ്കിൽ ഇതേ സോഷ്യൽ മീഡിയ മുഴുവൻ കേസ് ഒതുക്കിയതിന് അവർക്കെതിരെ പുലഭ്യം നിറഞ്ഞേനെ.
  10. ഇനി മാദ്ധ്യമ പ്രവർത്തകർ. ഒരു മാദ്ധ്യമ പ്രവർത്തകനും ജനകീയ ഡോക്ടറോട് എതിർപ്പില്ല. ചൈൽഡ് ലൈനും പൊലീസും നാട്ടിൽ നിലവിലുള്ള കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ചുള്ള നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒരാളെ അറസ്റ്റ് ചെയ്യുന്നു. ലൈംഗിക ചൂഷണം ആണ് വിഷയം. അങ്ങനെ ചെയ്യുന്നവർക്ക് എതിരെ നിയമം കർശനം ആക്കാൻ നമ്മൾ എത്ര ഒച്ച വച്ചതാണ്. ഇവിടെ ഒരു ഡോക്ടർ ആയിപ്പോയി എന്നതാണ് കുഴപ്പം. ബംഗാളി കൂലിപ്പണിക്കാരൻ ആയാൽ കുഴപ്പമില്ല. പൊലീസ് രെജിസ്റ്റർ ചെയ്ത ഏതു കേസും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യും. നിരപരാധിത്വം കോടതിയിൽ പ്രൂവ് ചെയ്യണം. അതാണ് നാട്ടിലെ നിയമം.

  11. നിരപരാധിയായി കണ്ടു കുറ്റവിമുക്തം ആക്കിയിട്ടും മാദ്ധ്യമങ്ങൾ മാപ്പ് പറയുന്നില്ല. ആര്, എവിടെ, എപ്പോൾ...കുറ്റവിമുക്തം ആക്കിഎന്നാണ്.

  12. ജാമ്യം ശിക്ഷയോ കുറ്റവിമുക്തിയോ അല്ല. നിയമസാക്ഷരത പത്രക്കാർക്ക് മാത്രമല്ല എല്ലാവർക്കും നല്ലതാണ്. നല്ലളം പൊലീസ് സ്റ്റേഷനിൽ സമാനമായി നാരായണന് എതിരെ മുൻപ് പരാതി വന്നിരുന്നോ എന്നും അന്വേഷിക്കാം.

ഇവിടെ മാദ്ധ്യമങ്ങൾ ഒരു തെറ്റും ഡോക്ടറോട് ചെയ്തിട്ടില്ല. നിയമം അതിന്റെ വഴിക്ക് പോയി. അത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡോക്ടർ കുറ്റവിമുക്തൻ ആയാൽ അതും അർഹിക്കുന്ന പ്രാധാന്യത്തിൽ റിപ്പോർട്ട് ചെയ്യണം. ജനകീയ ഡോക്ടറെ നാണം കെടുത്തിയ കുട്ടിക്കെതിരെ നാട്ടിൽ ഫ്‌ലെക്‌സ് ബോർഡ് വപ്പിച്ചു എന്നാണ് കേട്ടത്. അതുവച്ചു നോക്കുമ്പോൾ മാദ്ധ്യമ പ്രവർത്തകർ കേട്ടത് എല്ലാം സിമ്പിൾ.