പുരുഷന്മാർ മാത്രം മുഖ്യപത്രാധിപ സ്ഥാനത്ത് വരികയും എഡിറ്റോറിയൽ ബോർഡിൽ നാമമാത്രമായി മാത്രം സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരിക്കുകയും ചെയ്യുന്നവയാണ് മലയാളത്തിലെ വനിതാ പ്രസിദ്ധീകരണങ്ങൾ. ഉള്ളടക്കത്തിന്റെ കണ്ടെത്തൽ, നിർമ്മിതി, അവതരണം എന്നിവയിലും സ്ത്രീ പങ്കാളിത്തം ദരിദ്രമാണ്. വായനക്കാരിൽ കൂടുതലും പുരുഷന്മാരാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. ഉള്ളടക്കത്തിൽ നാൽപത് ശതമാനം ഇക്കിളി വിഭാഗത്തിൽ പെടുന്നു. ഡോക്ടറോടും മനഃശാസ്ത്രജ്ഞനോടും ചോദിക്കുന്ന ചോദ്യങ്ങളിൽ പോലും ഇക്കിളി തെളിഞ്ഞു കാണാം. എന്റെ വിവാഹം നടക്കുമോ ഡോക്ടർ എന്ന് എല്ലാ ചോദ്യത്തിന്റെ അവസാനവും കാണാം.

പാചകമാണ് മറ്റൊരു മേഖല. അത് സഹിക്കാം. ആഡംബര വിവാഹങ്ങൾ, കൊട്ടാര സദൃശമായ വീടുകൾ, സ്വർണ്ണാഭരണങ്ങൾ എന്നിവയിലെല്ലാം ഭ്രമം ഉണ്ടാക്കുന്ന കണ്ടന്റ് ഇരുപത് ശതമാനമെങ്കിലും ഉണ്ടാകും. വീട്ടുപകരണങ്ങളുടേയും ഇലക്ട്രോണിക് സാധനങ്ങളുടേയും തുണിക്കടകളുടേയും പരസ്യങ്ങൾ ലേഖനങ്ങളായി ഒളിച്ചു കടത്തപ്പെടും. ഇടയ്ക്ക് ഹൈസ്‌ക്കൂൾ വിദ്യാർത്ഥികളിലെ പെരുകുന്ന ലൈംഗിക താത്പര്യങ്ങളെക്കുറിച്ച് സർവ്വേ ഉണ്ടാകും. സിനിമക്കാരെപ്പറ്റിയുള്ള അതിശയോക്തി കഥകളും.

മണ്ടൻ കൊണാപ്പികളുടെ ഒരു സമൂഹത്തെ കൂടുതൽ മണ്ടന്മാരാക്കുന്നു എന്നതാണ് ഈ വാരികകളുടെ സാമൂഹിക സംഭാവന. ഏറ്റവും വലിയ മണ്ടച്ചാർമാർക്ക് സമ്മാന പദ്ധതിയും ഉണ്ടാകും. വനിതാ വാരികകൾ ഉണ്ടാക്കുന്ന സാമൂഹിക വിപ്ലവത്തെക്കുറിച്ച് അധികം രോമാഞ്ചം കൊണ്ടാൽ പുരുഷ വായനക്കാരായ ഭൂരിപക്ഷം വരിസംഖ്യ പുതുക്കില്ല. പറഞ്ഞില്ലെന്ന് വേണ്ട.

പ്രമുഖ സ്ത്രീ വാരികയ്ക്ക് ചരിത്രത്തിൽ ഒരു വനിതാ മുഖ്യ പത്രാധിപരേ ഉണ്ടായിട്ടുള്ളു. അന്ന് പ്രചാരം നാമമാത്രമായിരുന്നു. എതിർ വാരികയിലെ പ്രധാന എഴുത്തുകാരനെ പിടിച്ചു കൊണ്ട് വന്ന് പത്രാധിപർ ആക്കിയപ്പോൾ പ്രചാരം കുതിച്ച് ചാടി. പുതിയ ലക്കം എവിടേയും കിട്ടാനുമില്ല.

വിധവാ പുനർവിവാഹമടക്കം സ്ത്രീ ശാക്തീകരണത്തിന് നേതൃത്വം നല്കിയ വി ടി ഭട്ടതിരിപ്പാടിലും വലിയ സ്ഥാനമാണ് ആരാധകർ പത്രാധിപർക്ക് ഇപ്പോൾ കല്പിച്ചരുളുന്നത്. നാടിന്റെ ഭാഗ്യം.