കേരളത്തിലെ മാവോയിസ്റ്റ് സംഘടനയുടെ പ്രവർത്തകരായ രൂപേഷ്, ഷൈന, അനൂപ് എന്നിവരെയും മാവോയിസ്റ്റ് നേതാക്കളായ മുരളി കണ്ണമ്പള്ളിയേയും ഇസ്മായിലിനെയും അറസ്റ്റ് ചെയ്തിരിക്കുന്നു. കേരളത്തിലെ പുരോഗമനവാദികളെല്ലാം ഇവരുടെ, ഒറ്റപ്പെട്ട സാഹസികത എന്ന തെറ്റായ രാഷ്ട്രീയത്തെ തള്ളിക്കളയുന്നതിനൊപ്പം ഇവരുടെ മനുഷ്യാവകാശങ്ങൾക്കായി നിലകൊള്ളുകയും വേണം.

1970കളിൽ ഞാനൊക്കെ വിദ്യാർത്ഥി സംഘടനാ പ്രവർത്തകരായിരുന്ന കാലത്ത് വ്യക്തിവാദപരമായ ഇടതു സാഹസികതയുടെ ഈ രാഷ്ട്രീയത്തിനു ചില കേന്ദ്രങ്ങളിൽ താരതമ്യേന പിന്തുണ ഉണ്ടായിരുന്നു. ജനാധിപത്യ ഇടതുപക്ഷത്തിനു അതൊരു രാഷ്ട്രീയ വെല്ലുവിളി ആണെന്നു തോന്നിച്ചിരുന്നു. പക്ഷേ കാലക്രമേണ ഈ തീവ്രവാദത്തിനെതിരായ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സമരം വിജയിക്കുകയാണുണ്ടായത്. ഇന്ത്യയിലെ മുഖ്യ കമ്മ്യൂണിസ്റ്റ് പാർട്ടികളെ ഒന്നാം ശത്രു ആയി കാണുന്ന ഇവർ ഈ അടുത്തും പശ്ചിമബംഗാളിൽ സിപിഐ എം പ്രവർത്തകരെ കൂട്ടക്കൊല ചെയ്യാൻ മമതാ ബാനർജ്ജിയുടെ ചട്ടുകമായി പ്രവർത്തിക്കുകയാണുണ്ടായത്. എന്നിരുന്നാലും ഇവരുടെയും മനുഷ്യാവകാശങ്ങൾക്കായി നിലകൊള്ളേണ്ടത് ഇടതുപക്ഷവാദികളുടെ ഉത്തരവാദിത്തമാണ്.

കഴിഞ്ഞ ദിവസം ഛത്തീസ്‌ഗഡിലെ ബസ്തർ സന്ദർശിച്ചു 24000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നടത്തിയ ചില പ്രസ്താവനകളുടെ വെളിച്ചത്തിൽ ഇതു പ്രത്യേകിച്ചും പ്രസക്തമാണ്. 'പഞ്ചാബിനെ ഖാലിസ്ഥാൻ തീവ്ര വാദികളുടെ പിടിയിൽ നിന്നും മോചിപ്പിക്കാൻ കഴിഞ്ഞത് പോലെ' ബസ്തറിനെയും അക്രമമുക്തമാക്കാം എന്നാണദ്ദേഹം പറഞ്ഞത്. ബസ്തറിലെ പ്രകൃതി വിഭവങ്ങൾ കുത്തകമുതലാളിമാരുടെ ചൂഷണത്തിനായി തുറന്നു കൊടുത്ത് അവിടത്തെ ആദിവാസികളെ വേരോടെ പിഴുതെറിയാനുള്ള നീക്കം കഴിഞ്ഞ യു പി എ സർക്കാരിന്റെ കാലത്തേ ചോദ്യം ചെയ്യപ്പെടുന്നതാണു. ഇത്തരം 'വികസന പരിപാടികൾക്കു' തീവ്രവാദികൾ തടസ്സം നിൽക്കുന്നു എന്ന പേരിലാണു കേരളത്തിലും ഇന്ത്യയിലാകെയും അടിയന്തരാവസ്ഥയ്ക്ക് അന്നത്തെ കോൺഗ്രസ് സർക്കാർ നീതീകരണം കണ്ടെത്തിയത്. തീവ്ര വലതു പക്ഷത് നിന്നുള്ള ഭീഷണിയെ പറ്റിയും ഇന്ദിരാ ഗാന്ധി ഇതോടൊപ്പം അന്ന് സംസാരിച്ചിരുന്നു.

ഫാസിസ്റ്റ് സ്വഭാവമുള്ള ആർ എസ് എസിനാൽ നിയന്ത്രിക്കപ്പെടുന്നതാണ് ഇപ്പോഴത്തെ കേന്ദ്ര ഭരണം. അതുകൊണ്ട് തന്നെ സ്വേഛാധിപത്യ വാഴ്ചയിലേക്ക് മോദി സർക്കാർ അതി വേഗം നീങ്ങാനുള്ള സാധ്യത ഉണ്ട്. ഈ നീക്കത്തിന് മറ പിടിക്കാൻ മാവോയിസ്റ്റ് ഉമ്മാക്കി കാട്ടി പൗരാവകാശങ്ങളും,മനുഷ്യാവകാശങ്ങളും കവർന്നെടുക്കാൻ വലിയ സാധ്യത ആണുള്ളത് അതുകൊണ്ട് കൂടി മാവോയിസ്റ്റുകളുടെ അടക്കം മനുഷ്യാവകാശങ്ങൾക്കായി ശബ്ദം ഉയർത്താൻ നമുക്കെല്ലാം കഴിയണം.

(സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗമായ എം എ ബേബി ഫേസ്‌ബുക്കിൽ എഴുതിയത്)