വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന പേരിന്റെ ഏറ്റവും പുതിയ പതിപ്പാണ് മോഹൻലാലും ബ്ലോഗും പിന്നെ വിവാദങ്ങളും. കേരളത്തിലെയും ഇന്ത്യയിലേയും ചില സാമൂഹിക സാംസ്‌കാരിക പ്രശ്‌നങ്ങളെ തന്റെ ബ്ലോഗിലൂടെ തുറന്ന് കാട്ടുകയും അതിനെതിരെ പ്രതിഷേധിക്കുകയും ചെയ്യുന്ന അപൂർവം നടന്മാരിൽ ഒരാളാണ് മോഹൻലാൽ. ബ്ലോഗിലൂടെയുള്ള ഇത്തരം പ്രതിഷേധങ്ങളും തുറന്ന് പറച്ചിലുകളും കാരണം പല ഭാഗത്ത് നിന്നും ഒരുപാട് വിമർശനങ്ങൾ മോഹൻലാലിന് ഏൽക്കേണ്ടി വന്നിട്ടുണ്ട്. ഒപ്പം, അനുമോദനങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ബ്ലോഗായ 'അമർ ജവാൻ അമർ ഭാരത്' ആണ് ഇപ്പോൾ മോഹൻലാലിനെ പുതിയ വിവാദ നായകന്റെ വേഷം ധരിപ്പിച്ചത്. ഉറിയിൽ പാക്കിസ്ഥാൻ ഭീകരർ ഉറങ്ങി കിടന്നിരുന്ന ഇന്ത്യൻ പട്ടാളക്കാരുടെ സൈനിക ക്യാംപിൽ നടത്തിയ ആക്രമണത്തിൽ 18 ഇന്ത്യൻ ജവാന്മാരാണ് മരിച്ച് വീണത്. ഈ ഭീകരവാദത്തിനെതിരെ താരം അതി രൂക്ഷമായി പ്രതിഷേധിക്കുകയും അപലപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ ഉറങ്ങി കിടക്കുമ്പോൾ മാത്രമേ നിങ്ങൾക്കൊക്കെ ഭീകരവാദം നടത്താൻ കഴിയുകയുള്ളൂ എന്നും ഇന്ത്യ ഉണർന്നാൽ ലോകം തന്നെ തല താഴ്‌ത്തി നിൽക്കും തുടങ്ങി ഇന്ത്യയിലെ ദേശ സ്‌നേഹമുള്ള ഓരോ പൗരനും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ മോഹൻ ലാൽ തന്റെ ബ്ലോഗിൽ കുറിച്ചിട്ടുണ്ട്. കൂടാതെ ഭീകരവാദത്തേയും യുദ്ധത്തേയും സിനിമയിലൂടെയല്ലാതെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും ഇത്തരം ആക്രമണങ്ങൾ നഷ്ടങ്ങൾ മാത്രമേ ബാക്കി വെക്കുകയുള്ളൂ എന്നും ഇത് തികച്ചും ലജ്ജാവാഹമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഇതാണ് ബ്ലോഗിന്റെ ഒരു വശം.

ഇനി മറ്റൊരു വശം എന്താണെന്ന് നോക്കാം. പുര കത്തുമ്പോൾ ആരാണ് ബീഡി വലിച്ചതെന്ന് നോക്കാതെ ആദ്യം തീ കെടുത്തുകയാണ് വേണ്ടതെന്നും വാഗ്വാദങ്ങളും വിവാദങ്ങളും ചർച്ചകളും ഭീകരവാദത്തെ നേരിട്ടതിന് ശേഷം മതിയെന്നും ജാതി മത പാർട്ടി ഭേദമന്യേ ഒരേ കുടക്കീഴിൽ സംഘടിച്ചു നിന്ന് ഭീകരരേയും അക്രമികളേയും രാജ്യത്ത് നിന്ന് തുടച്ചു നീക്കുകയാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം അടിവരയിട്ടു. ആദ്യത്തെ ഭാഗം പാക്കിസ്ഥാനോടും അവരുടെ ഭീകരവാദത്തോടുമുള്ള വിയോജിപ്പും പ്രതിഷേധവുമായിരുന്നെകിൽ രണ്ടാമത്തേത് വിഘടിച്ചു നിൽക്കുന്ന ഇന്ത്യയിലെ നാനാ ജാതി മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കൾക്കുള്ളൊരു കൊട്ടായിരുന്നു. ആയുധധാരികളായ ഭീകരർ ചങ്കിനുള്ളിൽ കയറിയിരിക്കുമ്പോൾ വാചക കസർത്ത് നടത്തുകയല്ല മറിച്ച് അവരെ ഒറ്റക്കെട്ടായി നേരിടുകയാണ് വേണ്ടതെന്ന് അദ്ദേഹം വീണ്ടും ഓർമിപ്പിച്ചു.

ഈ ബ്ലോഗിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ വന്നതോടെയാണ് മോഹൻലാലും ബ്ലോഗും വിവാദത്തിൽ പെടുന്നത്. പ്രതികൂലിക്കുന്നവർ പറയുന്നത്: മോഹൻലാൽ വെറുതെ ഷോ കാണിക്കാൻ വേണ്ടിയാണ് ഇത്തരം ബ്ലോഗുകളെഴുതുന്നതെന്നാണ്, പ്രാദേശികമായി ഒരുപാട് പ്രശ്‌നങ്ങളുള്ള നമ്മുടെ നാട്ടിൽ അത്തരം വിഷയങ്ങളെ കുറിച്ചെഴുതാൻ മോഹൻലാലിന് സമയമില്ലത്രേ. ഗോവിന്ദച്ചാമിയുടെ ശിക്ഷാ വിധി ഇളവ് ചെയ്തതിനെ കുറിച്ച് താരം മൗനം പാലിച്ചത് ചിലർ ചോദ്യം ചെയ്യുന്നു. അത് പോലെ ആദിവാസികൾ ആഹാരമില്ലാതെ പട്ടിണി കിടന്ന് മരിച്ച് വീഴുമ്പോൾ ബ്ലോഗെഴുതാതെ താരം അവരുടെ കൂടെ പോയി സമ്പാദ്യങ്ങളുടെ വിഹിതം കൊടുക്കയും അവരെ സഹായിക്കുകയുമല്ലേ വേണ്ടതെന്ന് മറ്റൊരു പ്രതികൂലന്മാർ ആരായുന്നു. റോഡുകളുടെ ശോചനീയാവസ്ഥ, പെൺ കുട്ടികളുടെ സുരക്ഷാ വീഴ്ച , അഴിമതി, പീഡനങ്ങൾ , തുടങ്ങിയ ഒരുപാട് പ്രശ്ങ്ങളാൽ വലഞ്ഞു കൊണ്ടിരിക്കുന്ന സമയത്ത് അതിലൊന്നും ഇടപെടുകയോ അതിനെതിരെ പടവാളെടുക്കയോ ചെയ്യാതെ ചുമ്മാ ബ്ലോഗെഴുതി ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ് താരത്തിന്റെ ലക്ഷ്യമെന്നും സിനിമയിലെ അഭിനയം ജീവിതത്തിൽ വേണ്ടെന്നും മാന്യമായി തന്നെ പലരും അദ്ദേഹത്തെ ചൂണ്ടിക്കാണിക്കുന്നു.

ഇനി അനുകൂലിക്കുന്നവർ പറയുന്നത് താരത്തിന്റെ ഇത്തരം ബ്ലോഗെഴുത്ത് അധികാരികളുടെ ശ്രദ്ധയിൽ പെടും അതുകൊണ്ട് തീർച്ചയായതും ഇത് പോലെയുള്ള പ്രശനങ്ങൾ ജനങ്ങൾക്ക് മുന്നിൽ നിരത്തണം അതിന് വേണ്ടി എല്ലാ പിന്തുണയും നൽകുന്നു എന്നും അവർ ഉറപ്പു കൊടുക്കുന്നു. ഒരു സാധാരണക്കാരന് നിഷ്പക്ഷമായി ചിന്തിക്കുകയാണെങ്കിൽ മോഹൻലാൽ ബ്ലോഗെഴുതിയതിനെ വിമർശിക്കാൻ കഴിയില്ല. പലരും പറഞ്ഞു കേട്ട ഒരു കാര്യമുണ്ട്. അക്രമികളേയും അനീതി കാട്ടുന്നവരേയും അന്യായം പ്രവർത്തിക്കുന്നവരെയും നിങ്ങൾ പൊരുതി കീഴ്‌പ്പെടുത്തുക. അതിന് നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ അവരോട് വാഗ്വാദത്തിലേർപ്പെട്ട് തങ്ങളുടെ പ്രതിഷേധം അറിയിക്കുക. അതിനും നിങ്ങൾ ശക്തരല്ലെങ്കിൽ മനസ്സിലെങ്കിലും അവരെ ശപിക്കുക.

മനുഷ്യൻ നിസ്സഹായനാണ് . നമ്മൾ സാധാരണക്കാർ പ്രത്യേകിച്ച്. നമ്മളേക്കാൾ ഒരു പടി മുകളിലാണ് സിനിമാ താരങ്ങളും രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും. രാജ്യം കൊടും അക്രമികളുടെ കരങ്ങളാൽ വേദനിച്ചു കൊണ്ടിരിക്കുമ്പോൾ നമുക്കാർക്കും തോക്കുമെടുത്ത് നേരിട്ട് യുദ്ധം ചെയ്യാൻ കഴിയില്ല. മോഹൻലാലിന് ഉറിയിൽ പോയി പാക് ഭീകരരോട് പൊരുതാനോ കീർത്തി ചക്ര സംഭാഷണം പറഞ്ഞ് മാനസികമായി അക്രമിയെ തളർത്തി ഭീകരവാദത്തെ ഇല്ലായ്മ ചെയ്യാനോ കഴിയില്ല. നമുക്ക് ചെയ്യാൻ കഴിയുന്നത് പ്രതിഷേധമാണ്, പ്രകടനമാണ്. സോഷ്യൽ സൈറ്റുകളിൽ, റോഡുകളിൽ, പത്രങ്ങളിൽ, ബാനറുകളിൽ എന്ന് വേണ്ട എവിടെ വേണമെങ്കിലും എന്ത് രീതിയിൽ വേണമെങ്കിലും നമുക്ക് പ്രതിഷേധിക്കാം പ്രതികരിക്കാം. ഇന്ത്യൻ ഭരണ ഘടന അത് അനുവദിക്കുന്നുണ്ട്. അതിന് ആരുടേയും സമ്മതം ആവശ്യമില്ല. നൂറ് കണക്കിന് നടീ നടന്മാരുള്ള നമ്മുടെ നാട്ടിൽ മറ്റാർക്കും തോന്നാത്ത കാര്യം മോഹൻലാലിന് തോന്നിയത് വലിയ കാര്യമല്ലേ? അദ്ദേഹം തോക്കെടുത്ത് യുദ്ധം ചെയ്യാൻ കഴിയില്ലെന്ന് പറയുന്നതോടൊപ്പം അതിനെതിരെ പ്രതിഷേധിക്കാതിരുന്നാൽ ഞാൻ ഒരു ഇന്ത്യക്കാരനല്ലാതെ ആയിപ്പോകില്ലേ? എന്ന സന്ദേഹം നമുക്ക് മുന്നിൽ ചോദിച്ചില്ലേ? ആ മനസ്സിനെ പ്രശംസിക്കുകയല്ലേ വേണ്ടത്? അദ്ദേഹത്തിന്റെ വാചകങ്ങൾ പോസിറ്റീവായി എടുക്കുന്ന നൂറ് കണക്കിന് പട്ടാളക്കാർക്ക് ആവേശവും ആത്മ ധൈര്യവും അഭിമാനാവുമല്ലേ മോഹൻലാലിന്റെ ഈ ബ്ലോഗെഴുത്ത്? പരാജയത്തിന്റെയും ഭീതിയുടെയും ദിനങ്ങൾ എണ്ണപ്പെട്ടു കഴിയുന്ന പട്ടാള ക്യാംപിലുള്ളവർക്ക് മോഹൻലാലിന്റെ ഈ ബ്ലോഗ് പകർന്ന് നൽകുന്ന ഊർജവും നിർഭയത്വവും പകലന്തിയോളം ഫേസ്‌ബുക്കിലിരുന്ന് ട്രോളുണ്ടാക്കുകയും കമന്റടിക്കുകയും ചെയ്യുന്ന നിങ്ങൾക്കോ എനിക്കോ പറ്റുമോ? ട്രോളുകൾ ആധുനിക യുഗത്തിലെ ആക്ഷേപ ഹാസ്യമാണ് അതിനെ ആ അർത്ഥത്തിലെ എല്ലാരും കാണുകയുള്ളൂ. എന്നിരുന്നാലും ചിലരുടെ വാക്കുകൾ അദ്ദേഹത്തേയും രാജ്യ സ്‌നേഹികളായ പലരേയും മുറിപ്പെടുത്തിയേക്കാം. ആ വാക്കുകളിലെ സൂക്ഷ്മത ഓരോ ഇന്ത്യക്കാരനും നഷ്ട്ടപ്പെട്ട് കൂടാ. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു. മരിച്ച് വീണവർക്ക് ഒരായിരം കണ്ണീർ പ്രണാമങ്ങൾ. ജയ് ഹിന്ദ്