രോഗത്തിന്റെ നിർണ്ണയത്തിന്റെ കാര്യത്തിൽ ആർക്കും തന്നെ എതിരഭിപ്രായമുണ്ടായിരുന്നില്ല. നികുതിവെട്ടിപ്പ്, അഴിമതി, ഹവാല, കുഴൽപ്പണം, ഇതെല്ലം ഉണ്ടാക്കുന്ന കള്ളപ്പണം, ഇവ നമ്മുടെ സമ്പദ്‌ വ്യവസ്ഥയെ പിന്നോട്ട് വലിക്കുന്നു. ആഭ്യന്തരനിക്ഷേപം സ്ഥലമോ ഫ്‌ളാറ്റോ ഒക്കെയായി ഉല്പാദകപരമായി ഫലപ്രദമല്ലാത്ത വഴിക്കു പോകുന്നു. അഴിമതിയുൾപ്പെടെയുള്ള കാരണങ്ങളാൽ 'ഇന്ത്യയിൽ നിക്ഷേപം' നടത്താൻ മറുനാട്ടുകാർ മടിക്കുന്നു. ഇതൊക്കെയൊന്നു മാറിയിരുന്നെങ്കിൽ നമ്മുടെ സമ്പദ്‌ വ്യവസ്ഥ ഇരട്ട അക്കത്തിൽ വളർന്നേനെ. എല്ലാവർക്കും അതിന്റെ ഗുണവും കിട്ടിയേനേ. ഇതായിരുന്നു ബേസിക് ഹൈപ്പോത്തെസിസ്.

ചികിത്സയുടെ കാര്യത്തിലും അധികം പേർക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. ആദ്യഘട്ടത്തിൽ മിക്കവാറും എല്ലാവരും തന്നെ ഈ തന്ത്രത്തോട് പോസിറ്റീവ് ആയിട്ടാണ് പ്രതികരിച്ചത്. പിന്നെ നോട്ടുക്ഷാമവും, അതിനോടനുബന്ധിച്ചു ജനങ്ങളുടെ ബുദ്ധിമുട്ടും വന്നപ്പോൾ ഞങ്ങൾ നോട്ടുനിരോധനത്തെയല്ല, വേണ്ട മുന്നൊരുക്കങ്ങൾ നടത്താത്തതിനെയാണ് എതിർത്തത് എന്നായി. ഇപ്പോൾ നിരോധിച്ച നോട്ടുകളെല്ലാം മിക്കവാറും ബാങ്കിൽ എത്തുമെന്ന തോന്നൽ വന്നതോടെയാണ് ഈ ഡീമോണറ്റൈസേഷൻ എന്നത് രോഗത്തിന് പറ്റിയ ചികിത്സയല്ല എന്നമട്ടിൽ ചർച്ച മാറിയത്. കള്ളപ്പണവേട്ടയിൽ നിന്നും കാഷ് ലെസ്സ് എക്കണോമിയിലേക്ക് സർക്കാരിന്റെ വിശദീകരണം മാറിയപ്പോൾ 'മോശം നടപ്പാക്കലി'ൽ നിന്നും 'മണ്ടൻ തീരുമാനം' എന്ന് പ്രതിപക്ഷത്തിന്റെ ആരോപണവും മാറി. ഗാലറിയിൽ ഇരുന്നു നോക്കുമ്പോൾ
 ഗോൾപോസ്‌റ് രണ്ടു സൈഡിലും മാറുന്നുണ്ട്. ഒരു വശത്തു നിന്ന് നോക്കിയാൽ മറ്റേ ഗോൾപോസ്റ്റ് മാറുന്നതേ കാണൂ.

ഗോൾപോസ്റ്റ് എവിടെ കൊണ്ട് ചെന്ന് വച്ചാലും ചികിൽസിക്കാൻ തുടങ്ങിയ രോഗം അവിടെത്തന്നെയുണ്ട്. അത് ചികിൽസിക്കേണ്ടതും ആണ്. പക്ഷെ ഇതൽപ്പം പഴകിയ രോഗമാണ്. ഒരു സർജിക്കൽ സ്‌ട്രൈക്ക് കൊണ്ടൊന്നും തീരില്ല.

അഴിമതി എന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. തിരുവിതാംകൂർ രാജ്യത്ത് പണമുണ്ടാക്കാൻ ഏറ്റവും നല്ലത് സർക്കാർ ജോലിയാണെന്നും, ശമ്ബളം ഇല്ലാതെ തന്നെ കടലിൽ തിരയെണ്ണുന്ന ജോലിക്ക് രാജാവ് തന്നെ നിയമിച്ചാലും കൈക്കൂലികൊണ്ടു താൻ ജീവിച്ചുപോകും എന്ന് ആൽത്തറയിൽ ഇരുന്ന് വീമ്പടിച്ച വിദ്വാന്റെ കഥക്ക് രണ്ടു നൂറ്റാണ്ടെങ്കിലും പഴക്കമുണ്ട്. (ഇതെങ്ങനെയോ കേട്ടറിഞ്ഞ രാജാവ് അത് തെറ്റാണെന്നു തെളിയിക്കാൻ അയാളെ തിരയെണ്ണുന്ന ജോലിയിൽ നിയമിച്ചുവത്രേ. ഓരോ ദിവസവും മുക്കുവർ കടലിൽ വഞ്ചിയിറക്കുന്ന ഓരോ തുറയിൽ 'തിരയെണ്ണുന്ന ഓഫിസർ' പോയി കസേരയിട്ട് ഇരിക്കും. കൂടെ ഒരു സിൽബന്ധിയും. മുക്കുവർ വഞ്ചിയിറക്കാൻ ശ്രമിക്കുമ്പോൾ 'വഞ്ചി ഇറക്കുമ്പോൾ എണ്ണം തെറ്റുമെന്നും അതുകൊണ്ട് രാജാവ് ഏൽപ്പിച്ച പണി കൃത്യമായി ചെയ്യുവാൻ മുക്കുവർ അനുവദിക്കുന്നില്ല' എന്നും ഓഫിസർ വാശിപിടിക്കും. പിന്നെ കൂടെ നിൽക്കുന്ന സിൽബന്ധി മുക്കുവരെ കാര്യങ്ങളുടെ കിടപ്പ് പറഞ്ഞു മനസ്സിലാക്കിയെന്നും, വഞ്ചിയിറക്കാനായി മുക്കുവർ ഓരോരുത്തരായി കുറച്ചു പണം കൈക്കൂലിയായി കൊടുത്തെന്നും, അധികം താമസിയാതെ അയാൾ തിരയൊന്നും എണ്ണാതെ തന്നെ ധനികനായെന്നുമാണ് കഥ.). തിരുവിതാംകൂറിൽ ജനിച്ചു ജീവിച്ച വല്യ വല്യച്ഛനാണ് ഈ കഥ എനിക്ക് പറഞ്ഞു തന്നത്. 'ഇപ്പോൾ ആയിരുന്നെങ്കിൽ നാട്ടുകാർ അയാളെ പിടിച്ചു മന്ത്രിയാക്കിയേനെ' എന്ന് കൂടി വല്യച്ഛൻ കൂട്ടിച്ചേർത്തു. കഥ എന്താണെങ്കിലും അഴിമതി പുതിയതല്ല എന്ന് കാണിക്കാൻ പറഞ്ഞു എന്നേയുള്ളൂ.

കള്ളപ്പണത്തിന്റെ കാര്യം അതിലും കഷ്ടമാണ്. അഴിമതി കാണിക്കുന്നത് സർക്കാർ ഉദ്യോഗസ്ഥരിൽ ചില വകുപ്പുകളിൽ ഉള്ള ന്യൂനപക്ഷം ആളുകൾ മാത്രമാണെങ്കിൽ, ടാക്‌സ് വെട്ടിക്കുന്നതും കള്ളപ്പണമുണ്ടാക്കുന്നതും നമ്മൾ എല്ലാവരുടെയും ദേശീയവിനോദമാണ്. കടയിൽ നിന്ന് സോപ്പ് മേടിക്കുമ്പോൾ ബില്ലടിക്കാത്തത് മുതൽ സ്ഥലം വാങ്ങുമ്പോൾ ആധാരത്തിൽ വിലകുറച്ചു കാണിക്കുന്നതു വരെ കള്ളപ്പണത്തിന്റെ നിർമ്മിതിയിൽ നാമോരോരുത്തരും പങ്കാളികളാകുകയാണ്. ഇതും വ്യാപകവും ചരിത്രപരവുമാണ്.

നൂറ്റാണ്ടുകളായി നിലനിൽക്കുന്നതും നമ്മുടെ എല്ലാവരുടെയും രക്തത്തിൽ അലിഞ്ഞുചേർന്നതുമായ ഈ ബ്ലാക്ക് എക്കോണമിയെ ഒരു ഒറ്റമൂലി കൊണ്ട് ഒരു ദിവസം കൊണ്ട് (അല്ലെങ്കിൽ അൻപത് ദിവസം കൊണ്ട്) മാറ്റിയെടുക്കാം എന്നുകരുതുന്നത് അൽപം 'പോസ്റ്റ് ട്രൂത്' ആണ്. പഴയ നോട്ടായാലും പുതിയ നോട്ടായാലും അഴിമതിയും കള്ളപ്പണവും തുടരും.

എന്നാൽ പിന്നെ നവംബറിലെ സർജിക്കൽ സ്‌ട്രൈക്ക് കൊണ്ട് ഒരു ഗുണവും ഇല്ലേ ?

ഞാൻ കാണുന്നിടത്തോളം കുറച്ചു ഗുണമൊക്കെ ഉണ്ടായി.

1. താൽക്കാലമെങ്കിലും അടിച്ചുവച്ച കള്ളനോട്ട് സ്വാഹ!

2. കള്ളപ്പണം കാശായി വച്ചിരുന്ന ന്യൂനപക്ഷത്തിന് കുറച്ചെങ്കിലും നഷ്ടം.

3. അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ഗവൺമെന്റ് മടിക്കില്ല എന്ന സന്ദേശം ജനങ്ങൾക്ക് കിട്ടി.

4. അഴിമതിക്കെതിരെ എത്ര ശക്തമായ നടപടി എടുത്താലും ജനങ്ങൾ സഹിക്കുമെന്നും അവരുടെ ദേഷ്യത്തെ തീ പിടിപ്പിക്കാനുള്ള സംഘടനശേഷി ഒന്നും പ്രതിപക്ഷത്തിനില്ല എന്നുമുള്ള സന്ദേശം സർക്കാരിനും കിട്ടി.

എന്നാൽ ഈ നടപടി കൊണ്ട് ഇത്രയേ ഗുണമുള്ളൂ എങ്കിൽ ഇത് വലിയ മണ്ടത്തരം ആയില്ലേ. എത്രയോ ആളുകൾ ബുദ്ധിമുട്ടി, കുറച്ചുപേരെങ്കിലും മരിച്ചു പോലുമില്ലേ? ഇതൊക്കെ ചിന്തയില്ലാത്ത പ്രവൃത്തി അല്ലെ ? എല്ലാം ന്യായമായ ചോദ്യമാണ്.

ഇതിന്റെയൊക്കെ ഉത്തരം കിടക്കുന്നത് ഭാവിയിലാണ്. മുൻകൂട്ടി പ്ലാൻ ചെയ്യാത്തതുകൊണ്ടോ, അതോ ചെയ്തപോലെ നടക്കാത്തതുകൊണ്ടോ ഈ നോട്ടുനിരോധനം കൊണ്ട് മാത്രം കാര്യങ്ങൾ നിർത്തിയാൽ ഇത് മൊത്തത്തിൽ ഒരു നഷ്ടക്കച്ചവടമാകും. ശ്രീ. മന്മോഹൻസിങ് പറഞ്ഞത് എക്കണോമിയിൽ രണ്ടു ശതമാനം വളർച്ചക്കുറവുണ്ടാകും എന്നാണ്. കിട്ടിയ ലാഭത്തേക്കാൾ ആളുകളുടെ ബുദ്ധിമുട്ടും സാമ്പത്തിക മാന്ദ്യവും തട്ടിച്ചുനോക്കുമ്പോൾ ഇത് വലിയ നഷ്ടക്കച്ചവടം തന്നെയാണ്. സംശയമില്ല.

എന്നാൽ ഇത്രയും ആളുകളെ നേരിട്ടു ബാധിക്കുന്ന ഒരു തീരുമാനമെടുക്കാൻ ധൈര്യം കാണിച്ച സർക്കാർ ഇനിയും തീരുമാനങ്ങൾ എടുക്കും എന്ന് തന്നെ ആണ് എന്റെ വിശ്വാസം.

അടിസ്ഥാനപരമായി സർക്കാരിന്റെ വലിപ്പമാണ് അഴിമതിയെ ഉണ്ടാക്കുന്നത്. പൗരന്മാരുടെ ജീവിതത്തിലെ എല്ലാ കാര്യത്തിലും സർക്കാർ ഇടപെടാൻ തുടങ്ങിയാൽ, വിമാനക്കമ്പനി മുതൽ പെട്രോളിയം റിഫൈനിങ് വരെയുള്ള കമ്പനികൾ നടത്തുന്നതെല്ലാം സർക്കാർ ചെയ്യാൻ തുടങ്ങിയാൽ, ഇതിനൊക്കെ വേണ്ടി കോൺട്രാക്ട് കൊടുക്കലും മേധാവിയെ നിയമിക്കലും സർക്കാരിന്റെ അധികാരത്തിൽ വരുമ്പോൾ, അങ്ങനെ നിയമിച്ചവർക്ക് വലിയ വിവേചനാധികാരം ഉണ്ടാകുമ്പോൾ, സർക്കാർ ജോലി പെൻഷൻ വരെ എന്ന ഉറപ്പുണ്ടാകുമ്പോൾ എല്ലാം അഴിമതിക്കുള്ള സാധ്യത കൂടുകയാണ്.

അഴിമതിയുടെ സാധ്യത കൂടുമ്പോൾ ആണ് മന്ത്രിയാവാനും അഴിമതി സാധ്യതയുള്ള സർക്കാർ ഉദ്യോഗസ്ഥൻ ആകാനും ആളുകൾ ഏതു തന്ത്രവും പയറ്റുന്നത്. മന്ത്രിയാവാൻ രാഷ്ട്രീയത്തിൽ ഇറങ്ങണം എന്ന് വരുമ്പോൾ ആണ് രാഷ്ട്രീയത്തിൽ ഇത്രയും അഴിമതി വരുന്നത്. അതെ സമയം വലിയ സർക്കാരിനെ നിലനിർത്താൻ കൂടുതൽ നികുതി വേണ്ടിവരും. നികുതിനിരക്ക് കൂടുന്‌പോളാണ് നികുതി വെട്ടിക്കാൻ നമുക്ക് താൽപര്യം കൂടുന്നത്. അപ്പോൾ സർക്കാരിന്റെ വലിപ്പം കുറച്ച്, മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെ എണ്ണവും വിവേചനാധികാരവും എടുത്തുകളഞ്ഞാൽ അഴിമതി താനെ കുറയും. ചെറിയ സർക്കാർ നടത്തിക്കൊണ്ടുപോകാൻ കുറച്ചു നികുതി മതി. അപ്പോൾ നമ്മുടെ പണം നമ്മുടെ കൈയിൽത്തന്നെ ഇരിക്കും. അത് ഭൂമിയിലും ഫ്ളാറ്റിലുമൊന്നും ഇട്ടുവെക്കുന്നത് ലാഭകരമല്ലെന്ന് കണ്ടാൽ പണം കൂടുതൽ ക്രിയാത്മകമായി സമ്പദ് വ്യവസ്ഥയിൽ തന്നെ കിടന്നു കറങ്ങാൻ തുടങ്ങും. ഇതിന്റെയെല്ലാം മെച്ചം എല്ലാവർക്കുമുണ്ടാകും.

ഇവിടെയാണ് ഞാൻ മുൻപ് പറഞ്ഞ ഒരു വെടിക്കെട്ടിന്റെ പൂരത്തിന്റെ പ്രസക്തി. ഈ പൂരം കേമമാകണമെങ്കിൽ കുറെ വെടിക്കെട്ട് കൂടി വേണ്ടി വരും. ചില നിർദ്ദേശങ്ങൾ മാത്രം പറയാം.

1. രാജ്യത്തെ പരമാവധി അധികാരം ഏറ്റവും താഴേത്തട്ടിൽ എത്തിക്കുക, ഗ്രാമങ്ങളിലും, മുനിസിപ്പാലിറ്റിയിലും. അവിടെയാണ് ജനങ്ങൾ ജീവിക്കുന്നതും വിഭവങ്ങൾ കിടക്കുന്നതും. പ്രതിരോധവും വിദേശകാര്യം ഒക്കെ കേന്ദ്രത്തിലും, സംസ്‌കാരവും അടിസ്ഥാന സൗകര്യ വികസനവും ഒക്കെ വേണമെങ്കിൽ സംസ്ഥാനത്തിലും കിടക്കട്ടെ. ബാക്കിയുള്ള ഭൂരിഭാഗം കാര്യങ്ങൾ നമുക്ക് താഴെ തട്ടിൽ എത്തിക്കാം. അപ്പോൾ പിന്നെ ഇത്ര മാത്രം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഒന്നും ആവശ്യം വരില്ല. കാശെല്ലാം താഴെ ആണെന്നു കണ്ടാൽ മുകളിൽ മന്ത്രിയും ഉദ്യോഗസ്ഥരും ആകാൻ ആളുകളുടെ തള്ളിക്കയറ്റവും ഉണ്ടാവില്ല.

2. മന്ത്രിമാരാകുന്നവർ എം എൽ എ മാരോ, എം പി മാരോ ആകണമെന്നില്ല എന്നും, ഭരണനിർവഹണത്തിൽ കാര്യക്ഷമതയുള്ള ആരെയും കേന്ദ്രത്തിലോ സംസ്ഥാനത്തിലോ മന്ത്രിമാർ ആക്കാമെന്നും തീരുമാനിക്കുക. (ഇക്കാര്യത്തിൽ എനിക്ക് അല്പം സ്ഥാപിത താല്പര്യം ഉണ്ട്)

3. കേന്ദ്രീകൃതമായ ഒരു സിവിൽ സർവീസ് സംവിധാനം എടുത്തു കളയുക. സർക്കാർ ജോലി എന്നത് സ്ഥിരം ജോലിയിൽ നിന്നും മാറ്റി ആവശ്യം അനുസരിച്ചു നിയമിക്കപ്പെടുന്നതും കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ മാത്രം മുന്നോട്ടു പോകാൻ പറ്റുന്നതും ആയ ഒന്നാക്കുക. പ്രധാനപ്പെട്ട എല്ലാ ജോലികളും സർക്കാരിൽ ജോലി ചെയ്യുന്നവർക്കും പുറത്തുള്ളവർക്കും അപേക്ഷിക്കാൻ പറ്റുന്ന തരത്തിൽ ലാറ്ററൽ എൻട്രി സുഗമമാക്കുക.

4. ഭൂവിനിയോഗത്തിന് പരിസ്ഥിതിക്ഷേമം അടിസ്ഥാനമാക്കി കർശന നിയന്ത്രണം വെക്കുക, കൃഷിഭൂമി കൃഷ്‌ക്ക് ആദായകരമായ തരത്തിൽ വാങ്ങാൻ സൗകര്യം ഉണ്ടാക്കുക. കൃഷിഭൂമിയോ മറ്റൊരു തരത്തിലുള്ള ഭൂമിയോ (പാർക്കുകൾ, തുറന്ന സ്ഥലങ്ങൾ) എല്ലാം എളുപ്പത്തിൽ മറ്റുപയോഗത്തിന് മാറ്റാൻ ഉള്ള എല്ലാ വിവേചനാധികാരവും എടുത്തുകളയുക. ഭൂമി ഊഹക്കച്ചവടം ചെയ്യാൻ ശ്രമിക്കുന്നത് നഷ്ടക്കച്ചവടം ആക്കുന്ന തരത്തിൽ നിയമങ്ങൾ ഭേദഗതി ചെയ്യുക.

5. വെറുതെ കിടക്കുന്ന ഫ്‌ളാറ്റുകൾക്ക് വൻനികുതി ഈടാക്കുക. പണം ഫ്‌ളാറ്റിൽ നിക്ഷേപിക്കുന്നത് മൊത്തം നഷ്ടക്കച്ചവടം ആക്കുക. ഇപ്പോൾ ഉള്ള ഫ്‌ളാറ്റുകൾ ആളുകൾക്ക് ഉപയോഗിക്കപ്പെടാൻ പാകത്തിന് വാടക നിയമങ്ങൾ ലഘൂകരിക്കുക.

6. ഏറ്റവും നല്ല വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും എല്ലാവരുടെയും അവകാശമാക്കുക. അതിനു വേണ്ടി എല്ലാവർക്കും ഒരുപോലെ ലഭിക്കുന്ന വിദ്യാഭ്യാസ ലോണിന് സർക്കാർ ഗാരന്റി നിൽക്കുക.

7. ആരോഗ്യമേഖലയിൽ എല്ലാവർക്കും നിർബന്ധിത ഇൻഷുറൻസ് നടപ്പാക്കുക. ഭരണത്തിന്റെ എല്ലാ മേഖലയിലും സ്വകാര്യ പങ്കാളിത്തം ഉൾപ്പെടുത്തി കാര്യക്ഷമത കൂട്ടുക, സർക്കാരിന്റെ സ്വാധീനവും വലിപ്പവും കുറക്കുക.

8. നമ്മൾ ചെയ്യുന്ന എല്ലാ കാര്യത്തിലും സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തിനു ചേർന്ന സാമൂഹ്യ നീതി, ലിംഗസമത്വം ഉൾപ്പടെ ഉറപ്പു വരുത്തുക.

ഇതിനൊക്കെ കുറച്ചു വിഷമം ഉള്ളതാണ്, പലതും വൻ അധികാര കേന്ദ്രങ്ങളുടെ മർമ്മത്തിന് പിടിക്കുന്നതാണ്. ഇതെല്ലാം ഒറ്റയടിക്ക് നടക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല, പക്ഷെ ഏതെങ്കിലും ഒക്കെ നടത്താൻ തുടങ്ങിയാൽ ലക്ഷ്യബോധം ഉറപ്പിക്കാം. ഇതിലൊന്ന് പോലും ഇപ്പോൾ നടത്തിയ വെടിക്കെട്ടിന്റെ അത്രയും ആളുകളെ ഒരുമിച്ച് ബാധിക്കുന്നതല്ല. അഴിമതിക്കെതിരെയുള്ള തീരുമാനങ്ങളെ ജനങ്ങൾ പിന്തുണക്കുമെന്നും രാഷ്ട്രീയക്കാർക്ക് പബ്ലിക്ക് ആയി പിന്തുണക്കേണ്ടി വരുമെന്നും കണ്ടു കഴിഞ്ഞതുമാണ്. അപ്പോൾ ഈ പറഞ്ഞതൊക്ക ഇച്ഛാശക്തി ഉണ്ടെങ്കിൽ നടത്താവുന്നതാണ്.

ഇതൊക്കെ നടക്കുമോ സാറെ?

നടക്കുമോ എന്നുറപ്പു പറയാൻ പറ്റില്ല. എന്നാൽ നടക്കാൻ പറ്റാത്തതൊന്നുമല്ല താനും. ലോകത്ത് അനവധി ഇടങ്ങളിൽ ഇതൊക്കെ നടക്കുന്നതുമാണ്, ഇത്രയും വലിയ തീരുമാനം എടുക്കാൻ ധൈര്യം കാണിച്ചവർ ഇത് മുന്നോട്ടു കൊണ്ട് പോകും എന്ന് തന്നെയാണ് ഇപ്പോഴും എന്റെ വിശ്വാസം. അതുകൊണ്ടു തന്നെയാണ് ചുറ്റുമുള്ളർ മിക്കവാറും കൂറുമാറിയിട്ടും ഞാൻ ഇപ്പോഴും ഉറച്ചു നിൽക്കുന്നത്.

ഈ കാര്യങ്ങളൊക്കെ നടത്താനും അതിന്റെ ഫലം കാണാനും ഒക്കെ ഏറെ നാൾ വേണ്ടി വരും, പക്ഷെ രണ്ടായിരത്തി പതിനേഴിനെ പറ്റി രണ്ടുകാര്യങ്ങൾ ഇപ്പോഴേ ഉറപ്പിച്ചു പറയാം.

1. അൻപതുദിവസം കഴിയുമ്പോൾ അഴിമതിരഹിത ഇന്ത്യ ഒന്നുമുണ്ടാകാൻ പോകുന്നില്ല. ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ട് ബാപ്പ പള്ളിയിൽ പോയിട്ടില്ല. കൈക്കൂലി മേടിക്കുന്ന ഉദ്യോഗസ്ഥർ അഞ്ഞൂറിന്റെ ആയാലും നൂറിന്റെ ആയാലും വാങ്ങും. നവംബർ എട്ടിന് ശേഷം കാശ്മീരിൽ തീവ്രവാദി ആക്രമണം കുറഞ്ഞു എന്നൊക്കയല്ലാതെ സർക്കാർ ഓഫിസുകളിൽ അഴിമതി കുറഞ്ഞു എന്ന് ഒരു റിപ്പോർട്ടും ഇതേ വരെ വന്നിട്ടില്ല. ആയിരം പൂഴ്‌ത്തി വെക്കുന്നവർക്ക് രണ്ടായിരം പൂഴ്‌ത്തി വക്കുന്നത് അതിലും എളുപ്പമാണ്. കള്ളനോട്ടടിക്കാർക്ക് രണ്ടും തമ്മിൽ മാറ്റമില്ല, രണ്ടായിരം അടിക്കുന്നതാണ് ലാഭം.

2. അതെ സമയം കറൻസിക്ഷാമം അമ്പതു ദിവസത്തിനകം തീർന്നു എന്നുവച്ചാൽ തന്നെ നോട്ടുനിരോധനം ഉണ്ടാക്കിയ സൈക്കോളജിക്കൽ എഫക്ട് രണ്ടായിരത്തി പതിനേഴ് മുഴുവൻ ഉണ്ടാകും, പ്രത്യേകിച്ചും കേരളത്തിൽ. നമ്മുടെ കയ്യിലുള്ള ഭൂമിയുടെയും ഫ്‌ളാറ്റിന്റെയും ഒക്കെ വില കുറഞ്ഞു എന്ന് കണ്ടാൽ പിന്നെ കൈയിൽ ഉള്ള പൈസ ചെലവാക്കാൻ നാം മടിക്കും. കള്ളപ്പണം ഉള്ളവരാവട്ടെ കാർഡ് വഴി ചെലവാക്കാൻ മടിക്കും. പൊതുവെ എല്ലാ വസ്തുക്കൾക്കും സേവനങ്ങൾക്കും ഡിമാൻഡ് കുറയും. അതിന്റെ പ്രതിഫലനം സമ്പദ്വ്യവസ്ഥയിൽ മൊത്തം ഉണ്ടാകും. മന്മോഹൻസിങ് പറഞ്ഞ രണ്ടു ശതമാനത്തിൽ കാര്യങ്ങൾ നിന്നാൽ ഭാഗ്യം എന്ന് കരുതണം.

എന്റെ ഓർമ്മയിൽ ഇന്ത്യയിൽ ഡീഫ്‌ലെഷൻ (പണച്ചുരുക്കം) ഉണ്ടായിട്ടില്ല. പണച്ചുരുക്കത്തിന്റെ കാലത്ത് സ്ഥിരം വരുമാനക്കാർക്ക് നല്ലകാലം ആണെന്ന് ഒമ്പതാം ക്ലാസ്സിൽ ഓ അബ്രഹാം സാർ പഠിപ്പിച്ചത് ശരിയാകും എന്ന വിശ്വാസത്തിലാണ് ഞാനിപ്പോൾ.