കേരളത്തിലെ വിവാദങ്ങളെപ്പറ്റിയുള്ള എന്റെ ഏറ്റവും വലിയ പരാതി അത് പഴയ സോഡാക്കുപ്പി തുറക്കുന്നതു പോലെയുള്ള ഒരു സീക്വൻസ് ആണ് എന്നതാണ്. പെട്ടെന്നൊരു ഒച്ച കേൾക്കുമ്പോൾ ആണ് നമ്മൾ ശ്രദ്ധിക്കുന്നത്. പിന്നെ കുറച്ചുനേരം വലിയ നുരയും പതയുമൊക്കെ വരും. ഒരു മിനിറ്റ് കഴിഞ്ഞാൽ എല്ലാം തീർന്നു. കുപ്പിയും ഗോലിയുമെല്ലാം പഴയതു പോലെതന്നെ. പിന്നെയും ആരെങ്കിലും അതിൽ വെള്ളവും ഗ്യാസുമൊക്കെ നിറയ്ക്കും. വീണ്ടും പുതിയ 'വെടി' വരും. നമ്മളെല്ലാം ചാനലിലും വീട്ടിലുമിരുന്ന് തിളക്കും. സംഭവാമി യുഗേ യുഗേ !

ഇപ്പോഴത്തെ ചിറ്റപ്പന്റെ നിയമന വിവാദവും വ്യത്യസ്തമല്ല. കേരളത്തിൽ ആദ്യമായിട്ടല്ല രാഷ്ട്രീയനിയമനങ്ങൾ നടക്കുന്നതും, രാഷ്ട്രീയക്കാർ സ്വന്തം ആളുകളെ പല ജോലികളിലും പദവികളിലും തള്ളിക്കയറ്റുന്നതും. നാട്ടിലെ സഹകരണ സംഘം മുതൽ കേന്ദ്രത്തിലെ കാബിനറ്റിൽ വരെ ഇങ്ങനെയുള്ള ബന്ധു-ആശ്രിത നിയമനങ്ങൾ എത്രയോ ഉണ്ടായിരിക്കുന്നു. ഇനിയും ഉണ്ടാകുകയും ചെയ്യും. ഒരു പരിധി വരെ രാഷ്ട്രീയത്തിൽ ആളുകൾ ഇറങ്ങുന്നതിന്റെ ഒരു 'പെർക്ക്' തന്നെ ഇങ്ങനെ ബന്ധുക്കളെ പലയിടത്തും തള്ളിക്കയറ്റാം എന്നുള്ളതാണ്. ഗ്രൂപ്പ് രാഷ്ട്രീയത്തിൽ ആളുകൾ ചില നേതാക്കളുടെ ചുറ്റും കറങ്ങുന്നതിന്റെ യഥാർത്ഥ കാരണവും മറ്റൊന്നല്ല. ഇത്തവണ ഇതൽപ്പം ധൃതിയിലും ഏറെ ബ്ലാറ്റന്റും (എന്താണിതിന് നല്ല മലയാളം?, ഉളുപ്പില്ലാതെ എന്ന് നാടൻ) ആയിപ്പോയി എന്നേയുള്ളു. അതിനാൽ ചിറ്റപ്പൻ നിയമിച്ച രണ്ടോ മൂന്നോ പേരെയോ, എന്തിന് ചിറ്റപ്പനെയോ ഒഴിവാക്കി തീർക്കേണ്ട ഒരു പ്രശ്‌നമല്ല, ഇത്. ഏതൊക്കെ നിയമനങ്ങൾ രാഷ്ട്രീയമാകാം, അവരെ എങ്ങനെ നിയമിക്കണം എന്നൊക്കെയുള്ള കാര്യങ്ങളിൽ വ്യക്തമായ മാനദണ്ഡം ഉണ്ടാക്കാൻ പറ്റിയ ഒരവസരമാണിത്. കളഞ്ഞുകുളിക്കരുത്.

ഈ സ്വന്തക്കാരുടെയും ആശ്രിതരുടെയും നിയമനം ഒരു കേരള സ്‌പെഷ്യാലിറ്റി ഒന്നുമല്ല. കാലാകാലമായി അധികാരത്തിന്റെ സ്വഭാവമാണിത്. രാജഭരണമുള്ള നാടുകളിൽ എപ്പോഴും സ്വന്തം സഹോദരങ്ങളും അടുത്ത ബന്ധുക്കളും ഒക്കെത്തന്നെയാണ് ഏറ്റവും സുപ്രധാനമായ പദവികളിലിരിക്കുന്നത്. ഉദാഹരണത്തിന് കുവൈറ്റിലെ കാബിനറ്റിൽ രാജ കുടുംബത്തിൽ നിന്നുള്ള ആറു പേർ ഉണ്ട്. രാജകുടുംബങ്ങളിൽ ഉള്ളവർ മന്ത്രിമാർ ആകുന്നത് സ്വാഭാവികം ആയി രാജ ഭരണം ഉള്ളിടങ്ങളിൽ എല്ലാവരും വിശ്വസിക്കുന്നു, അംഗീകരിക്കുന്നു. ഇങ്ങനെ നിയമിക്കപ്പെടുന്നവർ ഓരോരുത്തരും അവരുടെ ബന്ധുക്കളെയും ആശ്രിതരെയും പറ്റുന്നത്ര പദവികളിൽ എത്തിക്കാൻ ശ്രമിക്കും. അങ്ങനെയാണ് രാജാവിന് അനുകൂലമായി ലോയൽറ്റിയുടെ ഒരു ശ്രുംഖലയും നെറ്റ്‌വർക്കും രൂപപ്പെടുന്നത്. 'വായിൽ ഒരു എല്ലിട്ടു കൊടുത്താൽ പിന്നെ ഒരു പട്ടിയും കുരയ്ക്കില്ല' എന്ന നൈജീരിയൻ പഴമൊഴി ഇതിനെ പ്രതി ഉണ്ടാക്കിയതാണ്.

രാജഭരണത്തിലോ ഏകാധിപത്യത്തിലോ മാത്രമല്ല, ജനാധിപത്യ ഭരണ സംവിധാനങ്ങളിലും ഇത്തരം ബന്ധുജനനിയമനങ്ങൾ ഏറെ നടക്കാറുണ്ട്. നമ്മുടെ അയൽരാജ്യമായിരുന്ന ശ്രീലങ്കയിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പാർലമെന്റിന്റെ സ്പീക്കറും സുപ്രധാനമായ വകുപ്പുകൾ കൈയാളുന്ന മന്ത്രിമാരും എല്ലാം അന്നത്തെ പ്രസിഡന്റിന്റെ സഹോദരങ്ങൾ ആയിരുന്നു. ഇന്ത്യയിൽ കേന്ദ്രത്തിലും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും മക്കൾ രാഷ്ട്രീയം നാട്ടുനടപ്പാണല്ലോ. ജനാധിപത്യ ബോധം ഭരണാധികാരികളിലും ജനങ്ങളിലും ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാത്തതു കൊണ്ടാണ് മക്കളെ മന്ത്രിയാക്കണമെന്ന് നേതാക്കൾക്ക് തോന്നുന്നതും, മക്കൾ മന്ത്രിമാരാകുന്നത് അവരെക്കാൾ കൂടുതൽ രാഷ്രീയ പ്രവർത്തന പരിചയവും, കഴിവുമുള്ള മറ്റ് നേതാക്കൾ പോലും അംഗീകരിക്കുകയും ചെയ്യുന്നത്. അതെ സമയം ബന്ധു ആയി എന്നത് കാരണം കഴിവുള്ള ഒരാളെ രാഷ്ട്രീയ നിയമനത്തിൽ നിന്നും മാറ്റി നിർത്തുന്നതും ജനാധിപത്യം അല്ല. രാഷ്ട്രീയ പ്രവർത്തനത്തിൽ ഒരേ പോലെ തിളങ്ങിയ ഡേവിഡ് മില്ലിബാൻഡും എഡ് മില്ലിബാൻഡും ഒരേ സമയം ബ്രിട്ടീഷ് മന്ത്രിസഭയിൽ അംഗമായിരുന്നു, അതിൽ ഒരു തെറ്റും ഇല്ല. ഇപ്പോൾ അമേരിക്കയിൽ ഹില്ലരി രാഷ്ട്രീയത്തിൽ മറ്റാരെയും പോലെ ഇഞ്ചോടിഞ്ചു പോരാടിയാണ് പ്രസിഡന്റ് പദത്തിന് അടുത്ത് എത്തിയിരിക്കുന്നത്.

മക്കൾ രാഷ്ട്രീയത്തിന്റെ ശരിതെറ്റുകൾ എന്തൊക്കെയായാലും ജനാധിപത്യ വ്യവസ്ഥയിൽ മന്ത്രിമാരുടെ നിയമനം ഒരു രാഷ്ട്രീയ നിയമനം ആണെന്നതിന് ജനാധിപത്യ ലോകത്തിന് തർക്കമില്ല. അതുകൊണ്ടുതന്നെ ജനാധിപത്യ പ്രക്രിയയിലൂടെ കടന്നുവരുന്ന ഏതൊരാളും, അതെത്ര കഴിവു കുറഞ്ഞ ആളാണെങ്കിലും മന്ത്രിയാകുന്നതിനെ താത്വികമായി എതിർക്കുവാൻ കഴിയില്ല. (രാജാക്കന്മാരുടെ കാര്യവും ഇതുപോലെയാണ്. ദൈവത്തിന്റെ ഹിതത്താലാണ് രാജാക്കന്മാർ ആകുന്നതെന്ന സങ്കല്പം നമ്മൾ അംഗീകരിച്ചാൽ പിന്നെ ബുദ്ധിശൂന്യനോ മനോരോഗിയോ ആരായാലും രാജാവിന്റെ മകനായിരിക്കുന്നിടത്തോളം കാലം പുതിയ രാജാവാകുന്നതിനെ താത്വികമായി നമുക്ക് എതിർക്കാൻ കഴിയില്ല.)

പക്ഷെ ജനാധിപത്യ സംവിധാനത്തിൽ മന്ത്രിമാരുടെ താഴെയുള്ള ജോലികളുടെ കാര്യം അങ്ങനെയല്ല. അതിൽ ഏത് രാഷ്ട്രീയ നിയമനം ആണ്, ഏത് അല്ല എന്നതിനെപ്പറ്റി ലോകത്ത് എല്ലായിടത്തും അംഗീകരിച്ച ഒരു കീഴ്‌വഴക്കം ഇല്ല. ഇന്ത്യയിൽ പൊലീസ് കമ്മീഷണർ ഒരു സിവിൽ സർവീസിലെ സ്ഥിരം ജോലിക്കാരൻ ആകുന്‌പോൾ അമേരിക്കയിൽ അതൊരു രാഷ്ട്രീയ നിയമനമാണ്. അമേരിക്കയിൽ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികളുടെ തലപ്പത്ത് പ്രൊഫഷണലുകൾ വരുന്‌പോൾ നമുക്കിവിടെ അതൊരു രാഷ്ട്രീയ പ്രക്രിയയാണ്. എല്ലാത്തിനും അതിന്റെതായ ഗുണദോഷങ്ങൾ ഉണ്ട്.

ഏതൊക്കെ നിയമനങ്ങൾ രാഷ്ട്രീയ നിയമനങ്ങൾ ആകരുത് എന്നത് കൂടുതൽ എളുപ്പത്തിൽ തീരുമാനിക്കാവുന്ന ഒന്നാണ്. ചുരുക്കിപ്പറഞ്ഞാൽ സർക്കാരിന്റെ നയം രൂപീകരിക്കുന്നതിൽ നേരിട്ട് ബന്ധം ഇല്ലാത്ത തൊഴിലുകൾ രാഷ്ട്രീയ നിയമനം ആകുന്നില്ല. ഉദാഹരണത്തിന് ഉദാഹരണത്തിന് മന്ത്രിയുടെ ഡ്രൈവർ നയരൂപീകരണത്തിലോ നയം നടപ്പിലാക്കുന്നതിലോ പങ്ക് വഹിക്കുന്നില്ല. അപ്പോൾ പിന്നെ അത് രാഷ്ട്രീയനിയമനം ആകേണ്ടതില്ലല്ലോ. (വാസ്തവത്തിൽ ഇപ്പോൾ കേരളത്തിൽ ഉള്ളത് പോലെ ഒരു മന്ത്രിക്ക് ഒന്നോ രണ്ടോ സ്ഥിരം ഡ്രൈവർ എന്ന സംവിധാനം ഒട്ടും ശരിയല്ല. രാജാവിന്റെയടുത്ത് റാണി കഴിഞ്ഞാൽ മന്ത്രിയേക്കാൾ സ്വാധീനം സാരഥിക്കാണെന്ന് പഞ്ചതന്ത്രത്തിലുണ്ട്. കേരളത്തിലെ പല സംഭവങ്ങളും അത് ശരി വച്ചിട്ടുമുണ്ട്. സുരക്ഷയുടെ കാര്യത്തിലും ഒരേ ഡ്രൈവർ മന്ത്രിമാരുടെ കാറോടിക്കുന്നത് ഒരു ലൂപ്ഹോൾ ആണ്. പരിചയമുള്ള, സെക്യൂരിറ്റി ക്ലിയറൻസുള്ള, പ്രോട്ടോക്കോൾ പഠിച്ച ഡ്രൈവർമാരുടെ ഒരു പൂൾ ഉണ്ടാക്കുക. അവർക്ക് ഓരോ ദിവസവും ഡ്യൂട്ടി മാറിമാറി നൽകുക. ഇങ്ങനെയുള്ളവരുടെ സംഘം കേരളത്തിൽ മൂന്ന് സ്ഥലത്തെങ്കിലും പൊസിഷൻ ചെയ്ത്, ഒരു ഡ്രൈവറും എട്ട് മണിക്കൂറിൽ കൂടുതൽ ഡ്യൂട്ടി എടുക്കുന്നില്ല എന്നുറപ്പ് വരുത്തുക ഇതൊക്കെയാണ് വേണ്ടതെന്ന് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്. പതിവുപോലെ ആരെങ്കിലും മരിച്ചാലേ ഇതിനൊക്കെ ശ്രദ്ധ കിട്ടൂ.)

അപ്പോൾ ഡ്രൈവറും, പാചകക്കാരനും, ഡോക്ടറും, അദ്ധ്യാപകരും ഉൾപ്പെടെയുള്ള സ്ഥാനങ്ങളിലെ നിയമനങ്ങളിൽ മന്ത്രിമാർ ഇടപെടുന്നത് രാജഭരണ കാലത്തിന്റെ തുടർച്ചയും ജനാധിപത്യത്തിന്റെ തകർച്ചയുമാണ്. ഇക്കാര്യത്തിൽ വ്യക്തമായ നിയമങ്ങളും, നിയന്ത്രണങ്ങളും ഉണ്ടായേ പറ്റൂ. ഇതിൽ വലിയ ചർച്ചയുടെ ഒന്നും ആവശ്യമില്ല.

പിന്നെ വരുന്നത് യഥാർത്ഥത്തിൽ രാഷ്ട്രീയനിയമനങ്ങൾ ആണ്. ഉദാഹരണത്തിന്, കേരള ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ തലവൻ, യുവജന കമ്മീഷന്റെ ചെയർ പേഴ്‌സൺ എന്നിവർ ഇതെല്ലം സർക്കാരിന്റെ നയം രൂപീകരിക്കാനും നടപ്പിലാക്കുന്നതിന് നേതൃത്വം കൊടുക്കാനും ഉള്ള തസ്തികകൾ ആണ്. അതുകൊണ്ടുതന്നെ സർക്കാരിന്റെ നയവുമായി ചേർന്നുനിൽക്കുന്നവർ ആയിരിക്കണം ഇവരെന്ന് നിർബന്ധിക്കാൻ, ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിക്കും മന്ത്രിസഭക്കും അവകാശമുണ്ട്. എന്നാൽ ഇതിന്റെയർത്ഥം മന്ത്രിക്ക് ഇഷ്ടമുള്ള ആരെയും ഏതു ജോലിയിലും നിയമിക്കാം എന്നല്ല. രാഷ്ട്രീയ നിയമനങ്ങളിൽ ചുരുങ്ങിയത് ചില ര്യങ്ങൾ ഉറപ്പ് വരുത്താൻ സംവിധാനം ഉണ്ടാകുന്നതാണ് ലോകത്തെ ബെസ്‌റ് പ്രാക്ടീസ് .

  1. ഏതൊക്കെ ജോലികൾ ആണ് രാഷ്ട്രീയ നിയമനം എന്ന് വ്യക്തമായ ലിഖിതമായ ലിസ്റ്റ് ഉണ്ടാക്കുക. ഇത് നിയമസഭയിൽ ചർച്ച ചെയ്ത് അംഗീകരിക്കുക.

  2. ഇങ്ങനെ രാഷ്ട്രീയ നിയമനം ആണെന്ന് അംഗീകരിച്ച ജോലികളിൽ സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ആൾ ജനാധിപത്യ സംവിധാനത്തിലെ ഒരു കമ്മിറ്റിക്കു മുൻപിൽ ( ഇതിൽ ഭരണപക്ഷവും പ്രതിപക്ഷവും കാണും.) അവരുടെ ആ സ്ഥാനത്തിനുള്ള അർഹത, അതുവരെയുള്ള ട്രാക്ക് റെക്കോർഡ്സ്, ജോലി കിട്ടിയാൽ അവർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ എന്നിവ വ്യക്തമാക്കണം. കമ്മിറ്റിയിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയണം. ഈ കമ്മിറ്റിയുടെ നടപടി ക്രമങ്ങളെല്ലാം നിയമസഭയുടെ ടി വി യിലൂടെ കേരളത്തിലെ എല്ലാവർക്കും തത്സമയം കാണാനുള്ള അവസരമൊരുക്കണം. (അഫ്ഗാനിസ്ഥാനിൽ മന്ത്രിമാർ തൊട്ട് അമേരിക്കയിൽ സുപ്രീം കോടതി ജഡ്ജിമാർ വരെ ഇങ്ങനെ അവിടുത്തെ പാർലമെന്റിന്റെ (അല്ലെങ്കിൽ പാർലിമെന്റ് കമ്മിറ്റിയുടെ) ചോദ്യം ചെയ്യലും അംഗീകാരവും നേടിയിട്ടേ തൊഴിലിൽ എത്തൂ. അപ്പോൾ സ്വന്തക്കാരെയോ കഴിവില്ലാത്തവരെയോ ഒക്കെ നാമനിര്‌ദ്ദേശം ചെയ്യാൻ ഭരണ പക്ഷം അല്പം മടിക്കും. കമ്മിറ്റിയുടെ മുമ്പിൽ പോയി ബബ്ബബ്ബ അടിക്കുന്ന കാര്യം ഓർത്താൽ ഇങ്ങനെ ഒരു ഓഫർ കിട്ടുന്നവരും രണ്ടു പ്രാവശ്യം ചിന്തിക്കും.

  3. രാഷ്ട്രീയ നിയമനങ്ങൾ നടത്തുന്നത് രാഷ്ട്രീയക്കാരിൽ നിന്ന് തന്നെ ആകണം എന്നില്ല. മന്മോഹൻ സിങ്ങിനെ ധനകാര്യമന്ത്രി ആക്കുമ്പോൾ അദ്ദേഹം ഒരു രാഷ്ട്രീയക്കാരൻ ആയിരുന്നില്ലല്ലോ.

  4. അതെ സമയം ലോകത്ത് എല്ലായിടത്തും രാഷ്ട്രീയ പ്രവർത്തനത്തിൽ ഉള്ളവർക്ക് വളരെ ചെറിയ പ്രായത്തിൽ തന്നെ ഉന്നത പദവികൾ കിട്ടാം. അതിനു രാഷ്ട്രീയം അല്ലാത്ത നിയമനങ്ങളുടെ പോലെ ഉള്ള യോഗ്യത അല്ല നോക്കുന്നതും നോക്കേണ്ടതും. പി എച്ച് ഡി ഇല്ലാത്തവരെ പ്രൊഫസർ ആകാത്ത നാട്ടിൽ ഡിഗ്രി ഇല്ലാത്തവർ മന്ത്രിയാകുന്നത് രാഷ്ട്രീയമായി തെറ്റല്ല. മുപ്പതു കൊല്ലം പട്ടാളത്തിൽ ജോലി ചെയ്ത് ജനറൽമാരായവരുടെ മുകളിൽ അൻപത് വയസ്സിൽ താഴെ ഉള്ള ഒരു പട്ടാളത്തിലും ജോലി ചെയ്യാത്ത കൊണ്ടൊലീസ റൈസ് ദേശീയ സുരക്ഷാ ഉപദേഷ്ടാകുന്നത് അങ്ങനെ ആണ്.

  5. രാഷ്ട്രീയമായ എല്ലാ നിയമനങ്ങളുടെയും കാലാവധി ഏത് ഭരണകൂടം അവരെ നിയമിച്ചോ അവരുടെ കാലാവധി വരെ മാത്രമാണ് എന്ന് നിയമം മൂലം ഉറപ്പു വരുത്തുക. പുതിയ ഭരണമോ ഭരണ നേതൃത്വമോ വന്നുകഴിഞ്ഞാൽ ഇത്തരം ജോലിയിലുള്ളവർ രാജിവച്ചതായി കണക്കാക്കണം. (ഇപ്പോൾ തന്നെ മന്ത്രിമാരുടെ കാര്യം അങ്ങനെയാണല്ലോ. മുഖ്യമന്ത്രി രാജി വച്ചാൽ എല്ലാ മന്തിമാരും രാജിവച്ചു എന്നാണർത്ഥം). പിന്നെ വരുന്നവർക്ക് അവരുടെ നയങ്ങളനുസരിച്ച് ആളുകളെ നിയമിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. പഴയ ആളുകളെ വേണമെങ്കിൽ പുതിയതായി വീണ്ടും നിയമിക്കാം. ഒബാമ ഭരണത്തിൽ വന്നപ്പോൾ ബുഷിന്റെ ഡിഫൻസ് സെക്രട്ടറിയെ മാറ്റിയില്ല എന്ന കാര്യം ഓർക്കേണ്ടതാണ്. അതെ സമയം രാഷ്ട്രീയ നിയമനം ലഭിച്ചവർ പുതിയ ഭരണം വരുമ്പോൾ അധികാരത്തിൽ കടിച്ചു തൂങ്ങുന്നതും ഭരണത്തിന്റെ അവസാനത്തെ ആറ് മാസത്തിൽ ആശ്രിതരെ വച്ച് പുതിയതായി വരുന്നവർക്ക് പണി കൊടുക്കുന്നതും ആയ പണി ജനാധിപത്യമല്ല.

(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം മേധാവിയാണ് മലയാളിയായ മുരളി തുമ്മാരുകുടി. അഭിപ്രായങ്ങൾ വ്യകതിപരം ആണ്)