തെ മണി ചേട്ടാ.. മണി ചേട്ടൻ പറഞ്ഞതുപോലെ അങ്ങയുടെ മരണ ശേഷം എല്ലാവരും അങ്ങയെ വാഴ്‌ത്തുകയും പുകഴ്‌ത്തുകയും ചെയ്യാൻ മത്സരിക്കുകയാണ്. കലാഭവൻ മണി നല്ലവനായിരുന്നു, മണി ധാരാളം പുണ്യ പ്രവർത്തനങ്ങൾ ചെയ്തു, വീട് നിർമ്മിച്ച് നല്കി, ചികിത്സയ്ക്ക് പണം നല്കി, കരൾ മാറ്റി വയ്ക്കാൻ ലക്ഷങ്ങൾ മുടക്കി... സഹായങ്ങൾ ആവശ്യമുള്ളവർക്ക് ചെയ്ത പുണ്യ പ്രവർത്തനങ്ങൾ എണ്ണിയാൽ ഒടുങ്ങാത്തതാണ് എന്നൊക്കെ പറഞ്ഞു ഞങ്ങളിവിടെ കണ്ണീർ പൊഴിക്കുന്നു.

ഇതൊന്നും ഇല്ലാകഥകളാണ് എന്നല്ല.. ഉള്ളത് തന്നെ. അതുകൊണ്ടാണല്ലോ കേരള ജനത അങ്ങയെ ഇത്രയും അധികം സ്‌നേഹിച്ചതും, ആ മുഖം അവസാനമായി ഒരുനോക്കു കാണുവാൻ തൃശൂർ പൂരത്തെ വെല്ലുന്ന തിരക്കിൽ ജന ലക്ഷങ്ങൾ ഒഴുകിയെത്തിയതും. പൗരുഷത്തിന്റെ പ്രതീകമായിരുന്ന അനശ്വരനായ ജയന്റെ മരണത്തിനു ശേഷം കേരള ജനതയെ ഏറ്റവുമധികം വേദനിപ്പിച്ച ഒരു മരണ വാർത്ത മണി ചേട്ടന്റെ മരണ വാർത്തയായിരുന്നു.

കഴിവും കാശുമുള്ളവർക്ക് എന്തുമാകാൻ കഴിയുന്ന നമ്മുടെ നാട്ടിൽ, ഒരു നാടിന്റെ മുഴുവൻ കൂടപ്പിറപ്പാകുവാൻ കഴിയുക എന്നത് മണിചേട്ടന് മാത്രം കൈവന്ന ഭാഗ്യമാണ്. അതുകൊണ്ടാണല്ലോ പ്രായ വ്യത്യാസമില്ലാതെ എല്ലാവരും അങ്ങയെ മണി ചേട്ടാ എന്ന് വിളിക്കുന്നത്.

മേൽപ്പറഞ്ഞ നന്മ പ്രവർത്തനങ്ങൾ അങ്ങ് ചെയ്തത് ഒരു ദിവസം കൊണ്ടല്ല, ഒരു മാസം കൊണ്ടല്ല, ഒരു വർഷം കൊണ്ടുമല്ല എന്ന് ഞങ്ങൾക്കറിയാം. മണി ചേട്ടൻ ഇതൊക്കെക്കെ ചെയ്യുമ്പോൾ ഞങ്ങൾ മലയാളീസ് ഇവിടൊക്കെത്തന്നെ ഉണ്ടായിരുന്നു. എല്ലാം കാണുന്നുണ്ടായിരുന്നു.. എല്ലാം അറിയുന്നുമുണ്ടായിരുന്നു. എന്ത് ചെയ്യാനാ ചേട്ടാ, ആര് എന്ത് നല്ല പ്രവർത്തനങ്ങൾ ചെയ്താലും ഞങ്ങൾ മലയാളീസ് അംഗീകരിക്കാറില്ല.. കണ്ടെന്നു നടിക്കാറില്ല... നല്ലതെന്ന് പറയാറില്ല.. അഭിനന്ദിക്കാറില്ല.. അനുമോദിക്കാറുമില്ല. അതിനു പകരം നിങ്ങളുടെ തെറ്റ് വശങ്ങൾ ചികഞ്ഞെടുത്തു വാർത്തയാക്കുന്നതിൽ ഞങ്ങൾ മത്സരിച്ചു.. അങ്ങ് ജീവിച്ചിരുന്നപ്പോൾ ഞങ്ങൾ പറഞ്ഞു 'കലാഭവൻ മണി അഹങ്കാരിയാണ്, കള്ളുകുടിച്ച് ഫോറെസ്റ്റ് ഗാർഡിനെ തല്ലി, എയർപോർട്ടിൽ പ്രശ്‌നം ഉണ്ടാക്കി.. ഇങ്ങനെ ധാരാളം വാർത്തകളുണ്ടാക്കി അതിൽ ഞങ്ങൾ ആത്മ സംതൃപ്തി കണ്ടെത്തി. വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് അംഗീകാരം തരാതെ, അത് ഒരു മിമിക്രിക്കാരന്റെ വിക്രിയകളായി ഞങ്ങൾ വിലയിരുത്തി.

അങ്ങനെ, ജീവിച്ചിരുന്നപ്പോൾ ലഭിക്കേണ്ടുന്ന അംഗീകാരങ്ങളും, ആദരവുകളും ലഭിക്കാതെ മണിച്ചേട്ടൻ പോയി.... അതെ, ജീവിതമാകുന്ന നാടകത്തിലെ അവസാന സീനും അഭിനയിച്ചു തീർത്തു കപടതകൾ നിറഞ്ഞ ഈ ലോകത്തിൽ നിന്നും, ചമയങ്ങളില്ലാത്ത ആ അനശ്വര ലോകത്തേക്ക് യാത്രയായി. അങ്ങ് ജീവിച്ചിരുന്നപ്പോൾ ഞങ്ങളിൽനിന്നും ആഗ്രഹിച്ച അംഗീകാരങ്ങളും, അനുമോദനങ്ങളും, നല്ലവാക്കുകളും പറയുവാൻ ഞങ്ങൾ ഇപ്പോൾ മത്സരിക്കുകയാണ്. അല്ലെങ്കിലും ഞങ്ങൾ മരണാനന്തര ബഹുമതികൾ കൊടുക്കുവാൻ ഉൽസാഹികളും മിടുക്കരുമാണ്.

ആ അനന്തതയിൽ ഇരുന്നുകൊണ്ട് ഇതെല്ലാം കണ്ട് സ്വയസിദ്ധമായ ശൈലിയിൽ ങ്യാ.. ഹാ.. ഹാ എന്ന് ചിരിക്കുകയാനെന്നറിയാം. അതെ മണി ചേട്ടാ.. അങ്ങ് പറഞ്ഞതുപോലെ, അങ്ങയെപ്പോലെ ഒരു വ്യക്തി ചെയ്ത നന്മകൾ സമൂഹം അറിയണമെങ്കിൽ മരണം അവനു അനിവാര്യമാണ് ... മണിചേട്ടനെപ്പോലെ നാല് പേരറിയുന്ന, സമൂഹത്തിനു നന്മ ചെയ്യുന്ന പലരുമുണ്ട് ഇനിയും ഈ ലോകത്തിൽ. ഇനി ഞങ്ങൾ അവരുടെ പിറകെയാണ്. മരിച്ചില്ലെങ്കിൽ മരിച്ചു എന്ന വാർത്തയുണ്ടാക്കി ഇല്ലാ കഥകൾ പ്രചരിപ്പിക്കും. അതിൽ ഞങ്ങൾ ആനന്ദം കണ്ടെത്തും..!! ഒന്നും തോന്നരുത്.. ക്ഷമിക്കൂ മണിചേട്ടാ ഞങ്ങൾ മലയാളീസ് ഇങ്ങനെയാ..!!