കോട്ടയം പോലെ ഒരു ചെറു പട്ടണത്തിലെ തിരുനക്കര ക്ഷേത്രത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി തൃശൂർ മാതൃകയിൽ പൂരം കൊണ്ടാടുന്നുണ്ട്. ഒരു ആചാരമായല്ല, ആഘോഷമായി. നൂറ്റാണ്ടുകളുടെ പാരമ്പര്യമൊന്നുമില്ല. ഒരു ദിവസം ക്ഷേത്രക്കമ്മിറ്റി അതങ്ങ് തുടങ്ങി. കുറച്ചു കൊല്ലം കഴിയുമ്പോൾ പറയും നൂറ്റാണ്ടുകളായുള്ള വിശ്വാസവും ആചാരവുമാണ് എന്ന്.

മനുഷ്യന് നിന്ന് തിരിയാൻ സ്ഥലമില്ലാത്ത ഒരു മൈതാനത്ത് ഇരുപതാനയും പഞ്ചവാദ്യവും മേളക്കൊഴുപ്പും വെടിക്കെട്ടും. ഒരു വൻദുരന്തം ഉണ്ടാകാനുള്ള എല്ലാ സാധ്യതയും കോട്ടയം നഗരസഭക്കും ഭരണകൂടത്തിനും അറിയാഞ്ഞിട്ടല്ല. മതവികാരം ഉണ്ടാക്കുന്ന വ്രണത്തെക്കാൾ വലിയ വ്രണം ഇല്ലല്ലോ.

പല പത്രങ്ങളോടും ''ഇതിന്റെ അപകടം ചൂണ്ടിക്കാണിക്കണം'' എന്ന് പലയാവർത്തി ആവശ്യപ്പെട്ടപ്പോൾ അവർ പറയുന്നത്, ''ഞങ്ങൾക്ക് അത് ചെയ്യാൻ സാധിക്കില്ല. കാരണം മതവൈരമാണ് എന്ന് പറയും'' എന്നാണ്. അവരൊക്കെ കാശുവാങ്ങി സപ്ലിമെന്റ്‌റ് ഇറക്കി ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഒരു ദുരന്തം ഉണ്ടാകുമ്പോഴും സപ്‌ളിമെന്റ്‌റ് ഇറക്കിയാൽ തീരുന്ന ഉത്തരവാദിത്തമേ ഇക്കാര്യങ്ങളിൽ പത്രങ്ങൾക്കുള്ളൂ. ഒരു ശവത്തൂക്കം ന്യൂസ്.

ഓരോ പകല്പൂരവും കഴിയുന്നത് വരെ കോട്ടയം നിവാസികളിൽ ബഹുഭൂരിപക്ഷവും ശ്വാസം അടക്കിപ്പിടിച്ചാണ് കഴിയുന്നത്. ഒരു നഗരം മുഴുവൻ പരന്നു കിടക്കുന്ന തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ പൂരം ആഘോഷിക്കുന്നത് കണ്ട് 'ഠാ' വട്ടത്തിലുള്ള ക്ഷേത്രങ്ങളും പൂരം ഘോഷിച്ച് തുടങ്ങിയിരിക്കുന്നു. ഇന്നലെ തൃശ്ശൂർ പൂരത്തിന് ഒരു നിയന്ത്രണം അനുവദിക്കപ്പെട്ടിരുന്നു എങ്കിൽ തീർച്ചയായും കുറെ ചെറു പട്ടണങ്ങളിൽ തുടങ്ങിയ പകല്പൂരങ്ങൾ ഒഴിവാകുമായിരുന്നു. അത് നാടിനു ആവശ്യവും അത്യാവശ്യവുമാണ്.

ഹിന്ദുവോ ഇസ്ലാമോ ക്രിസ്ത്യാനിയോ ബൗദ്ധരോ ആചാരങ്ങൾ എന്തുമായിക്കൊള്ളട്ടെ. വിശ്വാസികളും അവിശ്വാസികളും അടങ്ങുന്ന വലിയ ഒരു പൊതു സമൂഹത്തിന്റെ ഭയങ്ങളെ മാനിക്കണം. അവരുടെ ജീവനെയും സ്വത്തിനെയും മാനിക്കണം. ചെവിയുള്ളവർ കേൾക്കട്ടെ. കണ്ണുള്ളവർ കാണട്ടെ. തൃശൂർ പൂരം അനുവദനീയമെങ്കിൽ സ്വന്തം വീട്ടുമുറ്റത്തും നാളെ ആനയെ നിരത്തി പൂരം ഘോഷിക്കും മലയാളി. അഹങ്കാരം അത്രയ്ക്ക് പെരുത്തു കുത്തി മറിയുകയല്ലേ. നിസ്സഹായരുടെ നിലവിളി ആരു കേൾക്കാൻ.