ബിഷപ്പിനെ തിരുമേനി എന്നും രാജകുടുംബ അംഗത്തേ ' തിരുമനസ്സു കൊണ്ടു ' എന്നും അറബ് രാജ കുടുംബാംഗത്തേ ' പ്രിൻസ് ' എന്നും ബഹുമാനത്തോടെ വിളിക്കും എങ്കിലും സ്വന്തം രാജ്യത്തിന്റെ രാഷ്ട്രപതിയേ ' അയാൾ ' എന്നു ചാനലിൽ വന്നിരുന്നു പറഞ്ഞതു അദ്ദേഹത്തിന്റെ ജീവിത പശ്ചാത്തലം മനസ്സിൽ വച്ചാണോ എന്നറിയില്ല . ഇന്ത്യൻ സൈനികർക്കു നൽകുന്ന പ്രസിഡണ്ട്‌സ് കമ്മീഷൻ രാഷ്ട്രപതി നേരിൽ നൽകുന്നതല്ല . അതാതു യൂണിറ്റ് കമാൻടർമാർ നൽകുന്നതാണു . രാഷ്ട്രപതിയുടെ പതാകയും മെഡലുകളും അദ്ദേഹം നിയോഗിക്കുന്ന ആർക്കും നൽകാം .

രാഷ്ട്രപതി നൽകുന്ന പല ബഹുമതികളും മെഡലുകളും പോസ്റ്റിൽ വരാറുണ്ടു . അതു പോസ്റ്റ് മാൻ വഴി വന്നതു കൊണ്ടോ തന്നതു കൊണ്ടോ അപമാനിതൻ ആയി എന്നു ഒരാൾ , പ്രത്യേകിച്ചു കലാകാരൻ വിചാരിക്കുന്നതു അഹന്തയും ഈഗോയും മാത്രമാണു . രാഷ്ട്രപതി നൽകുന്ന അദ്ധ്യാപക അവാർഡുകളും ശാസ്ത്രജ്ഞർക്കുള്ള അവാർഡുകളും വർഷങ്ങൾ ആയി അദ്ദേഹം നിയോഗിക്കുന്ന ഉപരാഷ്ട്രപതിയോ മന്ത്രിമാരോ ആണു നൽകുന്നതു . അതിൽ അതു ലഭിച്ച ആൾ ' അപമാനം ' കണ്ടെത്തുന്നതു രാഷ്ട്രപതിയേ നിന്ദിക്കുന്നതിനു തുല്യമാണു .

രാഷ്ട്രപതി അല്ല അവാർഡു തരുന്നതെന്നു നേരത്തേ അറിഞ്ഞിരുന്നു എങ്കിൽ ഞങ്ങൾ ഡൽഹി വരെ വരില്ലായിരുന്നു എന്നും ഞങ്ങളേ പറ്റിക്കുക ആയിരുന്നു എന്നും അവാർഡു കിട്ടിയ 11 പേരുമായി നോക്കുമ്പോൾ ഞങ്ങൾ മോശക്കാരാണോ എന്നും ഒക്കെ ചാനലിൽ വന്നു പലരും പറഞ്ഞതു അതേ ഈഗോ മനസ്സിൽ വെയ്ക്കുന്നതു കൊണ്ടാണു . ഒരു കലാകാരനോ കലാകാരിക്കോ ഒരിക്കലും പാടില്ലാത്ത. ഇന്നാണു ഈഗോയും അഹന്തയും .

ഇന്ത്യൻ രാഷ്ട്രപതിക്കു പല വിധ വിവേചനാധികാരങ്ങളും ഉണ്ടു . അദ്ദേഹത്തിനു സുരക്ഷയും സമയവും ആരോഗ്യവും പ്രോട്ടോക്കോളും ഒക്കെ പരിഗണിച്ചു സ്വന്തം തീരുമാനങ്ങൾ അവസാന നിമിഷം എടുത്താൽ പോലും അതു രാഷ്ട്രപതിയുടെ അധികാരം ആയി അംഗീകരിക്കുക തന്നെ വേണം . അതാണു ഒരു പൗരന്റെ കടമ .

ഒരു അവാർഡ് തിരസ്‌കരിക്കുന്നതോ ബഹിഷ്‌കരിക്കുന്നതോ ഒക്കെ ജനാധിപത്യപരമായ അവകാശങ്ങൾ ആണു . എന്നാൽ അതിനെ സംഘടനാ ബലം ഉപയോഗിച്ചു രാഷ്ട്രീയ വൽക്കരിക്കുന്നതും ചടങ്ങിൽ പങ്കെടുത്തവരേ അധിക്ഷേപിക്കുന്നതും ജനാധിപത്യപരം അല്ല . അതു ' നിർബന്ധിത ഹർത്താൽ ' പോലേ ഫാസിസ്റ്റ് സമീപനം ആണു . തിലകനോടു മുൻപു ചെയ്തതു ഇപ്പോൾ സംഘം ചേർന്നു യേശുദാസിനോടു ചെയ്യുന്നതു ശരിയുമല്ല .

ചിലർ എങ്കിലും ഒരു ' സീരിയൽ നടിയിൽ ' നിന്നു അവാർഡു വാങ്ങുന്നതു അപമാനകരം ആണെന്നും ബീ ജെ പീ മന്ത്രിയിൽ നിന്നു അവാർഡ് ലഭിക്കുന്നതു അപമാനകരം ആണെന്നും എഴുതുന്നതു വായിച്ചു . ' സീരിയൽ നടി ' എന്നാൽ മോശമായ കലാ പ്രവർത്തനം ആണെന്ന അബദ്ധ ധാരണ കൊണ്ടാണു ഇത്തരം നിഴൽ യുദ്ധങ്ങൾ നടത്തുന്നതു . ഒരു കലാകാരനു ഒരിക്കലും യോജിച്ച സമീപനം അല്ല ഇതു .

നാഷണൽ അവാർഡ് മൂന്നു തവണ കിട്ടിയതും രാഷ്ട്രപതിയിൽ നിന്നല്ല എന്നറിയിച്ച അമിത് ഖന്നയും ആദ്യത്തേ നാഷണൽ അവാർഡ് ലഭിച്ചതു രാഷ്ട്രപതിയിൽ നിന്നല്ല എന്നു ജയരാജും പറഞ്ഞതു ശ്രദ്ധേയമാണു . അതു നാഷണൽ അവാർഡാണു . പ്രസിഡണ്ട്‌സ് മെഡൽ ആണു . അതു മന്ത്രി തന്നാലും പോസ്റ്റ് മാൻ വീട്ടിൽ കൊണ്ടു തന്നാലും വിനയപൂർവ്വം തല കുനിച്ചു വാങ്ങുന്നതാണു ഒരു ഉത്തമ കലാകാരൻ ചെയ്യേണ്ടതു .

ദേശീയ ഗാനം പാടുമ്പോൾ എഴുനേറ്റു നിൽക്കാൻ ആരേയും നിർബന്ധിക്കാൻ പാടില്ല . ദേശീയ പതാകയേ വന്ദിക്കണം എന്നു ആരെയും നിർബന്ധിക്കാൻ പാടില്ല . പ്രസിഡണ്ട്‌സ് മെഡൽ പ്രസിഡണ്ടു തന്നെ തന്നാലേ സ്വീകരിക്കൂ എന്നു ഇന്ത്യൻ  പ്രസിഡണ്ടിനെ നിർബന്ധിക്കാനും പാടില്ല.

കാരണം ഒരാൾക്കു തന്റെ പേരിലുള്ള അവാർഡു നേരിട്ടു നൽകണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശവും അധികാരവും ഇന്ത്യയുടെ സുപ്രീം കമാൻഡർ ആയ ഇന്ത്യൻ പ്രസിഡണ്ടിനു മാത്രം ആണു . ഒരു കൃഷിക്കാരനോ സൈനികനോ ശാസ്ത്രജ്ഞനോ അദ്ധ്യാപകനോ ഇല്ലാത്ത പിടിവാശി ഒരു കലാകാരനു പാടില്ല എന്നു മാത്രം മനസ്സിൽ കരുതിയാൽ ഈ വിവാദത്തിൽ ഒരർഥവും ഇല്ല എന്നു മനസ്സിലാക്കാം .