പിന്നാമ്പുറത്ത് എന്തോ ചെറിയ ശബ്ദം കേട്ടു. ശബ്ദം ആവർത്തിച്ചപ്പോൾ എഴുന്നേറ്റ് ജനലിലൂടെ നോക്കി.

കൗതുകമുള്ളൊരു കാഴ്ചയാണു കണ്ടത്.

പിന്നാമ്പുറത്തെ വരാന്തയ്ക്ക് ഒരരമതിലുണ്ട്. അതിന്മേൽ ഒരോട്ടുകിണ്ടി വച്ചിട്ടുണ്ട്. ഗ്ലാസ്സു മൂടാനുപയോഗിക്കുന്നൊരു ചെറിയ സ്റ്റീൽമൂടി കൊണ്ട് ഓട്ടുകിണ്ടി മൂടി വച്ചിട്ടുമുണ്ട്. ഇത്രയും കാര്യങ്ങളിൽ പുതുമയില്ല. പുതുമയുള്ള കാര്യമിതാണ്: ഒരു കാക്ക അരമതിലിന്മേൽ വന്നിരുന്ന് ഓട്ടുകിണ്ടിയുടെ മൂടി കൊത്തിവലിച്ചു മാറ്റാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു.

പിന്നാമ്പുറത്തേയ്ക്കു ചെന്ന് കാക്കയെ ഓടിച്ചു കളയാനാണ് ആദ്യം തോന്നിയത്. പിന്നെ വേണ്ടെന്നു വച്ചു. ഉച്ചകഴിഞ്ഞ സമയം. കത്തിക്കാളുന്ന വെയിൽ. നമുക്കു പോലും ദാഹിച്ചു തൊണ്ട വരളുന്നു. കാക്കയ്ക്കു ദാഹിച്ചതിൽ അതിശയമില്ല.

പക്ഷേ ആ ഓട്ടുകിണ്ടിയോട് എനിക്ക് വൈകാരികമായ ബന്ധമുണ്ട്. എനിക്കു രണ്ടോ മൂന്നോ വയസ്സു മാത്രമുള്ള കാലത്ത് എന്നെ പല്ലുതേപ്പിച്ചിരുന്നത് അമ്മയായിരുന്നു. ഏറെ സംഘർഷഭരിതമായൊരു പ്രക്രിയയായിരുന്നു അക്കാലത്തെ എന്റെ പല്ലുതേപ്പ്. സമയവും കൈയിൽ പിടിച്ചുകൊണ്ടാണ് അമ്മ അന്ന് അതൊക്കെ ചെയ്തിരുന്നത്. രണ്ടോ മൂന്നോ വയസ്സുമാത്രമുള്ള ഞാനുണ്ടോ അതു മനസ്സിലാക്കുന്നു. അമ്മ പല്ലു തേപ്പിക്കുന്ന സമയത്താണ് എന്റെ പ്രകൃതിനിരീക്ഷണം മുഴുവൻ നടക്കുന്നത്. കുരുവികളേയും തവളകളേയും തുമ്പികളേയും മറ്റും കാണാൻ വേണ്ടി എന്റെ ശിരസ്സ് ഏതാണ്ട് മുന്നൂറ്ററുപതു ഡിഗ്രിയിൽത്തന്നെ കറങ്ങിക്കൊണ്ടിരിക്കും. അപ്പോഴായിരിക്കും തോളത്ത് 'പടേ' എന്ന് അടി വീഴുന്നത്. 'തല നേരേ പിടിക്ക്' എന്ന ശാസനയും. ഒരു തവണ പല്ലു തേപ്പു കഴിയുമ്പോഴേയ്ക്ക് അര ഡസൻ അടിയും നുള്ളും നുള്ളായിരുന്നു അമ്മയുടെ ഇഷ്ടശിക്ഷാമുറ നടന്നു കഴിഞ്ഞു കാണും.

ഒരിക്കൽ ലീവിനു വന്ന അച്ഛൻ ഈ സാഹസങ്ങൾ കണ്ടു പറഞ്ഞു, 'കുട്ടാ, ഇനി നീ തനിച്ചു തന്നെ പല്ലു തേച്ചാൽ മതി.' പ്രോത്സാഹനമായി മിന്നിത്തിളങ്ങുന്ന ഓട്ടുകിണ്ടിയും എനിക്കു സമ്മാനിച്ചു. അതിന്റെ തിളക്കത്തിൽ മയങ്ങി ഞാൻ സ്വയം പല്ലുതേപ്പാരംഭിച്ചു. അമ്മ പ്രതിഷേധിച്ചു. 'ഒരു ദിവസം മുഴുവൻ കളയും കുട്ടൻ പല്ലുതേപ്പെന്നും പറഞ്ഞ്.' 'സാരമില്ല', അച്ഛൻ പറഞ്ഞു. 'പതുക്കെ സ്പീഡായിക്കോളും.'

അങ്ങനെ എനിക്കു സ്വന്തമായിക്കിട്ടിയ പ്രഥമ ജംഗമസ്വത്തായിരുന്നു ആ ഓട്ടുകിണ്ടി. അന്നു മുതൽ ഞാനതു കൊണ്ടുനടക്കുന്നു. അതെനിക്കു സമ്മാനിച്ച അച്ഛനേയും അതിനു കാരണമാക്കിയ അമ്മയേയും ആ കിണ്ടി ഓർമ്മപ്പെടുത്തുന്നു. മൺമറഞ്ഞു പോയ അവരുമായുള്ള ലിങ്കുകളിൽ അവശേഷിക്കുന്ന ഒന്നാണത്. അങ്ങനെയുള്ള കിണ്ടിയുടെ മൂടിയാണ് സദാസമയവും മാലിന്യക്കൂമ്പാരത്തിൽത്തന്നെ ജീവിക്കുന്ന ഈ വൃത്തികെട്ട കാക്ക കൊത്തിവലിച്ചു തുറക്കാൻ ശ്രമിക്കുന്നത്.

കിണ്ടിക്കുള്ളിൽ അല്പം വെള്ളമുണ്ടാകണം. മൂടി മാറിക്കിട്ടിയാൽ കാക്ക കിണ്ടിക്കുള്ളിലെ വെള്ളം കൊക്കിലൂടെ വലിച്ചു കുടിക്കും, തീർച്ച. സകലവിധ മാലിന്യങ്ങളും കൊത്തിത്തിന്നുന്ന കാക്ക അതേ കൊക്കുകൊണ്ട് എന്റെ അരുമയായ ഓട്ടുകിണ്ടിക്കകത്തുള്ള വെള്ളം വലിച്ചെടുത്തു കുടിക്കുന്നത് അലോസരപ്പെടുത്തുന്നൊരു കാര്യമാണ്. വീണ്ടുമുപയോഗിക്കുന്നതിനു മുൻപ് ആ കിണ്ടി കാര്യമായിത്തന്നെ കഴുകേണ്ടി വരും.

എങ്കിലും കാക്കയെ ഓടിക്കാൻ തോന്നിയില്ല. ഞാൻ നോക്കിനിൽക്കുന്നതിനിടെ കാക്ക പല തവണ സ്റ്റീൽമൂടി കൊത്തിവലിക്കാൻ ശ്രമിച്ചു. മൂടിയുടെ വലിപ്പവും കിണ്ടിയുടെ വായ്‌വട്ടവും തുല്യമായിരുന്നതു കൊണ്ട് മൂടിയുടെ വക്ക് പുറത്തേയ്ക്ക് ഒട്ടും തന്നെ ഉന്തി നിന്നിരുന്നില്ല. മൂടി ഏതെങ്കിലുമൊരു വശത്തേയ്ക്ക് അല്പമെങ്കിലും ഉന്തി നിന്നിരുന്നെങ്കിൽ അതു കാക്ക എളുപ്പം വലിച്ചു മാറ്റിയേനേ. കാക്ക വീണ്ടും വീണ്ടും ശ്രമിച്ചു. അതിനു കലശലായ ദാഹമുണ്ടായിരുന്നിരിക്കണം.

'അതെന്താ ചേട്ടാ, അവിടെ ഒച്ച? കാക്കയാണോ?'

അടുക്കളയിൽ നിന്നു ചോദ്യം വന്നു. ഞാൻ മിണ്ടിയില്ല. മറുപടി പറഞ്ഞു പോയാൽ, ജനലിലൂടെ ഞാൻ അതിനെ നോക്കിക്കൊണ്ടിരിക്കുന്നത് കാക്ക കാണും. ചിലപ്പോൾ പേടിച്ചു പറന്നു പോയെന്നും വരും. കാക്കയ്ക്ക് ആളുകളെ തിരിച്ചറിയാൻ സാധിക്കുമെന്ന് എനിക്കു നന്നായറിയാം. എന്റെ ശ്രീമതിയെക്കണ്ടാൽ അവ പറന്നു പോകാറില്ല. ഒരരികിലേയ്ക്ക് അൽപമൊന്ന് ഒതുങ്ങിയിരുന്ന് വഴി നൽകുക മാത്രമാണ് അവ ചെയ്യാറ്. എന്നാൽ ഞാൻ മുറ്റത്തിറങ്ങുന്നതു കണ്ടാൽ മിക്ക കാക്കകളും ഒന്നുകിൽ പറന്നു പോകും, അല്ലെങ്കിൽ ചുറ്റുമുള്ള മരച്ചില്ലകളിലോ മറ്റു സുരക്ഷിതസ്ഥാനങ്ങളിലോ കയറിക്കൂടും. ഞാൻ കാക്കകളെ കല്ലെടുത്തെറിഞ്ഞ് ഓടിക്കാറില്ല. എങ്കിലും വേണ്ടിവന്നാൽ ഞാനതിനു മുതിരുമെന്നും എനിക്കതിനുള്ള പ്രാപ്തിയുണ്ടെന്നും അവയ്ക്കു തോന്നിയിട്ടുണ്ടാകും.

അമേരിക്കയിലെ സിയാറ്റിലിൽ ഗവേഷകർ തങ്ങളുടെ കോളേജ് കാമ്പസിലെ ഏതാനും കാക്കകളെ പിടിച്ച് അടയാളപ്പെടുത്തി വിട്ടു. മുഖംമൂടികൾ അണിഞ്ഞുകൊണ്ടാണ് ഗവേഷകർ ഇതു ചെയ്തത്. അടയാളപ്പെടുത്തി വിട്ട കാക്കകൾ പ്രതികാരവാഞ്ഛയോടെ തിരികെ പറന്നു വന്ന് മുഖംമൂടിയണിഞ്ഞ ഗവേഷകരുടെ തലയിൽ ഞോടിക്കൊണ്ടുള്ള ആക്രമണം തുടങ്ങി. കാമ്പസ്സിൽ മറ്റനേകം ആളുകളുണ്ടായിരുന്നെങ്കിലും, തങ്ങളെ പിടിച്ച് അടയാളപ്പെടുത്തി വിട്ട, മുഖംമൂടിയണിഞ്ഞ ഗവേഷകരെയൊഴികെ മറ്റാരേയും കാക്കകൾ ഉപദ്രവിച്ചില്ല. ആളുകളെ തിരിച്ചറിയാൻ ആ കാക്കകൾക്കു കഴിഞ്ഞെന്നു മാത്രമല്ല, അവയ്ക്ക് പ്രതികാരബുദ്ധിയുണ്ട് എന്നു കൂടി ഈ പരീക്ഷണത്തിൽ നിന്നു തെളിഞ്ഞു.

അടയാളപ്പെടുത്തിവിട്ടിരുന്ന കാക്കകളുടെ അഭ്യർത്ഥന മാനിച്ചായിരിക്കണം മറ്റു കാക്കകളും മുഖംമൂടിയണിഞ്ഞ ഗവേഷകരുടെ നേരേയുള്ള ആക്രമണത്തിൽ പങ്കു ചേർന്നു. അവയിൽ ഒരു കാക്കയ്ക്കു പോലും ആൾ തെറ്റിയില്ല. ശത്രുക്കളെ കൃത്യമായി ചൂണ്ടിക്കാണിച്ചുകൊടുത്തുകൊണ്ടുള്ള ആശയവിനിമയം കാക്കകൾ തമ്മിൽ നടന്നു എന്നും ഈ സംഭവം തെളിയിച്ചു.

ഞാൻ നിശ്ശബ്ദമായി ജനലിലൂടെ നോക്കിക്കൊണ്ടു നിൽക്കെ, നമ്മുടെ കാക്ക സ്റ്റീൽമൂടി കൊത്തിവലിച്ചു താഴെയിട്ടു. ഭാഗ്യത്തിനത് വരാന്തയിലേയ്ക്കാണു വീണത്, മുറ്റത്തെ ചെളിയിലേയ്ക്കല്ല.

അടുക്കള വരാന്തയിൽ എന്തോ സംഭവിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ എന്റെ ശ്രീമതി അടുക്കള വാതിൽ തുറന്ന് പിന്നാമ്പുറത്തെ വരാന്തയിലേയ്ക്ക് നേരിട്ടിറങ്ങുന്നതിനു പകരം ഞാനിരിക്കുന്ന മുറിയിലേയ്ക്കു മെല്ലെ കടന്നു വന്നു. 'നിശ്ശബ്ദം' എന്നു ഞാൻ ആംഗ്യം കാണിച്ചു. അവളും ശബ്ദമുണ്ടാക്കാതെ ജനലിലൂടെ നോക്കി.

കിണ്ടിയിൽ വെള്ളം തീരെക്കുറവായിരുന്നിരിക്കണം. കൈ കഴുകേണ്ടി വരുന്ന സമയത്തു മാത്രമേ ഞാനതിൽ വെള്ളം നിറയ്ക്കാറുള്ളു. കാക്ക കിണ്ടിയുടെ വക്കിൽ കയറിയിരുന്നു. 'അതിപ്പൊത്തന്നെ കിണ്ടിയിന്മേൽ കാഷ്ഠിക്കും', ഞാനുള്ളിൽ പറഞ്ഞു.

കാക്ക കിണ്ടിക്കുള്ളിലേയ്ക്കു തല ഒരുവിധം കടത്തി. എങ്കിലും കൊക്കു വെള്ളത്തിലേയ്‌ക്കെത്തിയോ എന്നു സംശയമുണ്ട്. കൊക്കു വെള്ളത്തിലെത്തിയിരുന്നെങ്കിൽ വെള്ളം കൊക്കിനുള്ളിലേയ്ക്കു വലിച്ചു കയറ്റുമായിരുന്നു. കൊക്കിനുള്ളിൽ വെള്ളം കയറിയിരുന്നെങ്കിൽ ഉടൻ കൊക്കു പിൻവലിച്ച്, കൊക്കുയർത്തിപ്പിടിച്ച് വെള്ളം ഇറക്കുകയും ചെയ്യുമായിരുന്നു. വെള്ളം ഇറക്കുന്നതു കണ്ടില്ല. മിക്കവാറും വെള്ളം കിട്ടിയിട്ടുണ്ടാവില്ല. വെള്ളം വളരെക്കുറവായിരുന്നിരിക്കണം.

പ്രാചീന ഗ്രീസിൽ, എന്നു വച്ചാൽ ക്രിസ്തുവിനും ആറോ ഏഴോ നൂറ്റാണ്ടു മുൻപ്, ഈസോപ്പ് എന്ന ഒരടിമ ജീവിച്ചിരുന്നു. അദ്ദേഹം വളരെയധികം കഥകൾ പറഞ്ഞിരുന്നു: ഈസോപ്പു കഥകൾ. ഗുണപാഠമുൾക്കൊള്ളുന്നവയായിരുന്നു, അദ്ദേഹം പറഞ്ഞ കഥകൾ. അക്കൂട്ടത്തിലുണ്ടായിരുന്ന ഒരു കഥയാണ് കാക്കയും കുടവും. ഒരു ചെറുകുടത്തിൽ കുറേ വെള്ളമുണ്ട്. ദാഹിച്ചു വലഞ്ഞെത്തിയ കാക്കയുടെ കൊക്ക് വെള്ളത്തിലേയ്‌ക്കെത്തുന്നില്ല. കാക്ക ചുറ്റും നോക്കുന്നു. അവിടവിടെ ചെറുകല്ലുകൾ കിടക്കുന്നതു കാണുന്നു. കാക്ക കല്ലുകളോരോന്നു കൊത്തിയെടുത്ത് കുടത്തിലിടാൻ തുടങ്ങുന്നു. കല്ലുകൾ വീഴുന്നതിനനുസരിച്ച് കുടത്തിനകത്തെ വെള്ളം ഉയരുന്നു. ഒടുവിൽ കാക്കയ്ക്ക് വെള്ളം കുടിക്കാനാകുന്നു.

ഇക്കഥ ഏതോ ഒരു ലോവർ പ്രൈമറി ക്ലാസ്സിൽ ഞാൻ പഠിക്കാനിട വന്നിട്ടുമുണ്ട്. പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടതാണെന്നും അവയെ എങ്ങനെ തരണം ചെയ്യാമെന്ന് ആലോചിച്ചു കണ്ടു പിടിക്കാവുന്നതേയുള്ളു എന്നുമൊക്കെയായിരിക്കാം ഈ കഥയിൽ നിന്നു കിട്ടിയിരുന്ന ഗുണപാഠം.

ഇവിടെ ഓട്ടുകിണ്ടിയിലേയ്ക്കു പ്രയാസപ്പെട്ടു കൊക്കു കടത്തി നോക്കിയിട്ടും വെള്ളം കുടിക്കാനാകാഞ്ഞ നമ്മുടെ നാടൻ കാക്ക എങ്ങനെ ആ പ്രതിബന്ധത്തെ തരണം ചെയ്തു വെള്ളം കുടിക്കുമെന്നു കാണാൻ ഞങ്ങൾ കൗതുകത്തോടെ കാത്തിരുന്നു. കൊക്കിലൊതുങ്ങാൻ പാകത്തിലുള്ള കല്ലുകൾ മുക്കാലിഞ്ചു മെറ്റലുകൾ ധാരാളം മുറ്റത്തു കിടന്നിരുന്നു. കാക്കയ്ക്ക് ഈസോപ്പിന്റെ കാക്ക ചെയ്തതു പോലെ അവ പെറുക്കി കിണ്ടിയിലിടുകയും ചെയ്യാമായിരുന്നു. പക്ഷേ ആ ബുദ്ധി നമ്മുടെ കാക്കയുടെ കുഞ്ഞുതലയിൽ ഉദിച്ചില്ല. ഒരു പക്ഷേ ആ ബുദ്ധി അതിന്റെ തലയിൽ ഉദിച്ചുകാണും, പക്ഷേ കുറേയേറെ കല്ലുകൾ പെറുക്കിയിട്ടാലും കിണ്ടിക്കകത്തു വെള്ളം കുറവായതു കൊണ്ട് ജലവിതാനം കുടിക്കാൻ പാകത്തിന് ഉയർന്നു വരാനുള്ള സാദ്ധ്യത കാണാഞ്ഞതു കൊണ്ടുമാവാം, കല്ലുകൾ പെറുക്കിയിടുന്ന കാര്യം കാക്ക നടപ്പിൽ വരുത്താൻ തുനിയാഞ്ഞത്.

പല തവണ ശ്രമിച്ചിട്ടും കാക്കയ്ക്കു വെള്ളം കിട്ടിയില്ല. അതു ചുറ്റും നോക്കിക്കൊണ്ടിരുന്നു.

'വടക്കേ മുറ്റത്ത് ചട്ടീല് വെള്ളം വച്ചിട്ടുണ്ടല്ലോ, നീയതു കണ്ടില്ലേ?' ശ്രീമതി നിശ്ശബ്ദത വെടിഞ്ഞ് നേരിട്ട് കാക്കയോടു ചോദിച്ചു. അവളുടെ ശബ്ദം കേട്ട് കാക്ക തിരിഞ്ഞ് ഞങ്ങളുടെ നേരേ നോക്കി.

കാക്കയോടും പൂച്ചയോടും ചെടികളോടും മറ്റും വർത്തമാനം പറയുന്നൊരു പതിവ് എന്റെ ശ്രീമതിക്കുണ്ട്. അവൾ പറയുന്നത് കാക്കയും പൂച്ചയും കേൾക്കുമെന്നും ചിലപ്പോഴെങ്കിലും മനസ്സിലാക്കിയെടുക്കുമെന്നും കരുതാം. പക്ഷേ ചെടികളോടു വർത്തമാനം പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ? ഒരു തൈ നടുമ്പോൾ അവൾ പറയും, 'നന്നായി വളരണം, കേട്ടോ'. വേനൽക്കാലത്ത് നനച്ചു കൊടുക്കുമ്പോൾ അവൾ ചെടികളോടു പറയും, 'ചൂടുകാലമാ. വെള്ളം ശരിക്കു കുടിച്ചോ'.

ശ്രീമതിയുടെ ചോദ്യം കേട്ടു തിരിഞ്ഞു നോക്കിയ കാക്ക അവളെ മാത്രമല്ല എന്നേയും കണ്ടെങ്കിലും പറന്നു പോയില്ല. ശ്രീമതി അതിനോടായി വീണ്ടും പറഞ്ഞു: 'അപ്പുറത്തു കൽച്ചട്ടീല് ഇഷ്ടം പോലെ വെള്ളമുണ്ട്. പോയിക്കുടിക്ക്.'

രാവിലെ ചെടികൾക്കു നനയ്ക്കുമ്പോൾ കിണറ്റിൽ നിന്നുള്ള ആദ്യ ബക്കറ്റ് ആ കൽച്ചട്ടിയിലേയ്ക്കുള്ളതാണ്. കണിക്കൊന്നയുടെ ചുവട്ടിൽ വച്ചിരിക്കുന്ന കൽച്ചട്ടിയിൽ മിക്കപ്പോഴും വെള്ളമുണ്ടാകും. പക്ഷികൾക്കു വേണ്ടിയുള്ളതാണ് ആ വെള്ളം. വെയിലിനു ചൂടേറിയാൽ കൽച്ചട്ടിയിലെ വെള്ളം കുടിക്കാൻ വേണ്ടി ഒരുപാട് മാടത്തകളും (മൈനകൾ) പുത്താങ്കീരികളും (കരിയിലക്കിളികൾ) എത്തും. പിന്നെക്കുറേ നേരം അവരുടെ അസംബ്ലിയായിരിക്കും. വലിയ കോലാഹലം തന്നെ. പക്ഷേ എന്നും കേൾക്കാനാഗ്രഹിക്കുന്ന, കേട്ടാലും കേട്ടാലും മതിവരാത്ത കോലാഹലമാണത്.

ശ്രീമതി പറഞ്ഞതു കാക്കയ്ക്കു മനസ്സിലായിക്കാണില്ല. അല്പനേരം അങ്ങോട്ടുമിങ്ങോട്ടുമെല്ലാം നോക്കിയിരുന്ന ശേഷം അതു പടിഞ്ഞാറോട്ടു പറന്നു പോയി. അതിനു ദാഹിക്കുന്നുണ്ടാകും. പാവം.

കൽച്ചട്ടിയിൽ വെള്ളം തീർന്നു കാണുമോ? ഞങ്ങൾ ചെന്ന് വടക്കുപുറത്തെ ജനലിലൂടെ നോക്കി. കൽച്ചട്ടിയിൽ ധാരാളം വെള്ളമുണ്ട്. പക്ഷേ കാക്ക അങ്ങോട്ടു വന്നിട്ടില്ല. അവിടം വിജനം.

'വെള്ളം ചൂടായിട്ടുണ്ടാകും.' ശ്രീമതിയുടെ ഊഹം ശരിയായിരുന്നു. കണിക്കൊന്നയുടെ നിഴലകന്ന്, കൽച്ചട്ടിയിൽ ഉച്ചവെയിൽ വ്യാപിച്ചിരിക്കുന്നു. വെള്ളത്തിൽ തൊട്ടു നോക്കി. ഇളം ചൂട്. കൽച്ചട്ടിയെടുത്ത് പടിഞ്ഞാപ്പുറത്തെ മാവിന്റെ ചുവട്ടിൽ വച്ചു. മാവിനു കണിക്കൊന്നയേക്കാൾ കൂടുതൽ തണലുണ്ട്. ഇനിയിത് ഇവിടെത്തന്നെ സ്ഥിരമായി ഇരിക്കട്ടെ. ചട്ടി ചരിച്ച്, ചൂടുപിടിച്ചിരുന്ന വെള്ളം കളഞ്ഞ് കിണറ്റിൽ നിന്നുള്ള തണുത്ത വെള്ളം നിറച്ചു വച്ചു.

കാക്ക കൽച്ചട്ടിയിലെ വെള്ളം കാണാഞ്ഞതായിരിക്കില്ല. അതിലെ വെള്ളം ചൂടു പിടിച്ചിരുന്നതു കൊണ്ടാകാം അതു വേണ്ടെന്നു വച്ച്, കിണ്ടിയിലെ തണുത്ത വെള്ളം കുടിക്കാൻ ശ്രമം നടത്തിയത്.

കാക്ക വന്നിരുന്ന് അഴുക്കാക്കിയ കിണ്ടി കഴുകാനെടുക്കുമ്പോൾ നോക്കി: അതിൽ വെള്ളം വളരെക്കുറവായിരുന്നു. വെള്ളത്തിനു തണുപ്പുണ്ടായിരുന്നെങ്കിലും, കല്ലുകൾ കൊണ്ടു നിറച്ചാലും ജലനിരപ്പ് കുടിക്കാൻ പാകത്തിന് ഉയർന്നു വരാനുള്ള സാദ്ധ്യതയുണ്ടായിരുന്നില്ല. ഇക്കാര്യം മനസ്സിലാക്കിയെടുത്തതു കൊണ്ടുകൂടിയായിരിക്കുമോ ഈസോപ്പിന്റെ കാക്കയെ അനുകരിക്കാൻ നമ്മുടെ കക്ഷി ശ്രമിക്കാതിരുന്നത്?

ആലോചിച്ചപ്പോളെനിക്ക് കാക്കയുടെ നേരേ ആദരവു തോന്നി. ഈസോപ്പിന്റെ കാക്കയേക്കാൾ ഒട്ടും ബുദ്ധി കുറവായിരുന്നിരിക്കില്ല നമ്മുടെ നാട്ടുകാക്കയ്ക്ക്. മനുഷ്യർ ചെയ്യുന്നതു പോലെ ഓട്ടുകിണ്ടിയുടെ സ്റ്റീൽ മൂടി മാറ്റാൻ അതിനു കഴിഞ്ഞല്ലോ. പ്രയാസപ്പെട്ടാണ് കാക്കയതു സാധിച്ചത്. പല തവണ ശ്രമിയ്‌ക്കേണ്ടി വന്നെങ്കിലും ഇടയ്ക്കു വച്ച് ശ്രമം ഉപേക്ഷിച്ചു പോയില്ല. വിജയിക്കുന്നതു വരെ ശ്രമം തുടരുകയാണുണ്ടായത്. അശ്രാന്തപരിശ്രമം തന്നെ നടത്തി.

ഒടുവിൽ വിജയിച്ചപ്പോൾ ഓട്ടുകിണ്ടിയുടെ സ്റ്റീൽമൂടി പ്രയാസപ്പെട്ടു കൊത്തിവലിച്ചിട്ടത് മുറ്റത്തേയ്ക്കായിരുന്നില്ല, വരാന്തയിലേയ്ക്കായിരുന്നു. അരമതിലിന്റെ മുറ്റത്തെ വക്കിലിരുന്നുകൊണ്ടാണ് കാക്ക മൂടി കൊത്തിവലിച്ചത്. മൂടി മുറ്റത്തേയ്ക്കു വീഴാനായിരുന്നു കൂടുതൽ സാദ്ധ്യത. എന്നിട്ടുമത് വരാന്തയിലേയ്ക്കാണു വീണത്. അതുകൊണ്ടത് മനഃപൂർവ്വമായിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നു. സ്റ്റീൽമൂടി മുറ്റത്തെ ചെളിയിലേയ്ക്കിടണ്ട, മനുഷ്യർക്കത്രയും ഉപദ്രവം കുറഞ്ഞിരുന്നോട്ടെ എന്നു കരുതിക്കാണും.

കിണ്ടി തുറന്നു കിട്ടിയെങ്കിലും അതിലെ വെള്ളത്തിന്റെ അളവ് തീരെക്കുറവായതുകൊണ്ട് തുടർന്നുള്ള ശ്രമം പാഴ്‌വേല മാത്രമായിത്തീരുമെന്നും കാക്കയ്ക്കു കാണാൻ കഴിഞ്ഞു. ദാഹത്തിനിടയിലും പ്രായോഗികചിന്ത കാക്ക വെടിഞ്ഞില്ല.

കൽച്ചട്ടിയിലെ വെള്ളം ചൂടുപിടിച്ചതും കാക്ക മനസ്സിലാക്കി. കൂടുതൽ ബുദ്ധിയുള്ള ഞാൻ അതു മനസ്സിലാക്കിയില്ല. തിളയ്ക്കുന്ന വെയിലിനിടയിൽ ചൂടുവെള്ളം കുടിച്ചതുകൊണ്ടു പ്രയോജനമില്ലെന്നും കാക്ക അനുഭവത്തിൽ നിന്നറിഞ്ഞിട്ടുണ്ടാകും. കൽച്ചട്ടിയിലെ വെള്ളം തണുത്തിരിക്കുമ്പോഴൊക്കെ അതു കുടിച്ചിട്ടുമുണ്ടാകും, തീർച്ച. കാരണം, മാടത്തകളും പൂത്താങ്കീരികളും മാത്രമല്ല, കാക്കകളും അതിൽ നിന്നു വെള്ളം കുടിക്കുന്നതു കണ്ടിട്ടുണ്ട്.

വെള്ളം കുടിക്കാനാകാതെ പറന്നു പോയ കാക്ക എങ്ങോട്ടായിരിക്കും പോയത്? വെള്ളം കിട്ടാതെ വലയുന്ന കുഞ്ഞുങ്ങൾ അതിനുണ്ടായിരിക്കുമോ? കൂട്ടിലേയ്ക്കായിരിക്കുമോ അതു പോയത്?

കുറച്ചുനാൾ മുൻപ് ഒരു ദിവസം ശ്രീമതി പറഞ്ഞതോർത്തു, 'ചേട്ടാ, ഒരു ചൂലു വാങ്ങണം. ടെറസ്സടിക്കാൻ വച്ചിരുന്ന ചൂലു മുഴുവനും കാക്ക കൊണ്ടുപോയി തീർത്തു.'

കാക്ക ചൂലു കൊണ്ടു പോയെന്നോ? അതെങ്ങനെ?

സംഗതി ശരിയായിരുന്നു. ടെറസ്സിൽ തുറന്നു കിടക്കുന്ന ട്രസ്സിന്റെ താഴെ, നിലത്താണ് ചൂലു വച്ചിരുന്നത്. മൃദുവായ പുല്ലുകൊണ്ടുള്ള ചൂലായിരുന്നു. പുതിയ ചൂല്. കാക്ക വന്ന് ചൂലിൽ നിന്ന് ഇഷ്ടമുള്ള പുല്ല് തെരഞ്ഞെടുത്ത്, കൊക്കു കൊണ്ടു കൊത്തിയൊടിച്ച് പുല്ലുമായി പറന്നു പോകും. എവിടെയോ ഏതോ ഒരു മരത്തിൽ അതു കൂടുണ്ടാക്കുന്നുണ്ട്. കുറേക്കഴിഞ്ഞ് വീണ്ടും വരും. ഈ കൂടുണ്ടാക്കൽ പ്രക്രിയ തുടങ്ങിയിട്ടു കുറച്ചു നാളായിരുന്നു. പുല്ലുകൾ ഒട്ടു മുക്കാലും നഷ്ടപ്പെട്ടതോടെ ചൂല് ശോഷിച്ചു. കാക്ക ചൂലിൽ നിന്ന് പുല്ലു കൊത്തിക്കൊണ്ടു പോകുന്നത് ടെറസ്സിൽ ദിവസേന കയറി നോക്കാറുള്ള ശ്രീമതി നേരിൽ കാണുകയും ചെയ്തിരുന്നു. മനുഷ്യനു വീട് അത്യാവശ്യമായതു പോലെ കാക്കയ്‌ക്കൊരു കൂടും വേണമല്ലോ എന്നു വിചാരിച്ച് ശേഷിച്ച ചൂല് കാക്കയ്ക്കായി ഡെഡിക്കേറ്റു ചെയ്തുവെന്ന് അവൾ പറഞ്ഞു.

ചൂലിൽ നിന്ന് കാക്ക ഒടിച്ചെടുത്തുകൊണ്ടു പോകുന്നത് ഏറ്റവും നല്ല പുല്ലുകളായിരുന്നെന്നും ശ്രീമതി പറഞ്ഞിരുന്നു. ബലക്കൂടുതലുള്ളവയും നാരുകൾ കുറഞ്ഞവയുമാണ് ചൂലിൽ അവശേഷിക്കുന്നത്. ഒരു തുണിക്കടയിൽ മനുഷ്യർ ഇഷ്ടപ്പെട്ട തുണിത്തരങ്ങൾ തെരഞ്ഞെടുക്കുന്നതു പോലെ, കാക്ക ചൂല് ആകെപ്പാടെയൊന്നു പരിശോധിച്ച്, ഉള്ളതിലേറ്റവും നല്ലതു നോക്കി ഒടിച്ചെടുക്കുന്നു. 2007ൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ആധുനികോപകരണങ്ങളുപയോഗിച്ചു കണ്ടെത്തിയതും ഇതു തന്നെ. ആസ്‌ട്രേലിയയ്ക്കടുത്ത് ശാന്തസമുദ്രത്തിലുള്ള ന്യൂ കാലിഡോണിയയിലെ കാക്കകൾ ഭക്ഷിക്കാനായി വിവിധതരത്തിലുള്ള പുല്ലുകളും തണ്ടുകളും കൊമ്പുകളും തിരഞ്ഞുപിടിച്ച് വളച്ചൊടിച്ചാണ് ശേഖരിക്കുന്നതെന്ന് അവർ കണ്ടു.

എന്തായാലും പുതിയ ചൂലു വാങ്ങി. പണ്ട് ഇരുപതുറുപ്പികയ്ക്കു കിട്ടിയിരുന്ന ചൂലിനിപ്പോൾ വില നൂറ്റിരുപത്. പുതിയ ചൂല് ടെറസ്സിൽ വച്ചില്ല. കൂടുണ്ടാക്കാനായി ചൂലിൽ നിന്നു പുല്ലൊടിച്ചു കൊണ്ടുപോയും മറ്റും കഷ്ടപ്പെടാനിട വരുത്താതെ തന്നെ കാക്കകൾക്കും കുരുവികൾക്കുമായി കൂടുകളുണ്ടാക്കിക്കൊടുത്തു ശ്രീമതി. സൺഷേഡിന്റെ അടിയിൽ ഘടിപ്പിച്ചിട്ടുള്ള കൊളുത്തുകളിൽ മൺചട്ടികൾ തൂക്കിയിട്ടു. ചട്ടികൾക്കകത്ത് ഉണങ്ങിയ ചകിരിനാരും ചൂലിൽ ശേഷിച്ച പുല്ലുകളും മറ്റും കൊണ്ട് മൃദുവായ മെത്തയുണ്ടാക്കിയിരുന്നു.

മൂന്നിടത്ത് അത്തരം ചട്ടിക്കൂടുകൾ തൂക്കിയിട്ടിട്ടു നാളേറെയായി. ഇതുവരെ കാക്കയോ കുരുവിയോ ഒന്നും തന്നെ വന്ന് ഒരു ചട്ടിക്കൂടിൽപ്പോലും താമസമാക്കിയിട്ടില്ല. തങ്ങൾക്കാവശ്യമുള്ള കൂട് തങ്ങൾ തന്നെ നിർമ്മിച്ചോളാം എന്നാണു പക്ഷികളുടെ നയമെന്നു തോന്നുന്നു. മനുഷ്യരുണ്ടാക്കിത്തരുന്ന കൂടിനോട് വിശ്വാസക്കുറവുമുണ്ടാകാം. മനുഷ്യരെ വിശ്വസിച്ചുപോകരുത് എന്ന അഭിപ്രായം പക്ഷികളുടെ ഇടയിലുണ്ടായിരിക്കുമോ എന്തോ.

ഓട്ടുകിണ്ടിയുടെ സ്റ്റീൽമൂടി കൊത്തിമാറ്റി വെള്ളം വലിച്ചു കുടിക്കുക, ചൂലിൽ നിന്ന് മൃദുവായ പുല്ലുകൾ തെരഞ്ഞെടുത്തുകൊത്തിയൊടിച്ചു കൊണ്ടു പോകുക, ആഹാരം നൽകുന്ന മനുഷ്യരേയും ഉപദ്രവിക്കാനിടയുള്ള മനുഷ്യരേയും തിരിച്ചറിയുക: ഇതൊക്കെ ചെയ്യാനുള്ള ബുദ്ധിശക്തി കാക്കകൾക്കുണ്ടെന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി. കാക്കകളുടെ ബുദ്ധിശക്തി എന്നെ മാത്രമല്ല, ഓക്‌സ്‌ഫോർഡിലെ ഗവേഷകരേയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷിൽ റ്റോഡ് എന്നറിയപ്പെടുന്ന മരക്കുട്ടിത്തവളയുടെ ചില ഇനങ്ങൾക്കു വിഷമുണ്ട്. അവയുടെ ത്വക്കിലുള്ള ഗ്രന്ഥികളുല്പാദിപ്പിക്കുന്ന വിഷമേൽക്കാതെ തന്നെ തവളയെ ആഹരിക്കാൻ വേണ്ടി ആസ്‌ട്രേലിയയിലെ ക്വീൻസ്‌ലന്റിലെ കാക്ക ചെയ്യാറുള്ള വിദ്യയും ഓക്‌സ്‌ഫോർഡിലെ ഗവേഷകർ കണ്ടു പിടിച്ചു. കാക്ക ആദ്യംതന്നെ തവളയെ ശക്തിയായി മലർത്തിയടിക്കുന്നു. തവളയുടെ കഴുത്തിലുള്ള തൊലിക്കു കനം തീരെക്കുറവാണ്. മലർന്നു കിടന്നു പോകുന്ന തവളയുടെ കൃത്യം കഴുത്തിൽത്തന്നെ കാക്ക കൊത്തി മുറിക്കുന്നു. അനന്തരം അകത്തുള്ള, വിഷമില്ലാത്ത അവയവങ്ങൾ യഥേഷ്ടം ഭക്ഷിക്കുന്നു. വിഷബാധയേൽക്കാതെ തന്നെ.

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നാലു കാക്കകളിൽ ഓരോന്നിനെക്കൊണ്ടും പരീക്ഷണം നടത്തി. ഒരു ഗ്ലാസ്സിൽ പകുതിയോളം വെള്ളം. കൊക്കിനെത്താവുന്നതിലും താഴെ, വെള്ളത്തിൽ, ഒരു പുഴു. കാക്കകൾക്ക് പുഴു ഇഷ്ടഭക്ഷണം. ഗ്ലാസ്സിനടുത്ത് കുറച്ചു കല്ലുകളും മറ്റു ചില വസ്തുക്കളും.

നാലു കാക്കകളും കല്ലുകൾ പെറുക്കി ഗ്ലാസ്സിലിട്ടു. ജലവിതാനം ഉയർന്നു. മൂന്നു കാക്കകൾ പുഴുവിനെ കൊത്തിയെടുത്ത് പുറത്തു വച്ചു തിന്നു. നാലാമത്തെ കാക്ക കല്ലുകളിട്ട് ജലവിതാനത്തെ ഉയർത്തിയെങ്കിലും പുഴുവിനെ കൊത്തിയെടുക്കാവുന്ന സ്ഥിതിയായപ്പോൾ ആ പുഴുവിനെ തനിക്കു വേണ്ടെന്നു വച്ചു പൊയ്ക്കളഞ്ഞു.

ഈസോപ്പുകഥ വായിച്ചിട്ടുള്ളവർക്ക് ഈ പരീക്ഷണത്തിൽ വലിയ പുതുമയൊന്നും തോന്നുകയില്ല. രണ്ടര സഹസ്രാബ്ദമായി കാക്കകൾ കല്ലിട്ടു വെള്ളം കുടിക്കൽ നടത്തിപ്പോരുന്നു. പക്ഷേ സൂക്ഷ്മമായ മറ്റു ചില വസ്തുതകൾ കൂടി ഈ പരീക്ഷണത്തിൽ വെളിപ്പെട്ടു. കാക്കകൾ നാലും ചെറിയ കല്ലുകളെ അവഗണിച്ച്, പകരം ജലവിതാനം എളുപ്പം ഉയർത്താനുതകുന്ന, വലിപ്പമേറിയ കല്ലുകളെ തിരഞ്ഞു പിടിച്ചിരുന്നു. ചെറിയ കല്ലുകൾ പെറുക്കി ഊർജ്ജവും സമയവും അവ പാഴാക്കിക്കളഞ്ഞില്ല. മാത്രമല്ല, പൊള്ളയായ സാധനങ്ങളേയും പൊന്തിക്കിടക്കാൻ വഴിയുള്ള വസ്തുക്കളേയും തങ്ങളുടെ ലക്ഷ്യത്തിന് ഉപയോഗശൂന്യമെന്നു തിരിച്ചറിഞ്ഞ് കാക്കകൾ നാലും അവയെ തൊടുക പോലും ചെയ്തിരുന്നില്ല.

പ്രശ്‌നപരിഹാരത്തിനുള്ള ബുദ്ധി കാക്കകൾക്ക് അവസരത്തിനൊത്ത്, അനായാസേന പ്രാപ്യമായിരുന്നു എന്നു ചുരുക്കം. ഉപയോഗശൂന്യമായ പലതും ചെയ്തു ഊർജ്ജവും സമയവും കളയാറുള്ള നാം മനസ്സിലാക്കേണ്ട പലതും കാക്കയുടെ മേൽപ്പറഞ്ഞ പ്രവൃത്തികളിലുണ്ട്.

കല്ലുകൾ കൊത്തിയെടുത്ത് ഗ്ലാസ്സിലിടുകമാത്രമല്ല, കാക്കകൾ ചെയ്യുന്നത്. മറ്റുപകരണങ്ങൾ ഉപയോഗിക്കാനും അവയ്ക്കറിയാം. ഈ വിഷയത്തിൽ ഡോക്ടർ അലക്‌സ് ടെയ്‌ലർ നടത്തിയ പരീക്ഷണം ചരിത്രം സൃഷ്ടിച്ച ഒന്നായിരുന്നു. ബീബീസി അതു ടെലിക്കാസ്റ്റു ചെയ്യുകപോലും ചെയ്തുവത്രെ. ഒരു മരക്കൊമ്പിൽ, ഒരു ചരടിന്മേൽ ഒരു ചെറിയ കോൽ തൂക്കിയിട്ടിരിക്കുന്നു. മൂന്നു അഴിക്കൂടുകൾക്കുള്ളിൽ മൂന്നു കല്ലുകൾ. അല്പം ആഴമുള്ള ഒരു തട്ടിൽ നീളമുള്ളൊരു കോൽ. വേറൊരു കൂട്ടിൽ കാക്കയ്ക്കിഷ്ടമുള്ള ഒരു ആഹാരക്കഷ്ണം. ഈ ആഹാരക്കഷ്ണമെടുക്കാൻ നീളമുള്ള കോൽ വേണം.

അവിശ്വസനീയമായ ബുദ്ധിപ്രയോഗമാണ് കാക്ക അവിടെ നടത്തിയത്. ആദ്യം തന്നെ മരക്കൊമ്പിൽ കയറിയിരുന്ന്, ചരടുയർത്തി അതിന്റെ അറ്റത്തു നിന്ന് ചെറിയ കോൽ കൊത്തിവലിച്ച് ഊരിയെടുക്കുന്നു. ആ ചെറുകോലു കൊണ്ട് അഴിക്കൂടുകൾക്കുള്ളിലുള്ള കല്ലുകൾ മൂന്നും തോണ്ടിയെടുക്കുന്നു. ഓരോ കല്ലും തട്ടിന്മേലിടുന്നു. മൂന്നു കല്ലുകളും തട്ടിൽ വീണു കഴിയുമ്പോൾ കല്ലുകളുടെ ഭാരത്താൽ തട്ടു താഴുകയും അതിന്മേൽ നിന്ന് നീളമുള്ള കോൽ നിലത്തു വീഴുകയും ചെയ്യുന്നു. നിലത്തു വീണ കോൽ വലിച്ചെടുത്ത്, അതുപയോഗിച്ച് നാലാമത്തെ കൂട്ടിനുള്ളിൽ വച്ചിരിക്കുന്ന ആഹാരക്കഷ്ണം തോണ്ടിയെടുക്കുന്നു, അത് അകത്താക്കുന്നു! ഇതിന്റെ വീഡിയോ കാണേണ്ടതു തന്നെയാണ്.

ഈ വിവിധ ചുവടുകൾ മനസ്സിലാക്കിയെടുക്കാൻ കാക്കയേക്കാളേറെ സമയം ഞാനെടുത്തു എന്നു സമ്മതിക്കാതെ തരമില്ല. കാക്ക യാതൊരാശയക്കുഴപ്പവുമില്ലാതെ ഈ ചുവടുകളെല്ലാം അനായാസേന വച്ചതു കണ്ട് അതിബുദ്ധിശാലികളെന്നഭിമാനിക്കുന്ന മനുഷ്യവർഗ്ഗത്തിൽ പെടുന്ന എനിക്കു പോലും കാക്കയോട് അസൂയയും ആദരവും തോന്നിപ്പോയി.

കല്ല്, കോല്, എന്നിങ്ങനെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ മാത്രമല്ല, ചെറിയ ചില ഉപകരണങ്ങളുണ്ടാക്കാനും കാക്കകൾക്കാകും. ഒരു ട്യൂബിനകത്തു വച്ചിരുന്ന, ആഹാരം നിറച്ചൊരു ചെറു ബക്കറ്റ് വലിച്ചടുപ്പിക്കാൻ വേണ്ടി ഒരു കാക്ക അടുത്തു കണ്ട ഒരു കമ്പി കൊത്തിയെടുത്ത്, ചവിട്ടിപ്പിടിച്ച്, കൊക്കുകൊണ്ടു വളച്ച് ഒരു കൊളുത്തുണ്ടാക്കുകയും, ആ കൊളുത്തുപയോഗിച്ച് ആഹാരബക്കറ്റ് വലിച്ചടുപ്പിക്കുകയും ചെയ്തു. 2002ൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തിലാണ് കാക്കയുടെ ഈ ബുദ്ധിപ്രകടനം കാണാനിടയായത്. ഉപകരണം ഉണ്ടാക്കിയുപയോഗിക്കാൻ കഴിവുള്ള മനുഷ്യേതര ജീവികൾ ഭൂമിയിൽ അധികമില്ല. റൊട്ടിക്കഷ്ണങ്ങൾ വെള്ളത്തിലെറിഞ്ഞ് മീൻപിടുത്തം നടത്തുന്ന കാക്കകളെപ്പറ്റിയും പരാമർശമുണ്ട്.

വെറുതെയല്ല കാക്കകളെ ലോകത്തിലെ ഏറ്റവുമധികം ബുദ്ധിശക്തിയുള്ള മനുഷ്യേതര ജീവികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിമ്പാൻസിക്കാണ് ഒന്നാം റാങ്ക്. കുരങ്ങിന്റെ റാങ്ക് പതിന്നാലും കാക്കയുടേത് പതിനെട്ടും. ബബൂൺ, ഒറാങ്ങുട്ടാൻ എന്നീ തരം കുരങ്ങുകളേക്കാളും പ്രാവിനേക്കാളും ബുദ്ധിശക്തി കാക്കയ്ക്കാണത്രെ. മനുഷ്യരുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ഏഴുവയസ്സായൊരു കുട്ടിയുടെ ബുദ്ധിശക്തിയോടു കിടപിടിക്കുന്നതാണ് കാക്കയുടേതെന്ന് ന്യൂസിലന്റിലെ ഓക്ൾലന്റ് യൂണിവേഴ്‌സിറ്റിയിൽ നടന്ന ഗവേഷണങ്ങൾ തെളിയിച്ചിരിക്കുന്നു.

ഒരു കാക്കക്കുടുംബം ഒരു സീസണിൽ നാല്പതിനായിരത്തിലേറെ കീടങ്ങളെ തിന്നു തീർക്കുന്നു എന്നാണു കണക്കുകൾ കാണിക്കുന്നത്. ചീഞ്ഞഴുകിയ മാംസം പോലും കാക്കകൾ സന്തോഷത്തോടെ തിന്നുന്നു. ഇന്ത്യയിലെ കാക്കകളുടെ എണ്ണം മൂന്നരക്കോടിയിൽ കുറയില്ല എന്നാണ് ഒരു കണക്കു കാണിക്കുന്നത്. ഇവ പ്രതിവർഷം തിന്നു തീർക്കുന്ന കീടങ്ങളും ചീഞ്ഞഴുകിയ വസ്തുക്കളും ലക്ഷം ടണ്ണിലേറെയായിരിക്കണം. കാക്കകൾ അവ തിന്നു തീർത്തിരുന്നില്ലെങ്കിൽ ഭൂമിയിലെ പലയിടങ്ങളും മനുഷ്യവാസയോഗ്യമല്ലാതായേനേ. അതുകൊണ്ടു തന്നെയാണ് പ്രകൃതിയുടെ തോട്ടി എന്ന് കാക്കകൾ അറിയപ്പെടുന്നത്.

കാക്കകളെ വെറുക്കുന്നവരാണു കൂടുതലും. കാക്കകൾ വരുത്തുന്ന നാശനഷ്ടങ്ങൾ വിസ്മരിക്കുന്നില്ല. തരം കിട്ടിയാൽ അവ അകത്തുകയറി പലതും കൊത്തിയെടുത്തുകൊണ്ടു പോകുന്നു. അഴുക്കുകൾ അവിടവിടെ വിതറിയെന്നും അതിലൂടെ രോഗങ്ങൾ പരന്നെന്നും വരാം. ഇക്കാരണങ്ങളെല്ലാം കൊണ്ട് കാക്കകളെ പറപ്പിച്ചു വിടുകയാണു പൊതുവിലുള്ള പതിവ്. പതിവ് അതാണെങ്കിലും, ചില പ്രത്യേക അവസരങ്ങളിൽ ഇന്ത്യയിലെ കുറേയേറെ ജനങ്ങൾ തങ്ങളുടെ മരിച്ചുപോയ ബന്ധുക്കളാണു കാക്കകളെന്ന വിചിത്രസങ്കൽപ്പത്തിൽ അവയെ ഭക്തിയോടെ കൈകൊട്ടി വിളിക്കുന്നു. വിളികേട്ട് അവ വരികയും അവയുടെ നേരേ വച്ചു നീട്ടുന്ന ആഹാരം ചുറുചുറുക്കോടെ കഴിക്കുകയും ചെയ്യുമ്പോൾ ജനം സായൂജ്യമടയുന്നു. തലേന്നു വരെ തങ്ങളെ ഓടിച്ചകറ്റിയിരുന്ന മനുഷ്യരുടെ പെരുമാറ്റത്തിൽ പെട്ടെന്നു പ്രത്യക്ഷപ്പെടുന്ന ഈ മാറ്റം കണ്ട് കാക്കകൾ സ്വയം അമ്പരന്നു പോകുന്നുണ്ടാകും. ഈ കാക്കപ്രേമം ക്ഷണികം മാത്രമായിരിക്കും. തൊട്ടടുത്ത ദിവസം മുതൽ അവയ്ക്ക് വീണ്ടും പറന്നകലേണ്ടി വരുന്നു; മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ തന്നെ.

കേരളത്തിൽ കാണപ്പെടുന്ന കാക്കകളുടെ ആയുസ്സ് കേവലം ആറു വർഷം മാത്രമാണ്. കാക്കക്കുടുംബത്തിലെ മറ്റു ചിലയിനങ്ങൾ പതിനഞ്ചു മുതൽ ഇരുപതു വർഷം വരെ ജീവിച്ചിരിക്കുന്നു എന്നും രേഖപ്പെടുത്തിക്കാണുന്നുണ്ട്. ഒരമേരിക്കൻ കാക്ക മുപ്പതു വർഷം ജീവിച്ചിരുന്നത്രേ. ഇന്ത്യയിൽ കാക്കകളുടെ ആയുസ്സ് കൂടാനല്ല കുറയാനാണു കൂടുതൽ സാദ്ധ്യത. കീടനാശിനികളുടെ വ്യാപകമായ ഉപയോഗം മൂലം ഇന്ത്യയിലെ കാക്കജനസംഖ്യയിൽ വലുതായ കുറവു സംഭവിച്ചിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയിൽ മൂന്നു വർഷം മുൻപു വന്ന ഒരു റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. കീടനാശിനി ഒരു ഭസ്മാസുരനാണ്. അതിന്റെ സ്പർശം മൂലം അതുത്പാദിപ്പിച്ച മനുഷ്യർ പോലും മരണപ്പെട്ടുകൊണ്ടിരിക്കുന്നു. കാക്കകളുടെ സ്ഥിതിയും മറിച്ചാവില്ലല്ലോ.