ർഷങ്ങൾക്കു മുൻപ് ഞാനുമായി വിവാഹം നിശ്ചയിച്ചു വച്ചിരുന്ന ആളിന്റെ പക്കൽ 'ആൺകുട്ടികളുമായി അപകടകരമായ സൗഹൃദം സൂക്ഷിക്കുന്നവൾ ' എന്ന ഏഷണിയുമായി എന്റെ ഡിഗ്രി ക്ലാസ് മേറ്റ് തന്നെ എത്തിയപ്പോഴാണ് എനിക്ക് ആദ്യത്തെ 'സദാചാര മുറിവ് 'ഏൽക്കുന്നത്. അതിന്റെ തുടർ ചലനങ്ങൾ ജീവിതത്തിൽ ഇന്നും തുടരുന്നുണ്ട്. കല്യാണം കഴിഞ്ഞപ്പോളാകട്ടെ പ്രസവിക്കില്ല, കുട്ടികളുണ്ടാവില്ല എന്നൊക്കെ പറഞ്ഞു പിന്നെയും കുറെ നാട്ടാര് മണ്ടി നടന്നു. അതിനു ശേഷവും മര്യാദ പഠിപ്പിക്കലും ഉപദേശങ്ങളും ചുമരെഴുത്തുകളും സദാചാര പാഠങ്ങളുമായി ഒളിഞ്ഞു നോട്ടക്കാരുടെ ശല്യം ഒഴിഞ്ഞ കാലമേ ഉണ്ടായിട്ടില്ല ജീവിതത്തിൽ. സമുദായത്തിന്റെ ഭീഷണികൾ, ഊരുവിലക്ക് ഒക്കെ ഒരു ഭാഗത്തു. നാട്ടുകാരുടെയും ചില ബന്ധുക്കളുടെയും സെക്‌സ് ഷെയിമിങ്ങും ഒറ്റപ്പെടുത്തലും മറു വശത്തു. സാമ്പത്തിക പ്രയാസങ്ങൾ മറ്റൊരു വശത്തു. ആങ്ങള സ്ഥാനത്തു ഒരുത്തനുള്ളത് ആകട്ടെ ഇല നക്കി പട്ടിയുടെ കിറി നക്കി പട്ടിയാണ്. ആ ശല്യത്തെ കുറിച്ച് ഉപന്യസിക്കാൻ 6 പേജ് തികയാതെ വരും. ഇതിനോടൊക്കെ നിരന്തരം പോരാടി, കിതച്ചും, തളർന്നും വീണും എണീറ്റുമൊക്കെയാണ് ഇവിടെ വരെ എത്തി ചേർന്നത്, അസ്സലായി പോരാടി തന്നെ.

നിലപാടുകളിൽ എന്നും തല ഉയർത്തി നിന്നു എന്നൊന്നും അവകാശ വാദം ഇല്ല.. പലപ്പോഴും നിശബ്ദമായി, നിസ്സഹായമായി ഓരം പറ്റി ഒതുങ്ങി നടക്കാനായിരുന്നു നിർബന്ധിക്കപ്പെട്ടത്. അങ്ങനെ ഉന്തി ഉരുട്ടി ജീവിതം കൊണ്ടു പോകുമ്പോഴാണ് സെക്‌സ് ഷെയിമിങ്ങുമായി ദേ വേറൊരു കൂട്ടർ ! സ്ഥലം തീവണ്ടിയും തീവണ്ടിയാപ്പീസും [ Wow- How romantic place ]

ലോകത്തിലെ ഏറ്റവും നീളമുള്ള പരദൂഷണപ്പുര കേരളത്തിലെ പാസഞ്ചർ ട്രെയിനുകളായിരിക്കുമോ ആവോ ! ഇക്കാര്യത്തിൽ ആൺ പെൺ വ്യത്യാസങ്ങൾ ഒന്നും ഇല്ല. ട്രെയിനിൽ വച്ചെങ്ങാനും നാം അപകടത്തിൽ പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്താൽ തിരിഞ്ഞു നോക്കാത്ത ഈ ' ചോട്ടന്മാരും ച്യാച്ചികളും' പക്ഷെ നമ്മുടെ സ്വകാര്യതയൊക്കെ ആഘോഷിക്കുന്നത് കണ്ടാൽ കരഞ്ഞു പോകും. ഇക്കൂട്ടർക്ക് ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും കാലിനിടയി ലേക്ക് നോക്കി ഇരുപ്പല്ലാതെ മറ്റൊരു പണിയുമില്ല. സ്വന്തം വീട്ടിലെയും അയൽപക്കത്തെയും നാട്ടിലെയും സദാചാരം സംരക്ഷിച്ചു കൊതി തീരാതെ പിന്നെ ജോലി സ്ഥലത്തെയും തീവണ്ടിയിലെയും തീവണ്ടി ഓഫീസിലെയും ആളുകളെ കുറിച്ചു ഇങ്ങനെ കേട്ടാലറക്കുന്ന കഥകൾ ഉണ്ടാക്കിയും പറഞ്ഞും ഇങ്ങനെ കോൾമയിർ കൊള്ളും...

അങ്ങനെയാണല്ലോ വേണ്ടത്... സ്വന്തം വീട്ടിലെ പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം കരഞ്ഞു കൊണ്ടോടിയാൽ മതി. അപ്പോൾ മാത്രം വ്യവസ്ഥിതിയെ, സമൂഹത്തെ, പൊലീസിനെ, നിയമത്തെ, ചുറ്റുപാടുള്ളവരെ ഒക്കെ പഴിച്ചാൽ മതി. അപ്പോൾ മാത്രം ഇതെന്തൊരു കലി കാലം, പണ്ടൊക്കെ ഇവിടെ നന്മ കര കവിഞ്ഞൊഴുകുക ആയിരുന്നേ എന്നൊക്കെ കൂവി വിളിച്ചാൽ മതി. :/

മറ്റുള്ളവരുടെ സ്വകാര്യതയിൽ നിരന്തരം ഇടിച്ചു കയറുന്ന, അന്യന്റെ ലൈംഗിഗതയെ കുറിച്ച് സദാ വേവലാതിപ്പെടുന്ന ഇക്കൂട്ടരുടെ നെറ്റിയിൽ വലിയ അക്ഷരത്തിൽ 'I am sexually frustrated ' എന്ന് ഇങ്ങനെ എഴുതി വച്ചിട്ടുണ്ടാകും. തലയിൽ ആൾതാമസമില്ലാതെ ഈ പാവത്തുങ്ങൾ അതറിയുന്നുണ്ടാകില്ലെങ്കിലും കാണുന്നവർക്കു അസുഖം വേഗം പിടി കിട്ടും.

ഇനി കാര്യം നേരേ ചൊവ്വേ പറഞ്ഞേക്കാം. നിങ്ങൾ എന്നെ കുറിച്ച് പറഞ്ഞുണ്ടാക്കുന്ന ലൈംഗിഗ കഥകൾക്കും വ്യക്തി ഹത്യാ കഥകൾക്കും പെഴ, വേശ്യാ, വെടി, കതിന,പുക, ആടലോടകം, മെക്‌സിക്കൻ അപാരത- പ്രയോഗങ്ങൾക്കും അപ്പുറത്താണ് കാര്യങ്ങൾ :P എന്ന് വച്ചാൽ ഞാൻ നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ മോശം സ്ത്രീയാണെന്ന്... എന്ന് വച്ചാൽ നിങ്ങൾ വരച്ചുണ്ടാക്കുന്ന 'നല്ല സ്ത്രീ വാർപ്പ് മാതൃക'യുടെ പരിസരത്തു കൂടി പോലും പോവില്ല ഞാൻ എന്ന്.. ഒന്ന് കൂടി വിശദമാക്കിയാൽ നിങ്ങൾ മോശം സ്ത്രീ എന്ന് കരുതുന്നവൾക്ക് ഉണ്ടാകാവുന്ന എല്ലാ കുഴപ്പങ്ങളും എനിക്കുണ്ടെന്നു... അതുകൊണ്ട് ദയവായി നിങ്ങളുടെ അളിഞ്ഞ പൊതു ബോധ സ്‌കെയിൽ എന്നെ നേരെ നീട്ടാതിരിക്കുക. നിങ്ങളുടെ അഴുകിയ സ്ത്രീ വിരുദ്ധ സംഭാഷണങ്ങളും തമാശകളും കേട്ട് ഞാൻ തലയാട്ടണമെന്നും ഒപ്പം കൂടി ചിരിക്കണമെന്നും വാശി പിടിക്കാതിരിക്കുക. എനിക്കതിൽ നിന്നും മാറി നിൽക്കാൻ, ഒഴിഞ്ഞു നിൽക്കാൻ അവകാശമുണ്ടെന്നറിയുക. അതിന്റെ പേരിൽ ഞാൻ ഒരു വഴക്കാളിയും കൊള്ളരുതാത്തവളും ആയി മാറുന്നുവെങ്കിൽ ഒരു വിഷമവും ഇല്ല. അങ്ങനെ തന്നെ ഇരുന്നോട്ടെ. നിങ്ങളുടെ വായ പൊത്തി ചിരിയും അശ്‌ളീല നോട്ടങ്ങളും ആംഗ്യങ്ങളും എന്നെ അലോസരപ്പെടുത്തുമെന്നോ മുറിവേൽപ്പിക്കുമെന്നോ പ്രതീക്ഷയേ വേണ്ട. ധൈര്യമായി തുടർന്നോളൂ..

പിന്നെ വല്ലാതെ frustration കൂടുമ്പോൾ സ്വന്തം ജീവിതത്തിലേക്കൊക്കെ ഒന്ന് തിരിഞ്ഞു നോക്കിയാൽ മതി. അവിടെ വെടി പോയിട്ട് പൊക പോലും കാണില്ല. അത്രയും ഇരുട്ടായിരിക്കും.... :) പിന്നൊന്നുണ്ട്.. നിങ്ങളുടെ ഭീകരമായ sexual frustration ഇറക്കി വെക്കാൻ ഞാൻ ഒരത്താണി ആയി തീരുന്നല്ലോ എന്നോർത്തുള്ള എന്റെ ചാരിതാർഥ്യം ചെറുതല്ല കൂട്ടരേ ;)

തീവണ്ടിയാപ്പീസിലും വണ്ടിയിലും ഒക്കെ എന്നോട് സംസാരിക്കാൻ തുനിയുന്ന,തുനിഞ്ഞിട്ടുള്ള, എല്ലാ ആൺ ചങ്ങാതിമാരുടെയും കാര്യത്തിൽ ചെറിയൊരു വിഷമമുണ്ട്, നിങ്ങൾ കൂടി ആക്ഷേപിക്കപ്പെടുന്നതിൽ. അത്രയ്ക്ക് ധൈര്യമുള്ളവർ മാത്രം വന്നു മിണ്ടിയാൽ മതി കേട്ടോ. നിങ്ങൾ മിണ്ടാതെ പോയാൽ ആരോടും അതിന്റെ പേരിൽ പിണങ്ങുകയൊന്നുമില്ല...

എന്തിനാണ് ഇങ്ങനെ ഒരു വിശദീകരണം എന്ന് എന്നെ അറിയുന്ന എല്ലാ ചങ്ക് കൂട്ടുകാരും അത്ഭുതപ്പെടുന്നുണ്ടാവും. സത്യമായും ഞാൻ നിങ്ങളോടു പറയുന്നു, ഇത് നിങ്ങൾക്കുള്ളതല്ല. തലച്ചോറിന്റെ സ്ഥാനത്തു ജനനേന്ദ്രിയം പ്രതിഷ്ഠിച്ചു വച്ച് അതുകൊണ്ട് ചിന്തിക്കുന്ന ചിലരെ ഉദ്ദേശിച്ചെഴുതിയതാണ്. തീവണ്ടിയും ഓഫീസും പരിസരവും ഇജ്ജാതി സാധനങ്ങളാൽ അത്രയും മലിനമായിരിക്കുന്നു. ഒരാൾ കൂടി സദാചാര ഗുണ്ടായിസത്തിനു ഇരയായി ആത്മഹത്യ ചെയ്തു എന്ന വാർത്ത വന്ന ദിനമാണിന്ന്. നാം എന്തൊരു ജീർണിച്ച സമൂഹമാണ്.കഷ്ട്ടം !

ഇത് എഴുതിയത് ദിനവും ഇതൊക്കെ നിശബ്ദരായി സഹിക്കേണ്ടി വരുന്ന ഒരു പാട് സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടി കൂടിയാണ്. കങ്കണ റനൗടിന്റെ വാക്കുകൾ ഓർമിപ്പിച്ചോട്ടെ ' If a woman is successful, you call her a witch. If a woman is sexually active, she's called a whore. If she is super successful, she is a psychopath..... I am Ok with being called whore or psychopath'.