ഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ 19ാം വകുപ്പിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ആ സ്വാതന്ത്ര്യത്തിന്റെ അതിര് എത്രമാത്രമുണ്ടെന്നും ഭരണഘടനയിൽ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പക്ഷേ, പലരും ഇപ്പോൾ ഭരണഘടന തപ്പുന്നത് വലിച്ചുകീറാൻ വേണ്ടി മാത്രമാണ്. അഭിപ്രായം പറയാൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിനെതിരായ പ്രതിഷേധവും സൈനികരുടെ മഹത്തായ ത്യാഗവും തമ്മിലെന്താണ് ബന്ധം എന്നു മനസ്സിലാവുന്നില്ല. സൈനികരുടെ ത്യാഗം ഇന്ത്യയിലെ ജനങ്ങൾക്കുവേണ്ടിയാണ്. അവരുടെ സുരക്ഷിതത്വവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനു വേണ്ടിയാണ്. സ്വാതന്ത്ര്യത്തിൽ അഭിപ്രായസ്വാതന്ത്ര്യവും ഉൾപ്പെടും.

സൈനികന്റെ ത്യാഗം ഡൽഹിയിലെ പാർലമെന്റ് മന്ദിരവും കേന്ദ്ര സെക്രട്ടേറിയറ്റും പ്രധാനമന്ത്രിയുടെ ഓഫീസും പോലുള്ള കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയല്ല. ഈ കെട്ടിടങ്ങളിലടക്കം രാജ്യത്തിന്റെ വിവിധ ഭാവങ്ങളിൽ ജീവിക്കുന്ന, ശ്വസിക്കുന്ന രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഞാനും നിങ്ങളുമടക്കമുള്ള മനുഷ്യർക്കുവേണ്ടിയാണ്. ഇവിടത്തെ മനുഷ്യർ മുഴുവൻ ഈ പ്രദേശങ്ങളും കെട്ടിടങ്ങളും ഉപേക്ഷിച്ച് അന്റാർട്ടിക്കയിലേക്കോ ചന്ദ്രനിലേക്കോ കുടിയേറിയാൽ സൈനികൻ ഇവിടെ കാവൽ നിൽക്കുമോ? അതോ ജനങ്ങൾ ഉള്ളിടത്തേക്കു മാറുമോ?

രാജ്യത്തെ ധീരന്മാരായ ഓരോ സൈനികനും തന്റെ ജീവൻ നൽകി സംരക്ഷിക്കുന്ന സ്വാതന്ത്ര്യം ഭരണകൂടവും അതിന്റെ താളത്തിനൊത്തു തുള്ളുന്ന പൊലീസും കവർന്നെടുക്കുന്നു. അപ്പോൾ ആരാണ് സൈനികന്റെ ത്യാഗത്തെ അപമാനിക്കുന്നത്? സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് പറയുന്നവരോ? അതോ സ്വാതന്ത്ര്യം കവർന്നെടുക്കുന്നവരോ? സ്വതന്ത്ര അഭിപ്രായപ്രകടനം വിലക്കണമെങ്കിൽ ഭരണഘടന ഭേദഗതി ചെയ്യണം. ഭേദഗതിക്ക് ഒരുപാട് കടമ്പകളുണ്ട്, ഇപ്പോഴത്തെ സാഹചര്യത്തിൽ അത്രയെളുപ്പം കടക്കാനാവാത്ത കടമ്പകൾ. അങ്ങനെ വരുമ്പോൾ ഭേദഗതിക്കു പകരം ഭീഷണി ഭരണകൂടത്തിന്റെ ആയുധമാകുന്നു. അത്രമാത്രം...

ഇവിടെ പലർക്കും ഇന്ത്യയെന്നാൽ ഭൂപടം മാത്രമാണ്. പക്ഷേ, യഥാർത്ഥത്തിൽ ഇന്ത്യയെന്നാൽ ഇവിടത്തെ ശതകോടി ജനങ്ങളാണ്. അവർക്ക് ജീവിക്കാനുള്ള ഭൂമിയാണ് ഭൂപടത്തിൽ രേഖപ്പെടുക്കിയിരിക്കുന്നത്. രാഷ്ട്രീയക്കാരും സൈനികരും മാദ്ധ്യമപ്രവർത്തകരും വിദ്യാർത്ഥികളും മുതൽ ഒരു നിമിഷം മുമ്പ് പിറന്നുവീണ കുഞ്ഞുവരെ ഈ പറയുന്ന ജനങ്ങളിൽ ഉൾപ്പെടും. എല്ലാവരും സമഭാവനയോടെ സഹവർത്തിക്കുന്ന രാഷ്ട്രമാകണം ഇന്ത്യ. സഹവർത്തിത്വത്തിനെതിരെ ഉയരുന്ന എല്ലാ ഭീഷണികളും ചോദ്യം ചെയ്യപ്പെടണം, എതിർക്കപ്പെടണം. പക്ഷേ, ബ്രിട്ടീഷുകാരൻ പഠിപ്പിച്ച പഴയ തന്ത്രമാണ് ഇവിടെ വിജയിക്കുന്നത്, DIVIDE AND RULE!! ഇപ്പോൾ ഇന്ത്യക്കാരെ രാജ്യസ്‌നേഹികളും രാജ്യദ്രോഹികളുമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു.

മോഹൻലാൽ മഹാനടനാണ്. പക്ഷേ, അറിഞ്ഞോ അറിയാതെയോ രാജ്യത്തെ ഭിന്നിപ്പിക്കാൻ നോക്കുന്നവർക്കൊപ്പം അദ്ദേഹം ചേർന്നിരിക്കുന്നു. ഇത് അപകടമാണ്. ഒരു നടനെന്ന നിലയിൽ സമൂഹത്തിൽ, അല്ലെങ്കിൽ ആരാധകർക്കിടയിൽ ഉള്ള സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയാണ്. നേരത്തേ ഇട്ട ചില പോസ്റ്റുകളുടെ പേരിൽ എന്നെ ചിലർ രാജ്യദ്രോഹിയെന്നു വിശേഷിപ്പിച്ചുകണ്ടു. മോഹൻലാലിന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്തതിന്റെ പേരിലും ഞാൻ രാജ്യദ്രോഹിയായി. അഭിപ്രായം രേഖപ്പെടുത്തുന്നത് അത് യോജിപ്പാകട്ടെ വിയോജിപ്പാകട്ടെ രാജ്യദ്രോഹമാണെങ്കിൽ അതു ഞാൻ സ്വീകരിക്കുന്നു. രാജ്യസ്‌നേഹത്തെക്കുറിച്ച് പറയാൻ എനിക്ക് മോഹൻലാലിനെക്കാൾ യോഗ്യതയുണ്ടെന്ന ആ യോഗ്യത പൈതൃകമായി ലഭിച്ചതാണ് തികഞ്ഞ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് എന്റെ വിമർശനം.

മോഹൻലാൽ പറയുന്ന സൈനികന്റെ ത്യാഗം അത് ജീവത്യാഗം മാത്രമല്ല. പരിക്കേറ്റ് ജീവിതകാലം മുഴുവൻ വേദന തിന്ന് ജീവിക്കേണ്ടി വരുന്നത് നൈമിഷികമായ മരണത്തെക്കാൾ ഭീകരമാണ്. 1971ലെ ബംഗ്ലാദേശ് യുദ്ധത്തിൽ പങ്കെടുത്ത് കാലിൽ ഷെൽ തറഞ്ഞുകയറി ഇപ്പോൾ നടക്കാൻ പോലും ബുദ്ധിമുട്ടി തീരാവേദനയിൽ ജീവിക്കുന്ന ഒരു മനുഷ്യൻ എന്റെ വീട്ടിലുണ്ട് എന്റെ അച്ഛൻ. സിനിമയിലും പിന്നീട് ലെഫ്റ്റനന്റ് കേണൽ എന്ന അലങ്കാരത്തിനും മോഹൻലാൽ അണിഞ്ഞ സൈനിക യൂണിഫോം ജീവിതത്തിന്റെ വലിയൊരു ഭാഗം അണിഞ്ഞുനടന്ന്, ലേയിലെ ലഡാക്കിലെയും കൊടുംതണുപ്പിൽ കാവൽ നിന്ന്, പിന്നീട് ബംഗ്ലാദേശായി മാറിയ കിഴക്കൻ പാക്കിസ്ഥാനിൽ ശത്രുസൈനികരെ കൊന്നൊടുക്കാൻ നിർബന്ധിതനായ ഒരു പാവം പട്ടാളക്കാരൻ. സൈനിക സേവനത്തിന്റെ പേരിൽ ഒരു രൂപ പെൻഷൻ പോലും അച്ഛനു കിട്ടുന്നില്ല എന്നത് വേറെ കാര്യം. സൈനികന്റെ ത്യാഗത്തെക്കുറിച്ചു പറയുന്ന ഭരണകൂടം തീർത്ത ചുവപ്പുനാടകൾ തന്നെ കാരണം.

തീർത്തും ശാന്തസ്വഭാവക്കാരനാണ് എന്റെ അച്ഛൻ. 'അച്ഛൻ കൊന്നിട്ടുണ്ടോ' എന്ന് അവിശ്വാസത്തോടെ ചോദിച്ച കുട്ടിയായ എനിക്ക് അദ്ദേഹം നൽകിയ മറുപടി ഇതായിരുന്നു 'നമ്മൾ കൊന്നില്ലെങ്കിൽ അവൻ നമ്മളെ കൊല്ലും'. 'അവൻ' എന്നാൽ ശത്രുരാജ്യത്തിന്റെ സൈനികൻ. രാജ്യത്തിനുവേണ്ടി പോരാടിയതിൽ അഭിമാനിക്കുന്നയാളാണ് അച്ഛനെങ്കിലും അദ്ദേഹത്തിന്റെ വിവരണങ്ങളിൽ നിന്ന് യുദ്ധവിരുദ്ധ വികാരമാണ് എന്റെ ഉള്ളിൽ വളർന്നത്. ഭരണകൂടം നിർബന്ധിച്ചു ചെയ്യിക്കുന്ന യുദ്ധത്തിൽ നഷ്ടം ജീവൻ ത്യജിക്കുന്ന പട്ടാളക്കാരനും അവന്റെ വീട്ടുകാർക്കും മാത്രമാണെന്ന തിരിച്ചറിവാണ് എന്നെ യുദ്ധവിരുദ്ധനാക്കിയത്. ഡൽഹിയിലെയും ഇസ്‌ലാമാബാദിലെയും കൃത്രിമമായി ശീതീകരിച്ച മുറികളിലിരുന്ന് രാഷ്ട്രീയമേലാളന്മാർ തങ്ങൾക്കു നേട്ടമുണ്ടാകുന്ന തീരുമാനങ്ങളെടുക്കുമ്പോൾ ശവപ്പെട്ടി വാങ്ങിക്കൂട്ടുന്നതുൾപ്പെടെ നഷ്ടം കൊടുംതണുപ്പും മഴയും വെയിലും സഹിച്ച്, പ്രകൃതിയെപ്പോലും വെല്ലുവിളിച്ച് രാജ്യത്തെ സേവിക്കുന്ന പാവം പട്ടാളക്കാരനു മാത്രം. പട്ടാളക്കാരൻ ഇന്ത്യനാവാം, പാക്കിസ്ഥാനിയാവാം.
ഇതെഴുതുമ്പോൾ പാംപോറിൽ തീവ്രവാദികളുമായി സൈന്യം നടത്തുന്ന പോരാട്ടത്തിന്റെ വാർത്ത ടെലിവിഷൻ സ്‌ക്രീനിൽ വന്നുകൊണ്ടിരിക്കുന്നു. 2 യുവ ക്യാപ്റ്റന്മാരടക്കം 5 സൈനികർക്ക് ജീവൻ നഷ്ടമായി. തീവ്രവാദത്തെ ഉന്മൂലനം ചെയ്യണം അത് ഏതു രൂപത്തിലായാലും. അവിടെ ഒരു മാനദണ്ഡമേയുള്ളൂ 'നമ്മൾ കൊന്നില്ലെങ്കിൽ അവൻ നമ്മളെ കൊല്ലും'. കുത്താൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല. SURVIVAL OF THE FITTEST. പക്ഷേ, കൊല്ലുന്നത് നമ്മുടെ സ്വത്തിനു ജീവനും ഭീഷണിയുയർത്തുന്ന തീവ്രവാദിയെ ആയിരിക്കണം. ഭരണകൂടത്തിന്റെ മുഖം രക്ഷിക്കാനോ, അജൻഡ നടപ്പാക്കാനോ ഏതെങ്കിലും നിരപരാധിയെ പിടിച്ച് തീവ്രവാദിയാക്കരുത്. കനയ്യ കുമാർമാരും ഉമർ ഖാലിദുമാരും തീവ്രവാദികളാക്കപ്പെടുന്നത് അജൻഡയുടെ ഭാഗമാണെന്ന് പകൽ പോലെ വ്യക്തം. അതിനുവേണ്ടി എന്തു കള്ളത്തെളിവും ഭരണകൂടം സൃഷ്ടിക്കും. അതു മനസ്സിലാക്കാതെ ഭരണകൂടത്തിന് കുഴലൂതരുത്.

ത്യാഗികളായ സൈനികർ അതിർത്തി കാക്കുന്നു എന്നതിനാൽ രാജ്യത്തിനകത്ത് അഭിപ്രായസ്വാതന്ത്ര്യം പാടില്ല എന്നാണോ? എന്റെ കുളിമുറിയിൽ ഹീറ്ററില്ല. വീട്ടിൽ ഫയർസൈഡില്ല. വിസ്‌കി ഉപയോഗിക്കാറുമില്ല. ഇന്ത്യക്കാർ എല്ലാവരും അങ്ങനെയാണ് ജീവിക്കുന്നത് എന്ന് മോഹൻലാൽ കരുതുന്നുവെങ്കിൽ പരിതപിക്കുകയേ നിവൃത്തിയുള്ളൂ. ഒരു പക്ഷേ, ഇതൊന്നുമില്ലാത്തതിനാലാവാം ഞങ്ങൾ കുറഞ്ഞപക്ഷം അഭിപ്രായസ്വാതന്ത്യമെങ്കിലും കൊതിക്കുന്നത്.

വിയോജിക്കാനുള്ള സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തി സ്‌നേഹത്തോടെ മോഹൻലാലിന്റെ ഒരു പാവം ആരാധകൻ - ശ്യാംലാൽ