- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
വർഗ്ഗീയതയിൽ അഭിരമിക്കുന്ന മലയാള പത്രപ്രവർത്തനം
മലയാള ഭാഷയിൽ പുറത്തിറങ്ങുന്ന മിക്കവാറും പത്രങ്ങൾ വർഗ്ഗീയതയിൽ അഭിരമിക്കുന്നവയാണെന്ന് നിസ്സംശയം പറയാം. ഇവിടെ നിഷ്പക്ഷ പത്രങ്ങൾ ഇല്ല എന്നത് അത്യന്തം ഖേദകരമായ ഒരു വസ്തുതയാണ്. ഇത് വായിക്കുന്നവർക്ക് തോന്നാം, ഈ പ്രസ്താവന അല്പം അതിശയോക്തി കലർന്നതാണെന്ന്. എന്നാൽ നമ്മൾ വായിക്കുന്ന ഓരോ പത്രങ്ങളെയും മുൻവിധിയില്ലാതെ ഒന്ന് വിലയിരുത്തി നോ
മലയാള ഭാഷയിൽ പുറത്തിറങ്ങുന്ന മിക്കവാറും പത്രങ്ങൾ വർഗ്ഗീയതയിൽ അഭിരമിക്കുന്നവയാണെന്ന് നിസ്സംശയം പറയാം. ഇവിടെ നിഷ്പക്ഷ പത്രങ്ങൾ ഇല്ല എന്നത് അത്യന്തം ഖേദകരമായ ഒരു വസ്തുതയാണ്. ഇത് വായിക്കുന്നവർക്ക് തോന്നാം, ഈ പ്രസ്താവന അല്പം അതിശയോക്തി കലർന്നതാണെന്ന്. എന്നാൽ നമ്മൾ വായിക്കുന്ന ഓരോ പത്രങ്ങളെയും മുൻവിധിയില്ലാതെ ഒന്ന് വിലയിരുത്തി നോക്കൂ, അപ്പോൾ കാണാം ആ നഗ്‌നയാഥാർത്ഥ്യം. മുഖ്യധാരാ പത്രങ്ങളിൽ ഒന്ന് പോലും ആ ഗണത്തിൽ പെടുന്നില്ല. ആലങ്കാരിക ഭാഷയിൽ പറഞ്ഞാൽ, മഷിയിട്ടു നോക്കിയാൽപോലും ഒരെണ്ണം കിട്ടില്ല.
സാക്ഷരതയിൽ ഒന്നാമതു നില്ക്കുന്ന, ജനാധിപത്യത്തിൽ മുമ്പിൽ നില്ക്കുന്ന ഒരു സംസ്ഥാനത്തിന്റെ ഗതികെടാണിതിലൂടെ പ്രകടമാകുന്നത്. സത്യത്തിൽ നാം വിശ്വസിക്കുന്നത്, നാം വളരെ വിവരമുള്ളവരും, മതേതരത്വത്തിൽ അഗ്രഗണ്യർ ആണെന്നുമാണ്. എന്നാൽ പലപ്പോഴും അതു സത്യമല്ല. നാം പിന്തിരിപ്പന്മാരുടെ ഒരു കൂട്ടമാണ്. നമ്മെ അങ്ങനെയൊരു അവസ്ഥയിൽ എത്തിച്ചതിനു ഇവിടുത്തെ പത്രങ്ങൾക്ക് ഉള്ള പങ്ക് വലുതാണ്.
ഇന്ന് നിലവിലുള്ള മുഖ്യധാരാപത്രങ്ങൾ മുഴുവൻ പരിശോധിച്ചാൽ ഒരു മതവിഭാഗത്തിനോടോ രാഷ്ട്രീയ കക്ഷിയോടോ ആഭിമുഖ്യം പുലർത്താത്ത ഒരു പത്രവും ഇല്ല എന്ന് കാണാൻ കഴിയും. മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, ദീപിക, ദേശാഭിമാനി, വീക്ഷണം, ജനയുഗം, ചന്ദ്രിക, മാദ്ധ്യമം, മംഗളം, ജന്മഭൂമി, തേജസ്സ്, സിറാജ് മുതലായവ ആണല്ലോ അച്ചടിക്കുന്ന പ്രധാന പത്രങ്ങൾ. ഇവയിൽ ഏതാണ് നിഷ്പക്ഷ പത്രം? നെഞ്ചത്ത് കൈ വച്ച് സ്വന്തം മനസാക്ഷിയോട് ചോദിച്ചു നോക്കൂ. ഒരെണ്ണം പോലുമില്ല. എന്തൊരു ഭീകരമായ അവസ്ഥ!.
എന്നാൽ ഈ പത്രങ്ങളുടെ എഴുത്തുകാരും, വായനക്കാരുമാണ് ഇന്നലെ കുരുത്ത ഓൺലൈൻ പോർട്ടലുകളെ വർഗ്ഗീയത വമിപ്പിക്കുന്നുവെന്നു പറഞ്ഞു പരിഹസ്സിക്കുന്നത്. 'രണ്ടു കാലിലും മാന്തുള്ളവൻ (വെള്ളത്തിൽ ഇറങ്ങി നിന്നിട്ട്!) ഒരു കാലിൽ മന്തുള്ളവനെ 'മന്തൻ' എന്നു വിളിച്ചു പരിഹസ്സിക്കുന്നത് പോലെ' എന്നു പറയുന്ന ഒരു പ്രയോഗം നമ്മുടെ നാട്ടിൽ ഉണ്ട്. അതാണ് ഇപ്പോൾ ഓർമ്മ വരുന്നത്.
നമ്മുടെ പത്രങ്ങളുടെ ചരിത്രം പരിശോധിച്ചാൽ, ക്രിസ്ത്യൻ മിഷനറിമാരാണ് ആദ്യം ഇവിടെ പത്രം ആരംഭിച്ചത്. അതു ന്യായമായും മതപ്രചാരണ താല്പര്യത്തിനായിട്ടായിരിക്കുമല്ലോ. 1847-ൽ ബേസ്സൽ മിഷന് വേണ്ടി ഹെർമ്മൻ ഗുണ്ടർട്ട് ആരംഭിച്ച 'രാജ്യസമാചാരം' ആണ് മലയാളത്തിലെ ഒന്നാമത്തെ പത്രം. 'പശ്ചിമോദയം' എന്ന രണ്ടാമത്തെ പത്രവും മിഷനറിമാരുടെ സംഭാവനയാണ്. 1887-ൽ ആരംഭിച്ച ദീപികയാണ് നിലവിലുള്ള പത്രങ്ങളിൽ ഏറ്റവും പുരാതനം. വർഷങ്ങളോളം 'നസ്രാണിദീപിക' എന്നായിരുന്നു ആ പത്രത്തിന്റെ നാമധേയം. അന്നുമുതൽ ഇന്നുവരെയുള്ള ചരിത്രം പരിശോധിച്ചാൽ നിഷ്പക്ഷ പത്രങ്ങൾ ഇവിടെ വളരെ കുറച്ചു മാത്രമേ ഉണ്ടായിട്ടുള്ളൂ. അഥവാ ഉണ്ടായിട്ടുണ്ടെങ്കിൽ, അവയ്‌ക്കൊന്നും ആയുസ്സും ഇല്ലായിരുന്നു.
എന്താണ് വർഗ്ഗീയത? ഒരു പൊതു സമൂഹത്തിൽ ഒരു പ്രത്യേക വിഭാത്തിന്റെയോ വർഗ്ഗത്തിന്റെയോ മാത്രം താല്പര്യം സംരക്ഷിക്കുവാൻ വേണ്ടി നില കൊള്ളുകയും, മറ്റുള്ളവരോട് അസഹിഷ്ണത കാട്ടുകയും ചെയ്യുന്നതാണ് വർഗ്ഗീയത. അതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. ചിലർ തീവ്രമായ നിലപാടുകൾ കാട്ടും, മറ്റു ചിലർ മിതത്വം പാലിക്കും. വർഗ്ഗീയത എന്നാൽ മതപരം (communal) മാത്രമല്ല. എല്ലാവിധ വിഭാഗീയ വാദങ്ങളും (Sectarianism) വർഗ്ഗീയതയാണ്. ജാതി, മതം, രാഷ്ട്രീയ കക്ഷികൾ എന്നിവയിലുള്ള, അമിതപക്ഷപാത നിലപാടുകളും ആ ഗണത്തിൽ പെടും. തങ്ങൾക്കു അനുകൂലമല്ലാത്തവയിൽ അസഹിഷ്ണുത തോന്നുന്നവൻ വർഗ്ഗീയവാദി ആണ്.
കേരളത്തിൽ ഇന്നു നിലവിലുള്ള മിക്കവാറും എല്ലാ പത്രങ്ങളും ഏതെങ്കിലും മതത്തെയോ, സഭയേയോ രാഷ്ട്രീയ കക്ഷിയെയോ പ്രതിനിധീകരിക്കുന്നതാണ്. അതിനാൽ ഈ രംഗത്ത് പൊതു സമൂഹത്തിന്റെ താല്പര്യം എന്നും ഹനിക്കപ്പെടുകയാണ്. തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ താല്പര്യം മാത്രം സംരക്ഷിക്കപ്പെടുന്നു. സ്വവർഗ്ഗത്തിനെ വെള്ള പൂശി വാർത്തകൾ സൃഷ്ടിക്കുന്നു. തങ്ങൾക്ക് ഇഷ്ടമില്ലാത്ത വർഗ്ഗത്തിനെ തേജോവധം ചെയ്യുന്ന വാർത്തകൾക്ക് പ്രാധാന്യം കൈവരുന്നു. അത്തരം വാർത്തകൾക്ക് വേണ്ടി വെണ്ടക്കാ വലിപ്പത്തിൽ അക്ഷരങ്ങൾ നിരത്തുന്നു.
മലയാള പത്രങ്ങളുടെ വർഗ്ഗീയത വ്യക്തമാക്കാനായിട്ട് ആരോ മെനഞ്ഞ ഒരു ഹാസ്യകഥ കേട്ടത് എഴുതട്ടെ.
തിരുവനന്തപുരത്തു നിന്ന് മംഗലാപുരത്തേക്ക് പോകുന്ന ട്രെയിനിൽ വച്ചു പരിചയപ്പെട്ട യാത്രക്കാർ പരസ്പരം ലോകകാര്യങ്ങൾ പറഞ്ഞു യാത്ര ചെയ്യുകയാണ്. വണ്ടി കോഴിക്കോട്ട് എത്തിയപ്പോൾ കോട്ടയം സ്വദേശി മാത്യു മനോരമപത്രം ഉയർത്തിക്കാട്ടി പറഞ്ഞു: 'നോക്കു, എന്തൊരു കഷ്ടം ! ഇന്നലെ മരിച്ചത് മുഴുവൻ ക്രിസ്ത്യാനികൾ. ഇങ്ങനെ ക്രിസ്ത്യാനികൾ മാത്രം മരിക്കുന്നത് ഞാനെങ്ങനെ സഹിക്കും. '
അപ്പോൾ തിരുവനന്തപുരം സ്വദേശി സുകുമാരൻ കേരളകൗമുദി ഉയർത്തിക്കാട്ടിക്കൊണ്ട് പറഞ്ഞു 'സുഹൃത്തെ, താങ്കൾക്കു തെറ്റി. ദേ, നോക്കെന്റെ പത്രം. മരിച്ചവർ മുഴുവൻ ഈഴവർ...'
ഇടയ്ക്കു ചാടിക്കയറി തൃശൂർ സ്വദേശി രാജീവ് നായർ പറഞ്ഞു: 'നിങ്ങൾക്ക് രണ്ടിനും തെറ്റ് പറ്റി. ഇന്നത്തെ മാതൃഭുമി വായിക്കൂ. മരിക്കുന്നത് മുഴുവനും നായന്മാരാണ്...'
മലപ്പുറംകാരൻ ഹമീദിനു ക്ഷമ കെട്ടു, അദ്ദേഹം ചന്ദ്രികപത്രം നീട്ടിക്കാണിച്ചുകൊണ്ട് ഉച്ചത്തിൽ മൊഴിഞ്ഞു: 'നിങ്ങൾ ആരും പറയുന്നതല്ല സത്യം. ദേ, ഈ പത്രം നോക്കൂ. മുസ്ലിം സമുദായക്കാർ മാത്രമേ മരിക്കുന്നുള്ളു'
ഈ കഥയിൽ കേരളത്തിലെ പത്രങ്ങളുടെ തനിനിറം വെളിപ്പെടുന്നുണ്ട്.
എന്നാൽ, ഈ പത്രങ്ങളുടെ വർഗ്ഗീയതയെ നാം അറിഞ്ഞോ, അറിയാതയോ അംഗീകരിച്ചിരിക്കുന്നുവെന്നതാണ് ആശ്ചര്യജനകം! വാസ്തവത്തിൽ ,പത്രമുതലാളിമാർ ഇതിലൂടെ ഉറപ്പിച്ചിരിക്കുന്നത്, തങ്ങളുടെ ബിസ്സിനസ്സിന്റെ അടിത്തറയാണ്. ഈ വർഗ്ഗീയ അടിത്തറ നിലനില്ക്കുന്നിടത്തോളം കാലം ഇവരുടെ കച്ചവടത്തിന് യാതൊരു കോട്ടവും ഉണ്ടാകില്ല.
തങ്ങളുടെ കച്ചവട താല്പര്യത്തിനു വേണ്ടി ഉണ്ടാക്കിയിരിക്കുന്ന ഈ വർഗ്ഗീയസ്വഭാവം പ്രസ്തുത പത്രനടത്തിപ്പുകാർ അംഗീകരിക്കാതെ വിശുദ്ധരായി, മതേതരത്വത്തിന്റെ കാവൽ മാലഖമാരായിട്ടാണ് വിലസുന്നത്.
ഈ കാപട്യം വായനക്കാർ പൂർണ്ണമായും അംഗീകരിച്ചിരിക്കുന്നതായിട്ടാണ് മനസ്സിലാക്കേണ്ടത്. അവർക്ക് ഇതിലൊന്നും യാതൊരു എതിർപ്പോ, നീരസ്സമോ ഉള്ളതായിട്ട് പ്രകടിപ്പിക്കുന്നില്ല. പ്രതികരണശേഷി നഷ്ടപ്പെട്ടതാണോ കാരണമെന്നറിയില്ല! എന്തായാലും വർഷങ്ങളായിട്ടു ഈ പ്രവണത അഭംഗുരം നിലനില്ക്കുന്നു.
പത്രങ്ങൾ കാട്ടുന്ന ഈ വർഗ്ഗീയസ്വഭാവം നമ്മുടെ ജനാധിപത്യത്തിനു തന്നെ അപകടം വരുത്തി വച്ചിരിക്കുന്നുവെന്നതാണ് നേര്. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും, ഈ പത്രങ്ങൾ യാതൊരു ഉളുപ്പും കൂടാതെ ജാതിയുടെയും മതത്തിന്റെയും സംഖ്യാബലങ്ങൾ അവതരിപ്പിക്കുന്നു. തങ്ങളുടെ വർഗ്ഗീയ സ്വാധീനമേഖലകളിൽ, സ്വന്തം വർഗ്ഗത്തിന്റെ ശക്തി വെളിവാക്കത്തക്കവണ്ണം കണക്കുകൾ കാട്ടി കെണി വയ്ക്കുന്നു. ആ കെണിയിൽ വീഴുന്ന രാഷ്ട്രീയ കക്ഷികൾ ആ വർഗ്ഗത്തിലെ ഒരംഗത്തിനെ ആ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കുന്നു. എതിർരാഷ്ട്രീയ കക്ഷിയും അതെ നിലപാട് സ്വീകരിച്ച് അതെ വർഗ്ഗത്തിലെതന്നെ മറ്റൊരാളിനെ സ്ഥാനാർത്ഥിയാക്കും. ചുരുക്കത്തിൽ ആര് ജയിച്ചാലും തങ്ങളുടെ സ്വാധീനമേഖലയിൽ തങ്ങളുടെ തന്നെ വർഗ്ഗത്തിൽപ്പെട്ട ഒരാൾ ജനപ്രതിനിധിയാകും. എത്ര ഭംഗിയായിട്ടാണ് സ്വവർഗ്ഗപ്രീണനം ഇവർ നടത്തുന്നത്.
മുൻകാലങ്ങളിൽ CPI(M) പോലുള്ള ഇടുതുപക്ഷ കക്ഷികൾ ഈ കെണിയിൽ വീഴാതെ ജാതിമതഭേദമെന്യേ ശക്തരായ സ്ഥാനാർത്ഥികളെ നിർത്തി വിജയിപ്പിക്കുമായിരുന്നു. എന്നാൽ ഇടുതുപക്ഷ കക്ഷികളും ഈ കുരുക്കിൽ വീണിരിക്കുന്നുവെന്നു വ്യക്തമാക്കുന്നതാണ് കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളിലെ അവരുടെ സ്ഥാനാർത്ഥി ലിസ്റ്റ്. ഒട്ടും രാഷ്ട്രീയ പാരമ്പര്യം ഇല്ലാത്ത ചിലർ വർഗ്ഗീയതയുടെ പേരിൽ മാത്രം ഇടുതുപക്ഷ സ്ഥാനാർത്ഥികളായത് നാം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടതാണല്ലോ.
ചുരുക്കത്തിൽ വളരെ പുരോഗമനപരമെന്നു അഭിമാനിക്കുന്ന മലയാളികൾക്ക് ഒരു നിഷ്പക്ഷ പത്രം പോലും ഇല്ല. മലയാളികളെ ഈ വർഗ്ഗീയ പത്രങ്ങൾ എല്ലാം കൂടി വർഗ്ഗീയവാദികളും പിന്തിരിപ്പന്മാരും ആക്കിയിരിക്കുന്നുവെന്നു നിസ്സംശയം പറയാം. അതുകൊണ്ടാണ് തങ്ങളുടെ മതത്തിനോ, മതാനുഭാവികൾക്കോ രാഷ്ട്രീയകക്ഷികൾക്കോ എതിരായിട്ടുള്ള വാർത്തകൾ വരുമ്പോൾ പലരും അസ്വസ്ഥരാകുന്നത്. തങ്ങൾ സ്ഥിരമായി വായിക്കുന്ന വൃത്താന്തപത്രത്തിൽ ഒരിക്കലും അവർക്ക് ഇങ്ങനെയൊരു വാർത്ത വായിക്കേണ്ടി വരില്ലയെന്നതാണ് സത്യം. ഓരോരുത്തരും അവരവരുടെ മതത്തിനെയൊ രാഷ്ട്രീയ കക്ഷിയെയോ പിന്താങ്ങുന്ന പത്രം മാത്രമേ സ്വഭവനത്തിൽ വരുത്താറുള്ളല്ലോ. അതിൽ സ്വന്തവിഭാഗത്തിന് സ്തുതിയും എതിരാളിക്ക് കല്ലേറും മാത്രമേ ഉള്ളുവല്ലോ.
ഈ സാംസ്‌ക്കാരിക അരാജക ഘട്ടത്തിൽ, നിഷ്പക്ഷമായ ഓൺലൈൻ പോർട്ടലുകളിലെ വാർത്തകൾ വായിക്കുമ്പോൾ, തങ്ങളുടെയും എതിരാളികളുടെയും വാർത്തകൾ പക്ഷാഭേദമെന്യേ വായിക്കേണ്ടി വരുന്നു. അന്യവർഗ്ഗത്തിന്റെ കുറവും കുറ്റവും സന്തോഷപൂർവ്വം വായിക്കുന്നവർക്ക് സ്വന്തം വർഗ്ഗത്തിന്റെ കുറവുകുറ്റങ്ങൾ വായിക്കുമ്പോൾ ഹിസ്റ്റീരിയ പിടിക്കുന്നു. വർഗ്ഗീയത തലയ്ക്കു പിടിച്ചുവെന്നതിന്റെ തെളിവാണിത്.
ഭാരതത്തിൽ വർഗ്ഗീയത ഒരു പ്രതിഭാസമാണ്. അതിൽ ജനിച്ചു അതിൽ മരിക്കുന്നവരാണ് ഇവിടുത്തെ ജനകോടികൾ. എന്നാൽ കേരളത്തിൽ അത് താരതമെന്യേ കുറവായിരുന്നു. അതിനു ഒരു കാരണം, ഇവിടുത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളർച്ചയായിരുന്നു. എന്നാൽ ഇന്ന് ആ അവസ്ഥ മാറിയിരിക്കുന്നു. ഇവിടെ സമൂലം വർഗ്ഗീയമയമായിരിക്കുന്നു. അതിൽ മലയാള പത്രങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്. എന്ന് അടിവരയിട്ടു കുറിക്കുന്നു.