ഗൃഹലക്ഷ്മിയുടെ കവർ ചിത്രത്തിലൂടെ മുലയൂട്ടൽ ചർച്ചകൾക്കു മോഡലായി മാറിയ ജിലു ജോസഫ് ആയിരുന്നുവല്ലോ ഏറ്റവും ഒടുവിലത്തെ സോഷ്യൽ മീഡിയയിലെ താരം. ആ വിഷയത്തിൽ അഭിപ്രായം പറഞ്ഞു പുലിവാല് പിടിക്കണ്ടായെന്നു തീരുമാനിച്ചിരിക്കുകയായിരുന്നു . കാരണം അതൊരു ബുമറാങ് വിഷയം ആണ്, സത്യം പറഞ്ഞാൽ അച്ഛൻ അമ്മയെ തല്ലും, സത്യം പറഞ്ഞില്ലേൽ അച്ഛൻ പട്ടിയിറച്ചി തിന്നും എന്ന പരുവത്തിലെത്തിയ കഥയിലെ കുട്ടിയായി മാറുമെന്ന തിരിച്ചറിവ് കൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുത്തത്.

എന്നിട്ടും ഇപ്പോൾ എഴുതാൻ തുനിഞ്ഞത് ഞാൻ ആദരിക്കുന്ന ശ്രി. മുരളി തുമ്മാരുകുടിയുടെ ഈ വിഷയത്തിന്മേലുള്ള ലേഖനം വായിച്ചതിനാൽ ആണ്. അദ്ദേഹം ഈ ലോകത്തുള്ള മിക്കവാറും എല്ലാ വിഷയങ്ങളെപ്പറ്റിയും ആധികാരികമായിട്ടു എഴുതുന്ന ആൾ ആണ്. അതിനു നല്ല വായനക്കാരും ഉണ്ട്. വായനക്കാർക്കു അത് ഉപയോഗപ്രദമായിരിക്കും . എന്നാൽ ചില സമയത്തു അദ്ദേഹം ചില തമാശകൾ ഒക്കെ ഒപ്പിക്കും , അതിലൊന്നായിരുന്നു കൃത്രിമ ചൈനീസ് മുട്ടകളെപ്പറ്റിയുള്ള ജനങ്ങളുടെ ധാരണ മാറ്റാനായി കോഴിക്ക് ഡൈ കൊടുത്താൽ ആ നിറത്തിലുള്ള മുട്ടകൾ കിട്ടുമെന്നും, ചില കോഴികൾ പുഴുങ്ങിയ മുട്ടകൾ ഇടുമെന്നും ഒക്കെ പുളു അടിച്ച ഒരു വീഡിയോ സോഷ്യൽ മീഡിയായിൽ പ്രസിദ്ധീകരിച്ചത്. ജനം അതും വിശ്വസിക്കുന്നു എന്ന് മനസ്സിലാക്കിയ അദ്ദേഹം അത് പിൻവലിച്ചു സത്യം എഴുതുകയും ചെയ്തു.

ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്തനിവാരണ വിഭാഗം മേധാവിയായ ഈ മലയാളി പലരും എഴുതുവാൻ മടിക്കുന്ന വിഷയങ്ങൾ ഒരു മടിയും കൂടാതെ എഴുതും. ഒരിക്കൽ വദനസുരതത്തെപ്പറ്റി എഴുതി വായനക്കാരെ ഞെട്ടിച്ചിട്ടുണ്ട്. അങ്ങനെയുള്ള കാര്യങ്ങൾ, ചിലപ്പോൾ നെഗറ്റീവ് പരിവേഷം ഉണ്ടാകുന്ന കാര്യങ്ങൾ പോലും യാതൊരു മടിയും കൂടാതെ അദ്ദേഹം എഴുതന്നതിനാൽ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം വർദ്ധിക്കുകയാണ് ഉണ്ടായത്.

ഇപ്പോൾ ഗൃഹലക്ഷ്മിയുടെ മുഖചിത്രത്തെപ്പറ്റി, അതെ മുലകുടിച്ചിത്രത്തെപ്പറ്റിത്തന്നെ,അദ്ദേഹം എഴുതിയിരിക്കുന്നു. ആ ലേഖനത്തിൽ ഒരു കടുത്ത വിഷയം മുരളി തുമ്മാരുകുടി എടുത്തങ്ങു കാച്ചിയിരിക്കുന്നു. അത് വായിച്ചിട്ടു അത് അങ്ങോട്ട് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല, രണ്ടു ദിവസം പിടിച്ചു നിന്നു, പിന്നെ തോന്നി വിട്ടു കളഞ്ഞേക്കാമെന്നു. എന്നാൽ വീണ്ടും അതിനോട് പ്രതികരിക്കണമെന്ന് തോന്നി. ഇനിയും എഴുതാതിരിക്കാൻ പറ്റില്ല എന്നൊരു തോന്നൽ വന്നതിനാൽ ആണ്, ഇപ്പോൾ എഴുതുന്നത്.

അദ്ദേഹം പറയുന്നത്, പണ്ട് മനുഷ്യസ്ത്രീകൾക്കു ഇന്നത്തെപ്പോലെ ഇത്രയും വലിപ്പമുള്ള സ്തനങ്ങൾ ഇല്ലായിരുന്നുവെന്നാണ്. മറ്റു സസ്തിനികളായ ജന്തുക്കളെ പോലെ വളരെ ചെറിയ സ്തനങ്ങൾ ആയിരുന്നു എന്നാണു മുരളി സാർ പറയുന്നത്.സ്തനങ്ങളുടെ വലിപ്പം നോക്കി സ്ത്രീകളെ വിവാഹം കഴിച്ച ചുള്ളന്മാരായ പുരുഷമാർ കാരണം ആണ് സ്ത്രീകൾക്ക് ഇത്രയും വലിപ്പമുള്ള മാറിടങ്ങൾ ലഭിച്ചതെന്ന്. നോക്കി വലുതാക്കിയ മുലകൾ എന്നാണ് ആ കുറിപ്പിന്റെ തലക്കെട്ട് പോലും . ചുരുക്കത്തിൽ പുരുഷന്മാർ നോക്കി നോക്കി വലുതാക്കിയതാണ് ഇന്നത്തെ വലുപ്പത്തിലുള്ള മുലകൾ എന്ന് ചുരുക്കം. (ഇതും പണ്ടത്തെ കോഴിപ്രശ്‌നം പോലെ പുളു അടിച്ചതാണോ എന്ന സംശയം ഇല്ലാതില്ല!)

അപ്പോൾ ന്യായമായ ഒരു സംശയം ഈയുള്ളവനു വന്നത്, ഇന്നും പുരുഷന്റെ വലുപ്പത്തിനുവേണ്ടിയുള്ള നോട്ടം അവസാനിക്കുന്നില്ലല്ലോ, അപ്പോൾ അതിന്റെ പരിണിതി എന്താകും . അതങ്ങു വളർന്നു വളർന്നു മല പോലെ ആകില്ലേ.അതൊന്നു ചിന്തിച്ചു നോക്കിയേ;രണ്ടു മലകൾ നടന്നു വരുന്ന സീൻ ഒന്ന് ഭാവനയിൽ കണ്ടോളു. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയാണല്ലോ,വിശ്വവിഖ്യാതമായ മൂക്ക്. അവിടെ മൂക്ക് ആണ് വളർന്നത് എങ്കിൽ ഇവിടെ മുലയാണെന്നു മാത്രം.

ഈ വളർച്ചക്ക് പരിണാമ സിദ്ധാന്തത്തെയാണ് മുരളി സാർ കൂട്ടുപിടിച്ചിരിക്കുന്നതു. കാര്യങ്ങൾ ശാസ്ത്രത്തിന്റെ മേമ്പൊടി ചേർത്ത് അവതരിപ്പിച്ചാൽ ആരും വിശ്വസിക്കുമല്ലോ.സത്യത്തിൽ പരിണാമസിദ്ധാന്തം ഇന്നും ഒരു തർക്കവിഷയം തന്നെയാണ്. മനുഷ്യൻ കുരങ്ങിൽ നിന്ന് രൂപപ്പെട്ടെങ്കിൽ ഇന്ന് ഈ ഭൂമിയിൽ കുരങ്ങുകൾ കാണില്ലായിരുന്നുവല്ലോ. ഞാൻ ഇവിടെ പരിണാമവാദത്തെ ഖണ്ഡിക്കുവാനല്ല ശ്രമിക്കുന്നത്. അത് ശരിയെന്നു ഇതുവരെയും തെളിയിക്കുവാൻ കഴിഞ്ഞിട്ടില്ലായെന്ന വസ്തുത ചൂണ്ടിക്കാണിച്ചുവെന്നു മാത്രം.

സ്തനവളർച്ചയെ പറ്റി മുരളിസാർ പറയുന്ന വസ്തുതക്ക് യാതൊരു അടിസ്ഥാനവും ഇല്ല. ഇന്നും ഒട്ടും വളർച്ചയില്ലാത്ത സ്തനങ്ങൾ ഉള്ള അനേകസ്ത്രീകൾ ഉണ്ട്. പാരമ്പര്യഘടകവും,സ്ത്രീകൾ കഴിക്കുന്ന ഭക്ഷണവും അവരിൽ ഉത്പാദിപ്പിക്കുന്ന ഹോർമോണുകളും ഒക്കെയാണ് സ്ത്രീയുടെ സ്തനത്തിന്റെ വലിപ്പത്തിനു കാരണഘടകങ്ങൾ. ജനിതക സിദ്ധാന്തത്തിന്റെ പിതാവ് ആയ ഗ്രിഗർ മെഡലിന്റെ 'മെൻഡലീയ നിയമങ്ങൾ'(Mendelian Laws) അനുസരിച്ചു ഈ പാരമ്പര്യഘടകങ്ങളിൽ തന്നെ പ്രകടസ്വഭാവവും ഗുപതസ്വഭാവങ്ങളും ഉണ്ട്. അതുകൊണ്ടു മാതാവിന് സ്തനവലിപ്പം ഉണ്ടെങ്കിൽ പോലും പുത്രിക്ക് ലഭിക്കണമെന്നില്ല,തിരിച്ചും സംഭവിക്കുന്നുണ്ട് .

അനുഷ്ഠാനങ്ങൾ കൊണ്ടോ പാരമ്പര്യരീതികൾ കൊണ്ടോ ശാരീരിക ഘടനകളിൽ മാറ്റമുണ്ടാകില്ല. ജപ്പാനിലെ സ്ത്രീകളുടെ കാൽപാദങ്ങൾ പൊതുവെ വലുപ്പമുള്ളതാണ്, എന്നാൽ അവരുടെ സൗന്ദര്യസങ്കല്പങ്ങളിൽ, ചെറിയ കാൽപാദം ആണ് സുന്ദരം. ആയതിനാൽ ജപ്പാനിലെ സ്ത്രീകൾ അതിനു ഒരു മാർഗ്ഗം അവലംബിച്ചു പോരുന്നു. അവർ ചെറുപ്പം മുതൽക്കേ കുറുകിയ ഷൂസ് ധരിക്കും . ചെറുപ്പം മുതൽക്കേ കുറുകിയ ഷൂസ് ധരിക്കുന്നതിനാൽ അവരുടെ കാൽപാദങ്ങൾ വളരുകയില്ല..അവർ വളർന്നു കഴിഞ്ഞാലും കാൽപാദം കുട്ടിക്കാലത്തേ പോലെ കുറുകി ഇരിക്കും. എന്നാൽ നൂറ്റാണ്ടുകളായി ഈ രീതിയിൽ തങ്ങളുടെ കാൽപാദത്തെ നിയന്ത്രിച്ചിട്ടും അവരുടെ പെൺകുട്ടികൾ വലിയ കാൽപാദവുമായിട്ടാണ് പിറക്കുന്നത്.അതിൽ നിന്നും ഒരു കാര്യം വ്യക്തമാണ് മനുഷ്യന്റെ നിയന്ത്രണത്തിൽ ഒന്നുമല്ല ഇമ്മാതിരി കാര്യങ്ങൾ നടക്കുന്നത്. ആയതിനാൽ നോക്കി വലുതാക്കാൻ ഒന്നും പറ്റില്ലായെന്നു സാരം. സിലിക്ക ജെൽ സ്തനത്തിനുള്ളിൽ സർജറി ചെയ്തു പിടിപ്പിക്കുന്നതിലൂടെ മാത്രമേ മനുഷ്യനു സ്തനം വലുതാക്കാൻ സാധിക്കുകയുള്ളു. അതിലൂടെയാണ് പല സെലിബ്രറ്റികളും ഇന്ന് പോർമുലകൾ കാട്ടി വിലസുന്നത്.

പിന്നെ ആയുർവേദത്തിൽ ചില പൊടിക്കൈകൾ ഒക്കെയുണ്ട്. ആ മരുന്നുകൾ പുരട്ടി സ്ഥിരമായി മസ്സാജ് ചെയ്താൽ കുറെ ഗുണം കിട്ടുമെന്ന് കേട്ടിട്ടുണ്ട്. അകത്തോട്ടു കഴിക്കാനുള്ള മരുന്നും ആയുർവേദത്തിൽ ഉണ്ട്. അതിൽ ചിലതു ഗുണം ചെയ്യുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്.

ജന്തുവർഗ്ഗങ്ങളിൽ മനുഷ്യസ്ത്രീകൾക്ക് മാത്രമേ ശരീരത്തിന്റെ ആനുപാതകവലുപ്പത്തിനു നിരക്കാത്ത സ്തനവലിപ്പം ഉള്ളു എന്നാണ് മുരുളി സാർ അവകാശപ്പെടുന്നത്. അതായതു പുരുഷൻ വലിപ്പം ഇഷ്ടപ്പെടുന്നതിനാൽ, അവൻ വലിയ സ്തനത്തിനുടമകളെ മാത്രമേ വിവാഹം ചെയ്തുള്ള അതിനാലാണ്, ഇങ്ങനെ വലുപ്പമുള്ള സ്തനത്തിനു സ്ത്രീകൾ ഉടമയായതു എന്നാണല്ലോ അദ്ദേഹത്തിന്റെ ലോജിക്. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിനോട് മറ്റൊരു സംശയം ചോദിച്ചു കൊള്ളട്ടെ, ജന്തുവർഗ്ഗത്തിൽ ശരീരത്തിന് ആനുപാതികമല്ലാത്ത ലിംഗം ഉള്ളത് ആൺകഴുതകൾക്കു മാത്രം ആണ്. അത് എങ്ങനെ സംഭവിച്ചു? പുരുഷന്മാർ വിവേചനം കാണിച്ചത് പോലെ പെൺകഴുതകളും വിവേചനം കാണിച്ചിരുന്നുവോ.

നമ്മുടെ കാവ്യങ്ങളിലും കൃതികളിലും പണ്ടേക്കു പണ്ടു മുതലേ വലിപ്പമുള്ള സ്തനങ്ങളെ പറ്റി പരാമർശം ഉണ്ട്. മലയാളത്തിലെ ആദ്യ കൃതികളായി അറിയപ്പെടുന്നത്, പാട്ടു പ്രസ്ഥാനമാണ് . അതിൽ ലക്ഷണയുക്തമായി അറിയപ്പെടുന്ന രണ്ടാമത്തെ കൃതിയാണ്, ഗോവിന്ദൻ രചിച്ച 'തിരുനിഴൽമാല'.അതിൽ മങ്കമാരുടെ സ്തനങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത് മലകൾ (കുന്നുകൾ ) പോലുള്ള മാറിടങ്ങൾ എന്നാണ്.

മറ്റു സസ്തിനികളായ ജന്തുക്കളെ പോലെ വളരെ ചെറിയ സ്തനങ്ങൾ ആയിരുന്നു എന്നാണു മുരളി സാർ പറയുന്നത്. ഇന്ന് വളരെ ചെറു പ്രായത്തിൽ തന്നെ കുട്ടികൾക്ക് സ്തനവളർച്ച ഉണ്ടാകുന്നുണ്ട് എന്നത് ഒരു വാസ്തവം ആണ്, അത് പോലെ തന്നെ പണ്ടത്തേതിലും വലുപ്പവും ഉണ്ടാകുന്നുണ്ട് എന്നതും നേരാണ്. അതിന്റെ കാരണം ആരും നോക്കിയതുകൊണ്ടൊന്നും അല്ല. ശരീരത്തിലെ ഹോർമോണുകളുടെ അതിപ്രസരം കൊണ്ടാണ്. ഇന്ന് നാം കഴിക്കുന്ന ഭക്ഷണപദാർഥങ്ങളിൽ പലതിലും പെട്ടെന്ന് വളരാൻ ഉപയോഗിക്കുന്ന ഹോർമോണുകൾ ഉണ്ട്.

നാം ഉപയോഗിക്കുന്ന ഇറച്ചിക്കോഴികളിൽ വൻതോതിൽ ഹോർമോണുകൾ കുത്തിവച്ചിട്ടുണ്ട്.ചുരുങ്ങിയ കാലയളവിൽ തന്നെ കോഴിക്കുഞ്ഞുങ്ങളുടെ തടിയും തൂക്കവും പതിന്മടങ്ങ് വർധിപ്പിക്കാൻ വേണ്ടിയാണ് ഈസ്ട്രജനടക്കമുള്ള ഹോർമോണുകൾ കോഴികളിൽ കുത്തിവയ്ക്കുന്നത്. കോഴിക്കുഞ്ഞു വിരിഞ്ഞു പതിനാലാം ദിവസം ഇവയുടെ തൊലിക്കടിയിൽ ഇഞ്ചക്ഷൻ കൊടുക്കും.കാളയുടെ കൊഴുപ്പ്, ഇൻസ്ട്രജൻ ഹോർമോൺ, കെമിക്കൽ സ്റ്റെബിലൈസറുകൾ അടങ്ങിയവ കുത്തിവയ്ക്കുമ്പോൾ കോഴിക്കുഞ്ഞുങ്ങൾ ബലൂൺ പോലെ വീർക്കും. അവയെ വേഗത്തിൽ വിറ്റഴിച്ചു ലാഭം കൊയ്യും. ഈ കോഴികളെ ഭക്ഷിക്കുന്നവരിൽ അമിതവളർച്ച ഉണ്ടാകുമെന്നതിനു സംശയം വേണ്ട. ഇങ്ങനെയുള്ള ചിക്കനും മറ്റ് ഫാസ്റ്റ് ഫുഡും കഴിക്കുന്ന പെൺകുട്ടികളിൽ ശൈശവ കാലത്തു തന്നെ സ്തനങ്ങൾ അമിതമായി വളരും. ഇതാണ് ഇന്നത്തെ സ്തനവളർച്ചയുടെ അടിസ്ഥാന ഹേതു.

ജന്തുക്കളിൽ പ്രത്യുത്പാദനത്തിനുപരിയായി ലൈംഗികതയിൽ ഏർപ്പെടുന്നത് മനുഷ്യൻ മാത്രമേയുള്ളു. ഡോൾഫിൻ ഉൾപ്പെടെ ചില ജീവികൾ ലൈംഗിക സുഖം അനുഭവിക്കുന്നുണ്ട് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതിനു ആധികാരികതയില്ല. എന്നാൽ മനുഷ്യനു അവന്റെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത പ്രക്രീയയാണ് ലൈംഗികബന്ധം. അതിനു സഹായിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് സൗന്ദര്യം. സ്ത്രീസൗന്ദര്യങ്ങളിൽ സ്തനങ്ങൾക്കുള്ള സ്ഥാനം ഉയർന്നതാണ്. അത് പുരുഷന് ഏറ്റവും ആസ്വാദ്യകരമാണ് .

അതിനെ പറ്റി വിശുദ്ധ വേദപുസ്തകത്തിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് (സദൃശവാക്യങ്ങൾ 5 : 18 20 )

'നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക.

കൗതുകമുള്ള പേടമാനും മനോഹരമായ ഇളമാൻ പേടയും പോലെ അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്‌പോഴും മത്തനായിരിക്ക.

മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു? '

ജ്ഞാനികളിൽ ജ്ഞാനി ആയ ശലോമോന്റെ വാക്കുകൾ ആണിത്.

അപ്പോൾ പുരുഷനെ രമിപ്പിക്കുന്നതാണ് സ്ത്രീയുടെ സ്തനം എന്ന് വ്യക്തമാണല്ലോ. ആയതിനാൽ ആണ് മുലയൂട്ടൽ എന്ന മാതൃപ്രക്രീയയിൽ ഒളിഞ്ഞുനോട്ടം ഉണ്ടാകുന്നത്. ആ നോട്ടം പുരുഷൻ വേണ്ടെന്നു വയ്ക്കുന്നത് അവന്റെ സാമൂഹികസാംസ്‌കാരിക വളർച്ചയുടെ പ്രതിഫലനമാണ് . ആ വളർച്ചയില്ലാത്തവനിലെ മൃഗീയതയാണ് അവന്റെ ഒളിച്ചുനോട്ടത്തിന്റെ നിദാനം.

ഇനിയും വിവാദചിത്രത്തിലേക്കു വരാം. അതിൽ ജിലു ജോസഫിന്റെ റോളിനെ വളരെയധികം പേർ വിമർശിച്ചു കണ്ടു. ആദ്യമായി പറയട്ടെ, ഗൃഹലക്ഷ്മി ആ കവർ ചിത്രം ഉപയോഗിച്ചതിനെ പറ്റി ഞാൻ ഒരു ചർച്ചയ്ക്കു തയ്യാർ അല്ല. അതിൽ തെറ്റും ശരിയും ഞാൻ കാണുന്നത് തന്നെയാണ് കാരണം.

എന്നാൽ അവിവാഹിതയായ ജിലു ജോസഫ് അങ്ങനെയൊരു വേഷം കെട്ടിയതിനെ എതിർക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. കാരണം, അവർ ഒരു പ്രൊഫഷണൽ മോഡൽ ആണ്. അവർ അവരുടെ ജോലി ചെയ്തു, അവർ ഒരു കമ്പനിയുമായി ചെയ്ത കരാർ അനുസരിച്ചു കമ്പനി ആവശ്യപ്പെട്ട റോളിൽ കാമറയ്ക്കു മുമ്പിൽ പോസു ചെയ്തു, അത്ര മാത്രം. അതിൽ യാതൊരു കുറ്റവും എനിക്ക് കാണാൻ കഴിയുന്നില്ല.

അവിവാഹിത അങ്ങനെയൊരു വേഷം കെട്ടാൻ പാടില്ലായെന്നു പറയുമ്പോൾ, മോഡലിംഗിനെ തന്നെ അപമാനിക്കുകയാണ്. അവിവാഹിതയായ സിനിമാനടി ഭാര്യയായും അമ്മയായും ഒക്കെ അഭിനയിക്കുമ്പോൾ ഇല്ലാത്ത ഒരു വിമർശനം ഇവിടെ മാത്രം എങ്ങനെ വരുന്നു.അവിവാഹിതയായ നടി കിടപ്പറരംഗങ്ങൾ സിനിമയിൽ അഭിനയിച്ചാൽ അത് പാടില്ല എന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല.

ഗർഭനിരോധന ഉറയുടെ പരസ്യത്തിൽ അവിവാഹിത നടിമാർ വർഷങ്ങളായിട്ടു അഭിനയിക്കുന്നു.ആർക്കും ഒരു നീരസവും ഉണ്ടായില്ല. ജിലു ജോസഫിനോട് മാത്രം പിന്നെന്തേ കലിപ്പ് ? ആ മോഡൽ അവരോടു ചെയ്യാൻ ആവശ്യപ്പെട്ട സീൻ ഭംഗിയായി ചെയ്തു. അതിൽ അവർക്കു അഭിമാനിക്കാം. പിന്നെ പാറു എന്ന കുഞ്ഞിന്റെ അവകാശം സംരക്ഷിച്ചില്ലായെന്ന ഒരു വാദം കേട്ടു. അത് സംരക്ഷിക്കേണ്ടത് ആരാണ് ? ജിലു ജോസഫോ , ഗൃഹലക്ഷ്മിയോ അല്ലല്ലോ. പാറുവിന്റെ മാതാപിതാക്കൾ അല്ലേ? ജന്മം കൊടുത്ത മാതാപിതാക്കളുടെ ചുമതയാണല്ലോ അത്, അതിന്റെ ശരിയും തെറ്റും ഉൾക്കൊണ്ടു തന്നെയാണ് അവർ അവരുടെ കുഞ്ഞിനെ ആ പരസ്യത്തിനു വേണ്ടി വിട്ടു കൊടുത്തതെന്നാണ് ഞാൻ കരുതുന്നത്.

ഈ വീമ്പിളക്കലും വിവാദവും ഒക്കെ കൂട്ടി വായിച്ചാൽ നമ്മുടെ കപടസദാചാരബോധത്തിന്റെ മറ്റൊരു മുറവിളി മാത്രമാണിത് എന്ന് മനസ്സിലാകും.