ന്യൂഡൽഹി: അസമിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നും ഭരണകക്ഷിയായ ബിജെപി അധികാരം നിലനിർത്തുമെന്നും മാതൃഭൂമി സീ വോട്ടർ പ്രിപോൾ സർവേ. ഭരണകക്ഷിയായ ബിജെപിക്ക് കഴിഞ്ഞ തവണത്തെ പ്രകടനം കാഴ്ചവെക്കാൻ സാധിക്കില്ലെന്ന സർവേ പറയുന്നു. യു.പി.എ. മുന്നണി 56 സീറ്റ് വരെ നേടി കേവല ഭൂരിപക്ഷത്തിന്റെ അടുത്ത് എത്തും. നിലവിലെ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ തന്നെ മുഖ്യമന്ത്രിയായി തുടരണമെന്നും സർവെയിൽ കൂടുതൽ ആളുകൾ പറയുന്നു.

7393 സാമ്പിളുകളാണ് അസമിൽനിന്ന് ശേഖരിച്ചത്. എൻ.ഡി.എ. 65 മുതൽ 73 സീറ്റ് വരെയും യു.പി.എ. സഖ്യം 52 മുതൽ 60 വരെയും മറ്റുള്ളവർ 4 സീറ്റ് വരെയും നേടുമെന്ന് സർവേ ഫലം പറയുന്നു. ആകെ 126 സീറ്റുകളാണ് അസമിലുള്ളത്.

അസമിലെ ബിജെപി സർക്കാരിന്റെ പ്രവർത്തനം മികച്ചത് എന്ന് 46.8 ശതമാനം പേരും ശരാശരി എന്ന് 27.9 ശതമാനം പേരും മോശം എന്ന് 25.3 ശതമാനം പേരും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി എന്ന നിലയിൽ സർബാനന്ദ സോനോവാളിന്റെ പ്രകടനം മികച്ചത് എന്ന് 46 ശതമാനം പേരും ശരാശരി എന്ന് 28.5 ശതമാനം പേരും മോശം എന്ന് 25.5 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തി.

മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യത്തിനും കൂടുതൽ പേർ പിന്തുണച്ചത് സർബാനന്ദ സോനോവാളിനെ തന്നെയാണ്. സോനോവാൾ 46.2 ശതമാനം പേരുടെ പിന്തുണ നേടിയപ്പോൾ ഗൗരവ് ഗൊഗോയി (കോൺഗ്രസ്) 25.2 ശതമാനം പേരുടെ പിന്തുണയും ഹിമന്ദ ബിശ്വ ശർമ (ബിജെപി)- 13 ശതമാനം, ഹംഗ്രാമ മൊലിഹാരി (ബി.പി.എഫ്) -3.8 ശതമാനം, ബദറുദ്ദീൻ അജ്മൽ (എ.ഐ.യു.ഡി.എഫ്) -5.7 ശതമാനം പേരുടെയും പിന്തുണ നേടി.