- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർഷക സമരങ്ങളും വിവാദങ്ങളുമൊന്നും ഏൽക്കില്ല; ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപിക്ക് അധികാര തുടർച്ചയെന്ന് അഭിപ്രായ സർവേ; പഞ്ചാബിൽ ആം ആദ്മി പാർട്ടി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് പ്രവചനം; ക്യാപ്ടനെ കൈവിട്ടത് കോൺഗ്രസിന് തിരിച്ചടിയാകും
ന്യൂഡൽഹി: കർഷക സമരത്തിന്റെ ചൂടിലാണ് ഉത്തരേന്ത്യ. പഞ്ചാബിൽ അടക്കം കർഷക സമരത്തിന്റെ തിരിച്ചടി കേന്ദ്രത്തിനെതിരെ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെട്ടത്. എന്നാൽ, ഈ സമരം ബിജെപിയെ ബാധിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി തന്നെ നേട്ടം കൊയ്യുമെന്നാണ് അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത്. ഉത്തർപ്രദേശ്, മണിപ്പൂർ, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി അധികാരം നിലനിർത്തുമെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. പഞ്ചാബിൽ കോൺഗ്രസിന് അധികാരം നഷ്ടമാകുമെന്നു ആംആദ്മി പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ സാധ്യതയുണ്ടെന്നും എബിപി-സി വോട്ടർ സർവേ പ്രവചിക്കുകയായിരുന്നു.
പഞ്ചാബിന് പുറമേ ഗോവയിലും ഉത്തരാഖണ്ഡിലുമാണ് കോൺഗ്രസിന് പ്രതീക്ഷകളുള്ളത്. ഇവിടങ്ങളിലും തിരിച്ചടിയെന്നാണ് സർവേകൾ റിപ്പോർട്ടു ചെയ്യുന്നത്. കനത്ത വെല്ലുവിളി ഉയർത്തുമെന്നും ഒരു മൂന്നാംശക്തിയായി ഉയർന്നുവരികയാണെന്നും സർവേ പറയുന്നു. തിരഞ്ഞെടുപ്പ് തോൽവികൾ കോൺഗ്രസിന്റെ എല്ലാ സംസ്ഥാന ഘടകങ്ങളിലും വൻ ആഭ്യന്തര കലഹങ്ങളിലേക്കെത്തിക്കുമെന്നുമാണ് പ്രവചനം.
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി കൂടുതൽ കരുത്തു നേടുമെന്നാണ് പ്രവചനം. അധികാര തുടർച്ച ഉറപ്പിക്കുന്ന ഇവിടെ ബിജെപിക്ക് 41.3 ശതമാനം വോട്ടും അഖിലേഷ് യാദവിന്റെ നേതൃത്വലുള്ള മുഖ്യപ്രതിപക്ഷമായ സമാജ് വാദി പാർട്ടിക്ക് 32 ശതമാനം വോട്ടുമാണ് സർവേ പ്രവചിക്കുന്നത്. ബിഎസ്പിക്ക് 15 ശതമാനവും കോൺഗ്രസിന് ആറ് ശതമാനം വോട്ടും ലഭിക്കുമെന്നും പറയുന്നു. 2017-ൽ 41.4 ശതമാനം വോട്ട് നേടി മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബിജെപിക്ക് ഇത്തവണയും വോട്ട് ശതമാനത്തിൽ അത പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് സർവേ പറയുന്നത്. അതേ സമയം ഉത്തർപ്രദേശിലിപ്പോൾ പ്രധാന ചർച്ചാ വിഷയമായ ലഖിംപുർ ഖേരി സംഭവത്തിന് ഒരു മാസം മുന്നെ നടന്ന സർവേയുടെ റിപ്പോർട്ടുകളാണ് ഇതെന്നതും ശ്രദ്ധേയമാണ്.
സർവേ അനുസരിച്ച് ബിജെപി 241 മുതൽ 249 സീറ്റുകൾ നേടുമെന്നാണ് പറയുന്നത്. സമാജ് വാദി പാർട്ടിക്ക് 130 മുതൽ 138 സീറ്റുകളും ബിഎസ്പിക്ക് 15 മുതൽ 19 സീറ്റുകളും കിട്ടുമെന്ന് പ്രവചിക്കുന്നു. മൂന്ന് മുതൽ ഏഴ് സീറ്റുകളാണ് കോൺഗ്രസിന് പ്രതീക്ഷിക്കാവുന്നത്.
അതേസമയം പഞ്ചാബിൽ ആം ആദ്മി പാർട്ടി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന പ്രവചനമാണ് സർവേയിലെ മുഖ്യഘടകം.117 അംഗ പഞ്ചാബ് നിയമസഭയിൽ 49 മുതൽ 55 സീറ്റുകളാണ് എഎപിക്ക് സർവേയിൽ നൽകുന്നത്. കോൺഗ്രസിന് 30 മുതൽ 47 സീറ്റുകൾ, അകാലിദളിന് 17 മുതൽ 25 സീറ്റുകൾ, ബിജെപിക്ക് ഏറിയാൽ ഒരു സീറ്റ്, മറ്റുള്ളവർക്കും ഒരു സീറ്റ് വരെ കിട്ടാമെന്നും എബിപി-സി വോട്ടർ സർവേ പ്രവചിക്കുന്നു. എഎപി 36 ശതമാനം വോട്ടും കോൺഗ്രസ് 32 ശതമാനം വോട്ടും നേടിയേക്കും. അകാലിദൾ 22 ശതമാനവും ബിജെപി നാല് ശതമാനവും മറ്റുള്ളവർ ആറ് ശതമാനവും വോട്ട് പിടിക്കുമെന്നാണ് പ്രവചനം.
ഉത്തർപ്രദേശിൽ ബിജെപി തന്നെ ഒരിക്കൽ കൂടി അധികാരത്തിലേറുമെന്നാണ് സർവേ പറയുന്നത്. കോൺഗ്രസിന് 34 ശതമാനവും ബിജെപിക്ക് 45 ശതമാനവും വോട്ട് വിഹിതമാണ് പ്രവചിക്കുന്നത്. മൂന്നാമാതായി എത്തുന്ന ആം ആദ്മി പാർട്ടിക്ക് 15 ശതമാനം വോട്ടുകൾ ഉത്തരാഖണ്ഡിൽ പിടിക്കാനാകുമെന്ന പ്രവചനവും ശ്രദ്ധേയമാണ്. 70 അംഗ നിയമസഭയാണ് ഉത്തരാഖണ്ഡിലേത്. ഇവിടെ ബിജെപി 42 മുതൽ 46 സീറ്റുകൾ പിടിക്കുമെന്ന് സർവേ പറയുന്നു. കോൺഗ്രസിന് 21 മുതൽ 25 ഉം എഎപിക്ക് നാല് സീറ്റ് വരെയും മറ്റുള്ളവർക്ക് രണ്ട് സീറ്റുകൾ വരെയും അഭിപ്രായ സർവേ പ്രവചിക്കുന്നു.
40-അംഗ ഗോവ നിയമസഭയിലേക്ക് ബിജെപി ഒരിക്കൽ കൂടി അധികാരത്തിൽ വരുമെന്ന് സർവേ പ്രവചിക്കുന്നു. 24 മുതൽ 28 സീറ്റുകളാണ് ബിജെപിക്ക് പ്രതീക്ഷിക്കാവുന്നത്. കോൺഗ്രസിന് ഒന്ന് മുതൽ അഞ്ചു സീറ്റുകൾ മാത്രമാണ് പ്രവചിക്കുന്നത്. അതേ സമയം എഎപിക്ക് മൂന്ന് മുതൽ ഏഴ് വരെയും മറ്റുള്ളവർക്ക് നാല് മുതൽ എട്ട് സീറ്റുകളും സർവേയിൽ പറയുന്നുണ്ട്. 38 ശതമാനമാണ് ബിജെപിയുടെ വോട്ട് വിഹിതം കണക്കാക്കുന്നത്. കോൺഗ്രസ്-18, എഎപി-23 മറ്റുള്ളവർ 21 ശതമാനവും വോട്ട് വിഹിതം പ്രവചിക്കുന്നു.
വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ 60 അംഗ നിയമസഭയിലേക്കാണ് അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്നത്. 21 മുതൽ 25 സീറ്റുകൾ വരെ ഇവിടെ ബിജെപി നേടുമെന്നാണ് സർവേ പറയുന്നത്. കോൺഗ്രസിന് 18 മുതൽ 22 സീറ്റുകളും പ്രതീക്ഷിക്കുന്നുണ്ട്. എൻപിഎഫിന് നാല് മുതൽ എട്ട് വരെയും മറ്റുള്ളവർക്ക് ഒന്ന് മുതൽ അഞ്ച് സീറ്റുകളും പ്രതീക്ഷിക്കുന്നുണ്ട്. ബിജെപിക്ക് 36 ശതമാനവും കോൺഗ്രസിന് 34 ശതമാനവും വോട്ട് വിഹിതം സർവേ കണക്കാക്കുന്നുണ്ട്. എൻപിഎഫിന് ഒമ്പതും മറ്റുള്ളവർക്ക് 21 ശതമാനവും വോട്ട് വിഹിതം പ്രവചിക്കുന്നു.
മറുനാടന് ഡെസ്ക്