ര്‍ഗ്ഗീയത, സെക്കുലറിസം അപകടത്തില്‍ എന്നീ കൊച്ചുവാര്‍ത്തമാനങ്ങളല്ല വേണ്ടൂ. ലോകം എത്തിപെട്ടിരിക്കുന്ന അപകടകരമായ അവസ്ഥകളെ സംസാരിക്കൂ. സാധാരക്കാരെ കരുതലുള്ളവരാക്കൂ. ലോക ജനതതി, ജിയോ പൊളിറ്റിക്സ്, അതി സംഘര്‍ഷ മേഖലകളിലാണ്, കാലഘട്ടത്തിലാണ് എത്തപ്പെട്ടിരിക്കുന്നത്. ലോക ജനത ഇന്ന് അനുഭവിക്കുന്ന ശാന്തതയും സൗകുമാര്യങ്ങളും ഒരു പക്ഷെ മാനവ സിവിലൈസേഷന്‍ തന്നെ നഷ്ടപെടാനിടയുള്ള കാര്‍മേഘങ്ങളാണ് ഉരുണ്ടുകൂടിയിരിക്കുന്നത്. നമ്മള്‍ ഇന്ത്യക്കാരടക്കമുള്ള ലോക ജനത ദുരിതങ്ങളിലേക്ക് പതിക്കാനുള്ള സാദ്ധ്യത വളരെ വളരെ കൂടുതലാണ്. കഴിഞ്ഞ പതിറ്റാണ്ടുകള്‍ മാനവരാശിയുടെ സുവര്ണകാലഘട്ടങ്ങളായിരുന്നു. ലോക പൊളിറ്റിക്കല്‍ നേതൃത്വങ്ങള്‍ സമ ബുദ്ധിയോടെ കാര്യങ്ങളെ കൈകാര്യം ചെയ്തില്ലെങ്കില്‍ ദു:ഖങ്ങളും ദുരിതങ്ങളുമാണ് നമ്മെ കാത്തിരിക്കുന്നത്. ഒരു പക്ഷെ മാസങ്ങള്‍ക്കകലെ മാത്രം എത്തിനില്‍ക്കുന്ന ആ കാര്‍മേഘങ്ങള്‍ ഏതൊക്കെയാണ് എന്ന് ചെറുതായി പരിചയപ്പെടുത്താനാണ് ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നത്.

വര്‍ഗ്ഗീയത, സെക്കുലറിസം അപകടത്തില്‍, മുതലായ കൊച്ചു വര്‍ത്തമാനങ്ങളിലാണ് കേരളത്തിലെ 'ബുദ്ധിജീവികള്‍' കഥാ കാലക്ഷേപം നടത്തി ജീവിച്ചുപോകുന്നത്. മഹാനുഭാവന്മാരെ, ഗ്രോ അപ്പ്. നിങ്ങള്‍ യുവാക്കളുടെ കാഴ്ചപ്പാടിനെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് മറച്ചു വെക്കാനിടയാക്കിയിരിക്കുന്നു. സമീപ ഭാവിയില്‍, വര്‍ഷങ്ങളില്‍, നാം അനുഭവിക്കാന്‍ ഇടയുള്ള പ്രശ്‌നങ്ങള്‍ ഇതൊന്നുമല്ല. വര്‍ഗ്ഗീയത, വിലക്കയറ്റം, തൊഴിലില്ലായ്മ മുതലായ കാര്യങ്ങള്‍ ഇനിയൊരു അമ്പതു വര്ഷം കഴിഞ്ഞുള്ള ചര്‍ച്ചകളിലും ഇങ്ങനെയൊക്കെ തന്നെ ആവര്‍ത്തിക്കപെടും. അറുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ മുത്തശ്ശി പാടി നടന്ന ഒരു മുദ്രാവാക്യമുണ്ട്. 'നാഴി അരി നാലണക്ക് വിറ്റൊരു പടുപാവി സര്‍ക്കാരേ വോട്ട് വേണോ' . ഇനിയൊരു അന്‍പതു വര്‍ഷം കഴിഞ്ഞുള്ള പൊതു ഇടങ്ങളിലെ ചര്‍ച്ചയിലും വര്‍ഗ്ഗീയത, വിലക്കയറ്റം, തൊഴിലില്ലായ്മ മുതലായവ ഉണ്ടാകും. 140 കോടി ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഒരു പ്രദേശത്ത് ഇതൊക്കെ ഇങ്ങനെത്തന്നെ ആയിരിക്കും.

പ്രിയ മഹാനുഭാവന്മാരെ, അടുത്ത മാസങ്ങളില്‍ വര്‍ഷങ്ങളില്‍ നാം അഭിമുകീകരിക്കാന്‍ പോകുന്ന പ്രധാന ട്രാജഡികള്‍ ഇതൊന്നുമല്ല. ചിലത് വിശദീകരിക്കാം. 1) ഇന്നത്തെ ലോക സാമ്പത്തിക വ്യവസ്ഥ, ഒരു ഫൈനാന്‍ഷ്യല്‍ മെസ് ആണ്. ലോക സാമ്പത്തിക വ്യവസ്ഥ 1929 നു സമാനമായ ഒരു ഡിപ്രെഷന്‍, ഒരു മാര്‍ക്കെറ്റ് കോളാപ്സ് ലേക്ക് പോയികൊണ്ടിരിക്കുകയാണ്. ലോകമെമ്പാടും വിദഗ്ദ്ധര്‍ അത് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അങ്ങനെയൊരു ലോക സാമ്പത്തിക പ്രതിസന്ധി ഉണ്ടായാല്‍ ഇത്തവണ ഇന്ത്യയെയും അത് വളരെ ബാധിക്കും. തൊഴിലില്ലായ്മ വിലക്കയറ്റം നമ്മുടെ വീടുകളിലും എത്തും. 2) ലോക കറന്‍സി വാര്‍. ഇപ്പോഴത്തെ ലോക കറന്‍സിയായ ഡോളറിനു പകരം ഒരു കറന്‍സി എന്ന ആശയം, ഒരു BRICS കറന്‍സി അല്ലെങ്കില്‍ ഡോളറിനെ ആശ്രയിക്കാതെയുള്ള പരസ്പര ട്രേഡ്, എന്ന ആശയം, ലോക രാജ്യങ്ങള്‍ വളരെ ഗൗരവത്തോടെ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. അതിനുള്ള നടപടികള്‍ മുന്നോട്ടുപോയി കൊണ്ടിരിക്കുന്നു. ഇത് ലോക പോലീസ് ആയ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക വെറുതെയങ്ങു അനുവദിച്ചുകൊടുക്കില്ല. അവരുടെ സാമ്പത്തിക വ്യവസ്ഥ ഇപ്പോള്‍ കെട്ടുറപ്പോടെ നിലനില്‍ക്കുന്നതുതന്നെ യുഎസ് ഡോളര്‍ ലോക കറന്‍സിയായി നിലനില്‍ക്കുന്നതുകൊണ്ടാണ്. വന്‍ സംഘര്‍ഷങ്ങള്‍, സാമ്പത്തികവും അല്ലാത്തതുമായ, ഒളിഞ്ഞും തെളിഞ്ഞുമുള്ള പല സംഘര്‍ഷങ്ങള്‍ ഇതിനെ പ്രതി ഉണ്ടാകാന്‍ പോകുന്നു. 3) റഷ്യ യുക്രൈന്‍ യുദ്ധം നീണ്ടു നീണ്ടു പോകുന്നു.

റഷ്യ ഉദ്ദേശിച്ചതുപോലെ കാര്യങ്ങള്‍ നടക്കുന്നില്ല. അവര്‍ യുദ്ധോപകരണങ്ങളിലും സാമ്പത്തികമായും വന്‍ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ honour ഈസ് അറ്റ് സ്റ്റേക്ക്. പുട്ടിന്‍ എന്തൊക്കെ കടും കൈ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹത്തിന്റെ കൂടെ ഉള്ളവര്‍ക്കുപോലും അറിയണമെന്നില്ല. 4) ലോകം ഇന്നേവരെ കണ്ട ഏറ്റവും വലിയ ഏക ഛത്രാധിപതി, പവര്‍ മാന്‍, ചൈനയുടെ ഷി ഷിന്‍ പിംഗ് ആകുന്നു. എല്ലാ അധികാരങ്ങളും അദ്ദേഹത്തിന്റെ കൈവശമാണിപ്പോള്‍. തന്നെ നിഷ്‌കാസനം ചെയ്യാന്‍ സാദ്ധ്യതയുള്ള എല്ലാ നേതാക്കളെയും പലതരത്തില്‍ അദ്ദേഹം അപ്രസക്തരാക്കി കഴിഞ്ഞു. പൊതു ജന സമ്മിതി നേടാന്‍ തായ്വാനിലേക്കു ഒരു അഡ്വെഞ്ചര്‍ നടത്താന്‍ അദ്ദേഹത്തിന് തോന്നിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. ഇവിടെ യുഎസ് ന്റെ honour ആയിരിക്കും ബാധിക്കാന്‍ പോകുന്നത്. ചൈന അങ്ങെനെയൊരു അബദ്ധം കാണിക്കാന്‍ ഇടയായാല്‍ പിന്നെ ലോകം ഇന്ന് കാണുന്നതുപോലെ ആയിരിക്കില്ല നിലനില്‍ക്കാന്‍ പോകുന്നത്. 5) മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കാരണമോ, ഇവ അന്തര്‍ലീനമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടോ ഒരു മൂന്നാം ലോക മഹായുദ്ധ സാദ്ധ്യത വെറും ഊഹമല്ല. പല വിദഗ്ദ്ധരും ഭയപ്പെടുന്നു. Doomsday Clock, 90 സെക്കന്‍ഡ് മാത്രം അരികിലാണ്.

1929 ലെ മാര്‍ക്കെറ്റ് ഡിപ്രെഷനു സമാനമായ ഒരു ഫിനാന്‍ഷ്യല്‍ മാര്‍ക്കെറ്റ് കൊളാപ്‌സ് പ്രവചിച്ചു കൊണ്ടുള്ള ചര്‍ച്ചകളാണ് ലോക സാമ്പത്തിക കാര്യ ചര്‍ച്ചകളില്‍ മുഴുവന്‍ നടക്കുന്നത്. അതിന്റെ പ്രതിഫലനങ്ങള്‍, അത് എങ്ങനെ തടയാം, തടയാന്‍ കഴിയുമോ എന്നീ ചര്‍ച്ചകളാണ് എങ്ങും. അങ്ങനെയൊരു ഫിനാന്‍ഷ്യല്‍ മാര്‍ക്കെറ്റ് മെല്‍റ്റ് ഡൌണ്‍ ഉണ്ടായാല്‍ ഇന്ത്യക്കും അതില്‍ നിന്ന് ഏറെയൊന്നും വിട്ടുനില്‍ക്കാന്‍ ആവില്ല. എന്തൊക്കെയായിരിക്കും പ്രതിഫലനങ്ങള്‍.

1929ല്‍ അമേരിക്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യാന്‍ ഇവിടെ ഇടമില്ല. എന്നാല്‍ അത് അമേരിക്കയിലെ സാധാരണക്കാരുടെ ജീവിതത്തിലുണ്ടാക്കിയ കഷ്ടപ്പാടുകള്‍ കാര്യങ്ങളുടെ അവസ്ഥ മനസ്സിലാക്കാന്‍ സഹായിക്കും. ആ പ്രതിസന്ധിയുടെ ഫലങ്ങള്‍ ഒരു ദശകത്തോളം നീണ്ടുനിന്നു. ആയിരകണക്കിന് ഫാക്ടറികളും ബിസിനസ്സ് കളും പൂട്ടി. അമേരിക്കയിലെമ്പാടും ലക്ഷകണക്കിന് മനുഷ്യര്‍ തൊഴില്‍ രഹിതരായി. 1933 ആകുമ്പോഴേക്ക് അന്നത്തെ അമേരിക്കന്‍ ജനസംഖ്യയുടെ 1,28,30,000 പേര്‍ തൊഴില്‍ രഹിതരായി. ആയിരക്കണക്കിന് ബാങ്കുകള്‍ പൂട്ടിപ്പോയി. പലരുടെയും വീടുകളും ആസ്തികളും നഷ്ടപ്പെട്ടു. ജനം പബ്ലിക് പാര്‍ക്കുകളില്‍ കുടില്‍ കെട്ടി താമസിക്കേണ്ട അവസ്ഥയിലിലെത്തി. ന്യൂയോര്‍ക്ക് കാരുടെ അഭിമാനമായ സെന്‍ട്രല്‍ പാര്‍ക്കില്‍ മനുഷ്യര്‍ കാര്‍ഡ്‌ബോഡ് ബോക്‌സുകളില്‍ തീര്‍ത്ത ടെന്റുകളില്‍ താമസിച്ചിരുന്നു. അത്തരം ചേരികളെ അപഹാസത്തോടെ അന്നത്തെ പ്രെസിഡണ്ടിന്റെ പേരു ചേര്‍ത്ത് 'Hoovervilles' എന്നാണ് വിളിച്ചിരുന്നത്. ( then-President Herbert Hoover). പലയിടങ്ങളിലും കഞ്ഞി പാര്‍ച്ച നടത്തിയിരുന്നു ( soup kitchens to feed the hungry). ജനങ്ങള്‍ അത്തരം കഞ്ഞിപാര്‍ച്ചാകേന്ദ്രങ്ങളില്‍ നീണ്ട വരികളില്‍ കാത്തുനിന്നിരുന്നു.

ലോകരുടെ സമ്പത്ത് പുക പോലെ ഇല്ലാതായ മറ്റൊരു സാമ്പത്തിക പ്രതിസന്ധിയായിരുന്നു 2008 ലേത്. അമേരിക്കക്കാരന്റെ അഭിമാനമായ പല സാമ്പത്തികസ്ഥാപനങ്ങളും, Bear Sterns, Lehman Brothers, മുതലായ വന്‍ ബാങ്കുകളുടെ ആസ്തിപട്ടികയില്‍ വലിയ ഓട്ടകളുണ്ടായി. അവര്‍ ലിക്വിഡിറ്റി പ്രശ്‌നത്തിലായി. ഇവയും മറ്റു പല ബാങ്കുകളും മറ്റു സാമ്പത്തിക സ്ഥാപനങ്ങളും കടലാസു കൊട്ടാരം പോലെ വീണു. 8.5 ദശലക്ഷo മനുഷ്യരുടെ തൊഴില്‍ നഷ്ടപെട്ടു. 34 Sub Mortgage company കള്‍ പൊളിഞ്ഞു. ഒരു കണക്കനുസരിച്ച് 2008 നും 2012നും ഇടക്ക് 465 അമേരിക്കന്‍ ബാങ്കുകള്‍ പൂട്ടിപോയി. എന്നുവെച്ചാല്‍ നിങ്ങള്‍ രാവിലെ ATM card കൊണ്ട് ചെന്നാല്‍ കാശുകിട്ടില്ല. ജനങ്ങള്‍ ബാങ്കുകള്‍ക്ക് മുന്നില്‍ അവരുടെ നിക്ഷേപം പിന്‍ വലിക്കാന്‍ വരി നിന്നു. ഇന്ത്യയില്‍ ബാങ്ക് ഫെയിലിയര്‍ എന്ന പദം നിങ്ങള്‍ കേട്ടിട്ട് പോലുമില്ല. നിങ്ങള്‍ക്ക് അതൊരു പേടിയെ അല്ല. അതിനര്‍ത്ഥം ഇന്ത്യയുടെ ബാങ്കിംഗ് വ്യവസ്ഥിതി സുദൃഡം ആണെന്ന്തന്നെയാണ്.

പക്ഷെ ഈ വരുന്ന പ്രതിസന്ധി അതുപോലെ പോകണമെന്നില്ല. കാരണം ഇന്നത്തെ ലോകം അത്രയധികം ഇന്റഗ്രേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ലോകത്തെ മിക്ക രാജ്യങ്ങളും വന്‍ കടക്കെണിയിലാണ്. ഒരു കാസ്‌കേഡിങ് എഫക്ട് ചൈനയും ഇന്ത്യയും അടക്കം മിക്ക രാജ്യങ്ങളെയും ബാധിക്കാം. വന്‍ തൊഴിലില്ലായ്മ ഇന്ത്യയിലും ഉണ്ടാകും.

കറന്‍സി വാര്‍ — ഡി ഡോളറൈസേഷന്‍ : യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക ഒരു വന്‍ മണ്ടത്തരമാണ് ഡോളറിനെ ഒരു weapon ആയി ഉപയോഗിച്ചപ്പോള്‍ നടന്നത്. വെപ്പണൈസേഷന്‍ ഓഫ് ഡോളര്‍. യുക്രൈന്‍ യുദ്ധത്തിന് മുന്‍പ്പ് SWIFT സിസ്റ്റത്തില്‍ നിന്ന് റഷ്യയെ പുറത്താക്കുകയും റഷ്യയുടെ 300 ഓളം ബില്ല്യണ്‍ ഡോളര്‍ വരുന്ന ഫോറെക്‌സ് റിസേര്‍വ് മരവിപ്പിക്കുകയും ചെയ്തത് എല്ലാ അന്താരാഷ്ട്ര മര്യാദകള്‍ക്കും നിരക്കാത്തതാണ്. ആ പ്രവൃത്തി ഒരു യുദ്ധത്തില്‍ ചെന്നെത്താതിരുന്നത് ആണവായുധ സ്റ്റോക്ക് ഇരുപക്ഷത്തും ഉള്ളതുകൊണ്ടുമാത്രമാണ്. അതിന് മുന്‍പ് വെനിസ്വലക്കെതിരായും ഇറാനെതിരായും, അമേരിക്ക ഡോളര്‍ എന്ന ആയുധം, ലോക വ്യപാര കറന്‍സി ആയതുകൊണ്ടുള്ള സൗകര്യമുപയോഗിച്ചു്, പ്രയോഗിച്ചിരുന്നു. ഇതുകൂടി ആയപ്പോള്‍ ലോക രാഷ്ട്രങ്ങളുടെ കണ്ണ് തുറന്നു. ഇതിനി ഇങ്ങനെ മുന്നോട്ട് പോയിക്കൂടാ.

ഡോളര്‍ കറന്‍സിക്ക് വെളിയില്‍ കച്ചവടങ്ങള്‍ തുടങ്ങിയിരിക്കുന്നു. സൗദി അറേബ്യ എണ്ണ വ്യാപാരം യുഎസ് ഡോളറില്‍ എന്ന നിലപാട് അവസാനിപ്പിച്ചിരുന്നു. 1979 മുതല്‍ നടക്കുന്ന കച്ചവട രീതിയാണ് മാറ്റിയത്. ഇനിമുതല്‍ INR ലും യുവാനിലും മറ്റു ലോക കറന്‍സികളിലും എണ്ണ വ്യാപാരം നടക്കും. ഒരു ലോക വ്യാപാര കറന്‍സിയായി ഡോളര്‍ വളരാന്‍ ഒരു കാരണം പെട്രോ ഡോളര്‍ ആയിരുന്നു. അത് അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയെ വളരെ സഹായിച്ച ഒരു നീക്കമായിരുന്നു. ഡോളര്‍ അടിച്ചു് ലോകത്തിന് വിതരണം ചെയ്ത് സാമ്പത്തിക ശക്തിയായി അമേരിക്ക മുന്നോട്ടുപോയി. സൗദി അറേബിയയുടെ ഈ നീക്കം അമേരിക്കന്‍ ഇക്കണോമിയെ വളരെ ബാധിക്കും. അങ്കിള്‍ സാം എങ്ങനെയൊക്കെയാണ് പ്രതികരിക്കുക എന്നറിയില്ല. അന്തര്‍ധാരകളില്‍ അങ്കിള്‍ സാം കരുനീക്കങ്ങള്‍ നടത്തും.

ഇവിടെ BRICS കറന്‍സിയെ കുറിച്ചുള്ള ചര്‍ച്ചകളെ കുറച്ചു വിശദീകരിക്കേണ്ടിയിരിക്കുന്നു. BRICS പ്രാവര്‍ത്തികമാകുന്നതിന് പല കടമ്പകള്‍ നിലനില്‍ക്കുന്നു. ഏതൊരു കറന്‍സിയും വിനിമയത്തിലായി, സ്ഥാപിതമായി പ്രാവര്‍ത്തികമാകാന്‍, നിയമവ്യവസ്ഥയില്‍ അധിഷ്ഠിതമായ, ബിസിനസ്സ് സമൂഹത്തിന് വിശ്വാസം ഉളവാകുന്ന, ഒരു സര്‍ക്കാര്‍ ആ കറന്‍സിയുടെ പുറകില്‍ ഉണ്ടാകേണ്ടതുണ്ട്. റഷ്യയുടെ പുട്ടിനോ ചൈനയുടെ ഷി ജിങ്പിങ് നോ ലോക ബിസിനസ്സ് കമ്മ്യൂണിറ്റിക്കു മുന്‍പില്‍ അതുനേടാന്‍ കഴിവില്ല. രണ്ടു രാഷ്ട്രങ്ങളും പല ഇന്റെര്‍ണല്‍ ദൗര്‍ബല്യങ്ങള്‍ കൊണ്ടുനടക്കുന്നവയാണ്. പല സാമ്പത്തിക പോരായ്മകളും കൊണ്ടുനടക്കുന്നവരാണ്. അതിനു പുറമെയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള സങ്കര്‍ഷങ്ങള്‍. അതൊക്കെ കൊണ്ടുതന്നെ BRICS നില്‍വില്‍ വരിക എന്നതിന് ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ലോക ബിസിനസ്സ് കമ്മ്യൂണിറ്റിക്ക് BRICS ല്‍ വിശ്വാസം വരാന്‍ സാദ്ധ്യത കുറവാണ്, അല്ലെങ്കില്‍ സമയമെടുക്കും. ഡോളറിനു പകരം നില്‍ക്കാന്‍ സാധ്യതയുള്ള കറന്‍സി ഇപ്പോള്‍ INR മാത്രമാകുന്നു. ലോകത്തിലെ തന്നെ ശക്തമായ ഒരു നിയമവ്യസ്ഥയും ജനാധിപത്യ പ്രക്രിയകളും ഒരു തുറന്ന സമൂഹവുമാണ് ഇന്ത്യയുടേത്. ലോക ബിസിനസ്സ് കമ്മ്യൂണിറ്റി ഇന്ത്യയുമായി INR ല്‍ ഇടപാടുകള്‍ നടത്താന്‍ വിമുഖത ഇല്ല.

യുഎസ് ഡോളറിന്റെ അപ്രമാദിത്വത്തെ ഡിസ്രപ്റ്റിവ് ആക്കാന്‍ ഇന്ത്യക്കും ഇന്ത്യന്‍ രൂപക്കും കഴിവുണ്ട് . ഇന്ത്യന്‍ രൂപയും UPI എന്ന ഇന്ത്യന്‍ ആപ്പിനും ലോക ഫിനാന്‍ഷ്യല്‍ മാര്‍ക്കെറ്റില്‍ ഒരു ഡിസ്രപ്ഷന്‍, പാരഡൈം മാറ്റം, കൊണ്ടുവരാന്‍ കഴിവുണ്ട്. ഡോളര്‍ അടിസ്ഥാനമായ ലോക സാമ്പത്തിക ക്രമത്തിന്റെ, അപ്രമാദിത്തം തെറ്റിക്കാന്‍ കഴിവുണ്ട്. ഡോളറിനു വെളിയില്‍ ഇന്ത്യന്‍ രൂപയില്‍ കച്ചവടങ്ങള്‍ നടത്താനുള്ള ചില പ്രധാന തീരുമാനങ്ങള്‍ ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യ ഇപ്പോള്‍ 22 രാജ്യങ്ങളുമായി ഇന്ത്യന്‍ രൂപയില്‍ കച്ചവടങ്ങള്‍ നടത്താനുള്ള തീരുമാനങ്ങള്‍ സൗകര്യങ്ങള്‍ എടുത്തുകഴിഞ്ഞു. റഷ്യക്ക് പുറമെ ജര്‍മ്മനി, യുകെ, സിങ്കപ്പൂര്‍, ശ്രീലങ്ക, മലേഷ്യ, ന്യൂസിലാന്‍ഡ്, പലആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇവയുമായൊക്കെ ഡോളറിന് വെളിയില്‍ ഇന്ത്യന്‍ രൂപയില്‍ കച്ചവട ബന്ധങ്ങള്‍ ഉറപ്പിച്ചുകഴിഞ്ഞു. INR ഒരു ലോക കറന്‍സിയായി മാറിയാല്‍, ചിലപ്പോള്‍ അതിനു ദശകങ്ങള്‍ വേണ്ടിവരും, അത് ഇന്ത്യ എന്ന രാജ്യത്തെ ഒരു വന്‍ സാമ്പത്തിക ശക്തിയാക്കി ഉയര്‍ത്തും. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ സ്ഥാനം ലോക രാഷ്ട്രങ്ങളില്‍ ഉറപ്പിക്കുന്ന പുരോഗമനങ്ങളാണത്. യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്ന ഡീപ്പ് സ്റ്റേറ്റ് ഇതൊക്കെ അങ്ങനെ സുഖമമായി മുന്നോട്ടുകൊണ്ടുപോകാന്‍ അനുവദിക്കുകയില്ല എന്നിവിടെ ഓര്‍ക്കുക. ഇതൊക്കെ കണക്കാക്കുന്ന അങ്കിള്‍ സാം, പാശ്ചാത്യ ശക്തികള്‍, ശക്തമായ എതിര്‍പ്പ്, ഒളിഞ്ഞും തെളിഞ്ഞു മുള്ള ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയകളിലുള്ള ഇടപെടലുകള്‍, അവരില്‍ നിന്ന് ഉണ്ടാകും.

ഡി ഡോളറൈസേഷന്‍ അടുത്തുതന്നെ നടക്കാന്‍ പോകുന്നു എന്ന രീതിയില്‍ കാര്യങ്ങളെ കാണരുത്. ദശകങ്ങളെടുക്കും. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക ശക്തമായ ഇന്റെര്‍ണല്‍ ഡൈനാമിക്‌സ് ഉള്ള രാജ്യമാണ്. മാനേജേരിയല്‍ കഴിവുള്ളൊരു രാജ്യമാണ്. അവര്‍ ധാതു സമ്പുഷ്ട രാജ്യമാണ്. സായന്‍സികമായി ടെക്‌നൊളജിക്കലായി വളരെ മുന്നിട്ടു നില്‍ക്കുന്ന രാജ്യമാണ്. പല ഷോക്കുകളും അവര്‍ക്ക് ഉള്‍ക്കൊള്ളാനാകും. മാനേജ് ചെയ്യാന്‍ കഴിയും. എങ്കിലും ദശകങ്ങള്‍ കഴിയുമ്പോള്‍, ഡി ഡോളറൈസേഷന്‍ തങ്ങളുടെ സുപ്രീമസിയെ ഇല്ലാതാക്കും എന്നവര്‍ക്കറിയാം. അതിനനുസരിതമായ ജിയോ പൊളിറ്റിക്സ് ഇടപെടലുകള്‍ അവര്‍ ഇപ്പോള്‍ തന്നെ തുടങ്ങും. അതാണ് അമേരിക്ക.

ലോക സമാധാനത്തെയും നമ്മുടെയൊക്കെ ജീവിതത്തെയും താറുമാറാക്കിയേക്കാവുന്ന ഒരു മഹാ യുദ്ധം, അതിനുള്ള കാരണങ്ങള്‍ പല മേഖലകളിലൂടെ കൂടിച്ചേര്‍ന്ന് ഭയാനകമായ തോതില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഒരു മൂന്നാം ലോക മഹായുദ്ധം എന്ന പദം ഉപയോഗിക്കാന്‍ കൈവിറക്കുന്ന സാഹചര്യങ്ങള്‍ അടിഞ്ഞു കൂടിയിരിക്കുന്നു. ഉക്രൈന്‍ റഷ്യ യുദ്ധം അല്ലെങ്കില്‍ ചൈനയുടെ തായ്വാന്‍ അധിനിവേശ ശ്രമങ്ങള്‍ എന്ന നിലക്ക് അതങ്ങനെ പത്രവാര്‍ത്തയായി വായിച്ചുപോയാല്‍ പോരാ. അതിനു പുറകില്‍ പ്രവര്‍ത്തിക്കുന്ന പ്രൈഡ്, ഹോണര്‍, ഫിയര്‍, പരാജയങ്ങള്‍, വ്യക്തികള്‍, താല്പര്യങ്ങള്‍, സാമ്പത്തിക ഞെരുക്കങ്ങള്‍ എല്ലാംകൂടി രാജ്യങ്ങള്‍ എത്തപ്പെട്ടിരിക്കുന്ന, ദിനതോറും അഴിച്ചെടുക്കാന്‍ പ്രയാസമായിക്കൊണ്ടിരിക്കുന്ന, ജിയോ പൊളിറ്റിക്കല്‍ നൂലാമാലകള്‍ എല്ലാം ചേര്‍ത്ത് വസ്തുതകളെ കാണുക. കാര്യങ്ങള്‍ അപകടകരമായ, സ്‌പോടനാല്മകമായ അവസ്ഥയിലാണ്.

റഷ്യ ഇന്റേണലി ബാങ്ക്‌റപ്റ്റ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. അവരുടെ നേതൃത്വം പുട്ടിന്‍ എന്ന വ്യക്തിയിലാണ്. അദ്ദേഹം ഒരു രഹസ്യാന്വേഷണ ഏജന്‍സി ബാക്ക് ഗ്രൗണ്ട്ല്‍ വളര്‍ന്നു വന്ന വ്യക്തിത്വമാണ്. കെജിബി പ്രവര്‍ത്തനരീതികളാണ് അദ്ദേഹത്തിന്റെ അടിത്തറ. രാജ്യാന്തര രഹസ്യാന്വേഷണ സ്വഭാവത്തില്‍ വളര്‍ന്നുവന്നവരില്‍ മനുഷ്യ സ്‌നേഹം അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങള്‍ ഉണ്ടാവാനിടയില്ല. അവരുടെ സ്ട്രാറ്റജി, അവരുടെ പ്ലാനുകള്‍, ഏതുവിധേനയും വിജയിപ്പിക്കുക എന്ന ഫോക്കസില്‍ വളര്‍ന്നുവന്നവരാണ് അവര്‍. ആണവമെങ്കില്‍ ആണവം പരാജയം ഞാന്‍ അംഗീകരിക്കില്ല എന്നതാണത്തരക്കാരുടെ മാനസികാവസ്ഥ. പാശ്ചാത്യ രാജ്യങ്ങളുടെ പലതരം നിരോധനങ്ങള്‍ കാരണവും, വന്‍ തോതില്‍ യുവാക്കളെ യുദ്ധമുഖത്ത് വിന്യസിച്ചതുമൂലമുള്ള ഉല്‍പാദന പ്രക്രിയകളിലെ മാന്ദ്യവും അവരെ ബാധിച്ചിരിക്കുന്നു. നിവൃത്തികേടുകളില്‍ ചെന്നുപെട്ടാല്‍ ഈ മനുഷ്യന്‍ എന്തൊക്കെ ചെയ്തുകൂട്ടുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. റഷ്യയിലെ മുന്നണി പട്ടാള ഉദ്യോഗസ്ഥര്‍ക്കുപോലും ഇദ്ദേഹത്തിന്റെ മനസ്സിലിരുപ്പ് അറിയുമായിരിക്കില്ല.

റഷ്യ എന്നൊരു സൂപ്പര്‍ പവര്‍, എല്ലാവരും ഒറ്റപെട്ടു നിര്‍ത്തിയിരിക്കുന്ന കിം ജോംഗ് ഉണ്‍ എന്നൊരു നേതാവുമായി, പറായ നേഷന്‍ ആയ നോര്‍ത്ത് കൊറിയയുമായി, പ്രകടനാല്മകമായൊരു സന്ദര്‍ശനം നടത്തിയിരിക്കുന്നു നടത്തേണ്ടിവന്നിരിക്കുന്നു. യുദ്ധോപകരണങ്ങളുടെ ലഭ്യതക്കുവേണ്ടിയായിരിക്കണം നോര്‍ത്ത് കൊറിയയുമായുള്ള ഈ സൗഹൃദം. പരസ്പര സഹായ ഉടമ്പടിയില്‍ ഒപ്പുവെക്കുന്നു. വെടിയുണ്ടകളും മറ്റു യുദ്ധോപകരണങ്ങളും ആണ് ലക്ഷ്യം എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റഷ്യയുടെ ന്യൂക്ലിയര്‍ സബ്മറൈന്‍ ക്യൂബന്‍ തീരത്ത് ഈയിടെ അടുപ്പിച്ചിരുന്നു. അമേരിക്കയെ മുന്‍കൂട്ടി അറിയിച്ചിട്ടാണെങ്കിലും ഒരു ന്യൂക്ലിയര്‍ സബ് മറൈന്‍ അമേരിക്കയുടെ ഇത്രയും അടുത്ത്, പഴയ ക്യൂബന്‍ മിസൈല്‍ ക്രൈസിസ് ഓര്‍മ്മിപ്പിച്ചുകൊണ്ട് അടുപ്പിക്കുമ്പോള്‍ അതൊരു വന്‍ പ്രസ്താവനയാണ്.

ദശകങ്ങളായി എല്ലാവരും മറന്നു കിടന്നിരുന്ന തിബറ്റ് കാര്യങ്ങളോട് അമേരിക്കക്ക് പെട്ടെന്ന് ഒരു സഹാനുഭൂതി. നാന്‍സി പെലോസിയും അമേരിക്കന്‍ സെനറ്റര്‍ മാരും ചേര്‍ന്ന് ദലൈ ലാമയെ കാണുന്നു. Tibet Policy Bill എന്നൊരു ബില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒപ്പുവെക്കാന്‍പോകുന്നു .. (promoting resolution between Tibet China dispute Act.) . ടിബറ്റ് ചൈനയുടെ അവിഭാജ്യഘടകമാണെന്ന് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയാണ് ഇതൊക്കെ വീണ്ടും പൊക്കികൊണ്ടുവരുന്നത്.

'China on Tuesday urged US President Joe Biden not to sign the Tibet policy bill, warning of 'resolute measures', as it expressed 'strong concern' over the visit of a high-level US Congress delegation to Dharamshala to meet the Dalai Lama'.

ഈ അന്താരാഷ്ട്ര പോസ്‌റച്ചറിങ് കളൊക്കെ ജിയോ പൊളിറ്റിക്കല്‍ സംഘര്‍ഷങ്ങളുടെ അന്തര്‍ധാരയായി എന്തൊക്കെയോ പെരുക്കുന്നതിന്റെ ലക്ഷണങ്ങളാണ്.

ഒരു മൂന്നാം ലോക മഹായുദ്ധ സാദ്ധ്യത വെറും ഊഹമല്ല. വാര്‍ എന്ന പദം പലവുരു അന്താരാഷ്ട്ര ചര്‍ച്ചകളില്‍ കാണുന്നു കാണുന്നു. Peace, നെഗോസിയേഷന്‍ എന്നീ വാക്കുകള്‍ കേള്‍ക്കാനുമില്ല. കടും മേഘങ്ങള്‍ വളരെ അടിഞ്ഞുകൂടിയിരിക്കുന്നു.

Preparing for war: Is Europe getting ready? Conscription and military spending are back on the agenda … BBC (Released On 30 Apr 2024 ),

'NATO holds biggest military exercises in Europe since end of Cold War. Dubbed Steadfast Defender 24' ( https://www.lemonde.fr › International. Friday, June 21, 2024 (Paris).

Subways as bunkers, one-meal plan as Germany prepares amid Russia war (India Today World Desk Jun 11, 2024 ),

Europe preparing for war as Ukraine conflict looms large '(By Al Jazeera Staff Published On 11 Jun 2024),

ഈ ലേഖനം അവസാനിപ്പിക്കുമ്പോള്‍ പുലിസ്റ്റര്‍ പ്രൈസ് ജേതാവ് Annie Jacobsen എഴുതിയ Nuclear War: A Scenario എന്ന പുസ്തകത്തിലെ ചില ഭയാനകമായ കാഴ്ചകള്‍ ചെറുതായി എല്ലാവരുടെയും ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു (ബുക്ക് റെവ്യൂ പിന്നീടൊരിക്കല്‍ ആവാം). ഇതൊരു അപ്പൊകലിപ്‌സ് ഭയപെടുത്തലല്ല. ആണവ ആയുധപ്രയോഗത്തിന് മടിക്കില്ല എന്ന പുട്ടിന്റെ പ്രസ്താവത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തെ കാണുക.

ഏതെങ്കിലുമൊരു രാജ്യം, അല്ലെങ്കിലൊരു റോഗ് നേതാവ്, ഒരു ആണവ മിസൈല്‍ തൊടുത്താല്‍, ആവര്‍ത്തിക്കുന്നു 'ഒരെണ്ണം' തൊടുക്കാനിടയായാല്‍, പിന്നീട് ഉണ്ടാകാന്‍ പോകുന്ന ഭയാനകമായ സംഹാരം, ഈ ഭൂമിയുടെ ഭസ്മീകരണം, ആര്‍ക്കും തടയാനാവില്ല. അങ്ങനെയാണ് പ്രമുഖ രാജ്യങ്ങളുടെ ആണവ യുദ്ധ ഡിറ്ററന്‍സ് പോളിസി ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതാണ് ഈ പുസ്തകത്തിലൂടെ ശ്രീമതി ആനി ജേക്കബ്സണ്‍ പറഞ്ഞുവെക്കുന്നത്. നമ്മള്‍ മാനവരാശി കഴിഞ്ഞ ആയിരത്താണ്ടുകളായി വളര്‍ത്തിയെടുത്ത ഈ സിവിലൈസേഷന് പിന്നീടുള്ള നിലനില്‍പ്പ് 72 മിനുട്ടുകള്‍ മാത്രമാണ്. നമുക്കൊക്കെ പിന്നീട് ഈ ലോകത്ത് ജീവിക്കാന്‍ ഉള്ളത് 72 മിനുട്ടുകള്‍ മാത്രമാണ്. ഈ ലോകത്തെ ഒരു നേതാവിനും ഒരു ആര്‍മി ജനറല്‍ വിചാരിച്ചാലും പിന്നീട് ഉണ്ടാകാന്‍ പോകുന്ന ഭയാനകമായ സംഹാരം തടയാനാവില്ല.

ജേക്കബ്സണ്‍ ലോകത്തെ എല്ലാ പ്രധാന രാജ്യങ്ങളിലെയും വളരെ സീനിയര്‍ ആയ ഡിഫെന്‍സ് ഓഫീസര്‍ മാരെയും, ക്രൂസ് മിസൈല്‍ വിദഗ്ധരെയും, വിരമിച്ചവരും അല്ലാത്തവരുമായ ഈ മേഖലയിലെ പലരുമായും കൂടിക്കാഴ്ച നടത്തിയതിനു ശേഷം എഴുതിയ പുസ്തകമാണിത്.

ഏതെങ്കിലും ഒരു രാജ്യം ഒരു ആണവ മിസൈല്‍ പ്രയോഗിച്ചു എന്ന് കരുതുക . ഒരു നഗരം കത്തി ചാമ്പലായി. പകരം വീട്ടാന്‍ ഒരു ആണവ ബോംബ് തിരിച്ചു് പ്രയോഗിച്ചു ശത്രു രാജ്യത്തിന്റെ ഒരു നഗരം നശിപ്പിക്കപ്പെട്ടു. അപ്പോഴേക്കും ലോക ജനത ഒത്തുകൂടി ചര്‍ച്ച ചെയ്തു യുദ്ധം ഒഴിവാക്കി കിട്ടി. അല്ലെങ്കില്‍ ഏതെങ്കിലും ഒരു രാജ്യം ജാപ്പാനെപോലെ കീഴടങ്ങും, യുദ്ധം അവസാനിക്കും ഇങ്ങനെയൊക്കെ ഒരു പക്ഷെ നമ്മള്‍ സമാധാനിച്ചു ജീവിക്കുന്നുണ്ടാവാം. എന്നാല്‍ ഇന്നനെയല്ല പ്രധാന രാജ്യങ്ങളുടെ ആണവ ഡിറ്ററന്‍സ് പോളിസി ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഉദാഹരണമായി അമേരിക്കയുടെയും റഷ്യ യുടെയും ആണവ ഡിറ്ററന്‍സ് പോളിസി നോക്കാം. അമേരിക്കയുടെത് 'Launch on Warning' എന്ന പ്രിന്‍സിപ്പിളാണ്. ഒരു ICMB (ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍) അമേരിക്കക്ക് നേരെ വരുന്നത്, അമേരിക്കയുടെ ഏതെങ്കിലും സാറ്റലൈറ്റ് കളോ റാഡറുകളോ കണ്ടാല്‍ ഉടനെ കൗണ്ടര്‍ ലോഞ്ച്. ഇതാണ് അമേരിക്കയുടെ ഡിറ്ററന്‍സ് പോളിസി. മറിച്ചു് റഷ്യയുടേത് 'First absorb attacking warheads' എന്ന പോളിസി ആണുള്ളത്. എന്നിട്ട് ? എന്നിട്ട്… 'The Soviets developed a System known as 'Dead Hand'. …. Nuclear war will not end until Russia's entire arsenal is emptied - to zero' ( Nuclear War: A Scenario , Page 225). ആയിരത്തിലധികം ആണവ ആയുധം പേറുന്ന മിസൈലുകള്‍ ഒന്നിച്ചു് ലോഞ്ച് ചെയ്യപ്പെടും. അമേരിക്കയുടെ ഇന്റര്‍സെപ്റ്റര്‍ (interceptor ) മിസൈലുകള്‍ ഇതിലെത്ര തടുക്കും ?

നേരിട്ട് വരുന്ന ഒരു ICBM മിസൈലിനെ ആകാശത്ത് വെച്ച് തടഞ്ഞിടുക എന്നതൊക്കെ സയന്‍സ് ഫിക്ഷനിലുപരി പ്രായോഗിക തലത്തില്‍ എത്രത്തോളം വിജയിക്കും എന്നതിന് ആര്‍ക്കും വലിയ ഉറപ്പൊന്നുമില്ല. അമേരിക്കക്കാരനും ഉറപ്പൊന്നുമില്ല. മണിക്കൂറില്‍ 14000 മൈല്‍ വേഗതിയില്‍ വരുന്നൊരു മിസൈലിനെ 20000 മൈല്‍ വേഗതയുള്ളൊരു ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ കൊണ്ട് തടുക്കുക എന്നത് ഒരു തോക്കില്‍ നിന്ന് വരുന്ന വെടിയുണ്ടയെ വേറൊരു വെടിയുണ്ട കൊണ്ട് വെടിവെച്ചിടുന്നതിന് തടുക്കുന്നതിന് തുല്യമാണ്. അപ്പോള്‍ നൂറുകണക്കിന് മിസൈലുകള്‍ ഒന്നിച്ചു വന്നാലോ? അമേരിക്കക്കാരുടെ ഒരു പരീക്ഷണത്തില്‍ ഇരുപത് മിസൈലുകളെ തടയാന്‍ ശ്രമിച്ചതില്‍ ഒന്‍പത് മിസൈലുകള്‍ പരാജയപ്പെടുകയാണുണ്ടായത് (പേജ്73).

അമേരിക്കന്‍ പ്രെസിഡന്‍ഡ് പോകുന്നിടത്തൊക്കെ ഒരു കറുത്ത സൂട്ട് കേസ് പിടിച്ച് കൊണ്ട് വിടാതെ പിന്തുടരുന്നൊരു ഓഫീസറെ എല്ലാവരും ശ്രദ്ധിച്ചിരിക്കും ( റഷ്യന്‍ പ്രെസിഡന്‍ഡ്, മറ്റ് ലോകനേതാക്കളുടെ കൂടെയും, ഇതുണ്ടാകും). അത് 'ഇലക്ട്രോണിക് ജാമര്‍' ഒന്നുമല്ല. അത് ഒരു യുദ്ധമുണ്ടായാല്‍ പ്രെസിഡന്‍ഡ്‌ന് തീരുമാനമെടുക്കേണ്ട Decisions Handbook ആകുന്നു. *What nuclear weapons to use, *What targets to hit, *Estimated casualties that will result. മുതലായവ തീരുമാനിക്കേണ്ട ഹാന്‍ഡ്ബുക്ക് ആകുന്നു. അതിന്റെ കോഡുകളും.

ഭൂമിയില്‍ നിന്ന് തൊടുക്കാവുന്ന 400 ICBM, ആകാശത്ത് B-52, B-2 സ്റ്റീല്‍ത്ത്. ബോംബേറുകളില്‍ ഉപയോഗിക്കാനുള്ള 66 മള്‍ട്ടിപ്ലില്‍ വാര്‍ ഹെഡ്‌സ്, കടലില്‍ 14 ന്യൂക്ലിയര്‍ ആംഡ് സബ്മറൈനുകള്‍. ഏതുപയോഗിക്കണം.

നാറ്റോ രാജ്യങ്ങളില്‍ 100 ഓളം ആണവ ആയുധങ്ങള്‍ സൂക്ഷ്ച്ചിട്ടുണ്ട്. ഇന്നത്തെ ഒരു തെര്‍മോ ന്യൂക്ലിയര്‍ ആയുധം 100 കിലോമീറ്ററിനകത്ത് ഒന്നും ശേഷിപ്പിക്കില്ല. ഇതിലെ അപകടം, ഇത് ഉപയോഗിക്കുകയാണെങ്കില്‍, തടയാന്‍ സാദ്ധ്യമല്ല എന്ന വസ്തുത റഷ്യയെ അലട്ടുന്നുണ്ട്. ഫലം ഒരു ആണവ യുദ്ധം ഉണ്ടായാല്‍ യുദ്ധം കഴിയുമ്പോഴേക്കും യൂറോപ്പില്‍ എഴുനേറ്റു നില്‍ക്കുന്ന ഒരു മനുഷ്യന്‍ ഉണ്ടാകാനിടയില്ല.

പഴയ പ്രെസിഡന്‍ഡ് റൊണാള്‍ഡ് റീഗന്റെ പരിദേവനം കൂടി കേള്‍ക്കുക.

"Six minutes to decide how to respond to a blip on a radar scope and decide whether to release Armageddon! How could anyone apply reason at a time like that'. (റാഡാര്‍ സ്‌ക്രീനില്‍ കൂടെ നീങ്ങുന്ന ഒരു ചെറിയ ബ്ലിപ് വിലയിരുത്തികൊണ്ട്, ലോകാവസാനത്തിന് ഇടയാക്കുന്ന ഒരു തീരുമാനം ആറു മിനുട്ടിനകത്ത് എടുക്കണം. എന്ത് യുക്തിവിചാരം ഉള്ള തീരുമാനമാണ് അപ്പോള്‍ സാദ്ധ്യമാകുക!).

കരിഞ്ഞു പോയ ദോശയെ കുറിച്ചും, ചുളുങ്ങിയ സാരിയെക്കുറിച്ചും, വൈകിപോയ സാലറി അരിയറിനെ കുറിച്ചും, വാങ്ങാന്‍ പോകുന്ന കാറിനെ കുറിച്ചും, കുട്ടികളെ ഏതു നല്ല സ്‌കൂളിലാണ് ചേര്‍ക്കേണ്ടത് എന്നതിനെ കുറിച്ചുമൊക്കെ ആവലാതിപ്പെടുമ്പോള്‍ അറിയുക, ആദ്യത്തെ 72 മിനിട്ടിനുള്ളില്‍ നിങ്ങളും ഞാനുമോക്കെ ഇല്ലാതാകും. മാനവ സിവിലൈസേഷന്‍ മുഴുവന്‍ ഇല്ലാതാകും. ലോകത്തെ 8 ബില്യണ്‍ മനുഷ്യരില്‍ 5 ബില്യണ്‍ മനുഷ്യരും ഇല്ലാതാകും. ബഹുനില കെട്ടിടങ്ങള്‍ നിന്ന് കത്തും. റോഡുകള്‍ ഉരുകും. പട്ടണങ്ങള്‍ ഇന്‍ഫെര്‍ണോ പോലെ കത്തികൊണ്ടിരിക്കും. 180 km സ്പീഡില്‍ തീ കാറ്റടിക്കും. 330 ബില്യണ്‍ പൗണ്ട് പൊടിപടലങ്ങള്‍ ആകാശത്തേക്കുയരും. സൂര്യ പ്രകാശം ഭൂമിയില്‍ എത്തില്ല. കാള്‍ സാഗന്‍ പറഞ്ഞ ന്യൂക്ലിയര്‍ വിന്റ്റര്‍ തുടങ്ങും. അത് 6 വര്‍ഷത്തോളം നീണ്ടു നില്‍ക്കും. മിക്ക സസ്യജാലങ്ങളും നശിക്കും.

ബോംബ് പതിക്കുന്ന 10 കിലോമീറ്റര്‍ ചുറ്റളവിലെ മനുഷ്യര്‍ എന്താണ് സംഭവിക്കുന്നതെന്നറിയുന്നതിനു മുന്‍പേ ഇന്‍സിനറേറ്റ്ഡ് ആകും (അന്ത്യനാളില്‍ ഉയിര്‍ത്തെഴുനേല്‍പ്പിക്കലിന്, ഇവനെ സ്വര്‍ഗ്ഗത്തിലേക്കയക്കണോ, നരകത്തിലേക്കയക്കണോ എന്ന് തീരുമാനിക്കാന്‍, ഒരു എലുമ്പിന്‍ കഷണം പോലും ദൈവത്തിന് കിട്ടില്ല). അന്ത്യോപചാരങ്ങള്‍ പോയിട്ട് ഒരു തുള്ളിവെള്ളം വരണ്ട ചുണ്ടികളില്‍ ഒഴിക്കാന്‍ ആരുമിണ്ടാകില്ല. 10 കിലോമീറ്റര്‍നു വെളിയിലുള്ളവര്‍ ആഹാരത്തെക്കാള്‍ കുടിവെള്ളത്തിനു വേണ്ടിയായിരിക്കും കേഴുന്നത്. ജീവജാലങ്ങള്‍ വെള്ളത്തില്‍ സ്രോതസ്സില്‍ ചത്തഴുകി കിടക്കുന്നുണ്ടാകും. റേഡിയേഷന്‍ മൂലം മനുഷ്യരുടെ ആന്തരാവയങ്ങള്‍ ദ്രവീകരിക്കപെടും. റേഡിയേഷന്‍ മൂലമുള്ള മരണങ്ങള്‍ കഠിനവേദനയുളവാക്കുന്ന പീഡയോടെ ആയിരിക്കും. ഒളിക്കാനോ ഓടി രക്ഷപെടാനോ ഭൂമിയില്‍ ഇടമില്ല.

"The survivors will envy the Dead'. Nikita Khrushchev .

എന്നിട്ടും ലോകനേതാക്കള്‍ ഒരു മഹാ യുദ്ധത്തെ പ്രതി സംസാരിക്കുന്നു. പുട്ടിന്‍ ആണവ പ്രോയോഗത്തിന് മടിക്കില്ല എന്ന് മുന്നറിയിപ്പ് നല്‍കുന്നു. യൂറോപ്പ് ഒരു യുദ്ധത്തിനുള്ള തയാറെടുപ്പുകള്‍ നടത്തുന്നു. നമ്മുടെ ബുദ്ധിജീവികള്‍ സെക്കുലറിസം അപകടത്തില്‍ എന്നതിനെ പ്രതി ആകാംക്ഷപെട്ട് വിലപിക്കുന്നു. കേഴുക പ്രിയ നാടേ, മനുഷ്യാ.

Annie Jacobsen എഴുതിയ Nuclear War: A Scenario എന്ന പുസ്തകത്തിന് പൂര്‍ണ്ണതയുള്ളൊരു അവലോകനം ഇനിയൊരിക്കല്‍ ആവാം.