പാറശാലയിലെ ഷാരോൺ എന്ന മോന്റെ മരണത്തിനു പിന്നിലെ ദുരൂഹത ചുരുളഴിയേണ്ടിയിരിക്കുന്നു. ഷാരോൺ എന്ന കുട്ടിയുടെ മരണത്തിനു പിന്നിൽ ഒരു പ്രണയത്തിന്റെ കഥയ്ക്ക് ഒപ്പം ഒരു അന്ധവിശ്വാസത്തിന്റെ കഥ കൂടി കേൾക്കുന്നുണ്ട്. കേൾക്കുന്നത് സത്യമാണെങ്കിൽ കൂടത്തായിയിലെ ജോളിയെ പോലെ ഒരു വെൽ പ്ലാൻഡ് മർഡർ ആണ് നടന്നിരിക്കുന്നത്. പുറത്തു വന്ന ചാറ്റുകൾ വെളിവാക്കുന്നുണ്ട് കഷായവും ജ്യൂസും പെൺകുട്ടി ആ പയ്യന് നല്കിയിരുന്നുവെന്നും അത് കഴിച്ച ആ പയ്യൻ ഛർദ്ദിച്ചതൊക്കെ ആ പെണ്ണിന് അറിയാമായിരുന്നുവെന്നും. ഇത്രയൊക്കെ പുറത്തുവന്നിട്ടും ആ പെണ്ണിന് ഒരു പേരില്ല; മേൽവിലാസമില്ല; ഭയങ്കരമാന സ്ത്രീ സുരക്ഷ!

തിരിച്ചായിരുന്നു കഥയെങ്കിലോ? ഒരു പെൺകുട്ടി മരണപ്പെട്ടതിൽ അവളുടെ കാമുകന് പങ്ക് ഉണ്ടെന്ന ആരോപണമാണ് വന്നിരുന്നതെങ്കിൽ എന്താകുമായിരുന്നു അവസ്ഥ. ? ആ ആരോപണത്തിൽ കണ്ണീരും കിനാവും സമാസമം ചേർത്ത് വാർത്ത നല്കി റേറ്റിങ് കൂട്ടി മാധ്യമങ്ങളെല്ലാം മുൻ പേജിൽ തന്നെ പയ്യന്റെ ചിത്രവും കുടുംബപേര്, സർവ്വേ നമ്പർ സഹിതം അച്ചടിച്ചു കഴിഞ്ഞു കാണുമായിരുന്നേനെ. അവനെ നമ്മൾ ഇടം വലം വിടാതെ പ്രതികൂട്ടിൽ നിറുത്തി ജനകീയ വിചാരണ ചെയ്യുമായിരുന്നു. അവന്റെ ജാതകം വരെ സോഷ്യൽ ഓഡിറ്റിങ്ങിനു വിധേയമാക്കി അവന്റെ വീട്ടുകാരെ ഒന്നടങ്കം അധിക്ഷേപിച്ച് പുറത്തിറങ്ങാൻ പറ്റാത്തവിധം വിചാരണ തുടർന്നേനെ.

വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ പുരുഷനെതിരെ ആരോപണം ഉന്നയിച്ചാൽ, ആരോപണത്തിൽ കഴമ്പ് ഉണ്ടോ ഇല്ലയോ എന്നു പോലും നോക്കാതെ ഉടൻ തന്നെ അവന്റെ പേരും മുഖവും വീട്ടുപേരടക്കമുള്ള അഡ്രസ്സും അച്ചടിച്ചുവരുന്ന നടപ്പുരീതിക്ക് നിറഞ്ഞ കയ്യടിയാണിവിടെ. അവനെതിരെ ഒളിയിടങ്ങളിൽ ഇരുന്ന് അമ്പെയ്യുന്ന പെണ്ണിന് സൊസൈറ്റി കല്പിച്ചുനല്കിയിരിക്കുന്ന ഇരയെന്ന പ്രിവിലേജാണ് ഇതിനു കാരണം. പലപ്പോഴും നാം കാണുന്ന,കേൾക്കുന്ന പല പീഡനകഥകളും പീന്നീട് ഫാബ്രിക്കേറ്റഡ് അല്ലെങ്കിൽ കുക്ക്ഡ് അപ്പ് സ്റ്റോറികളാണെന്ന് തെളിയുമ്പോൾ , ആരോപണ വിധേയനായ പുരുഷൻ നിരപരാധിയെന്ന് തെളിയുമ്പോൾ പെണ്ണിന് ഒന്നും സംഭവിക്കുന്നില്ല. അത്തരം അവസ്ഥകളിൽ അവന്റെ ഭാഗം കേൾക്കാൻ ആരും ഇല്ലാതെ പോകുകയും സമൂഹം മൊത്തം കുറ്റവാളിയാക്കി ചിത്രീകരിക്കുകയും ചെയ്യുമ്പോൾ അവനു കൈമോശം വരിക അവന്റെ ജീവിതം തന്നെയായിരിക്കും. അത്തരം ട്രോമ ജീവിതകാലം മുഴുവൻ അവനെ വേട്ടയാടുന്നു. ചിലർ ആ ട്രോമയുടെ ആഘാതം കൊണ്ട് ജീവിതം മതിയാക്കി റിട്ടേൺ ടിക്കറ്റ് എടുക്കുന്നു. എപ്പോഴും ദുർബലതയുടെ വശമായ സ്ത്രീയുടെ ഭാഗം മാത്രം ചിന്തിക്കുന്നതുകൊണ്ടാകാം പുരുഷ പീഡനങ്ങൾ പലപ്പോഴും നമ്മുടെ ശ്രദ്ധയിൽ പെടാതെ പോകുകയും തമസ്‌ക്കരിക്കപ്പെടുകയും ചെയ്യുന്നു.

ക്രൈം എന്നത് ഒരു വൺ സൈഡഡ് പ്രോസസ് ഒന്നുമല്ല. അതൊരു ടൂ വേ പ്രോസസ് തന്നെയാണ്. പെണ്ണ് തീരാബാധ്യതയും ദുരിതവുമായി ജീവിതം അവസാനിപ്പിക്കുന്ന ആണുങ്ങൾ ഇവിടെയുണ്ട്. പെണ്ണ് വിരിച്ച വലയിൽ കുരുങ്ങി കൊല്ലപ്പെടുന്നവരുണ്ട്. ഹണിട്രാപ്പിൽ അകപ്പെട്ട് നാണംകെട്ട് ജീവിക്കുന്നവരുണ്ട്. ഫേക്ക് പോക്‌സോ കേസുകളിൽ അകപ്പെടുന്നവരുമുണ്ട്. സ്ത്രീസുരക്ഷയെന്ന പഴുതുകളിലൂടെ രക്ഷപ്പെടാൻ സാധിക്കുന്ന സ്ത്രീക്രിമിനലിസത്തിന്റെ ഇരകളായി ജീവിതം വഴി മുട്ടിപ്പോയ എത്രയോ ആണുങ്ങളുണ്ട്. വിവാഹം കഴിക്കുന്നത് തന്നെ വിവാഹമോചനത്തിനും, അതുവഴി നല്ലൊരു തുക അലിമോണി കിട്ടാനും വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീകളുമുണ്ട്. ക്രൈമുകൾക്ക് ജെൻഡർ വേർതിരിവുകളൊന്നുമില്ല.

അരുംകൊലകൾക്ക് ' 'പ്രണയപ്പക ' എന്ന ആലങ്കാരിക ഭംഗി നല്കി , തേപ്പ് എന്ന പണിയായുധം വച്ച് കൊലകൾക്ക് ന്യായവിധി കല്പിക്കുന്നവർ മനസ്സിലാക്കേണ്ട ഒന്നുണ്ട് മറ്റൊരാളുടെ ജീവനെടുക്കുന്ന മാനസികാവസ്ഥ ഒരിക്കലും ജെൻഡർ വച്ച് അളക്കേണ്ട ഒന്നല്ല. പ്രണയത്തിന് നോ പറഞ്ഞാൽ , അഥവാ ഫുൾസ്റ്റോപ്പ് ഇട്ടാൽ കൊല്ലുന്നതും പ്രണയം നടിച്ച് ഇഞ്ചിഞ്ചായി കൊല്ലുന്നതും ഒരേ ക്രൈമാണ്. ഒരുപക്ഷേ രണ്ടാമത്തേത് കുറേ കൂടി ക്രൂരമാണ്; കാരണം സ്‌നേഹത്തിന്റെ പാനപാത്രം നീട്ടി ഒരുവന്റെ ജീവനെടുക്കുമ്പോൾ കൊല്ലപ്പെടുന്നവൻ അറിയുന്നില്ല തന്നെ ഊട്ടുന്നത് വിഷം പുരട്ടിയ കൈകൾ ആണെന്ന സത്യം.

അവനായും അവളായും ട്രാൻസായും വ്യക്തികളെ തരം തിരിക്കാതെ വികാരവിചാരങ്ങളുള്ള മനുഷ്യരായി മാത്രം കാണാൻ കഴിഞ്ഞാൽ one-sided ആയിട്ടുള്ള പരിരക്ഷയ്‌ക്കോ biased ആയിട്ടുള്ള സമൂഹവിചാരണയ്‌ക്കോ സാധ്യതയുണ്ടാവില്ല. പെണ്ണ് ഇരയാണ് എന്ന് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെ എന്റർടെയിന്മെന്റുകളുടെ മറുവശത്ത് യഥാർത്ഥ ഇരകളായി നില്ക്കുന്നത് പുരുഷന്മാരാണ് പലപ്പോഴും. ആ വരച്ച വര വിട്ടൊന്ന് മാറി നടക്കുന്ന ആണുങ്ങൾ ഇവിടെ വളരെ വിരളമാവുന്നതിന് കാരണം ഇവിടെ നിലനിന്നുപ്പോരുന്ന സോഷ്യൽ ഓഡിറ്റിങ്ങും ജഡ്ജ്‌മെന്റുകളും സ്ത്രീകൾക്കനുകൂലം മാത്രം ആകുന്നതിലാണ്. അവൾ ആക്രമണം നേരിടാൻ ഇടയുണ്ടെന്നത് നമ്മുടെ മനസിലുള്ളതുകൊണ്ട് അവളെയും അവളുടെ ആരോപണത്തെയും അപ്പാടെ വിഴുങ്ങും ; അതിനെ മാത്രം ശ്രദ്ധിക്കും. എന്നാൽ അതേ പോലെ വൾനറബിളാണ് പുരുഷന്മാരും എന്നത് ശ്രദ്ധിക്കുകയേ ഇല്ല.

ഇര എന്നു കേട്ടാലുടൻ കരയുന്ന പെണ്ണിന്റെ ചിത്രം മാത്രമല്ല വരേണ്ടത് സമൂഹത്തെ പേടിക്കുന്ന, ടെൻഷനുള്ള, കരയുന്ന, കണ്ണ് നിറയുന്ന , അപമാനം കൊണ്ട് തല കുമ്പിടേണ്ടി വരുന്ന ആണുങ്ങളെന്നു കൂടിയുണ്ട്. പെണ്ണ് ഒരുക്കുന്ന ചതിക്കുഴിയിൽ അറിയാതെ വീഴുന്ന, ജീവൻ തന്നെ നഷ്ടമാകുന്ന പുരുഷന്മാരുണ്ട്. Martyrs of love and marriage എന്ന് കേട്ടാൽ പെൺമുഖങ്ങൾ മാത്രമല്ല വരേണ്ടത്; അവിടെ ആൺമുഖങ്ങൾ കൂടി വരണം. ഷാരോൺ എന്ന കുട്ടിയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ മറ നീക്കി പുറത്തു വരട്ടെ! ആ മരണത്തിൽ ഒരു പ്രണയത്തിന്റെ ചതി ഒളിഞ്ഞിരുപ്പുണ്ടെങ്കിൽ ജോളിമാർ നമുക്കിടയിൽ യഥേഷ്ടമുണ്ടെന്നു തിരിച്ചറിയുക. ആ മരണത്തിൽ ഒരു അന്ധവിശ്വാസത്തിന്റെ ചതിയുണ്ടെങ്കിൽ ലൈലമാർക്ക് ഈ നവോത്ഥാന കേരളത്തിൽ ഒരു പഞ്ഞവുമില്ലെന്ന് തിരിച്ചറിയുക.