- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാബു പോളിന്റെ ഓർമകൾക്ക് മരണമില്ല; എബി ആന്റണി എഴുതുന്നു
ഡോ. ഡി. ബാബുപോൾ വിടവാങ്ങിയിട്ട് ഇന്ന് അഞ്ച് വർഷം. ഐ എ എസ് എന്ന മൂന്നക്ഷരത്തിനപ്പുറം സഞ്ചരിച്ച പ്രതിഭയായിരുന്നു ബാബു പോൾ. വേദ ശബ്ദ രത്നാകരം എന്ന ബൈബിൾ നിഘണ്ടുവിന്റെ സ്രഷ്ടാവിന് നർമ്മങ്ങൾ മറ്റാരേക്കാളും വഴങ്ങുമായിരുന്നു. പ്രസംഗത്തിലും എഴുത്തിലും മാത്രമല്ല ഫയലിൽ പോലും നർമ്മങ്ങൾ എഴുതുന്ന രസികൻ ആയിരുന്നു ബാബു പോൾ. സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്നപ്പോൾ മൃഗശാലയിൽ കാണ്ടാമൃഗങ്ങളെ എത്തിച്ചത് ബാബുപോൾ തന്റെ സർവീസ് സ്റ്റോറിയിൽ വിവരിക്കുന്നത് രസകരമാണ്.
ആ കഥ ഇങ്ങനെ :മൃഗശാലയിൽ കാണ്ടാമൃഗം ഇല്ലാതായിട്ട് ഇടവ പാതികൾ പലത് പെയ്ത് തോർന്നിരുന്നു. ആസാമിലെ കസിരംഗയിൽ മാത്രമാണ് ഈ മൃഗം ഉള്ളത്. ആസാമികളാണെങ്കിൽ തരുകയും ഇല്ല. 1991 ൽ കരുണാകരൻ മുഖ്യമന്ത്രി ആയപ്പോഴേക്കും ആസാമിൽ സെയ്കിയ എന്ന കോൺഗ്രസുകാരനും മുഖ്യമന്ത്രി കസേരയിൽ എത്തി. കാണ്ടാമൃഗത്തെ കിട്ടാൻ പറ്റിയ സാഹചര്യം. ബാബു പോൾ കരുണാകരന് ഒരു കുറിപ്പ് എഴുതി ' ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മുടെ മുഖ്യമന്ത്രി ആസാമിലെ മുഖ്യമന്ത്രിക്ക് നേരിട്ട് കത്തെഴുതിയാൽ രണ്ട് കാണ്ടാമൃഗങ്ങളാവും എന്ന് വിശ്വസിക്കുന്നു.
കത്തിന്റെ കരട് കൂടെ ' . കരുണാകരന് പൂർണ്ണ സമ്മതം. മന്ത്രി ജേക്കബിന് അതിലേറെ സമ്മതം.പതിനഞ്ച് ലക്ഷം രൂപയാണ് വില. ഫിനാൻസ് സെക്രട്ടറി ബാബു പോളിന്റെ ബാച്ച് മേറ്റ് കർക്കശക്കാരനായ മോഹൻ കുമാർ. ന്യൂ സർവീസ് വേണം മന്ത്രി ജേക്കബിന്റെ മുറിയിൽ ചർച്ച പതിനഞ്ച് ലക്ഷം കൂടുതലാണെന്ന് മോഹൻകുമാർ. ഇയാളുടെ കാരണവന്മാർ കാണ്ടാമൃഗ കച്ചവടക്കാരാനായിരുന്നോ എന്ന് ചിരിച്ചു കൊണ്ട് ബാബുപോൾ. നമ്മൾ രണ്ട് പേരും ഇവിടെ ഉണ്ടെന്ന് വച്ച് ആസാമിലെ രണ്ട് കാണ്ടാമൃഗങ്ങൾക്ക് വില പേശരുത്! അമ്പത് വയസാണ് ആയുസ്.
നമ്മൾ പോയാലും വരുന്ന കാണ്ടാമൃഗങ്ങൾ കാണും. മനസില്ലാമനസോടെ മോഹൻ സമ്മതിച്ചു. കാണ്ടാമൃഗങ്ങളെ കൊണ്ടു വരാൻ ശീതികരണ സൗകര്യമുള്ള കൂട് , മൃഗഡോക്ടർ, സഹായികൾ ഒക്കെ പോകണം. ഒടുവിൽ കാണ്ടാമൃഗങ്ങൾ രാത്രി 10 മണിക്ക് മൃഗശാലയിൽ എത്തി. മന്ത്രി വരുന്നുണ്ട്, കാണ്ടാമൃഗങ്ങളെ സ്വീകരിക്കാൻ വരണമന്ന് ബാബു പോളിന് മൃഗശാല ഡയറക്ടർ രവിയുടെ ഫോൺ. എത്ര കാണ്ടാമൃഗങ്ങളാണ് രവി ? എന്ന് ബാബു പോൾ. രണ്ട് എന്ന് രവി. ' നിങ്ങൾ അവിടെ കാണുമല്ലോ. മന്ത്രിയും വരും. രണ്ട് കാണ്ടാമൃഗങ്ങൾക്ക് ഇനി മൂന്നാമതൊരാൾ വേണോ? ഞാനുറങ്ങുന്നു. ഗുഡ് നൈറ്റ്' എന്ന് ബാബു പോൾ.
അനന്ത നിശബ്ദതയുടെ ഭാഗമായി ബാബു പോൾ ഗുഡ് നൈറ്റ് പറഞ്ഞ് മടങ്ങിയിട്ട് ഇന്ന് അഞ്ച് വർഷം. വിരമിച്ചിട്ടും അധികാര കസേരയിൽ അള്ളിപിടിച്ച് ശമ്പളവും പെൻഷനും വേണമെന്ന് ശഠിക്കുന്ന ഐ എ എസുകാരുടെ എണ്ണം വർദ്ധിക്കുമ്പോൾ കാലണ പോലും വാങ്ങാതെ സിവിൽ സർവീസ് അക്കാദമിയുടെ മെന്റർ ആയി മരണം വരെ പ്രവർത്തിക്കുകയായിരുന്നു ബാബു പോൾ. ബാബു പോളിന്റെ ഓർമകൾക്ക് മരണമില്ല.