യിടെ ഒരു അദ്ധ്യാപക സുഹൃത്തുമായി സംസാരിക്കവേ, അദ്ദേഹം പറഞ്ഞത് നമ്മുടെ നാട്ടിൽ കാൻസർ വർധിക്കാനുള്ള ഒരു പ്രധാന കാരണം, അജിനമോട്ടോ ചേർത്ത ഭക്ഷണമാണെന്നാണ്. മുൻ പരിഷത്ത്കാരൻ കൂടിയായ ഇദ്ദേഹം ഇപ്പോഴും താനൊരു യുക്തിവാദിയാണെന്നാണ് പറയുന്നത്. അജിനമോട്ടോ എന്നത് ഒരു ബ്രാൻഡ് നെയിം ആണെന്നും മുപ്പതിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയാണ് Ajinomoto Co. Inc എന്നും, അവരുടെ ഉൽപ്പന്നമായ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് വിഷം അല്ലെന്നും ഞാൻ പറഞ്ഞതും അദ്ദേഹത്തിന് ഉൾക്കൊള്ളാൻ ആയിട്ടില്ല. അതിൽ എനിക്ക് അത്ഭുദം തോന്നിയില്ല. കാരണം ഞാനും കുറേക്കാലം അങ്ങനെയാണ് വിശ്വസിച്ചത്. പക്ഷേ ഉമാമി എന്ന രുചിയാണ് അജിനേമോട്ടോക്ക് എന്ന പറഞ്ഞപ്പോൾ ഹൈസ്‌കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അദ്ദേഹം ഉമാമിയെക്കുറിച്ച് കേട്ടിട്ടുപോലുമില്ലെന്നത് എന്നെ ഞെട്ടിച്ചു!

അജിനമോട്ട കമ്പനി ഉൽപ്പാദിപ്പിച്ച് വിപണനം ചെയ്യുന്ന പല സംഗതികളിൽ ഒന്നാണ് രുചിവസ്തുവായ എംസ്ജി അഥവാ, മോണോസോഡിയം ഗ്ലൂട്ടാമേറ്റ്. അത് ഒരു ഭക്ഷണ പദാർത്ഥമല്ല. ഉപ്പോ കുരുമുളകോ ഒക്കെ പോലെ, രുചി വർദ്ധിപ്പിക്കാൻ ചേർക്കുന്ന ഒരു വസ്തുവാണിത്. ഉപ്പിന് ഉപ്പു രസം, കുരുമുളകിന് എരിവ്. അതുപോലെ എംസ്ജി ഉണ്ടാകുന്ന രുചി അനുഭവമാണ് ഉമാമി. മാംസത്തിന്റെ സ്വാദാണിത്. ആറ് അടിസ്ഥാന രുചികൾ ആണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. മധുരം, കയ്പ്, പുളി, ഉപ്പ്, ഉമാമി, ഒലിയോഗസ്റ്റസ് എന്നിവയാണ് ആ ആറ് രുചികൾ.

ചവർപ്പും എരിവുമെല്ലാം ഉൾപ്പടെ ആയിരക്കണക്കിന് സ്വാദുകൾ തിരിച്ചറിയാൻ മനുഷ്യന്റെ നാവിന് കഴിവുണ്ട്. എന്നാൽ ഇത്തരം രുചികളെല്ലാം രണ്ടോ അതിലധികമോ അടിസ്ഥാന സ്വാദുകളുടെ മിശ്രണമായിരിക്കും. ഉപ്പ് പോലെ തന്നെ കുറഞ്ഞ അളവിൽ മാത്രമേ ഉമാമിയും ആസ്വാദ്യകരമാവുകയുള്ളൂ എന്നത് വേറെ കാര്യം. അധികമായി ചേർത്താൽ ആ ആഹാരം നമുക്ക് വായിൽ വെക്കാൻ കൊള്ളില്ല. അതുകൊണ്ട് മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് ചേർത്ത ഒരാഹാരം നമ്മൾ കഴിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അതിൽ മിതമായ അളവിൽ മാത്രമേ അത് ചേർത്തിട്ടുള്ളൂ എന്നാണ്. മിതമായ അളവിൽ ചേർക്കുന്ന ഒന്നും ദോഷമല്ലാത്തത് പോലെ മോണോസോഡിയും ഗ്ലൂട്ടോമേറ്റും ദോഷമല്ല.

അജിനമോട്ടോ വിഷം അല്ല. അത് ഇന്ത്യയിലും ലോകത്ത് എവിടെയും നിരോധിച്ചിട്ടില്ല. ഇന്നുവരെ അജിനമോട്ടോ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയതായി ലോകത്ത് എവിടെ നിന്നും സ്ഥിരീകരിക്കപ്പെട്ട രേഖകളോ തെളിവുകളോ ഇല്ല. പരിശോധനകൾക്ക് ശേഷം 1958 ൽ 'അങ്ങേയറ്റം സുരക്ഷിതം' എന്നാണ് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ അജിനമോട്ടയെ വിശേഷിപ്പിച്ചത്.

എന്നിട്ടും വന്ദനാശിവയും, സച്ചിതാനന്ദനും, സിവിക്ക് ചന്ദ്രൻ തൊട്ട് അംബികാസുതൻ മാങ്ങാടും, സി ആർ നീലകണ്ഠനും, മനിലാ സി മോഹനും വരെയുള്ള 'ബുദ്ധിജീവികൾക്ക്' കേരളത്തെ തകർക്കുന്ന രാസ ഭീകരനാണ അജിനമോട്ടോ. എവിടെ നിന്നാണ് നമുക്ക് ഇത്തരം തെറ്റായ അറിവുകൾ കിട്ടുന്നത്. അവിടെയാണ് കേരളത്തിലെ മുഖ്യധാരയിലെ ഒരു മാധ്യമവും, നമ്മുടെ കവികളും, ചലച്ചിത്രകാരന്മാരും, സോ കോൾഡ് ഇടതുപക്ഷ നേതാക്കളും, ഒരു പരിധിവരെ ശാസ്ത്ര സാഹിത്യ പരിഷത്തും, പരമ്പരാഗത ജ്ഞാനോദയ യുക്തിവാദികളുമെല്ലാം, പ്രചരിപ്പിച്ചിരുന്നത് കടുത്ത അജ്ഞതയും അശാസ്ത്രീയതയുമാണെന്ന് തിരിച്ചറിയേണ്ടത്.

ഇവിടെയാണ് എസ്സെൻസ് ഗ്ലോബൽ എന്ന ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനത്തിന്റെ പ്രസ്‌ക്തി. കേരളത്തിലെ മുഖ്യധാര പൂഴ്‌ത്തിവെച്ച ഇത്തരം യഥാർഥ അറിവുകൾ നിങ്ങൾക്ക് അവിടെനിന്ന് കിട്ടും. 'തെളിവുകൾ നയിക്കട്ടെ' എന്ന മുദ്രാവാക്യവുമായി എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനമായ ലിറ്റ്മസ്-2022, കൊച്ചി രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഒക്ടോബർ 2ന് നടക്കുകയാണ്. നിങ്ങൾ അറിവിനെ വിലമതിക്കുന്ന വ്യക്തിയാണെങ്കിൽ, തെളിവുകളാണ് കഥകളല്ല പ്രധാനം എന്ന് കരുതുന്ന വ്യക്തിയാണെങ്കിൽ ലിറ്റ്മസ് നിങ്ങൾക്ക് ഒരു അവിസ്മരണീയ അനുഭവം ആയിരിക്കും. ഏവർക്കും സ്വാഗതം...

എൻബി: ലിറ്റ്മസിനോട് അനുന്ധിച്ച് എഴുതുന്ന ഫേസ്‌ബുക്ക് ലേഖന പരമ്പരയുടെ ഒന്നാം ഭാഗമാണിത്. കേരളീയ ജീവിതത്തിൽ 'സാംസ്കാരിക നായകരും', പരിസ്ഥിതി സംഘടനകളും, മത സംഘടനകളും പ്രചരിപ്പിച്ച അസംബന്ധങ്ങളാണ് ഇവിടെ ചർച്ചചെയ്യുന്നത്.