- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,225 വോട്ടിന്റെ ഭൂരിപക്ഷമാണ് പുതുപ്പള്ളിയുടെ റെക്കോഡ്; ഇക്കുറി അതു യുഡിഎഫ് മറികടക്കും; അവസാനഘട്ട പ്രചാരണച്ചൂടിൽ തിളയ്ക്കുന്ന പുതുപ്പള്ളിയുടെ രാഷ്ട്രീയക്കാറ്റിൽ ഞാൻ മണക്കുന്നത് ഈ സുഗന്ധം; എന്തുകൊണ്ട് ചാണ്ടി ഉമ്മൻ! കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ എഴുതുമ്പോൾ
പുതുപ്പള്ളിയിൽ എന്തുകൊണ്ട് ചാണ്ടി ഉമ്മൻ ജയിക്കണം. റിക്കാർഡ് ഭൂരിപക്ഷത്തിലേക്ക് എന്തുകൊണ്ടെത്തും. ഉത്തരം ഒന്നേയുള്ളു. കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പിലും ജയിച്ച ഉമ്മൻ ചാണ്ടി മരിച്ചുമണ്ണോടു ചേർന്നിട്ട് 40 ദിനങ്ങൾ പിന്നിട്ടിട്ടും ഈ തിരഞ്ഞെടുപ്പ് ദിനങ്ങളിലും ജീവസറ്റ് നിൽക്കുന്നത് ഉമ്മൻ ചാണ്ടി തന്നെ. ആ നിറസാന്നിധ്യം തമസ്‌ക്കരിക്കാൻ കോടികൾ ചെലവാക്കി ഉമ്മൻ ചാണ്ടിയെ ലൈംഗിക കേസുകൾ ഉൾപ്പെടെയുള്ളവയിൽ പ്രതിയാക്കാൻ ശ്രമിച്ച മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ പാർട്ടിക്കോ കഴിയത്തില്ലയെന്നുള്ളതാണ് സത്യം.
നിയമസഭയിൽ മന്ത്രി രാജീവ് പറഞ്ഞ മറുപടിയിൽ ഉമ്മൻ ചാണ്ടിയെ പ്രതിയാക്കാൻ ചെലവാക്കിയ കോടികളുടെ കണക്കു പുറത്തുവന്നിട്ടുണ്ട്. ഈ കള്ളക്കഥകളും അധികാരം നിലനിർത്താൻ ഉമ്മൻ ചാണ്ടിയെ അപമാനിക്കാൻ ശ്രമിച്ച ഭരണനേതൃത്വത്തിനെതിരെ ആഞ്ഞടിക്കാൻ കിട്ടുന്ന ആദ്യത്തെ അവസരമാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്. അത് ചാണ്ടി ഉമ്മന്റെ ഭൂരപക്ഷം സർവ്വകാല റിക്കാർഡിലെത്തിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടങ്ങളിലേക്ക് നീങ്ങുകയാണ്. തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കാറ്റ് എങ്ങോട്ടെന്നറിയാൻ പാഴൂർ പടിക്കൽ പോകേണ്ടതില്ല.
കഴിഞ്ഞ 53 വർഷമായി പുതുപ്പള്ളിക്കാർ തെരഞ്ഞെടുത്തത് കോൺഗ്രസ് സ്ഥാനാർത്ഥിയെയാണ്. അതും ഉമ്മൻ ചാണ്ടി എന്ന ഒരൊറ്റയാളെ. ഇങ്ങനെയൊരു മഹാത്ഭുതം കേരളത്തിൽ വേറൊരിടത്തുമെന്നല്ല, ഇന്ത്യയിൽപ്പോലും സംഭവിച്ചിട്ടില്ല. ഇത്തവണയും അതിലുറച്ചു നിൽക്കാൻ പുതുപ്പള്ളിക്കു കാരണങ്ങൾ പലതാണ്.
1. ഉമ്മൻ ചാണ്ടി തരംഗം
കഴിഞ്ഞ 12 നിയമസഭാ തെരഞ്ഞെടുപ്പുകളിലും പ്രചാരണങ്ങളിൽ മുന്നിട്ടു നിന്നതും വിജയിച്ചതും ഉമ്മൻ ചാണ്ടി ആയിരുന്നു. ഈ തെരഞ്ഞെടുപ്പിൽ നേരിട്ടല്ലെങ്കിലും അദൃശ്യനായി അദ്ദേഹം തന്നെയാണ് തെരഞ്ഞെടുപ്പ് നയിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ പ്രചാരണത്തിലുടനീളം ചർച്ചയാകുന്നത് അദ്ദേഹത്തിന്റെ പിതാവ് ഉമ്മൻ ചാണ്ടിയാണ്. യുഡിഎഫ് വേദികളിൽ മാത്രമല്ല, എതിർ ചേരികളിലും ഉമ്മൻ ചാണ്ടിയുടെ പേര് പറയാതെ പ്രചാരണം നടക്കുന്നില്ല. ഏതു യോഗത്തിലും ഏതു പ്രാസംഗികനും തുടങ്ങി വയ്ക്കുന്നത് ഉമ്മൻ ചാണ്ടിയിലാണ്. അവസാനിക്കുന്നതും. അതു തന്നെ മണ്ഡലത്തിലുടനീളം ഉമ്മൻ ചാണ്ടി എന്ന മനുഷ്യസ്നേഹിക്കുള്ള നിത്യ സ്മാരകമായി മാറിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയിരുന്നു. പുതുപ്പള്ളി മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി തുടങ്ങിവച്ചതോ തുടരുന്നതോ ആയ വികസന പദ്ധതികളെക്കുറിച്ചല്ലാതെ അദ്ദേഹത്തിനു മറ്റൊന്നും പറയാനുണ്ടായിരുന്നില്ല. ചിലതൊക്കെ സ്വന്തം ക്രഡിറ്റിൽ പറഞ്ഞു. മറ്റു ചിലതു സ്വന്തം പിടിപ്പുകേടുകൊണ്ട് നടക്കാതെ പോയതിനെ പഴിച്ചു. രണ്ടായാലും ജനങ്ങൾ വിലയിരുത്തിയത് ഉമ്മൻ ചാണ്ടിയെ ആയിരുന്നു.
പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് ഇപ്പോഴും ഒഴുകിയെത്തുന്ന ആയിരക്കണക്കായ ജനസഞ്ചയം മറ്റൊരു പ്രതീകമാണ്. കേരളത്തിൽ ഇന്നോളം ഒരു രാഷ്ട്രീയ നേതാവിനും കിട്ടാത്ത ആദരവാണത്. വരുന്നവരിൽ ഉമ്മൻ ചാണ്ടിയുടെ കൈയൊപ്പ് പതിച്ചു വാങ്ങിയിട്ടില്ലാത്ത ഒരാൾപോലുമുണ്ടാവില്ല. അതിന്റെ നന്ദിസൂചകമാണ് ഒരു വിശുദ്ധന്റെ സവിധത്തിലേക്കെന്ന പോലെയുള്ള ഈ ജനപ്രവാഹം. വീണപ്പോൾ താങ്ങിയ അപരിചിതൻ എന്നിലുള്ള സംശയം തീർത്തു തന്നില്ലേ, എന്ന കൽപറ്റ നാരായണന്റെ വരികളെ അനുസ്മരിപ്പിക്കുന്നതാണ്, തനിക്കജ്ഞാതരായ ജനലക്ഷങ്ങളെ ഉമ്മൻ ചാണ്ടി താങ്ങി തണലൊരുക്കിയത്. അതുകൊണ്ടുതന്നെ അവർക്ക് ഉമ്മൻ ചാണ്ടി ദൈവതുല്യനല്ല, ദൈവം തന്നെയാണ്. അതാണവരെ ഇപ്പോഴും ഉമ്മൻ ചാണ്ടിയുടെ കല്ലറയുടെ മുന്നിലെത്തിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് കാലത്ത് പുതുപ്പള്ളിക്ക് ഉമ്മൻ ചാണ്ടിയെ ഓർമിക്കാൻ വേറേ എന്തുവേണം?
തങ്ങൾ കണ്ണിലെ കൃഷ്ണമണി പോലെ കരുതിയ ഒരാളെ ഇല്ലാക്കഥകൾ ചമച്ച് കല്ലെറിഞ്ഞവരെ തല്ലാൻ പുതുപ്പള്ളിക്കാർ പണ്ടേ വടി വെട്ടിവച്ചതാണ്. പുതുപ്പള്ളിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ഉമ്മൻ ചാണ്ടിക്ക് ഏറ്റവും കുറവ് ഭൂരിപക്ഷം ലഭിച്ചത്. അതിനു കാരണം ഇടതുമുന്നണിയുടെ മസാലക്കഥകളും അതിലെ നായിക സരിതാ നായരുമായിരുന്നു. അന്വേഷണ കമ്മിഷനു മുന്നിൽ നേരിട്ടെത്തി 17 മണിക്കൂർ ഇരുന്ന് തന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിച്ചിട്ടും അന്വേഷണ കമ്മിഷനടക്കം ഉമ്മൻ ചാണ്ടിയെ വേട്ടയാടി. അതിനു സാക്ഷികളായ ഉന്നതോദ്യോഗസ്ഥർ പോലും ഈ അനീതിയെ പിന്നീട് ചോദ്യം ചെയ്തു.
അന്നത്തെ വേട്ടയാടലിൽ ഉമ്മൻ ചാണ്ടിക്കൊപ്പം നിന്ന പുതുപ്പള്ളിക്കാർ ഇത്തവണയും ഒപ്പം തന്നെയുണ്ടാകും, ചാണ്ടി ഉമ്മനൊപ്പം. തിരുവനവനന്തപുരം മുതൽ പുതുപ്പള്ളി വരെയുള്ള മൂന്നര മണിക്കൂർ യാത്രയ്ക്കു പകരം 37 മണിക്കൂർ കൊണ്ട് ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ചുമലിലേറ്റി കൊണ്ടു വന്ന കേരളീയ പൊതു സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് പുതുപ്പള്ളിയിലെ ഇന്നത്തെ ജനവികാരം എന്നതാണു കാരണം.
2. അതിശക്തമായ ഭരണ വിരുദ്ധ വികാരം
അടുത്തേക്കു വരൂ എന്നു പറഞ്ഞ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും കടക്കൂ പുറത്ത് എന്നു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും പുതുപ്പള്ളിക്കാർ താരതമ്യം ചെയ്യാതിരിക്കില്ല. കേരളത്തിന്റെ ചരിത്രത്തിൽ പിണറായി വിജയനോളം കളങ്കിതനായ വേറൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ച ഏഴ് ചോദ്യങ്ങൾ തന്നെയാണ് പുതുപ്പള്ളിയിലെ ജനങ്ങളും പിണറായി വിജയനോടു ചോദിക്കുന്നത്. അതിനുള്ള മറുപടി മഹാമൗനത്തിലൊളിപ്പിക്കാനാവില്ല. 2016ലെ തെരഞ്ഞെടുപ്പിൽ ഭരണമാറ്റമാണ് ജനങ്ങൾ നടപ്പാക്കിയത്. അതു കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ പൊതു സ്വഭാവവുമാണ്. എന്നാൽ 2021ൽ സംഭവിച്ചത് ഒരു കൈയബദ്ധവും. മഹാമാരിയുടെ മരവിപ്പ് മുതലെടുത്ത് നടത്തിയ അനുതാപത്തിൽ ആകൃഷ്ടരായിപ്പോയ ജനങ്ങൾക്കു സംഭവിച്ച വലിയൊരു പിശക്. ആ പിശക് മറയാക്കി, അധികാരമെന്നാൽ എന്തും ചെയ്യാനുള്ള ആയുധമാണെന്നു കരുതുന്നവർക്ക് ജനങ്ങൾ നൽകിയ ആദ്യത്തെ പ്രഹരമായിരുന്നു തൃക്കാക്കരയിൽ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനു ലഭിച്ച റെക്കോഡ് ഭൂരിപക്ഷം. അതു തന്നെയാണ് ഇക്കുറി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെയും കാത്തിരിക്കുന്നത്.
ഇത്ര ശക്തമായ ഭരണ വിരുദ്ധ വികാരം കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഉൾപ്പെട്ട അഴിമതിക്കഥകളില്ലാതെ വാർത്താ മാധ്യമങ്ങൾക്ക് ഒരു ദിവസം പോലും പുറത്തിുറങ്ങാനാവുന്നില്ല. രണ്ടാം പിണറായി സർക്കാരിന്റെ വരവോടെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ജീർണതയുടെ പരകോടിയിലെത്തിയെന്ന് പരിതപിക്കുന്നവർ ശക്തരായ ഇടതു സഹയാത്രികരാണ്. മൂന്നാമതൊരു തുടർഭരണം സിപിഎമ്മിന്റെ സർവ നാശത്തിലാവും പര്യവസാനിക്കുക എന്നും അവർ വിലപിക്കുന്നു. ഇന്നു നിയമസഭയിലേക്ക് പൊതു തെരഞ്ഞെടുപ്പ് നടന്നാൽ 1977ലെ ഫലമാകും സിപിഎമ്മിനെ കാത്തിരിക്കുന്നത്. ആ വിലാപത്തിന്റെ നെടുവീർപ്പുകൾ പുതുപ്പള്ളിയിലെ പല സിപിഎം കാരിലും കാണാതിരിക്കില്ല.
3. ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങൾ
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര എന്ന ടോണിക്കിലൂടെ ഇന്ത്യയിൽ വലിയൊരു രാഷ്ട്രീയ മാറ്റമാണ് സംഭവിച്ചത്. അന്നു വരെ പ്രതിയോഗികൾ പപ്പു എന്നു വിളിച്ചാക്ഷേപിച്ച രാഹുൽ ഗാന്ധി ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലെ അതിശക്തനായ സാന്നിധ്യമാണ്. ബിജെപി തുറന്നു വച്ചിരിക്കുന്ന സാർവത്രികമായ വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നയാളാണ് രാഹുൽ. അതുകൊണ്ടാണ് ഈ കടയ്ക്കു മുന്നിൽ ഇപ്പോൾ വലിയ തിരക്ക് അനുഭവപ്പെടുന്നത്. 2022ൽ ഹിമാചൽ പ്രദേശിലും 2023ൽ കർണാടകത്തിലും രാഹുലിന്റെ കടയിൽ മാത്രമായിരുന്നു ആൾക്കൂട്ടം.
ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും മറ്റ് അഞ്ച് സംസ്ഥാനങ്ങളിലും ഇപ്പോൾ രാഹുലാണ് താരം. കഴിഞ്ഞ ദിവസം പുറത്തു വന്ന സീ വോട്ടർ- ഇന്ത്യ ടുഡേ സർവേയിൽ 2024ൽ നരേന്ദ്ര മോദിക്കു ബദലായി ഇന്ത്യ എന്ന സംയുക്ത പ്രതിപക്ഷ സഖ്യത്തെ നയിക്കാൻ കെല്പുള്ള ഏറ്റവും ശക്തൻ രാഹുൽ ഗാന്ധിയെന്നു കണ്ടെത്തിയിരുന്നു. ദേശീയ തലത്തിൽ നടക്കുന്ന ഈ മാറ്റം കേരളത്തിലെ ഇടതുപക്ഷം കാണാതെ പോകരുത്. ഇന്ത്യയിൽ വലതുപക്ഷ വർഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിലെത്തിച്ചതിൽ സിപിഎം വഹിച്ച പങ്ക് ചെറുതല്ല. ഒരു വശത്ത് വർഗീയതയ്ക്കെതിരേ പ്രസംഗിക്കുകയും മറുവശത്ത് തരം കിട്ടുമ്പോഴൊക്കെ അവരെ പ്രീണിപ്പിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ഇനിയെങ്കിലും സിപിഎം അവസാനിപ്പിക്കണം.
4. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 33,000 കടക്കും
2011ൽ സിപിഎം സ്ഥാനാർത്ഥി സുജാ സൂസൻ ജോർജിനെതിരേ ഉമ്മൻ ചാണ്ടി നേടിയ 33,225 വോട്ടിന്റെ ഭൂരിപക്ഷമാണ് പുതുപ്പള്ളിയുടെ റെക്കോഡ്. ഇക്കുറി അതു യുഡിഎഫ് മറികടക്കും. അതിനുള്ള കാരണങ്ങളാണ് മുകളിൽ വിവരിച്ചത്. അവസാനഘട്ട പ്രചാരണച്ചൂടിൽ തിളയ്ക്കുന്ന പുതുപ്പള്ളിയുടെ രാഷ്ട്രീയക്കാറ്റിൽ ഞാൻ മണക്കുന്നത് ഈ സുഗന്ധമാണ്.
(കോൺഗ്രസിന്റെ കേരളത്തിലെ മുതിർന്ന നേതാക്കളിൽ ഒരാളാണ് ലേഖകനായ ഡോ ശൂരനാട് രാജശേഖരൻ)