ജോയ് ആലുക്കാസ് എന്ന വ്യവസായിയുടെ മേൽ ആരോപിച്ചിരിക്കുന്ന കുറ്റം അത്ര ചെറുതല്ല... ഹവാല ഇടപാടാണ്... ഒന്നും രണ്ടും രൂപയുടെ ഇടപാടല്ല, 305 കൊടിയില്പരം രൂപയുടെ ഇടപാടാണ്... ഇത് ഇന്നാട്ടിലെ ആദ്യത്തെ സംഭവമോ, ഇത് ചെയ്യുന്ന ആദ്യത്തെ വ്യവസായി ജോയ് ആലുക്കാസ്സോ ഒന്നുമാവില്ല... ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെട്ട് സത്യസന്ധമായി ജീവിക്കുന്ന മനുഷ്യരെയൊക്കെ നോക്കി പല്ലിളിച്ചുകൊണ്ട്, ഇതുപോലെ എത്രയോ ആലുക്കാസ്മാർ, സ്വന്തം വിമാനങ്ങളിൽ ദിവസവും ആകാശത്തിലൂടെ ചീറിപ്പായുന്നുണ്ട്..

നമ്മുടെ നാട്ടിലെ നന്മമരങ്ങളായ വ്യവസായികളുടെ കാര്യം..

രാജ്യത്തെ യാതൊരു നിയമങ്ങളും അവർക്കു ബാധകമല്ല... അവർ നമ്മുടെ പൊതുഇടങ്ങളും, തോടും, കായലും, തണ്ണീർത്തടങ്ങളും നികത്തി മാളുകൾ, ഹോട്ടലുകൾ ഒക്കെ കെട്ടിപ്പൊക്കും... ചുളുവിലക്ക് നമ്മുടെ ദ്വീപുകളും, കൊട്ടാരങ്ങളും സ്വന്തമാക്കും... ഹവാല ഇടപാട് നടത്തും... സ്വർണം കടത്തും... മനുഷ്യക്കടത്തു നടത്തും... രാജ്യത്തെ തൊഴിൽനിയമങ്ങൾ അവർക്ക് ബാധകമല്ല.. ജീവനക്കാർക്ക് കൃത്യവുമായ ശമ്പളവും, ആനുകൂല്യങ്ങളും നൽകില്ല.... കള്ളപ്പണം വെളുപ്പിക്കും.... കള്ളക്കടത്തു നടത്തും.. രാജ്യത്തിന് കൃത്യമായ നികുതി കൊടുക്കില്ല... രാഷ്ട്രീയക്കാരുടെ, സ്‌കൂളിൽ പോകാത്ത മക്കൾക്ക് എടുത്താൽ പൊങ്ങാത്ത ശമ്പളത്തിൽ ജോലി കൊടുക്കും.. രാഷ്ട്രീയക്കാരുടെ പിന്തുണയോടെ ഉദ്യോഗസ്ഥരെ ഭീഷിണിപ്പെടുത്തിയും, പ്രലോഭിപ്പിച്ചും അനർഹമായ പലതും നേടിയെടുക്കും.. ആകാശത്തിലൂടെ സ്വന്തം വിമാനങ്ങളിൽ ചീറിപ്പായുന്ന അവരൊക്കെ, അനധികൃത കെട്ടിടങ്ങൾ പണിത് സാധാരണക്കാരന്റെ വഴിമുടക്കും.... ഖജനാവിലെ കാശുകൊടുത്ത് പണിയുന്ന പാലങ്ങളുടെ നീളംപോലും അവർ നിശ്ചയിക്കും...

നാട്ടിലുള്ള എല്ലാ തോന്ന്യാസങ്ങൾക്കും ചുക്കാൻ പിടിക്കും.... എന്നിട്ട്, കായലും, തണ്ണീർത്തടങ്ങളും നികത്തി അവരുണ്ടാക്കിവെച്ച പ്രളയത്തിൽ, കോടാനുകോടികൾ നഷ്ടപ്പെട്ട നാട്ടിലെ എല്ലാം നഷ്ടപ്പെട്ട സാധാരണക്കാരനെ സഹായിക്കാനായി നക്കാപ്പിച്ച എറിഞ്ഞുകൊടുക്കും... ഇൻസിനെറേറ്ററില്ലാതെ നടത്തുന്ന നക്ഷത്ര ആശുപത്രികളിൽ നിന്നും അവർ പുറത്തെറിയുന്ന മാലിന്യങ്ങൾകാരണം തീരാരോഗികളാകാൻ വിധിക്കപ്പെട്ട പാവങ്ങളെ സഹായിക്കാൻ, അനാഥമന്ദിരങ്ങൾ നടത്താൻ... പള്ളിയും ക്ഷേത്രങ്ങളുമൊക്കെ ഉണ്ടാക്കാൻ ലക്ഷങ്ങൾ എറിഞ്ഞുകൊടുത്ത് പൊതുജനത്തിന്റെ കയ്യടി നേടും... കൂടുതലും കൊടുക്കുക അന്യമതസ്ഥർക്കായിരിക്കും... പരസ്യക്കാശ് കൃത്യമായിക്കിട്ടുന്ന മാധ്യമങ്ങളും, പാണന്മാരും ഈ 'നന്മമരങ്ങളുടെ' മനുഷ്യസ്‌നേഹവും, മതേതരത്വവുമൊക്കെ കാലങ്ങളോളം പാടി നടക്കും... (പലരുടെയും മതേതരത്വം കൃത്യമായി മനസ്സിലാക്കണമെങ്കിൽ, അവരുടെ സ്ഥാപനങ്ങളിൽ ഒന്നുപോയി നോക്കണം)

സത്യത്തിൽ ഇവർ കൊള്ളയടിക്കുന്ന പൊതുമുതലിന്റെ അല്ലെങ്കിൽ വെട്ടിക്കുന്ന നികുതിയുടെ ആയിരത്തിലൊരു ഭാഗം പോലും വരുമോ ഇവർ ചെയ്യുന്ന മേൽപ്പറഞ്ഞ 'സാമൂഹിക സേവനം' ?? എന്തെങ്കിലും വിമർശനം ഉന്നയിച്ചാൽ ഉടനെ പറയും, 'ഞങ്ങൾ പതിനായിരം കുടുംബങ്ങൾക്ക് അന്നം കൊടുക്കുന്നില്ലേ' എന്ന്.. അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ... ഇവരൊക്കെ ആർക്കെങ്കിലും അന്നം ഔദാര്യമായി കൊടുക്കുന്നതാണോ ? എല്ലാവരും ചെയ്യുന്നതുപോലെ ജോലിക്കാരെക്കൊണ്ട് പണിയെടുപ്പിക്കുന്നു, ശമ്പളം കൊടുക്കുന്നു.... അത്രതന്നെ... പലപ്പോഴും നാട്ടിലെ നിയമം അനുശാസിക്കുന്നതിലും എത്രയോ കുറവ് ശമ്പളവും ആനുകൂല്യങ്ങളുമാണ് ഇവരൊക്കെ കൊടുക്കുന്നത്... ഇവരുടെയൊക്കെ സ്ഥാപനങ്ങളിൽ കയറിയൊരു പരിശോധന നടത്താൻ ഒരു സർക്കാർ വകുപ്പും ധൈര്യപ്പെടില്ല.... സത്യത്തിൽ ഇവരൊക്കെ നാട്ടിലെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുകയും, ബിസിനസ്സ് നടത്തുകയും, കൃത്യമായി നികുതി കൊടുക്കുകയും ചെയ്യേണ്ട കാര്യമല്ലേയുള്ളൂ... ?? സാമൂഹിക സേവനമൊക്കെ ചെയ്യാൻ ഇവിടെ സർക്കാർ സംവിധാനം ഉണ്ടല്ലോ...

ഇനി അടുത്ത കൂട്ടം... മഹാനടന്മാരും, മനുഷ്യസ്‌നേഹികളും ഒക്കെ അടങ്ങുന്ന സിനിമാക്കാരുടെ കാര്യം... വരുമാനം കൃത്യമായി വെളിപ്പെടുത്തില്ല.. ബെനാമി സ്വത്തു സമ്പാദിക്കും... നാട്ടിലും വിദേശത്തും കള്ളപ്പണം കൊണ്ട് ബിസിനസ് നടത്തും, സ്വത്തുക്കൾ വാങ്ങിക്കൂട്ടും... ഗ്യാരേജ് നിറയെ ആഡംബര വണ്ടികൾ വാങ്ങി നിറയ്ക്കും... കായൽ കയ്യേറി വീടുപണിയും.. നാട്ടിലെ നിയമങ്ങളൊന്നും ഇവർക്ക് ബാധകമല്ല.... മയക്കുമരുന്ന് കടത്തും... കൃത്യമായി നികുതി കൊടുക്കില്ല.. എന്നാലോ, പബ്ലിസിറ്റി കിട്ടുന്ന എല്ലാ കാര്യങ്ങളിലും മുതൽ മുടക്കും... ഫാൻസ് അസോസിയേഷൻ എന്നപേരിൽ ഗുണ്ടകളെ തീറ്റിപ്പോറ്റും... പാവങ്ങൾക്ക് വീട് വെച്ച് കൊടുക്കും, ഹൃദയ ശസ്ത്രക്രിയയും, കിഡ്നി മാറ്റിവെക്കലും എല്ലാം ഫ്രീയായി ചെയ്യും... പക്ഷേ, നികുതിമാത്രം കൃത്യമായി കൊടുക്കില്ല.. സത്യത്തിൽ, ഇവരൊക്കെ വെട്ടിക്കുന്ന നികുതിയുമായി ഒന്ന് താരതമ്യംചെയ്താൽ എത്രയോ തുച്ഛമാണ് ഇവർചെയ്യുന്ന 'മഹാകാര്യങ്ങൾ'..

പറഞ്ഞുവന്നത്, ഈ സമൂഹത്തിന് നന്മമരങ്ങളുടെ ആവശ്യമൊന്നുമില്ല.... നന്മമരങ്ങളെ കണ്ടുകണ്ട് ഇവിടുത്തെ ജനങ്ങളുടെ കണ്ണ് മഞ്ഞളിച്ചിരിക്കുവാ... പൗരന്മാരുടെ കടമ, നേരായ വഴിയിലൂടെ അധ്വാനിച്ചു കാശുണ്ടാക്കുക... നാട്ടിലെ നിയമങ്ങൾ പാലിച്ചുകൊണ്ട് ബിസിനസ് നടത്തുക.... നാട്ടിലെ നിയമം അനുസ്സരിച്ച് മര്യാദക്ക് ജീവിക്കുക എന്നത് മാത്രമാണ്.. ഒപ്പം, കൃത്യമായി നികുതികൊടുക്കുക.. അതേ, ഇവിടുത്തെ ഭിക്ഷക്കാരനുവരെ അവകാശപ്പെട്ടതാണ് രാജ്യത്തിന് നമ്മൾ കൊടുക്കേണ്ട നികുതിപ്പണം... അത് കൃത്യമായി കൊടുക്കുക... അനാഥമന്ദിരം നടത്താനും, പാവങ്ങൾക്ക് വീട് വെക്കാനും, പാവങ്ങളുടെ ഹൃദയം മാറ്റിവെക്കാനുമൊക്കെയായി ഇവിടെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുണ്ട്... അതവർ ചെയ്‌തോളും... ചെയ്യണം.... പിന്നെ, പ്രാർത്ഥിക്കേണ്ടവർ സ്വന്തമായി കാശുമുടക്കി അമ്പലവും, പള്ളിയുമൊക്കെ വേണമെങ്കിൽ പണിതോളും... ആരുടേയും ഔദാര്യമൊന്നും അക്കാര്യത്തിലും ആവശ്യമില്ല...

പിന്നെയുള്ളത്, മേൽപ്പറഞ്ഞ എല്ലാകൂട്ടരുടെയും അടുക്കളവിശേഷങ്ങൾ പോലും ദിവസവും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്ന... മനുഷ്യസ്‌നേഹവാർത്തകളൊക്കെ പൊടിപ്പും തൊങ്ങലും വെച്ചുകെട്ടി ജനങ്ങളിലെത്തിക്കുന്ന മാധ്യമങ്ങളാണ്... ജോയ് ആലുക്കാസിന്റെ കിടപ്പാടം വരെ ED അറ്റാച്ച് ചെയ്തിട്ടും, ദേശീയ മാധ്യമങ്ങളെല്ലാം വളരെ പ്രാധാന്യത്തോടെ വാർത്ത റിപ്പോർട്ട് ചെയ്തിട്ടും നമ്മുടെ മാധ്യമങ്ങളൊന്നും ഇക്കാര്യം അറിഞ്ഞിട്ടില്ല... അതാണ് നമ്മുടെ ജനാധിപത്യത്തിന്റെ നാലാം തൂണുകളുടെ അവസ്ഥ... സത്യം അറിയണമെങ്കിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത മറുനാടൻ ഷാജൻ എന്തുപറഞ്ഞെന്നു നോക്കണം.. അല്ലാതെ നൂറ്റമ്പതു കൊല്ലത്തെ പാരമ്പര്യം അവകാശപ്പെടുന്ന മാധ്യമങ്ങൾ പറഞ്ഞിട്ട്, നന്മമരങ്ങളുടെ കൊള്ളരുതായ്മളൊന്നും ആരും അറിയാൻ പോകുന്നില്ല.... വല്ല പാവപ്പെട്ടവനും ഒരു പെറ്റിക്കേസിൽ പെട്ടാൽ, അവന്റെ ഫോട്ടോയും കുടുംബചരിത്രവും സഹിതം നാലുകോളം ന്യൂസ് കൊടുക്കും..

രാഷ്ട്രീയക്കാരുടെ കാര്യം എടുത്തു പറയുന്നില്ല... അവർക്കു തനിയെ ഒന്നും ചെയ്യാൻ കഴിയില്ല... എല്ലാം ചെയ്യുന്നത് മാധ്യമ-കോർപ്പറേറ്റ്-സിനിമാ-രാഷ്ട്രീയ മാഫിയ അടങ്ങുന്ന പരസ്പര സഹകരണ സംഘങ്ങളാണ് ... അതുകൊണ്ടുതന്നെയല്ലേ ഇവിടെ ആദിവാസി മധുവിന് ഒരു നേരത്തെ ഭക്ഷണത്തിന്റെ വിലയായി സ്വന്തം ജീവൻ തന്നെ കൊടുക്കേണ്ടി വരുമ്പോൾ, പെട്ടിക്കടക്കാരൻ ആലുക്കയുടെ മകൻ, 50 കൊല്ലംകൊണ്ട് 25000 കോടി ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നത്..... അതുകൊണ്ടുതന്നെയല്ലേ ഇവിടുത്തെ സാധാരണക്കാരന്, ആയിരം സ്‌ക്വയർ ഫീറ്റ് വീടുവെച്ചതിന്റെ കടം കയറി ആത്മഹത്യ ചെയ്യേണ്ടി വരുമ്പോഴും, ആലുക്കമാർ അൻപതിനായിരം സ്‌ക്വയർ ഫീറ്റ് വീടുകളിൽ താമസിക്കുന്നത്... അതുകൊണ്ടുതന്നെയല്ലേ ഇവിടുത്തെ പാവപ്പെട്ടവന് വഴിനടക്കാൻ ഒരു ഫുട്ട്പാത് പോലുമില്ലാത്തപ്പോഴും ആലുക്കമാർ ഹെലികോപ്ടറുകളിൽ നാടുചുറ്റുന്നത്... അതുകൊണ്ടുതന്നെയല്ലേ ഇവിടുത്തെ പാവപ്പെട്ടവൻ വെറും പത്തുരൂപക്ക് ഒരു കെട്ട് ചീര വാങ്ങി മൂന്നുപ്രാവശ്യം കറിവെക്കുമ്പോൾ, ആലുക്കമാർ സ്വന്തം അടുക്കളയിലേക്കുള്ള ചീരക്കായി നൂറു കോടിരൂപ മതിപ്പു വിലയുള്ള സ്ഥലത്ത് ചീരകൃഷി നടത്തുന്നത്..

പറഞ്ഞുവന്നത് ഈ നാടിനെ കൊള്ളയടിക്കുന്ന തീവെട്ടിക്കൊള്ളക്കാരായ 'നന്മ മരങ്ങളെയും' അവരുടെ അച്ചാരംപറ്റി ജീവിക്കുന്ന പരാന്നഭോജികളായ മാധ്യമങ്ങളെയും, രാഷ്ട്രീയക്കക്കരെയുമൊക്കെ നിലക്ക് നിർത്താൻ പൊതുജനം തന്നെ മുന്നോട്ട് വരണം... ബഹിഷ്‌ക്കരിക്കണം, സമൂഹത്തെ വഞ്ചിക്കുന്ന... രാജ്യത്തെ കൊള്ളയടിക്കുന്ന എല്ലാത്തിനെയും..