വെള്ളയും നീലയും നിറത്തിൽ, 'വന്ദേ ഭാരത്' എന്ന പേരിൽ മാറുന്ന ഇന്ത്യയുടെ മുഖമായി ട്രെയിനുകൾ അതിവേഗം പായുമ്പോൾ രണ്ടു പേരുടെ സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഒരാൾ. സുധാൻഷു മണി എന്ന മെക്കാനിക്കൽ എൻജിനിയറാണ് രണ്ടാമത്തെയാണ്. 38 വർഷത്തെ അനുഭവസമ്പത്തുള്ള സുധാൻഷു മണി ചെന്നൈ ആസ്ഥാനമായ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയുടെ ജനറൽ മാനേജറായിരുന്നു. വന്ദേ ഭാരത് എന്ന ഇന്ത്യയുടെ സ്വന്തം സെമി ഹൈസ്പീഡ് ട്രെയിനിന്റെ ബുദ്ധികേന്ദ്രം. വന്ദേ ഭാരത് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സുധാൻഷു നടത്തിയ പ്രയത്‌നം ഏത് മാനേജ്‌മെന്റ് പുസ്തകത്തേക്കാളും മികവുറ്റതാണ്. സിനിമാക്കഥപോലെ ത്രസിപ്പിക്കുന്നതാണ്.

ജനാധിപത്യ ഇന്ത്യയിൽ ഇപ്പോഴും ബ്രിട്ടീഷ് കൊളോണിയൽ ഹാങ്ഓവറിൽ മുന്നോട്ടുപോകുന്ന സംവിധാനമാണ് ഇന്ത്യൻ റെയിൽവേ. ഉദ്യോഗസ്ഥരുടെ അധികാരശ്രേണിക്ക് അവരുടേതായ രീതികളുണ്ട്. വിവിധ വിഭാഗങ്ങൾ തമ്മിലെ തർക്കം. ഈഗോ. ഭരണനേതൃത്വം പലപ്പോഴും കുഴങ്ങിപ്പോകും. കോച്ച് ഫാക്ടറിയുടെ മേധാവി സ്ഥാനത്തേയ്ക്ക് മിക്കപ്പോഴും ആരും വരാൻ ആഗ്രഹിക്കാറില്ല. മേധാവിയായാൽ തന്നെ എങ്ങിനെയെങ്കിലും വിരമിക്കുന്നതുവരെ അങ്ങിനെ കഴിഞ്ഞുപോകണമെന്ന ചിന്തയാണ് പലപ്പോഴും.

സുധാൻഷു മണി പതിവ് തെറ്റിക്കാൻ തീരുമാനിച്ചു. 'പുതിയതായി എന്തെങ്കിലും ചെയ്യണം. രാജ്യത്തിനുവേണ്ടി വലിയ സ്വപ്നം കണ്ട് പ്രയത്‌നിക്കണം.' ഈ മോഹവുമായി സുധാൻഷു 2016ൽ കോച്ച് ഫാക്ടറിയുടെ മേധാവിസ്ഥാനം ഏറ്റെടുത്തു. നമ്മുടെ ട്രെയിനുകൾക്കെല്ലാം എന്നും ഒരേ ലുക്ക് ആൻഡ് ഫീൽ. എന്തുകൊണ്ട് മാറ്റം വരുത്തിക്കൂടാ എന്ന ആലോചനയായി. വികസിത രാജ്യങ്ങൾക്കൊപ്പം നിൽക്കുന്ന ട്രെയിൻ ഇന്ത്യയിൽ നിർമ്മിക്കണം. അതിനുള്ള ബുദ്ധി വൈഭവവും കർമശേഷിയുമുള്ളവർ ഈ രാജ്യത്തുണ്ടെന്ന് സുധാൻഷു ഉറച്ചു വിശ്വസിച്ചു. ഇന്ത്യയ്ക്ക് സാധിക്കും.

ലോകനിലവാരത്തിലുള്ള ട്രെയിൻ നിർമ്മിക്കണമെന്ന മോഹവുമായി മേലുദ്യോഗസ്ഥരെ കണ്ടു. എല്ലാവരും പരിഹസിച്ചു. ഇതിനൊക്കെ കഴിവുള്ള മനുഷ്യശേഷി നമുക്കില്ല എന്നായിരുന്നു അവരുടെ വാദം. സാങ്കേതിക വിദ്യയിൽ വികസിതരാജ്യങ്ങളെ നമുക്ക് വെല്ലുവിളിക്കാൻ കഴിയില്ലെന്ന് അവർ നിരുൽസാഹപ്പെടുത്തി. സുധാൻഷു തളർന്നില്ല. റെയിൽവേ ബോർഡ് ചെയർമാനെ കണ്ടു. അത്യാധുനിക നിലവാരത്തിലുള്ള ട്രെയിൻ നിർമ്മിക്കാൻ 200 കോടി രൂപ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചു. അക്ഷരാർഥത്തിൽ ചെയർമാന്റെ കാലുപിടിച്ചുവെന്ന് സുധാൻഷു പറയുന്നു. 'യെസ്' പറയാതെ മുറിവിട്ടുപോകില്ലെന്ന് വാശിപിടിച്ചു. ചെയർമാൻ വിരമിക്കാൻ 14 മാസം ബാക്കിയുണ്ടായിരുന്നു. സുധാൻഷു ഒരു അടവ് പ്രയോഗിച്ചു. ചെയർമാൻ വിരമിക്കുന്നതിന് മുൻപ് ലോകനിലവാരത്തിലുള്ള ട്രെയിൻ നിർമ്മിച്ചുതരാമെന്ന് വാക്കുനൽകി. അത് നടക്കില്ലെന്ന് സുധാൻഷുവിനും ചെയർമാനും അറിയാമായിരുന്നു. എങ്കിലും ചെയർമാൻ പച്ചക്കൊടി കാണിച്ചു.

മറ്റുരാജ്യങ്ങൾ എക്സ്‌പ്രസ് ട്രെയിൻ നിർമ്മിക്കുന്നതിന്റെ മൂന്നിലൊന്ന് തുകയ്ക്ക് ഇന്ത്യയിൽ ഗുണമേന്മയിൽ ഒട്ടും വിട്ടുവീഴ്‌ച്ചയില്ലാതെ എക്സ്‌പ്രസ് ട്രെയിൻ നിർമ്മിക്കുകയായിരുന്നു ലക്ഷ്യം. തന്റെ വലിയ സ്വപ്നം യഥാർഥ്യമാക്കാൻ സഹപ്രവർത്തകരെ ഒപ്പം നിർത്തണം. അവരുടെ ആത്മവിശ്വാസം ഉയർത്തണം. വിദേശത്തെ വിദഗ്ദ്ധർക്ക് സാധിക്കുന്നത് നമുക്കും സാധിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തണം. അധികാരശ്രേണിയുടെ വേലിക്കെട്ടുകൾ തകർത്ത് സുധാൻഷു സഹപ്രവർത്തകരിലേയ്ക്ക് ഇറങ്ങിച്ചെന്നു. സ്‌നേഹപൂർവം അവരെ ചേർത്തുപിടിച്ചു.

50 എൻജിനിയർമാരുടെയും 500 തൊഴിലാളികളുടെയും ടീം. രാപകൽ അധ്വാനം. ജനറൽ മാനേജറുടെ ബംഗ്ലാവ് തൊഴിലാളികൾക്ക് കയറിച്ചെല്ലാൻ കഴിയാത്ത ഇടമാണ്. സുധാൻഷു ആ മേലാള കീഴ്്‌വഴക്കം ലംഘിച്ചു. ഇടവേളകളിൽ ജനറൽ മാനേജറുടെ ബംഗ്ലാവിൽ തൻെ ടീമിനൊപ്പം സമയം ചെലവഴിച്ചു. അവരുടെ നല്ല ആതിഥേയനായി. ജനറൽ മാനേജരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായുള്ള 25 ലക്ഷം രൂപ ഫണ്ട് പൂർണമായും തന്റെ ടീമിന് വേണ്ടി ചെലവഴിച്ചു. 18 മാസം കൊണ്ട് ലോകനിലവാരത്തിലുള്ള ട്രെയിൻ യാഥാർഥ്യമാക്കി. മൂന്നിലൊന്ന് ചെലവിൽ. ട്രെയിൻ 18 എന്ന് പേരിട്ട എക്സ്‌പ്രസ് ട്രെയിൻ വന്ദേ ഭാരത് ആയി. നല്ല കാര്യങ്ങളെ നിങ്ങൾക്ക് വൈകിപ്പിക്കാനാകും. ഒരിക്കലും തടയാനാകില്ല. എന്ന് സുധാൻഷു പറയുന്നു. ഇന്ത്യയാകെ 300 വന്ദേ ഭാരത് ട്രെയിൻ എന്ന സ്വപ്നം ബാക്കിവച്ച് സുധാൻഷു കോച്ച് ഫാക്ടറിയുടെ പടിയിറങ്ങി. ഇന്ത്യയ്ക്ക് അത് സാധിക്കുമെന്ന് ആത്മവിശ്വാസത്തോടെ.