മ്മുടെ ഭരണഘടന 1950 ൽ നിലവിൽ വരുമ്പോൾ ഒരിന്ത്യൻ പൗരന് അനുവദിച്ചു തന്നിരുന്ന കുറെ സ്വാതന്ത്ര്യങ്ങളുണ്ട്. അതിൽ പാതിയും ഓരോരോ കാലങ്ങളിൽ മാറി മാറി വന്ന സർക്കാരുകൾ തിരിച്ചെടുത്തിട്ടുമുണ്ട്. പേരുകൾ നിരത്തി സംസാരിക്കുകയാണെങ്കിൽ നെഹ്‌റു- അംബേദകർ ടീമിന്റെ കാലത്തുണ്ടായിരുന്ന പൗരസ്വാതന്ത്ര്യങ്ങളിൽ പലതും ഇന്ദിരയുടെ കാലത്ത് ഇല്ലാതായി. ഇന്ദിരയുടെ കാലത്ത് ജനാധിപത്യം തന്നെ ക്യാൻസൽ ചെയ്യപ്പെട്ട രണ്ട് വർഷങ്ങൾ ഉണ്ടായി. പിന്നീട് 1977 ൽ വീണ്ടും മനുഷ്യാവകാശങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടു. എന്നാൽ 1990 കളോടെ ശക്തിപ്രാപിച്ച ഇസ്ലാം തീവ്രവാദവും അതിന്റെ ഫലമായി ഇന്ത്യയിൽ അങ്ങോളമുണ്ടായ ചാവേർ സ്‌ഫോടനങ്ങളും പാർലമെണ്ടിന്റെ പടിവാതിൽ വരെയെത്തിയ ഭീകരൻ ആക്രമണങ്ങളും വ്യക്തിസ്വാതന്ത്ര്യത്തിന് പാരയായി ഭവിച്ചു.

അതോടൊപ്പം ദശാബ്ദങ്ങളായി തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്ന മാവോയിസ്റ്റ് വിമോചന പോരാട്ടങ്ങളും കൂടിയായപ്പോൾ ഭരണകൂടത്തിന് പൗരന്റെ സ്വാതന്ത്ര്യം കവർന്നെടുക്കാൻ വളരെ വളരെ എളുപ്പമായി . അങ്ങനെയാണ് അൺലോഫുൾ ആക്ടിവിറ്റി തടയാനാനെന്ന വ്യാജേന സ്‌പെഷൽ നിയമമായി UAPA എന്ന നിയമം കൊണ്ടുവരുന്നത്. അനന്ത കാലം ആളുകളെ തടവിലിടാം എന്നാണതിന്റെ മെച്ചം. UAPA യുടെ ചരിത്രം ഇങ്ങനെയൊക്കെയാണ്, എന്നിരിക്കിലും മലയാളിക്ക് UAPA എന്ന് കേട്ടാൽ പൊടുന്നനെ ഓർമ്മ വരിക അലനെയും താഹയെയുമാണ്. കൗമാരം വിട്ട് യൗവ്വനത്തിലേക്ക് പ്രവേശിച്ച രണ്ടു വിദ്യാർത്ഥികൾ.
അവരെ പുറം ലോകം കാണാതെ അകത്തിട്ട വകുപ്പ്. അതാണ് മലയാളിക്ക് UAPA

ദുരുപയോഗമാണ് മെയിൻ

നമ്മൾ വോട്ടുചെയ്ത് ജയിപ്പിക്കുന്ന നേതാക്കൾക്ക് രണ്ട് സവിശേഷ ഗുണങ്ങളുണ്ട്.
ഒന്ന് പണത്തിനോടുള്ള ആർത്തി,
രണ്ട് അന്യ ഗോത്രത്തോടുള്ള പക.
ഇതു രണ്ടും മനസ്സിൽ സൂക്ഷിക്കുന്നവരെയാണ് നമ്മൾ ഇന്ത്യക്കാർ നേതാക്കളായി തെരഞ്ഞെടുക്കുന്നത്.
അതുകൊണ്ടു തന്നെ ഇന്ത്യ പോലുള്ള ഒരു രാജ്യത്തിൽ രാജ്യ താൽപ്പര്യത്തിനായി കൊണ്ടുവരുന്ന ഏതു നിയമവും ദുരുപയോഗിക്കപ്പെടും.
അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അലൻ താഹമാരിൽ ചാർത്തപ്പെട്ട UAPA .
എന്തൊക്കെ ന്യായീകരണങ്ങളാണ് അവരുടെ മേൽ UAPA ചാർത്തിയപ്പോൾ ഹോണറബിൾ ചീഫ് മിനിസ്റ്റർ പറഞ്ഞിരുന്നത് എന്നോർക്കുക.
നിയമം ഉണ്ടാക്കുന്നു ദുരുപയോഗിക്കുന്നു !
നിയമം ഉണ്ടാക്കുന്നു ദുരുപയോഗിക്കുന്നു !
ഇതാണ് ഇന്ത്യൻ രാഷ്ട്രീയ ശരി.
ഇന്ത്യൻ പൊളിറ്റിക്കൽ കറക്ടനസ്സ് അഥവാ പൊക.
ഉണ്ടാക്കിയ നിയമം ശരിയായ സ്ഥലത്ത് ഉപയോഗിക്കുന്ന ശീലമെ നമുക്കില്ല.
എന്നാൽ 2022 സെപ്റ്റംബർ 28 ന് പതിവിന് വിപരീതമായ ഒരു സംഭവമുണ്ടായി .
പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചു.
എങ്ങനെ നിരോധിച്ചു എന്ന് ചോദിച്ചാൽ UAPA വെച്ച് നിരോധിച്ചു.

മലരും കുന്തിരിക്കവും

പോപ്പുലർ ഫ്രണ്ടിനെയും അവരുടെ എട്ട് മുഖം മൂടി സംഘടനകളെയും നിരോധിച്ചു എന്നറിഞ്ഞപ്പോൾ പൊടുന്നനെ സ്മൃതിപഥത്തിലെത്തിയത് മൂന്ന് മുഖങ്ങളാണ്. ആ മൂന്ന് മുഖങ്ങളിൽ ഒന്ന് ജോസഫ് മാഷുടേതും മറ്റൊന്ന് അഭിമന്യൂവിന്റേതുമാണ്.
മറ്റൊന്ന് ആ പിഞ്ചുകുഞ്ഞിന്റേതു തന്നെ.
അരിയും മലരും കരുതി വെച്ച് കുന്തിരിക്കം പുകച്ചു വെച്ച് മരണം കാത്തിരുന്നോളൂ എന്ന് അമുസ്ലീങ്ങളോട് വിളിച്ചു പറഞ്ഞ ആ കളങ്കിത ബാലകനെ.
അതിനൊക്കെ ശേഷം മാത്രമെ നിരോധനത്തിന്റെ ന്യായാന്യായങ്ങൾ മനസ്സിലേക്ക് വന്നുള്ളൂ , വരാൻ പാടുള്ളൂ.
ശരിക്കും പറഞ്ഞാൽ അദ്ധ്യാപകന്റെ കൈ വെട്ടിയ സമയം തന്നെ പോപ്പുലർ ഫ്രണ്ടിനെനിരോധിക്കേണ്ടതായിരുന്നു.
എന്തുകൊണ്ട് അന്ന് നിരോധിച്ചില്ല എന്നു ചോദിച്ചാൽ അന്ന് കേന്ദ്രം ഭരിച്ചിരുന്നത് കോൺഗ്രസ് ആയിരുന്നു. കേരളം ഭരിച്ചിരുന്നത് സി പി എമ്മും.
ഈ രണ്ട് കക്ഷികളും ഇസ്ലാം തീവ്രവാദത്തെ നിരോധിക്കാൻ ഇഷ്ടപ്പെടുന്നവരല്ല.
എന്തുകൊണ്ടെന്നാൽ ഈ രണ്ടു കക്ഷികളും അവരെ പിന്തുണക്കുന്ന സാംസ്കാരിക ലോകവും കേരളത്തിലെ മുസ്ലിങ്ങളെക്കുറിച്ച് വളരെ മോശം ധാരണ വെച്ചുപുലർത്തി വരുന്നവരാണ്.
സാധാരണമുസ്ലിങ്ങൾ ഇസ്ലാമിസ്റ്റ് തീവ്രവാദത്തെ സപ്പോർട്ട് ചെയ്യുന്നു എന്നവർ കരുതിപ്പോരുന്നു.
ഇസ്ലാമിസ്റ്റ് തീവ്രവാദികൾക്കെതിരെ കർശന നടപടിയെടുത്താൽ വിശ്വാസികളായ സാധാമുസ്ലീങ്ങൾ ആ നടപടി ഇഷ്ടപ്പെടില്ല എന്നവർ കരുതുന്നു.
കൃത്യമായി പറഞ്ഞാൽ തീവ്രവാദികളെ നിരോധിച്ചാൽ മുസ്ലിം സമൂഹം തങ്ങൾക്കു വോട്ടുചെയ്യില്ല എന്നവർ കരുതുന്നു.
2010 ൽ ജോസഫ് മാഷുടെ കൈ സുഡാപ്പികൾ വെട്ടിയെടുക്കുമ്പോഴും ഇതായിരുന്നു അവരുടെ കാഴ്ചപ്പാട് . ഇന്നും ഇതു തന്നെയാണ് കാഴ്ചപ്പാട്.
എന്നാൽ ബി.ജെ പിക്ക് മുസ്ലീങ്ങളെപ്പറ്റി വോട്ടിന്റെ കാര്യത്തിൽ ഒരു പ്രതീക്ഷയുമില്ല.
തീവ്രവർഗ്ഗീയ കക്ഷികൾക്ക് മുസ്ലിം സമുദായത്തിനുള്ളിൽ വലിയ സ്വാധീനമൊന്നും ഇല്ല എന്നതാണ് യാഥാർത്ഥ്യം - ആ യാഥാർത്ഥ്യം ബി.ജെ പി ഒരു പക്ഷെ മനസ്സിലാക്കിയിട്ടുണ്ടാകാം.
കേരളത്തിലെ കണക്കുകൾ വെച്ച് നോക്കിയാൽ കടുത്ത വർഗ്ഗീയത പറയുന്ന ബി.ജെപിക്ക് ഹിന്ദു സമുദായത്തിലുള്ള സ്വാധീനമൊന്നും കടുത്ത വർഗ്ഗീയത പറയുന്ന SDPI ക്ക് മുസ്ലിം സമുദായത്തിലില്ല.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നോക്കാം. പതിനഞ്ചു ശതമാനത്തിനു മേൽ വോട്ട് ബി.ജെപിക്ക് കിട്ടിയിട്ടുണ്ട്.
BJP ക്ക് വോട്ടുചെയ്യുന്നവരിൽ മൃഗീയ ഭൂരിപക്ഷവും ഹിന്ദുക്കൾ ആണ് എന്നതിനാൽ 15 ശതമാനം വോട്ട് കിട്ടി എന്നതിനർത്ഥം മുപ്പതുശതമാനം ഹിന്ദു വോട്ട് BJP ക്ക് കിട്ടി എന്നാണ്.
എന്നാൽ ഒരൊറ്റ തെരഞ്ഞെടുപ്പിലും SDPI പോലുള്ള പാർട്ടികൾക്ക് മുസ്ലിം സമൂഹം അത്രക്കും വോട്ട് കൊടുത്തിട്ടില്ല.
അത്രക്കെന്നല്ല അതിനടുത്തു പോലും വരുന്ന ഒരു ശതമാനം വോട്ട് പോലും കൊടുത്തിട്ടില്ല.
ഇക്കാര്യം കൃത്യമായി മനസ്സിലാക്കിയ പാർട്ടിയായിരിക്കണം ബി.ജപി.
കേരളത്തിലെ മുസ്ലിങ്ങൾ തീവ്ര വർഗ്ഗീയ കക്ഷികളെ പിന്തുണക്കുന്നില്ല എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഹിന്ദുത്വം മുസ്ലീങ്ങളെ തീവ്രവാദവുമായി കണക്ട് ചെയ്യുന്നു എന്നൊരു ചോദ്യമുണ്ട്.
അവർ അങ്ങനെ കണക്ട് ചെയ്യുന്നത് മുസ്ലീങ്ങൾക്ക് അങ്ങനെയൊരു കണക്ഷൻ ഉള്ളതു കൊണ്ടല്ല, മറിച്ച് മുസ്ലീങ്ങളൊക്കെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പ്രചരിപ്പിച്ചാൽ ഹിന്ദുക്കളെ പേടിപ്പിക്കാം , ഒരുമിപ്പിക്കാം , ഒറ്റയടിക്ക് വോട്ടു തട്ടിയെടുക്കാം എന്ന് കരുതി മാത്രമാണ്.

സാധാ വിശ്വാസികളായ മുസ്ലിം സമുദായം എങ്ങനെ ചിന്തിക്കുന്നു എന്ന് കൃത്യമായി അറിയാവുന്നതു കൊണ്ടും മുസ്ലീങ്ങളിലെ മത വിശ്വാസികളുടെ വോട്ട് ഒരു കാലത്തും തങ്ങൾക്ക് കിട്ടില്ല എന്ന് ഉറപ്പുള്ളതു കൊണ്ടും ബി.ജെപിക്ക് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ ഒരു പ്രയാസവുമുണ്ടായില്ല.

എന്തുകൊണ്ട് SDPI രക്ഷപ്പെട്ടു?

2022 സെപ്റ്റംബർ 28 ന് കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെയും അവരുടെ എട്ട് മുഖം മൂടി സംഘടനകളെയും നിരോധിച്ചു. അഭിമന്യുവിനെ കൊന്ന ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയെ ഉൾപ്പെടെ.
അപ്പോൾ ഒരു ചോദ്യം .
എന്തുകൊണ്ടവർ SDPI യെ നിരോധിച്ചില്ല. SDPI അഥവാ സുഡാപ്പി എന്നറിയപ്പെടുന്ന പാർട്ടി എന്തു കൊണ്ട് നിരോധിക്കപ്പെട്ടില്ല.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് UAPA section 3(1) പ്രകാരമാണ്.
UAPA section 3(1) പ്രകാരം
രാഷ്ട്രീയ പാർട്ടികളെ കേന്ദ്രത്തിന് നിരോധിക്കാൻ പറ്റില്ല.
SDPI ഒരു രജിസ്റ്റർഡ് രാഷ്ട്രീയ പാർട്ടി ആണ്.
ഒരു രജിസ്റ്റർഡ് രാഷ്ട്രീയ പാർട്ടിയെ നിരോധിക്കുന്നത് Representation of the people act പ്രകാരമാണ്.
RP act പ്രകാരം .
അതിന് ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശമോ അനുമതിയോ വേണം.
വളരെ ബുദ്ധിമുട്ടുള്ള സംഗതിയാണത്.
അങ്ങനെ ബുദ്ധിമുട്ടാതെ ഒരു രാഷ്ട്രീയ പാർട്ടിയെ നിരോധിക്കാൻ കഴിയുമായിരുന്നെങ്കിൽ ഇലക്ഷൻ അടുക്കുന്ന സമയം സ്വാധീനമുള്ള പ്രതിപക്ഷ പാർട്ടിയെയങ്ങ് നിരോധിച്ചാൽ പോരെ.
രാഷ്ട്രീയ പാർട്ടികളെ നിരോധിക്കാനുള്ള ബുദ്ധിമുട്ടിന്മേലാണ് ജനാധിപത്യം നിലനിൽക്കുന്നത് എന്നർത്ഥം.


നിരോധനം വന്ന വഴി

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചേ തീരൂ എന്ന ലെവലിലേക്ക് എങ്ങനെയാണ് കേന്ദ്ര സർക്കാർ എത്തിച്ചേർന്നത് എന്നു കൂടി സൂചിപ്പിക്കേണ്ടതുണ്ട്.

2010 ജൂലൈയിലാണ് പോപ്പുലർഫ്രണ്ടുകാർ ആ സാധുവായ അദ്ധ്യാപകന്റെ കൈ വെട്ടിയെടുക്കുന്നത്. അതേവർഷം ജൂലൈ 25 ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദൻ ഇവരെപ്പറ്റി പറഞ്ഞ കാര്യങ്ങൾ കേരള കൗമുദി പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
അതിൽ നിന്ന് അതുവരെയുള്ള അവരുടെ പ്രവർത്തികൾ നമുക്ക് മനസ്സിലാക്കാം.

പണം നൽകി ചെറുപ്പക്കാരെ സ്വാധീനിച്ചും മറ്റ് മതത്തിൽ പെട്ടവരെ വിവാഹം കഴിച്ചും ഇരുപതു വർഷം കഴിയുമ്പോൾ കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കലാണ് പോപ്പുലർ ഫ്രണ്ടിന്റെ ലക്ഷ്യമെന്ന് അന്ന് വി എസ് പറഞ്ഞു. ചെറുപ്പക്കാർക്ക് പണവും ആയുധവും ആയുധ പരിശീലനവും നൽകി അവരെക്കൊണ്ട് തങ്ങൾക്കെതിരായുള്ള ആളുകളെയും വിരോധമുള്ളവരെയും കൊല്ലിക്കലാണ് പോപ്പുലർ ഫ്രണ്ടിന്റെ ഉദ്ദേശമെന്നും വി എസ്. വ്യക്തമാക്കി.

പോപ്പുലർ ഫ്രണ്ടുകാരുടെ ആയുധ പരിശീലനത്തെപ്പറ്റി 2010 ൽ വി എസ് അച്ചുതാനന്ദൻ മാത്രമല്ല, ആ കൂട്ടത്തിൽ നിന്നും രക്ഷപ്പെട്ടു പുറത്തുവന്ന ചിലരും സൂചിപ്പിച്ചീട്ടുണ്ട്.
ഒരാളുടെ വിവരണം ഏകദേശം ഇങ്ങനെയാണ്.

'ഫിസിക്കൽ ട്രയിനിങ്ങ് ക്ലാസ്സ് എന്നു വിളിക്കുന്ന ഒന്നാണത്.
ആ ട്രെയിനിങ്ങിൽ വെറുതെ വ്യായാമം ചെയ്യിച്ചു ശാരീരിക ക്ഷമത ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്. ഏകദേശം RSS ശാഖയിൽ കാണാറുള്ള പോലെയാണിതും.
ഇങ്ങനെ പരിശീലനം കിട്ടിയവരെ പ്രധാനമായും ഫ്രീഡം പരേഡിനും ചെറുവക അടിപിടികൾക്കും മാത്രമാണ് ഉപയോഗിക്കുക.
ഇവരിൽ ചിലർ കൂടുതൽ
ആക്രമണ സ്വഭാവം കാണിക്കുന്നവരായിരിക്കും.. ഇവരെ തിരഞ്ഞു പിടിച്ചു അവർക്ക് കഠാര ഉപയോഗിച്ച് കുത്താൻ പരിശീലനം കൊടുക്കും. വടി വാൾ ഉപയോഗിക്കാൻ ഉള്ള പരിശീലനവും കൊടുക്കും.
കഠാര ഉപയോഗിച്ച് പഠിക്കാൻ ഏറ്റവും ബെസ്റ്റ് വാഴയാണ്.
'വാഴകൾ ആണ് ഇവരുടെ പിടിയിൽ പെടുന്നത് ' എന്നതു കൊണ്ടല്ല മറിച്ച് വാഴയിൽ ഒരു ദൃഷ്ടാന്തം ഉള്ളതു കൊണ്ടാണ്.
വീണു കിടക്കുന്ന മനുഷ്യനെ പറ്റി 'വെട്ടിയിട്ട വാഴ പോലെ' എന്ന് പറയാറില്ലേ.
അതുകൊണ്ട് വാഴക്ക് മനുഷ്യ ശരീരവുമായി ഒരു ചേർച്ചയുണ്ട് അതുകൊണ്ട് വാഴയിൽ കുത്തിയാണ് പരിശീലനം.
കഠാരക്ക് മാത്രമല്ല
വാളിനും ആദ്യം ഇതിലാണ് പരിശീലനം കൊടുക്കുക.
പക്ഷെ വാഴയിൽ കുത്തിയാൽ ചോരയോടുള്ള പേടി മാറില്ല.
അതിന് ജീവശരീരം തന്നെ വേണം.
അതിനായി ബൈക്കെടുത്ത് കറങ്ങുകയാണ് ചെയ്യുക.
തെരുവിൽ കാണുന്ന തെരുവുനായ്ക്കളെ ബൈക്കിന്റെ പിന്നിലിരിക്കുന്നവൻ വെട്ടണം. അങ്ങനെ നായ്ക്കളെ വെട്ടി വെട്ടി പരിശീലിക്കണം.
2010 വരെ ഇതു മൂലം കേരളത്തിൽ തെരുവുനായ ശല്യം കുറഞ്ഞത്രെ.
പിന്നീട് ഇതേ ചുറ്റി പറ്റി പൊലീസ് അന്വേഷണം തുടങ്ങി. അപ്പോൾ പിന്നെ അറവു മാടുകളെ അറക്കുന്നിടത്ത് പോയിട്ടായി പരിശീലനം .
മാടുകളെ കൊന്നു കൊടുത്താൻ മാംസ വ്യവസായികൾക്ക് അതൊരു സഹായമല്ലേ ? ആരും സംശയിക്കില്ല എന്ന ഗുണവും ഉണ്ട്.

കഠാര കൊണ്ടുള്ള കുത്തിലും പരിശീലനം പ്രത്യേകമുണ്ട്.
ഒരാൾ ചാകണമെങ്കിൽ കുത്തുന്നതും മുറിവുണ്ടാക്കാനായി കുത്തുന്നതും രണ്ടും രണ്ടു തരത്തിലാണ്.
എന്തായാലും അത് കൂടി വിവരിക്കുന്നില്ല - ആളുകൾ അത് പഠിക്കാതിരിക്കട്ടെ -
ദേഷ്യം കൊണ്ടൊരു കുത്ത് കുത്തിയാലും കുത്ത് കിട്ടുന്നവർ രക്ഷപ്പെടട്ടെ .

ഇങ്ങനെ ചോര കണ്ട് അറപ്പും വെറുപ്പും മാറിയവരെ ഇങ്ങനെ
നിരവധി കേസുകളിൽ കഴിവ് തെളിയിച്ചവരെ പിന്നീട് കൂടുതൽ പരിശീലനത്തിന് മംഗലാപുരത്തെ രഹസ്യ കേന്ദ്രത്തിലയക്കും.
അല്ലെങ്കിൽ ഹൈദരാബാദിലെ രഹസ്യ കേന്ദ്രത്തിൽ അയച്ച് വീണ്ടും പരിശീലിപ്പിക്കും.
അവിടെ വച്ചാണ് പിസ്റ്റൾ, ബോംബ് നിർമ്മാണം എന്നിവയിൽ പരിശീലനം ലഭിക്കുക.

ഇവരുടെ 2010 വരെയുള്ള ഇമ്മാതിരി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെപ്പറ്റി മുഖ്യമന്ത്രിയെന്ന നിലക്ക് ശ്രീ വി എസ് അചുതാനന്ദന് കൃത്യമായ ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് 2010 ൽ അദ്ദേഹം ഇവരെക്കുറിച്ച് കൃത്യമായി കാര്യങ്ങൾ പറഞ്ഞത്.

കുപ്രസിദ്ധമായ കൈ വെട്ടിനു ശേഷം 2016 ൽ കർണ്ണാടകയിൽ ഇവർ ആർ രുദ്രേഷിനെ കൊല ചെയ്തു.
രുദ്രേഷിനെ കൊന്ന ഒരു സുഡാപ്പി ജാമ്യം ചോദിച്ചു കോടതിയിൽ പോയ വാർത്ത ഏറെ വാർത്താപ്രാധാന്യം ഉണ്ടാക്കിയിരുന്നു.
യൂറോപ്യൻ 'ക്ലോസറ്റില്ലാത്തതിനാൽ പ്രഭാത കർമ്മം നടക്കുന്നില്ല - ആയതിനാൽ ജാമ്യം വേണം ' എന്നായിരുന്നു അയാളുടെ അപേക്ഷ.
കർണാടകയിൽ മറ്റൊരു കൊല കൂടി അവർ ആ വർഷം നടത്തി.
ഹിന്ദു ജാഗരണ വേദി നേതാവ് പ്രവീൺ പൂജാരിയെ ഇവർ കൊലപ്പെടുത്തി.
2016 ൽ തന്നെ തമിഴ് നാട്ടിൽ മറ്റൊരു കൊല കൂടി അവർ നടത്തി. കോയമ്പത്തൂർ സെൽ പുരത്തുള്ള ശശികുമാറായിരുന്നു ഇര.

2017 ൽ SDPI ക്കാർ കേരളത്തിൽ വീണ്ടും കൊല നടത്തി.
തിരൂരുള്ള ബിബിൻ ആയിരുന്നു ഇര . ദക്ഷിണ കർണ്ണാടകത്തിലെ RSS കാരനായ ശരതിനെയും ആ വർഷം അവർ കൊന്നു. പരേതന്റെ ശവഘോഷയാത്രക്ക് നേരെ കല്ലെറിയുകയും ചെയ്തു.
ഇതു മാത്രമല്ല 2017 ൽ ഒരു യുക്തിവാദിയും കോയമ്പത്തൂരിലെ ഉക്കുടത്തുകൊല്ലപ്പെട്ടിട്ടുണ്ട്.
പ്രവാചകനിൽ വിശ്വിക്കുന്നില്ല എന്ന് വാട്ട് സ് ആപ് ഗ്രൂപ്പിൽ പറഞ്ഞതിനാണ് ഫാറൂഖ് എന്ന യുക്തിവാദി കൊല്ലപ്പെട്ടത്.
2018 ലാണ് മലനാടിനെ മുഴുവൻ കണ്ണിരിലാഴ്‌ത്തിയ ദാരുണമായ ഒരു കൊലപാതകം ഇവർ നടത്തിയത്.
മഹാരാജാസിൽ പഠിച്ചിരുന്ന അഭിമന്യൂ വിനെ .
അഭിമനൂവിന്റെ അമ്മയുടെ
'നാൻ പെറ്റ മകനെ ' എന്ന
നിലവിളി ഇന്നും ഓരോ മലയാളിയുടെയും ചെവിയിലുണ്ട്.

സുഡാപ്പികൾ ക്രൂരതകൾ കൊണ്ട് സ്വന്തം റെക്കോർഡുകൾ തിരുത്തുകയായിരുന്നു.
2019 ൽ തമിഴ്‌നാട്ടിൽ വെച്ചവർ നാസ്തികനായ രാമലിംഗത്തെ കൊലപ്പെടുത്തി.
തമിഴ്‌നാട്ടിലെ ദ്രാവിഡ കക്ഷികളുടെ പിതാവ് ഒരു നാസ്തികനായിരുന്നു.
പെരിയാർ രാമസ്വാമി നായിക്കർ.
അദ്ദേഹം ബാല്യകാലം തൊട്ടേ മുസ്ലിം ജനവിഭാഗത്തെ ചേർത്തുപിടിച്ച വ്യക്തിയായിരുന്നു.
ഹിന്ദുക്കൾക്ക് മഹാ ഭൂരിപക്ഷമുള്ള തമിഴ്‌നാട്ടിൽ ഇന്നും മുസ്ലീങ്ങൾ മനസ്സമാധാനത്തോടെ ജീവിക്കുന്നത് പെരിയാറിന്റെ അതേ പാത ദ്രാവിഡ കക്ഷികൾ പിന്തുടരുന്നതുകൊണ്ടാണ്.
പക്ഷെ സുഡാപ്പികൾക്ക് അതൊന്നും പ്രശ്‌നമല്ല. മുസ്ലീങ്ങൾക്ക് പണി കൊടുക്കുക എന്നതാണ് അവരുടെ മെയിൻ അജണ്ട. പെരിയാറിന്റെ അനുയായിയായ രാമലിംഗത്തെ അവർ കൊന്നത് അതു കൊണ്ടാണ്.
2021 ആയപ്പോൾ ഒറ്റപ്പെട്ട കൊലകൾ എന്ന കോൺസെപ്റ്റ് മാറുന്നതാണ് നമ്മൾ കാണുന്നത്.
കൊലക്ക് പകരം കൊല.
ഒന്നിനെ പുറകെ ഒന്നായി.
കൺമുന്നിൽ കാണുന്നവരെ മതം നോക്കി കൊല്ലുന്ന രീതിയിലേക്കവർ മാറി.
സജിത്, നന്ദു എന്നിവരുടെ കൊലകൾ കൊലപാതക പരമ്പര എന്ന കോൺസെപ്റ്റിന്റെ ഭാഗമായാണ് കാണേണ്ടത്.

എന്നാൽ പോപ്പുലർ ഫ്രണ്ടിന്റെ പൊടുന്നനെയുള്ള നിരോധനത്തിനു പിന്നിൽ കേരളത്തിൽ നടന്ന കൊലകളല്ല മറിച്ച്
കർണാടകത്തിലെ RSS നേതാവായ പ്രവീൺ നട്ടാറിന്റെ കൊലയാണ് .
പ്രവീണിന്റ കൊല കർണ്ണാടകത്തിൽ SDPI നടത്തിയ കൊലകളിൽ മൂന്നാമത്തേതായിരുന്നു എന്ന് പറയപ്പെടുന്നു.
കൊലകളുടെ എണ്ണത്തിൽ കുറവാണെങ്കിലും ഒരു വലിയ പ്രശ്‌നം അവിടെ ആവിർഭവിച്ചു.
കേന്ദ്രവും കർണ്ണാടക സംസ്ഥാനവും BJP യാണ് ഭരിക്കുന്നത്.
ഹിന്ദുത്വക്കാണെങ്കിൽ കർണ്ണാടകയിൽ സ്വന്തമായി കൊലയാളി സംഘം വരെയുണ്ട്.
നാസ്തികയായിരുന്ന ഗൗരീ ലങ്കേഷിനെ കൊന്നത് ആ സംഘമായിരുന്നല്ലോ . അത്തരം ഒരു സംഘവും കേന്ദ്ര സേനയും സംസ്ഥാന പൊലീസും ഹിന്ദുത്വക്ക് കർണ്ണാടകത്തിൽ ഉണ്ടായിട്ടും ബി.ജെ പി പ്രവർത്തകരെ സുഡാപ്പികൾ കൊല്ലുന്ന വെല്ലുവിളിയുയർത്തുന്ന സാഹചര്യം!
RSS കാർ ഇളകി.
BJP യുടെ കർണ്ണാടക സംസ്ഥാന പ്രസിഡണ്ട് നളിൽ കുമാർ കട്ടീലിനെ അവർ വളഞ്ഞു.
അയാൾക്ക് മറുപടി പറയാൻ വാക്കുകയുണ്ടായില്ല.
കേന്ദ്ര കൃഷിസഹമന്ത്രി ശോഭ കരണ്ടൽ ജേ അവരുടെ ദൈവമായ സാക്ഷാൽ അമിത് ഷാക്ക് ഇങ്ങനെ എഴുതി.
This is not a new incident and not the last one. Such attacks could be seen before, and there is every possibility that it may be repeated again by jihadis. The impunity given to the perpetrators of such crimes, paves the way for more such attacks on Hindu activists, our karyakartas and the public,' she said.

ഇത് ഒറ്റപ്പെട്ട ഒരു കൊലയല്ല. ഇത് അവസാനത്തേതുമല്ല. ജിഹാദികൾ ഇനിയും ഇതാവർത്തിക്കുമെന്നുറപ്പാണ്. ശിക്ഷിക്കപ്പെടുകയില്ല എന്ന ഉറപ്പാണ് അവർ കൊലകൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നതിന്റെ കാരണം.
അതുകൊണ്ടവർ ഹിന്ദുത്വവാദികളെ കൊന്നു കൊണ്ടിരിക്കുന്നു.
കാര്യവാഹുകളെ കൊന്നു കൊണ്ടിരിക്കുന്നു.
2006 ൽ സുഗന്ധ ഷെട്ടി 2018 ൽ ദീപക് റാവു, പ്രവീൺ നട്ടറെ - അവർ പേരുകൾ പറഞ്ഞു തന്നെ ദൈവമായ അമിത് ഷായോടു പരാതിപെട്ടു.

ബജ്രംഗ് ദൾ ഡിസ്ട്രിക്ട് കോർഡിനേറ്റർ പുനീത് അഴ്‌വാർ വെട്ടിതുറന്നു തന്നെ പറഞ്ഞു.
'ഹിന്ദുക്കൾക്ക് രക്ഷയില്ലാത്ത ഭരണമാണ് BJP ഭരിക്കുന്നതെങ്കിൽ ഇനി BJP വേണോ എന്ന് ഞങ്ങൾ തീരുമാനിക്കും.'

ഇതോടെ അമിത് ഷായുടെ മുന്നിൽ മറ്റു വഴികൾ ഇല്ലായിരുന്നു.
കർണ്ണാടകയോടൊപ്പം ഉത്തർപ്രദേശും ഗുജറാത്തും ശക്തമായി പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിനായി വാദിച്ചു.

പിന്നീട് അതീവ രഹസ്യമായിട്ടായിരുന്നു ഓപ്പറേഷൻസ്.
പോപ്പുലർ ഫ്രണ്ടിനകത്തേക്ക് സുഡാപ്പി വേഷവും സുഡാപ്പി ഭാഷയും വശമുള്ളവരെ കയറ്റിവിട്ടായിരുന്നു ഓപ്പറേഷൻ.
സി പി എമ്മിലേക്കും BJP യിലേക്കും സുഡാപ്പികളെ കയറ്റി വിടുന്ന പോപ്പുലർ ഫ്രണ്ടിന്റെ തന്ത്രത്തിനൊരു മറുതന്ത്രം.
എല്ലാ വിവരങ്ങളും ശേഖരിച്ച് ഇന്ത്യ മുഴുവൻ ഒരൊറ്റ ദിവസത്തെ റയ്ഡ് .
പിന്നിട് 6 ദിവസങ്ങൾക്ക് ശേഷം സമ്പൂർണ നിരോധനം.
അഞ്ചു വർഷത്തേക്ക്.

നിരോധിച്ചതുകൊണ്ടെന്ത് ?

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചപ്പോൾ നിരോധിച്ചതു കൊണ്ട് പ്രയോജനമില്ല എന്നൊരു പുരോഗമന വെർഷൻ കൂടി ഇറങ്ങിയിട്ടുണ്ട്.
നിരോധിച്ചാൽ കൂടുതൽ വളരും എന്ന വാദവും ഉണ്ട്.
ഈ വാദം ഉന്നയിക്കുന്നവർ പുരോഗനക്കാർ ആയതിനാൽ ഈ വാദത്തിന് ചെറിയ രീതിയിൽ പിൻതുണയും കിട്ടുന്നുണ്ട് - ആ നിലക്ക് ആ വിഷയത്തിലേക്ക് തന്നെ പോയി വരാം.

നിരോധിച്ചതു കൊണ്ട് പ്രയോജനമുണ്ടോ ?

ഇല്ല എന്ന് പറയാം.
ഉണ്ട് എന്നും പറയാം.
ഒരു പ്രസ്ഥാനത്തെ നിരോധിക്കുകയും അതിന് മറ്റൊരു പേരിൽ പ്രവർത്തിക്കാൻ സൗകര്യവും കൊടുത്താൽ പിന്നെ നിരോധനം കൊണ്ടു പ്രയോജനമില്ല.
ഉദാഹരണമായി പണ്ട് മദനിയുടെ ഐ എസ് എസിനെ നിരോധിച്ചു.
ഐ എസ് എസ് സ്ഥാപകൻ സംഘടനയുടെ പേര് പി ഡി പി എന്നാക്കി മാറ്റി .
പിന്നീട് അങ്ങേര് 2009 ൽ ജയിലിൽ നിന്നിറങ്ങി വന്നപ്പോൾ അങ്ങേരെയും കൊണ്ട് ഇവിടത്തെ പുരോഗമനവാദികൾ കേരളം മുഴുവൻ വോട്ടു ചോദിക്കാൻ നടന്നു. അങ്ങനെത്തെ ഒരവസ്ഥയാണെങ്കിൽ പിന്നെ അത്തരം ഒരു നിരോധനം കൊണ്ട് പ്രയോജനമില്ല.
ഇനി മറ്റൊരു ഉദാഹരണം നോക്കാം. സിമി . ഇന്ത്യയിൽ ആദ്യമായി ഉണ്ടാക്കിയ ലക്ഷണമൊത്ത ISLAMIST തീവ്രവാദ സംഘടനയാണ് സിമി.
1979 ലെ UP യിലെ അലിഗഡിൽ രൂപം കൊണ്ട സംഘടന . ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്നായിരുന്നു അവരുടെ മുദ്രാവാക്യം.
ആ മുദ്രാവാക്യം കേട്ട് കേരളത്തിൽ നിന്നൊരാൾ സിമിയുടെ പ്രവർത്തകനായി. വേൾഡ് ട്രേഡ് സെന്റർ ബോംബു വെച്ച് തകർക്കപ്പെട്ട സംഭവത്തിന് ശേഷം സിമി ആദ്യമായി നിരോധിക്കപ്പെട്ടു. നമ്മൾ പറഞ്ഞ ആ കക്ഷി മുസ്ലിം ലീഗിൽ പ്രവർത്തിച്ചു. പിന്നീട് അയാൾ പുരോഗമന പക്ഷത്തേക്ക് കൂറുമാറി. അതോടെ അയാൾ തനി തങ്കമായി മാറി. അയാള് എം എൽ എ ആയി മന്ത്രിയായി.
സിമിയെ നിരോധിക്കുകയും അതിൽ പ്രവർത്തിച്ച ഒരാൾക്ക് മന്ത്രിയാകാൻ അവസരവും കൊടുത്താൽ പിന്നെ അയാൾ എംബസി വഴി ഈന്തപ്പഴം കൊണ്ടു വരും, ഖുറാനും കൊണ്ടു വരും.
അതിനർത്ഥം എന്താണ്.
ഇങ്ങനെയാണ് കാര്യങ്ങൾ എങ്കിൽ നിരോധനം കൊണ്ട് ഗുണം ഇല്ല എന്നാണ്.

അപ്പോൾ നിരോധനം കൊണ്ട് ഗുണം ഉണ്ടാകുമോ എന്ന് നോക്കേണ്ടത് തുടർ നടപടികൾ എന്താണ് എന്ന് നോക്കിയാണ്.
ഉദാഹരണമായി മാവോയിസ്റ്റുകൾക്കെതിരെയുള്ള നിരോധനം .
2009 ൽ ടെററിസ്റ്റ് സംഘടന എന്ന വകുപ്പിൽ പെടുത്തി വരെ ഇവരെ നിരോധിച്ചു.
അതിന് മുൻപ് തന്നെ സംസ്ഥാന തലത്തിൽ അവർ നിരോധിക്കപ്പെട്ടിരുന്നു. നിരോധിക്കുന്ന സമയം ഇന്ത്യയിലെ നൂറു ജില്ലകളെങ്കിലും മാവോയിസ്റ്റ്
ഭീഷണിക്ക് കീഴിലായിരുന്നു.
ഏതെങ്കിലും ഒരു വോട്ട് ബാങ്ക് നക്‌സലുകൾക്കില്ലാത്തതു കൊണ്ടാണോ തിരഞ്ഞെടുപ്പുകൾ അവർ ബഹിഷ്‌ക്കരിക്കുന്നതു കൊണ്ടാണോ എന്നറിയില്ല ,
കേന്ദ്ര സർക്കാർ അവരെ നിരോധിച്ച് കൃത്യമായി ഫോളോ അപ് ചെയ്തു.
അവരെ കണ്ടിടത്തു വെച്ച് വെടി വെച്ചു കൊല്ലാൻ പ്രത്യേക സേനയുണ്ടാക്കി. അതിന് കണക്കില്ലാത്ത പണവും ബഡ്ജറ്റിൽ വിലയിരുത്തി.
മാവോയിസ്റ്റു സാന്നിധ്യമുള്ള ജില്ലകൾ ഉണ്ടാകാൻ വേണ്ടി സംസ്ഥാനങ്ങൾ പ്രാർത്ഥിക്കുന്ന തരത്തിൽ മോഹിപ്പിക്കുന്ന ഫണ്ടാണ് വകയിരുത്തിയത്.
ഇത്തരത്തിലുള്ള തുടർ നടപടികൾ മൂലം മാവോയിസ്റ്റുകളുടെ സാന്നിധ്യം 2013 ൽ 76 ജില്ലകളിലേക്ക് ചുരുങ്ങിയെന്ന് അന്നത്തെ പ്രധാനമന്ത്രി മന്മോഹൻജി സമ്മതിച്ചിരുന്നു.
ഇന്നത് വെറും 46 ജില്ലകളിലായി ചുരുങ്ങിയിട്ടുണ്ട്.
അതിനർത്ഥം യാതൊരു മനുഷ്യാവകാശവും പാലിക്കാതെ, മനുഷ്യത്വം തീരെ പുലർത്താതെ,
'കൺമുന്നിൽ പ്രത്യക്ഷപ്പെടുന്ന ഒരു പട്ടിണിക്കോലം ' മാവോയിസ്റ്റ് തന്നെയാണോ എന്ന് വെരിഫൈ ചെയ്യാതെ , ഓൺ ദി സ്‌പോട്ടിൽ വെടിവെച്ചിട്ട് അവരുടെ കയ്യിൽ 'ആട് ' സിനിമയിൽ ജയസൂര്യ ഉപയോഗിച്ചിരുന്ന തോക്ക് പിടിപ്പിച്ച് ഫോട്ടോയെടുക്കാൻ ഏത് സർക്കാർ തയ്യാറാകുന്നു , ആ സർക്കാറിന് നിരോധനം വിജയിപ്പിക്കാൻ കഴിയും. നിരോധിച്ചതുകൊണ്ട് ഗുണമുണ്ടാക്കാനും കഴിയും.

എന്നാൽ പോപ്പുലർ ഫ്രണ്ടിനെതിരെ ഈ വഴി സ്വീകരിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് കഴിയില്ല. എന്തുകൊണ്ടെന്നാൽ പോപ്പുലർ ഫ്രണ്ട് മാവോയിസ്റ്റുകളെ പോലെ കാട്ടിലല്ല പ്രവർത്തിക്കുന്നത്.
അവർ കഠിനമായ മതനിഷ്ഠയുള്ളവരായതു കൊണ്ട് അവരെ വെടിവെച്ചു കൊല്ലുമ്പോൾ മതവിശ്വാസികൾക്കുള്ളിൽ സഹതാപം സൃഷ്ടിക്കപ്പെടാൻ ഇടയുണ്ട്.
അത് സംസ്ഥാന സർക്കാരുകൾക്ക് അനാവശ്യ തലവേദന സൃഷ്ടിക്കും - ആയതിനാൽ അതൊഴിവാക്കാനായിരിക്കും അവർ ശ്രമിക്കുക.
സോ നിരോധനത്തിന് ഫോളോ അപ് ഉണ്ടാകാനിടയില്ല.
അതു കൊണ്ടു തന്നെ ഈ നിരോധനം ഹിന്ദു വോട്ടുബാങ്കിനെ റീചാർജ് ചെയ്യാനുള്ള പല നടപടികളിൽ ഒന്നായി മാത്രമെ തൽക്കാലം കാണാനാകൂ.
അങ്ങനെ അല്ലെന്ന് തെളിയിക്കേണ്ടത് കാലമാണ്.
കാലം.
ഒരു കാര്യം കൂടി സൂചിപ്പിച്ചു കൊണ്ട് ഈ കുറിപ്പ് നിർത്താം.
തീവ്രവാദം എന്നത് ഒരു മനോഭാവമാണ്. അത് ഒരു സംഘടനയുള്ളതുകൊണ്ട് ഉണ്ടാകുന്നതല്ല. ആ മനോഭാവം ഉള്ളവർ തമ്മിൽ സഹകരിക്കുമ്പോഴാണ് ആ മനോഭവം ഒരു സംഘടനയായി മാറുന്നത്. ഇസ്ലാമിക തീവ്രവാദത്തിന് സംഘടന തന്നെ ആവശ്യമില്ല.
സോഷ്യൽ മീഡിയയിൽ നിന്നും മറ്റു വാർത്തകളിൽ നിന്നും ഈ മനോഭാവം ഒരു വ്യക്തിയിലേക്ക് ആളിപ്പടർന്ന് ആ വ്യക്തി ഒറ്റയാൻ തീവ്രവാദി ആയി മാറിയേക്കാം.
അയാൾ തീവ്രവാദിയാണെന്ന് അയാൾക്കും അറിയില്ല. നാട്ടുകാർക്കും അറിയില്ല.
സത്യത്തിൽ അയാൾ ഒരു സ്ലീപ്പിങ്ങ് അവസ്ഥയിലാണ്.
ഇവരാണ് സ്ലീപ്പർ സെല്ലുകൾ.
ഇവർ പൊടുന്നനെ ഉറക്കത്തിൽ നിന്നുണർന്ന് ഒരു ചെന്നായയുടെ ശൗര്യത്തോടെ സമൂഹത്തിൽ നാശം വിതച്ചേക്കാം.
ഒരു ബ്ലഡി ട്രാൻസ്‌ഫോർമേഷൻ .
ആ അവസ്ഥയിൽ അവരെ പറയുക Lone wolf എന്നാണ്.
ഒറ്റപ്പെട്ട ചെന്നായ .
ഇന്ന് ലോകത്തുള്ള മതങ്ങളിൽ മനുഷ്യനെ ഇങ്ങനെയൊക്കെ ആക്കി മാറ്റാൻ ഏറ്റവും കഴിവുള്ള മതമാണ് ഇസ്ലാം.

വാൽക്കഷണം.
ഈ കുറിപ്പിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ കൊലകൾ എണ്ണിയെണ്ണി പറഞ്ഞിരിക്കുന്നു, എന്നാൽ ഹിന്ദുത്വ നടത്തിയ കൊലകൾ എന്തുകൊണ്ട് എണ്ണിയെണ്ണി പറഞ്ഞില്ല എന്ന ചോദ്യം പ്രസക്തമാണ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതു കൊണ്ടാണ് അവരുടെ നിഷ്ഠൂര പ്രവർത്തികൾ എണ്ണിയെണ്ണി പറഞ്ഞത്. RSS നെ നിരോധിച്ചാൽ സ്വാഗതം ചെയും, അവരെക്കുറിച്ച് ഇതു പോലെ എഴുതുകയും ചെയ്യും. പക്ഷെ തെങ്ങിൽ നിന്നും ആൾ വീണാലല്ലേ അയാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പറ്റൂ. ദാറ്റ് ഈസ് ദി മില്യൻ ഡോളർ പ്രോബ്ലം.