2018 ഡിസംബറിൽ ദേശാഭിമാനി ഇങ്ങനെ എഴുതി- 2016 ഫെബ്രുവരി 29 നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പരിഹാസ്യമായ ഉദ്ഘാടനം നടത്തി. ഏത് ചെറിയ എയർ സ്ട്രിപ്പിലും ഇറക്കാവുന്ന വ്യോമസേനയുടെ ഡോണിയർ വിമാനം ഇറക്കിയായിരുന്നു ആ ഉദ്ഘാടനം. ഇപ്പോൾ വിമാനത്താവളം പൂർണ്ണ സജ്ജമാക്കി ഡിസംബർ ഒമ്പതിന് 'യഥാർത്ഥ' ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ് എൽഡിഎഫ് സർക്കാർ. 2018 ൽ പിണറായി വിജയനായിരുന്നു മുഖ്യമന്ത്രി. അന്ന് മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ക്ഷണിച്ചതു പോലുമില്ലെന്നതും വസ്തുത.

എന്താണ് ഇപ്പോൾ വിഴിഞ്ഞത്ത് നടക്കുന്നത്. തുറമുഖ നിർമ്മാണത്തിന് വേണ്ടിയുള്ള ക്രെയിനുമായി ഒരു കപ്പൽ വന്നു. യഥാർത്ഥത്തിൽ പുലിമുട്ട് നിർമ്മാണം പോലും പൂർണ്ണമായും പൂർത്തിയായിട്ടില്ല. ഇവിടേക്ക് എത്തുന്നത് നിർമ്മാണ സാമഗ്രികളുമായുള്ള കപ്പലും. ഈ കപ്പൽ വരവിനെയാണ് പിണറായി വിജയന്റെ സർക്കാർ ആഘോഷ പൂർവ്വം ഉദ്ഘാടനം ചെയ്യുന്നത്. 2016ൽ ഉമ്മൻ ചാണ്ടിയുടേത് കണ്ണൂരിലെ പരിഹാസ്യമായ ഉദ്ഘാടനമെന്ന് കളിയാക്കിയവർ എല്ലാം നിർമ്മാണ സാമഗ്രികളുമായി എത്തുന്ന കപ്പലിനെ വരവേൽക്കുകയും സർക്കാരിന്റെ നേട്ടമായി കാണുകയും ചെയ്യുന്നു.

2015ൽ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ജീവൻ വച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പരിശ്രമ ഫലം. 1000 ദിവസം കൊണ്ട് ആദ്യ ഘട്ട കമ്മീഷനിങ്. ഇതായിരുന്നു അന്നത്തെ പ്രഖ്യാപനം. എന്നാൽ പാറക്കല്ലുകളുടെ ക്ഷാമം മുതൽ, ഓഖി, കോവിഡ് പോലെയുള്ള പ്രതിസന്ധികൾ പറഞ്ഞ് പണി നീട്ടി. എട്ടു കൊല്ലമായിട്ടും കമ്മീഷനിങ് നടന്നില്ല. കണ്ടെയ്‌നർ ബെർത്ത് നിർമ്മാണം 73 ശതമാനം പൂർത്തിയായി. യാർഡ് ബെർത്ത് നിർമ്മാണം, 34 ശതമാനം. പുലിമുട്ട് നിർമ്മാണം, 53 ശതമാനം. ഡ്രെഡ്ജിങ്, 65 ശതമാനം. തുറമുഖ പ്രവർത്തനത്തിന് വേണ്ട 39 ശതമാനം കെട്ടിടങ്ങൾ മാത്രമാണ് സജ്ജം. അവിടേക്കാണ് ബാക്കി നിർമ്മാണത്തിനുള്ള സാമഗ്രികളുമായി കപ്പൽ എത്തുന്നത്. ഈ കപ്പലിനെ ആഘോഷത്തോടെ ഇടതു സർക്കാർ വരവേൽക്കുന്നു.

വിഴിഞ്ഞത്ത് മദർ ഷിപ്പുകൾക്കും എത്താമന്നാണ് വിലയിരുത്തൽ. ഇത്തരമൊരു മദർഷിപ്പല്ല വിഴിഞ്ഞത്തേക്ക് വരുന്നത്. നിർമ്മാണ സാമഗ്രികൾ. തുറമുഖ നിർമ്മാണത്തിന് വേണ്ടി സാധനങ്ങൾ കപ്പലിൽ തന്നെയാണ് എത്തിക്കുക എന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെ നിർമ്മാണത്തിന്റെ ഭാഗമായുള്ള വിഴിഞ്ഞത്തെ കപ്പൽ വരവിനെ വികസന നേട്ടമായി പിണറായി അവതരിപ്പിക്കുന്നു. ഒരു പക്ഷേ ഉമ്മൻ ചാണ്ടി സർക്കാരിന് അധികാര തുടർച്ച കിട്ടിയിരുന്നുവെങ്കിൽ അഞ്ചു കൊല്ലം മുമ്പെങ്കിലും തുറമുഖ യാഥാർത്ഥ്യമായേനെ. അങ്ങനെ സർക്കാരിന്റെ കെടുകാര്യസ്ഥത അടക്കം ചർച്ചയാകുന്ന വിധത്തിൽ ഇഴഞ്ഞു നീങ്ങുന്ന പദ്ധതിയുടെ നിർമ്മാണ ഘട്ടത്തെ കപ്പൽ വരവിനെയാണ് പിണറായിയും തുറമുഖ മന്ത്രിയുമെല്ലാം വാഴ്‌ത്തി പാടുന്നത്.

ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. രാജ്യത്തെ തുറമുഖങ്ങളിൽ ഇന്നുപയോഗിക്കുന്നതിൽ ഏറ്റവും വലിയ ഷിപ് ടു ഷോർ ക്രെയിനുമായാണ് കപ്പലെത്തിയത്. 94.78 മീറ്റർ ഉയരമുള്ള ക്രെയിൻ പ്രവർത്തിപ്പിച്ച് കപ്പലിൽ 72 മീറ്റർ അകലെയുള്ള കണ്ടെയ്നർ വരെ എടുക്കാനാകും.വിഴിഞ്ഞത്തേക്ക് ആകെ 8 ഷിപ് ടു ഷോർ ക്രെയിൻ എത്തിക്കുന്നുണ്ട്. ഇതിൽ ആദ്യത്തേതാണു ഷെൻഹുവ 15ൽ ഉള്ളത്. അതായത് നിർമ്മാണ ഘട്ടത്തിൽ ഇനിയും കപ്പലുകൾ വിഴിഞ്ഞത്ത വരും.

മലബാർ മേഖലയുടെ വ്യോമയാത്രാ സ്വപ്നങ്ങൾക്ക് പുത്തൻ ചിറക് നൽകി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യവിമാനം പറന്നിറങ്ങിയത് 2016 ഫെബ്രുവരി 26നായിരുന്നുവെന്നതാണ് വസ്തുത. ട്രാക്കിലെ ബല പരിശോധനയ്ക്ക് വേണ്ടിയുള്ള പരീക്ഷണ ലാൻഡിംഗും പറക്കലും. ഇതിനെ സിപിഎം ആവോളം കളിയാക്കി. അന്നത്തെ മുഖ്യന്ത്രി ഉമ്മൻ ചാണ്ടിയുടെ പരീക്ഷണ പറക്കൽ ഉദ്ഘാടനത്തെ പരിഹസിച്ചു.

വ്യോമസേനയുടെ ബംഗളൂരുവിൽ നിന്നുള്ള ഡോണിയർ 228 എന്ന വിമാനമാണ് പരീക്ഷണപ്പറക്കലിന് എത്തിയത്. ഇന്ന് വിമാനത്താവളം പ്രവർത്തിക്കുന്ന അതേ ട്രാക്കിലെ പരീക്ഷണ പറക്കൽ. അന്ന് പക്ഷേ അത് കേരളത്തിലെ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. 2016ൽ കണ്ണൂരിൽ ഇറങ്ങിയ വിമാനം പറത്തിയത് കണ്ണൂർ സ്വദേശിയായ എയർമാർഷൽ ആർ. നമ്പ്യാരായിരുന്നു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നമ്പ്യാരെ ആദരിച്ചു. ഉത്തരമലബാറിന്റെ വികസനക്കുതിപ്പിനു ഇതോടെ വഴിതുറന്നു. വിമാനം പറന്നിറങ്ങുന്നതിന് ആയിരങ്ങളാണ് സാക്ഷ്യം വഹിച്ചത്. ആരവത്തോടെയാണ് അവർ ചരിത്ര നിമിഷത്തെ വരവേറ്റത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പരീക്ഷണപ്പറക്കൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷവും ബിജെപിയും ബഹിഷ്‌കരിച്ചു. പ്രതിപക്ഷ എംഎ‍ൽഎമാരും എംപിമാരും ചടങ്ങിനെത്തിയില്ല. ഉദ്ഘാടനവേളയിൽ ഇടതുപക്ഷം മട്ടന്നൂരിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഇതായിരുന്നു അന്ന് വികസനത്തോടുള്ള സിപിഎം മുന്നണിയുടെ നിലപാട്.

(കേരളത്തിലെ കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ ഒരാളാണ് ലേഖകനായ ഡോ ശൂരനാട് രാജശേഖരൻ)