- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
തെളിവുകൾ സഹിതം സ്വപ്ന സുരേഷ് ആരോപണങ്ങൾ ഉന്നയിച്ചിട്ടും മുഖ്യമന്ത്രിക്കെതിരെ കേസില്ല; സുധാകരനും സതീശനും വിനു വി ജോണിനും ഷാജൻ സ്കറിയയ്ക്കുമെതിരെ കള്ളക്കേസുകൾ; സിപിഎം ഭരണത്തിലെ ഇരട്ടത്താപ്പും ഭരണകൂട ഭീകരതയും; എ ഐ സി സി മെമ്പർ ഡോ ശൂരനാട് രാജശേഖരൻ എഴുതുന്നു
അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത വലിയൊരു പ്രതിഷേധ പ്രക്ഷോഭത്തിനാണ് ഇന്നു നമ്മുടെ സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. പ്രതിപക്ഷ നേതാക്കളെയും മാധ്യമ പ്രവർത്തകരെയും കള്ളക്കേസുകളിൽ കുടുക്കി വേട്ടയാടാനും ഭയപ്പെടുത്തി നിശബ്ദരാക്കാനുമുള്ള ഭരണകൂട ഭീകരതയ്ക്കെതിരായ ജന മുന്നേറ്റത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നിട്ടിറങ്ങുകയാണ്. സംസ്ഥാന വ്യാപകമായി ഇന്നു നടക്കുന്ന പൊലീസ് സ്റ്റേഷൻ മാർച്ച് അധികാരികളുടെ കണ്ണു തുറപ്പിക്കുമെന്ന പ്രതീക്ഷയൊന്നും ആർക്കും വേണ്ട. പക്ഷേ, ഭരണ വെറിയുടെ ഭീകര മുഖം സമൂഹ മനഃസാക്ഷിക്കു മുന്നിൽ തുറന്നു കാട്ടാൻ ഈ പ്രതിഷേധത്തിലൂടെ കഴിയുമെന്ന കാര്യത്തിൽ തർക്കമില്ല.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് സിപിഎം ഭരണത്തിനു കീഴിൽ ഇരട്ട നീതിയാണ് പൊലീസ് നടപ്പാക്കുന്നത്. ഒരു വശത്ത് പ്രതിപക്ഷ നേതാക്കളെയും മാധ്യമങ്ങളെയും കള്ളക്കേസുകളിൽ കുടുക്കി ജയിലിലടയ്ക്കാൻ ശ്രമിക്കുന്നു. മറുവശത്ത് ഭരണ സ്വാധീനമുപയോഗിച്ചു സ്വന്തം അഴിമതികൾക്കു മറ പിടിക്കാൻ ഭരണയന്ത്രത്തെ ദുരുപയോഗപ്പെടുത്തുന്നു. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയ നേതാക്കളെയും വിനു വി ജോൺ, അഖില നന്ദകുമാർ, ഷാജൻ സ്കറിയ തുടങ്ങിയ മാധ്യമ പ്രവർത്തകരെയും കള്ളക്കേസുണ്ടാക്കി ജയിലിടയ്ക്കാനുള്ള ശ്രമങ്ങൾ അതിന്റെ ഭാഗമാണ്.
അതേ സമയം, പല കേസുകളിലും തെളിവുകൾ സഹിതം സ്വപ്ന സുരേഷ് ആരോപണങ്ങൾ ഉന്നയിച്ചിട്ടും മുഖ്യമന്ത്രിക്കെതിരെ കേസില്ല. ഒരു രൂപ പോലും കമ്മിഷൻ പറ്റാതെ പരവൂരിൽ പുനർജനി പദ്ധതിയിലൂടെ നിരവധി പേർക്കു വീട് വച്ച് നൽകിയ വി.ഡി. സതീശനെതിരേ കേസ്. എന്നാൽ 20 കോടി രൂപ ചെലവിൽ തൃശൂരിൽ നടപ്പാക്കിയ ലൈഫ് മിഷൻ പദ്ധതിയിൽ ഒമ്പതര കോടി രൂപ കമ്മിഷൻ പറ്റിയ കോഴ ഇടപാടിൽ തെളിവുണ്ടായിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതികളല്ല. സിപിഎമ്മിലെ ഒരു പ്രമുഖൻ കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടിയിലധികം രൂപ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് കടത്തിയെന്ന ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്ററുടെ വെളിപ്പെടുത്തൽ വന്നിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടായില്ല.
സന്ധ്യ രവിശങ്കർ എന്ന മാധ്യമ പ്രവർത്തക മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയുള്ള വാർത്ത പ്രസിദ്ധീകരിച്ചു. കേരളം, തമിഴ്നാട് എന്നിവിടങ്ങളിലായി പിണറായി വിജയൻ 1500 ഏക്കർ സ്ഥലം സ്വന്തമാക്കി റിയൽ എസ്റ്റേറ്റ് സാമ്രാജ്യം സൃഷ്ടിച്ചെന്നാണ് വെളിപ്പെടുത്തൽ. പക്ഷേ, അതേക്കുറിച്ച് അന്വേഷണമേയില്ല. എ.ഐ ക്യാമറയിൽ മുഖ്യമന്ത്രിയുടെ ബന്ധുവിന് പങ്കാളിത്തമുള്ള കമ്പനിയെക്കുറിച്ച് വാർത്ത വന്നിട്ടും അന്വേഷണമില്ല. കെ ഫോൺ കരാറിലും ഇതേ ബന്ധുവിന്റെ ഇടപാടുകളെക്കുറിച്ച് അന്വേഷണമില്ല. എന്നാൽ ഒരു തെളിവുമില്ലാതിരുന്നിട്ടും കെപിസിസി പ്രസിഡന്റിനെതിരേ വ്യാജ ആരോപണങ്ങളുണ്ടാക്കി കേസെടുത്തു. മോൻസൻ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്സോ കേസിൽ സുധാകരനെതിരെ പെൺകുട്ടി മൊഴി നൽകിയെന്ന വ്യാജ വാർത്ത നൽകിയത് ദേശാഭിമാനി. പക്ഷേ, ഏഷ്യാനെറ്റിനെതിരെ കേസെടുത്ത പൊലീസ് ദേശാഭിമാനിക്കെതിരെ ഒരു നടപടിയുമെടുത്തില്ല.
വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു നേതാവ് അൻസിൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും നടപടിയില്ല. ദേശാഭിമാനി വാർത്തയുടെ അടിസ്ഥാനത്തിൽ അൻസിലിനെതിരെ പൊലീസ് കേസെടുത്തു. വ്യാജ സർട്ടിഫിക്കറ്റുമായി ജോലി നേടാൻ ശ്രമിച്ച എസ്എഫ്ഐ നേതാവ് വിദ്യയെ വെറുതേ വിട്ട പൊലീസ്, വാർത്ത കൊടുത്ത ഏഷ്യാ നെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരേ കേസെടുത്തു.
ബ്രഹ്മപുരത്തെ കോടികളുടെ അഴിമതി നടത്തിയ കമ്പനിക്കെതിരെയോ സംരക്ഷിക്കാൻ ശ്രമിച്ച തദ്ദേശ മന്ത്രിക്കെതിരെയോ ഒരു നടപടിയുമില്ല. പക്ഷേ, അതിൽ പ്രതിഷേധിച്ചു പ്രകടനം നടത്തിയ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേ എറണാകുളം സിറ്റി പൊലീസ് കേസെടുത്തു. സ്വർണക്കടത്തിൽ സ്വപ്ന സുരേഷ് ഗുരുതര വെളിപ്പെടുത്തൽ നടത്തിയിട്ടും മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ കേസില്ല. മുന്മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഡോ. തോമസ് ഐസക്ക്, കെ.ടി ജലീൽ തുടങ്ങിയവർക്കെതിരേ അതീവ ഗുരുതര ലൈംഗികാരോപണം ഉന്നയിക്കപ്പെട്ടിട്ടും അനങ്ങാതിരുന്ന പൊലീസാണ് ജോൺസൺ മാവുങ്കലിന്റെ പേരിൽ കെ. സുധാകരനെതിരേ വ്യാജ പോക്സോ കേസിനു തിടുക്കം കാണിച്ചത്.
കാട്ടാക്കട കോളെജിൽ ആൾമാറാട്ടം നടത്തി കൗൺസിലറായ എസ്എഫ്ഐ നേതാവ് നിയമങ്ങൾക്കു പുറത്ത്. വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലിക്കു ശ്രമിച്ച വനിതാ നേതാവ് വിദ്യക്കു പാർട്ടിയുടെയും പൊലീസിന്റെയും സംരക്ഷണം. എന്നാൽ, മലബാറിലെ പ്ലസ് വൺ സിറ്റുകൾ വർധിപ്പിക്കാൻ സമരം ചെയ്ത എംഎസ്എഫ് നേതാക്കളെ അറസ്റ്റ് ചെയ്തു കൈവിലങ്ങണിയിച്ചു റോഡിലൂടെ നടത്തി കേരള പൊലീസ്.
കൂടുതൽ സിപിഎം നേതാക്കൾക്ക് കലിംഗ സർട്ടിഫിക്കറ്റ് എന്ന് മൊഴി വന്നിട്ടും കായംകുളം എംഎസ്എം കോളെജിലെ വ്യാജ രേഖ കേസ് ഇഴഞ്ഞു നീങ്ങുന്നു. കെപിസിസി ഓഫീസ് ആക്രമിച്ച കേസിൽ അന്വേഷണം എങ്ങുമെത്തിയില്ല. എന്നാൽ, എകെജി സെന്ററിൽ പടക്കം പൊട്ടിച്ചെന്നു പറഞ്ഞ് തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മാസങ്ങളോളം വേട്ടയാടി. കൊടകര കുഴൽപ്പണം ഇടപാടിൽ ബിജെപി നേതാവിനെതിരായ കേസ് ഒത്തുതീർപ്പാക്കിയപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ തുടങ്ങി പ്രതിപക്ഷത്തെ അസംഖ്യം നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കി.
പറവൂർ മണ്ഡലത്തിൽ പ്രളയത്തിനു ശേഷം നടപ്പാക്കിയ പുനർജനി പദ്ധതിയെ കുറിച്ച് വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. വിദേശയാത്രയിലെ പണപ്പിരിവ്, വിദേശത്തുനിന്ന് പണം സ്വീകരിക്കൽ മുതലായവയാണ് പ്രതിപക്ഷ നേതാവിനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ. എന്നാൽ, ലോക കേരള സഭയുടെ പേരു പറഞ്ഞ് വിദേശത്തു പോയി, തനിക്കൊപ്പം ഇരുന്ന് ഫോട്ടോ പിടിക്കുന്നതിന് ലക്ഷങ്ങൾ പിരിച്ച മുഖ്യമന്ത്രിയും നോർക്കയും അതിന്റെ കണക്കുപോലും ഇതേവരെ പുറത്തു വിട്ടില്ല.
പ്രതിപക്ഷ നേതാക്കളെപ്പോലെയാണ് മാധ്യമ പ്രവർത്തരെയും പൊലീസ് വേട്ടയാടുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോണിനെതിരെ പൊലീസ് കേസെടുത്ത നടപടി ഏറെക്കാലം മാധ്യമങ്ങൾ വിചാരണ ചെയ്തിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തകനും മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനൽ ഉടമയുമായ ഷാജൻ സ്കറിയയെ ജയിലിലടക്കാനുള്ള നീക്കം തടഞ്ഞത് സുപ്രീം കോടതിയാണ്.
ജനാധിപത്യത്തിൽ ഭരണ കർത്താക്കൾക്ക് പ്രതിപക്ഷ ബഹുമാനവും മാധ്യമ ഭയവും അത്യന്താപേക്ഷിതമാണ്. നെഹ്റു മുതൽ മന്മോഹൻ സിങ് വരെയുള്ള മുഴുവൻ പ്രധാനമന്ത്രിമാരും ഇഎംഎസ് മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള മുഴുവൻ മുഖ്യമന്ത്രിമാരും ആ പാത സ്വീകരിച്ചവരാണ്. എന്നാൽ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പ്രതിപക്ഷ ബഹുമാനമെന്നൊന്നില്ല. മാധ്യമ വിമർശനങ്ങളെ പുച്ഛിച്ചു തള്ളുകയും ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയനും അതേ വഴിയിലാണു സഞ്ചരിച്ചിരുന്നത്.
ഇന്നു സ്ഥിതി മാറി. ഇലക്ഷൻ കമ്മിഷൻ, ഇഡി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയ എതിരാളികളെ തകർക്കുന്നു. കേരളത്തിൽ സർക്കാരിന്റെ വരുതിയിലുള്ള ഏക സേനയായ പൊലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരതയ്ക്കു മറ പിടിക്കുകയും രാഷ്ട്രീയ എതിരാളികളെ കള്ളക്കേസുകളിൽ കുടുക്കുകയും ചെയ്യുന്നു. അതിനായി പൊലീസ് തലപ്പത്തെല്ലാം റാൻ മൂളുന്നവരെ മാത്രം പ്രതിഷ്ഠിച്ചിരിക്കുന്നു. ആജ്ഞ ലംഘിക്കുന്നവരെ സോപ്പ് കമ്പനിയുടെയും വാഴപ്പിണ്ടി കോർപ്പറേഷന്റെയുമൊക്കെ തലപ്പത്ത് വെറുതേയിരുത്തി ശമ്പളം കൊടുക്കുന്നു.
1957ലെയും 67ലെയും സെൽഭരണ ഭീകരതയിലേക്കാണ് ഇപ്പോൾ കേരള പൊലീസിനെ ആട്ടിത്തെളിച്ചു കൊണ്ടു പോകുന്നത്. ഇത്തരം ഭരണകൂട വെല്ലുവിളികൾക്കെതിരായ ജനവികാരമാവും ഇന്നു സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന പ്രതിഷേധ മാർച്ച്.