- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കണ്ണ് കൊണ്ട് മരണപ്പെട്ട സെലിബ്രിറ്റിക്കായി മുതലക്കണ്ണീർ ധാര ധാരയായി ഒഴുക്കുക;മറുകണ്ണ് കൊണ്ട് മരണവീട്ടിൽ വന്ന സെലിബ്രിറ്റികളെ ആപാദചൂഢം ഉഴിഞ്ഞുനോക്കി സ്മാർത്ത വിചാരണയും സോഷ്യൽ ഓഡിറ്റിങ്ങും നടത്തുക;സംശയിക്കേണ്ട,അത് നമ്മൾ തന്നെ! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
ഒരു കണ്ണ് കൊണ്ട് മരണപ്പെട്ട സെലിബ്രിറ്റിക്കായി മുതലക്കണ്ണീർ ധാര ധാരയായി ഒഴുക്കുക; മറുകണ്ണ് കൊണ്ട് മരണവീട്ടിൽ വന്ന സെലിബ്രിറ്റികളെ ആപാദചൂഢം ഉഴിഞ്ഞുനോക്കി സ്മാർത്ത വിചാരണയും സോഷ്യൽ ഓഡിറ്റിങ്ങും നടത്തുക. ആരാണെന്ന് സംശയിക്കേണ്ട. അത് നമ്മൾ തന്നെ. പ്രബുദ്ധ സാക്ഷര നവോത്ഥാന പുരോഗമന വനിതാ മതിലു ഉയർത്തിക്കെട്ടിയ നമ്പർ 1 കേരളത്തിലെ പ്രബുദ്ധ മല്ലൂസ്. മറ്റൊരാളുടെ ജീവിതത്തിന്റെ കീഴേ പായ വിരിച്ചു കിടന്ന് പൊളിറ്റിക്കൽ കറക്ട്‌നെസ്സ് നടത്തുന്ന ഒരൊറ്റ ജനവിഭാഗമേ ഈ ഭൂമുഖത്തുണ്ടാവൂ ! അതെ അത് നമ്മൾ തന്നെയാണ്.
മല്ലൂസ് പോലെ കാപട്യം നിറഞ്ഞ ടീംസ് വേറൊരിടത്തും ഉണ്ടാവില്ല എന്നുള്ളതിന്റെ ദൃഷ്ടാന്തം ഒരേ സമയം തല്ലാനും തലോടാനുമുള്ള അവന്റെ സൈക്കോ മൈൻഡ് സെറ്റ് കാരണമാണ്. ഇന്നലെ മരണപ്പെടും വരെ സുബി സുരേഷിന്റെ സ്വകാര്യതയ്ക്കും വ്യക്തിജീവിതത്തിനും കീഴേ പായ വിരിച്ച് കിടന്ന് അവരുടെ വസ്ത്രധാരണം മുതൽ അവതരണശൈലി വരെയുള്ള കാര്യങ്ങളിലിടപ്പെട്ട് സോഷ്യൽ ഓഡിറ്റങ് നടത്തിയ സകലമാന മല്ലൂസും ഇന്നലെ മരണ വാർത്ത അറിഞ്ഞ് ഒപ്പാരിയിടുന്നുണ്ടായിരുന്നു.
ആ ഒപ്പാരിക്കിടയിലും അവറ്റകളുടെ മഞ്ഞക്കണ്ണുകൾ തിരഞ്ഞത് പുതിയ ഇരയ്ക്ക് വേണ്ടിയായിരുന്നു. അപ്പോൾ കൃത്യമായിട്ടെത്തി വെള്ളക്കുർത്തയും കൂളിങ് ഗ്ലാസ്സും അണിഞ്ഞ് മരണവീട്ടിലെത്തിയ രഞ്ജിനി ഹരിദാസ്. ഉടൻ സട കുടഞ്ഞെണീറ്റു മല്ലുസിന്റെ habitual സോഷ്യൽ ഓഡിറ്റിങ്.ഏറ്റവും പ്രിയപ്പെട്ടൊരാൾ മരണപ്പെടുന്ന സമയത്ത് പോലും സ്വകാര്യത ലഭിക്കാത്തവരാണ് സെലിബ്രിറ്റികൾ. അവരുടെ കണ്ണീരിന്റെ ഓരോ തുള്ളി വരെ ഒപ്പിയെടുക്കാൻ വെമ്പുന്ന ക്യാമറാക്കണ്ണുകളും അത് മാർക്കറ്റ് ചെയ്യാൻ നില്ക്കുന്ന മാധ്യമങ്ങളും.
ഇത്തരം അവസരങ്ങളിൽ ഉള്ള് പിളർന്ന് നില്ക്കുമ്പോഴും പിടിച്ചുനില്ക്കാനാണ് അവർ ശ്രമിക്കുക. ഉള്ളിലെ വേദന പരസ്യമാക്കാതെ ഒറ്റയ്‌ക്കൊരിടത്ത് കരഞ്ഞു തീർക്കുന്നവരാണ് പലരും.രഞ്ജിനിയൊക്കെ ആ ടൈപ്പ് വ്യക്തികളാണ്. കറുത്ത കൂളിങ് ഗ്ലാസ്സ് വയ്ക്കുന്നത് സ്‌റ്റൈൽ സ്റ്റേറ്റ്‌മെന്റാണെന്ന് വിളിച്ചു പറയുന്നവർക്ക് അറിയുമോ എന്താണ് യഥാർത്ഥ കാരണമെന്ന്? ഇനി ഈ പൊരിവെയിലത്ത് അവർ അത് ധരിച്ചുവെങ്കിൽ അത് അവരുടെ വ്യക്തിസ്വാതന്ത്ര്യം. അഥവാ അത് സ്‌റ്റൈൽ സ്റ്റേറ്റ്‌മെന്റാണെങ്കിൽ അത് അവരുടെ ചോയ്‌സ്. തങ്ങളെ യാതൊരുതരത്തിലും ബാധിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് ഇവറ്റകൾ എന്തിനാണ് ഇങ്ങനെ വേവലാതിപ്പെടുന്നത്?
അന്യന്റെ പ്രണയത്തിൽ, അന്യന്റെ വൈവാഹിക ജീവിതത്തിൽ, അന്യന്റെ സ്വകാര്യതയിൽ എന്തിന് മരണത്തിൽ പോലും തലയിട്ട് കടന്നുക്കയറുന്നത് മലയാളി ശീലം .ഒരാളുടെ സ്വകാര്യജീവിതത്തിൽ വന്നു എത്രത്തോളം ഫ്രസ്‌ട്രേഷൻ തീർക്കാൻ പറ്റുമോ അത്രത്തോളം തീർക്കും! എന്നിട്ട് പറയുന്നതോ സാക്ഷര സമൂഹമെന്നും. ഒരു മുഖത്തിനുള്ളിൽ പലതരം കാപട്യം ഒളിപ്പിച്ചു കടത്തുന്നവന്റെ പേരാണ് മലയാളി . അവന് ഒരു ദിവസം തന്നെ പല മുഖമാണ് .
ഫേസ്‌ബുക്കിൽ പോസ്റ്റിടുമ്പോൾ ഒരു മുഖം . അടുത്തവന്റെ പോസ്റ്റിനോ വാർത്തയ്‌ക്കോ കീഴെ പോസ്റ്റിടുമ്പോൾ മറ്റൊരു മുഖം . വാട്‌സാപ്പിൽ സ്റ്റാറ്റസ് ഇടുമ്പോൾ വീണ്ടുമൊരു മുഖം . നൂറ് പോസ്റ്റിൽ പോയി നൂറ് തരം വാദഗതികൾ നിരത്തി സ്വയം ആത്മരതി അടയുന്ന കൂട്ടർ. ! സ്വന്തം കാരുണ്യഭാവത്തെ വാഴ്‌ത്തി പോസ്റ്റിട്ട ശേഷം അടുത്ത നിമിഷം അടുത്തൊരാളോട് എംപതി കാട്ടാനറിയാത്ത മനുഷ്യർ. എന്നാലും ഇവർ സ്വയം വിശേഷിപ്പിക്കുന്നത് പ്രബുദ്ധർ എന്നാണ്.
ഒരാളുടെ രാഷ്ട്രീയാഭിരുചികളോടും അഭിപ്രായങ്ങളോടും ചെയ്തികളോടും യോജിപ്പോ വിയോജിപ്പോ ആവാം. അതും അവരാൽ സമൂഹത്തിനു ദോഷമായേക്കാവുന്ന ചെയ്തികളാണെങ്കിൽ മാത്രം ജനകീയ വിചാരണ ചെയ്യാം. അതിലൊന്നും തെറ്റില്ല. പക്ഷേ നമ്മളെ ഒരു തരത്തിലും ബാധിക്കാത്ത വിഷയത്തിൽ ഒരാളുടെ തീർത്തും സ്വകാര്യമായ ജീവിതത്തിലേയ്ക്കുള്ള കടന്നുകയറ്റവും വിചാരണയും തീർത്തും മ്ലേച്ഛമാണ് .