ല്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രി കുട പിടിക്കുമെന്നൊരു ചൊല്ലുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി തലസ്ഥാന നഗരിയിലെ ജനങ്ങൾ അർദ്ധരാത്രിയിലെ ഈ കുടപിടിക്കൽ പകൽവെളിച്ചത്തിൽ കണ്ട് നട്ടം തിരിഞ്ഞിരിക്കുകയാണ്. പറഞ്ഞു വന്നത് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ സുരക്ഷ വാഹനവ്യൂഹവും റൂട്ട് ക്ലിയറൻസും കാരണം പൊറുതി മുട്ടുന്ന നഗരവാസികളെ കുറിച്ചാണ്. കേരളം ഭരിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയല്ല സഖാവ് പിണറായി. എന്നാൽ കേരളം ഇന്നോളം ഭരിച്ചതിൽ വച്ച് ഏറ്റവും പേടിത്തൊണ്ടനായ മുഖ്യമന്ത്രിയാണ് അദ്ദേഹം. ഒപ്പം തന്നെ വോട്ട് കുത്തിയ ജനങ്ങളുടെ നെഞ്ചത്ത് ചവിട്ടി നടക്കുന്ന ധാർഷ്ട്യമുള്ള ജനനായകനുമാണ് അദ്ദേഹം.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ ജനിച്ചു വളർന്ന, ഇന്നും ജീവിക്കുന്ന എനിക്ക് ഉറപ്പായിട്ട് പറയുവാൻ കഴിയുന്ന ഒരു കാര്യമുണ്ട്. യശ:ശരീരരായ ശ്രീ.കരുണാകരനും നായനാറും ഒക്കെ ഭരിച്ചിരുന്ന നാളത്തെ ക്ലിഫ് ഹൗസ്, ജനകീയരായ സഖാവ് അച്യുതാനന്ദനും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിയായി വാണ ക്ലിഫ് ഹൗസ് , അതിൽ നിന്നും എത്രയോ വ്യത്യസ്തമാണ് സഖാവ്. പിണറായി ഭരിക്കുമ്പോഴത്തെ ക്ലിഫ് ഹൗസ്. ഇപ്പോൾ അവിടം ഹിറ്റ്‌ലർ ഭരിക്കുന്നിടം പോലെ ഒരു ഏകാധിപതി ജീവിക്കുന്ന മേടയാണ്. ഉമ്മൻ ചാണ്ടി സാർ ഭരിച്ചിരുന്ന നാൾ വരെ ക്ലിഫ് ഹൗസിനുള്ളിലെ റോഡിലൂടെ നടന്ന് ദേവസ്വം ബോർഡ് ജംഗ്ഷനിൽ പോകുവാൻ വിലക്ക് ഉണ്ടായിരുന്നില്ല. ഞാനും എന്റെ കസിൻസുമെല്ലാം നിർമ്മല ഭവൻ സ്‌കൂളിലും ക്രൈസ്റ്റ് നഗറിലും പോയിരുന്നത് ആ വഴിയായിരുന്നു. മന്ത്രിമന്ദിരങ്ങൾ നിരന്നു നില്ക്കുന്ന ആ റോഡിലൂടെ നടന്ന്, പോവുമ്പോൾ പലപ്പോഴും ഔദ്യോഗിക വാഹനത്തിലിരുന്ന് കൈവീശി ചിരിച്ചുകൊണ്ട് പോവുന്ന ലീഡറും ടി.എം ജേക്കബ്ബ് അങ്കിളും ( എന്റെ കസിന്റെ ബെസ്റ്റ് ഫ്രണ്ട് അനൂപ് ആയതിനാൽ പുള്ളിയെ അങ്ങനെ വിളിച്ചു) മാണി സാറും ഉമ്മൻ ചാണ്ടി സാറും കുഞ്ഞാലി കുട്ടി സാഹിബും ഒക്കെ സ്‌കൂൾ കാലത്തെ നിറമുള്ള ഓർമ്മകൾ .ഒപ്പം മന്ത്രി മന്ദിരങ്ങൾക്ക് കാവൽ നില്ക്കുന്ന പൊലീസ് മാമ്മന്മാരുമായിട്ടുള്ള കൊച്ചു സംഭാഷണങ്ങൾ! എന്തൊരു കാലമായിരുന്നു അത്.

ശ്രീ. നായനാർ സഖാവിന്റെയും സഖാവ്. അച്യുതാനന്ദന്റെയും കീഴിൽ കമ്മ്യൂണിസ്റ്റ് ഭരണം വന്നപ്പോഴും ക്ലിഫ് ഹൗസിനും പരിസര പ്രദേശങ്ങൾക്കും ഒരു മാറ്റവും വന്നില്ല. മുണ്ടും ഷൂസും ധരിച്ച് ക്ലിഫ് ഹൗസ് അങ്കണത്തിൽ ഉലാത്തുന്ന സഖാവ്.നായനാരും പച്ചക്കറി തോട്ടം നനയ്ക്കുന്ന ശാരദ ടീച്ചറും നല്ല സുഖമുള്ള നനുത്ത ഓർമ്മകളാണ്. ജനകീയരായി ജനഹൃദയങ്ങൾ കീഴടക്കിയ നല്ല ജനനായകന്മാർ. തങ്ങളുടെ ഔദ്യോഗിക പദവി കാരണം സാധാരണക്കാരായ ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും വരരുതെന്ന് നിഷ്ഠയുണ്ടായിരുന്ന റിയൽ ജനസേവകന്മാർ. ഉമ്മൻ ചാണ്ടി സാർ ഭരിക്കുമ്പോൾ അദ്ദേഹം വരുന്നതും പോകുന്നതും ഒന്നും പരിസരത്തുള്ളവർ അറിയുക പോലുമില്ല. അകമ്പടി വാഹനങ്ങളില്ലാതെ ക്ലിഫ് ഹൗസ് - നന്തൻകോട് വഴിയും ക്ലിഫ് ഹൗസ് - പ്ലാമൂട് റോഡ് വഴിയും ഒക്കെ സഞ്ചരിച്ചിരുന്ന കേരളം കണ്ട എക്കാലത്തെയും ജനകീയനായ മുഖ്യൻ.

എന്നാൽ ഇന്ന് സഖാവ്. പിണറായി വന്നതോടെ കഥയാകെ മാറി. നന്തൻകോട് ജംഗ്ഷൻ മുതൽ ക്ലിഫ് ഹൗസ് വരെ, കവടിയാർ മുതൽ ക്ലിഫ് ഹൗസ് വരെ, വെള്ളയമ്പലം മുതൽ ക്ലിഫ് ഹൗസ് വരെ തുടങ്ങി പലയിടങ്ങളിലായി പൊലീസ് കാവൽ. ക്ലിഫ് ഹൗസ് റോഡ് വഴിയുള്ള റോഡ് പൊതുജനങ്ങൾക്കായി വിലക്കി. അതൊക്കെ സഹിക്കാം. പക്ഷേ റൂട്ട് ക്ലിയറൻസ് എന്ന പേരിൽ പൊലീസ് കാട്ടിക്കൂട്ടുന്ന കോപ്രായം ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. Z+ സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. അതു പ്രകാരം മുന്നിൽ രണ്ട് പൈലറ്റ് വാഹനം, അതു കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ കാർ, പിന്നാലെ രണ്ട് എസ്‌കോർട് വാഹനവും ഒരു വാനും ഒടുവിൽ ഒരു കാറും. അതായത് 7 വാഹനങ്ങൾ. അതിലെല്ലാം കൂടി 35 മുതൽ 40 പേർ വരെയുള്ള സുരക്ഷാ സംഘമാണ്. രേഖകൾ പ്രകാരം ഇതാണെങ്കിൽ കൂടി യാഥാർത്ഥ്യത്തിലാകുമ്പോൾ ഇരട്ടിയാവുന്നുണ്ട്. മുഖ്യമന്ത്രി എത്തുന്ന പ്രദേശത്തെ എസ് പിയും സ്‌പെഷൽ ബ്രാഞ്ചും ഇന്റലിജൻസും ഉൾപ്പെടെ കുറഞ്ഞത് 5 ഡിവൈഎസ്‌പിമാരും, സ്ഥലത്തെയും സമീപത്തെയും സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അകമ്പടിക്കെത്തുന്നുണ്ട്. പട്ടത്ത് ഒക്കെ എത്തുമ്പോൾ ഇതാണ് സ്ഥിതി. അതോടെ വാഹനങ്ങളുടെ നിര ഏഴിൽ നിന്ന് പതിനാറ് ആയും പൊലീസുകാരുടെയെണ്ണം 70 മുതൽ 80 വരെയായും ഉയരുന്നുണ്ട്. അതായത് ചട്ടപ്രകാരം നൽകേണ്ടതിന്റെ ഇരട്ടി സുരക്ഷ. ഇരട്ടച്ചങ്കുള്ള, ഇന്ദ്രനെയും വെല്ലുന്ന 'പെവർ ' ഉള്ള മുഖ്യന്റെ സുരക്ഷ !

മുഖ്യമന്ത്രി എത്തുന്നതിന് അര മണിക്കൂർ മുൻപ് തന്നെ കിലോമീറ്ററുകൾ അകലെ വരെ വഴിയുടെ ഇരുവശത്തും പൊലീസ് സ്ഥാനം പിടിക്കും. പിന്നെ ഒരു വാഹനം പോലും ഈ വഴിയോരത്തെങ്ങും പാർക്ക് ചെയ്യാൻ സമ്മതിക്കില്ല. മുഖ്യമന്ത്രി എത്തുന്നതിന് പത്ത് മിനിറ്റ് മുമ്പ് ഈ റോഡിലെക്കെത്തുന്ന എല്ലാ വഴികളിലെയും ഗതാഗതം മുന്നറിയിപ്പില്ലാതെ തടയുന്നുണ്ട്. ഇങ്ങനെ ഒരു ദിവസം പലവട്ടം ഈ ദുരിതം താണ്ടുന്നുണ്ട് നഗരവാസികൾ. വെറുതെ പറയുന്നതല്ല ; ഒരു ദിവസം നന്തൻകോടോ ദേവസ്വം ബോർഡ് ജംഗ്ഷനിലോ വന്ന് നിന്ന് നോക്കൂ. യാഥാർത്ഥ്യം കൺമുന്നിൽ കാണാം.

ഇനി മറ്റൊന്ന് കൂടി എടുത്ത് പറയേണ്ടതുണ്ട്. ഈ സുരക്ഷയും കരുതലും മുഖ്യമന്ത്രിക്ക് മാത്രമേ ഉള്ളൂ കേട്ടോ പൊലീസേമ്മാൻ വഹ. കാരണം ഇത്രയ്ക്കും പൊലീസ് കാവലും കരുതലും ഉള്ള ക്ലിഫ് ഹൗസിന്റെ മൂക്കിന് താഴെയാണ് രാത്രിയും പകലുമൊക്കെയായി സ്ത്രീകൾക്ക് നേരെ നടന്ന സാമൂഹ്യ വിരുദ്ധരുടെ എട്ടോളം അതിക്രമങ്ങൾ! എന്തൊക്കെ നടന്നാലും ഇനി ജനങ്ങളുടെ നെഞ്ചത്ത് തന്നെ ഏമാന്റെ ചീറിപ്പായുന്ന വാഹനവ്യൂഹം കയറി ഇറങ്ങിയാലും ഉളുപ്പില്ലാതെ ന്യായീകരിക്കാൻ അന്തംസുകൾ ഉള്ളിടത്തോളം കാലം നാല്പതല്ല, എൻപത് വാഹനങ്ങൾ വേണേലും ഡബിൾ ചങ്കുള്ള സഖാവിന് അകമ്പടി സേവിക്കും. പനിക്ക് ഉള്ള മരുന്ന് കൊച്ചിന് വാങ്ങിക്കാൻ ഇള്ളോളം സമയം കൂടുതൽ എടുത്താലും പൊന്നമ്പ്രാൻ വക കിറ്റ് വിഷുവിന് കിട്ടുവല്ലോ! ആനന്ദിച്ചാട്ടെ പ്രജകളെ!