പുൽക്കൂട്ടിൽ നിന്ന് കാലിക്കൂട്ടിലേക്ക്

വിശ്വാസം തികച്ചും വ്യക്തിപരമായ കാര്യമാണ്. പക്ഷെ മനുഷ്യന്റെ സാമാന്യബുദ്ധിയെയും, ഓരോ കോൺഗ്രസ്സുകാരന്റെ രാഷ്ട്രീയ ബുദ്ധിയെയും കൊഞ്ഞനം കുത്തുന്ന ഇത്തരം യുക്തിഹീനമായ വാക്കുകളെ പരമ പുച്ഛത്തോടെ സമൂഹം തള്ളിക്കളയേണ്ടതുണ്ട്.

എ കെ ആന്റണി:

രാജ്യത്തെ തന്നെ ഏറ്റവും മുതിർന്ന കോൺഗ്രസ്സ് നേതാവ്, വർക്കിങ് കമ്മിറ്റി അംഗം, അച്ചടക്ക സമിതി അദ്ധ്യക്ഷൻ, മുൻ മുഖ്യമന്ത്രി, മുൻ കേന്ദ്രമന്ത്രി. അദ്ദേഹത്തിന്റെ ഭാര്യ, ശ്രീമതി. എലിസബത്ത് ആന്റണിയുടെ വാക്കുകൾ (സാക്ഷ്യം പറച്ചിൽ):

കൃപാസനത്തിലെ ജോസഫ് അച്ചൻ തുണ്ടു നോക്കി പറഞ്ഞത്രേ...അനിൽ ആന്റണി ജീ തിരിച്ചു വരാൻ പ്രാർത്ഥിക്കണ്ട, അവിടെ( ബിജെപിയിൽ) നല്ല ഭാവി കാണുന്നുണ്ടത്രേ, എലിസബത്ത് ആന്റണിക്ക് ബിജെപിയോടുള്ള എല്ലാ അറപ്പും, വെറുപ്പും, ദേഷ്യവും മാറ്റി ''ഓൺ ദ് സ്‌പോട്ടിൽ'' വേറൊരു ഹൃദയം, കൊടുത്തത്രേ...

ചില കള്ളങ്ങൾ കൂടി ഈ സാക്ഷ്യം പറച്ചലിൽ പൊളിഞ്ഞു വീഴുന്നുണ്ട്.

1) അനിൽ ആന്റണി ബിജെപിയിൽ ചേരുന്നത് എലിസബത്ത് ആന്റണിക്ക് അറിയാമായിരുന്നു.

2) എ കെ ആന്റണിക്ക് ഷോക്കായിരുന്നെങ്കിലും സൗമ്യമായി ആ സാഹചര്യം തരണം ചെയ്തു.

സ്വന്തം മകൻ ബിജെപിയിൽ ചേരാൻ പോകുന്ന വിവരം, സ്വന്തം വീട്ടിൽ, സ്വന്തം ഭർത്താവിനോട് പറയാതെ, തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയെത്തി ജോസഫ് അച്ചനോട് പറഞ്ഞ ആ അമ്മ മനസ്സ് കാണാതെ പോകരുത്. ഭർത്താവ് എ കെ ആന്റണിക്ക് ദൈവ വിശ്വാസം ഇല്ലത്രേ, ഭാര്യക്ക് മകന്റെ ബിജെപി പ്രവേശനം ഭർത്താവിനോട് പറയാനുള്ള വിശ്വാസമോ, താല്പര്യമോ ഇല്ല.

മകൻ ബിജെപിയിൽ ചേർന്ന സാഹചര്യത്തിൽ, സൗമ്യമായി ആ സംഭവത്തെ കൈകാര്യം ചെയ്ത എ കെ ആന്റണിയെയല്ല കേരള സമൂഹം കണ്ടത്. വളരെ വികാരാധീനനായി, വൈകാരികമായി അനിൽ ആന്റണിയുടെ തീരുമാനത്തെ തള്ളിപ്പറഞ്ഞ, മരണം വരെ കോൺഗ്രസ്സുകാരനായിരിക്കുമെന്ന് പറഞ്ഞ എ കെ ആന്റണിയെയാണ്. 

ആ എ കെ ആന്റണിയുടെ ഭാര്യ, മകന്റെ ബിജെപി പ്രവേശനത്തെ ന്യായീകരിക്കുന്നത് എന്ത് ഉടമ്പടി, നിയോഗം എന്നൊക്കെയുള്ള വിശ്വാസ പ്രമാണങ്ങളെ സാക്ഷ്യപ്പെടുത്തിയിട്ടാണെങ്കിലും അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. 2022 മെയ് മാസത്തിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന കോൺഗ്രസ്സിന്റെ ''ചിന്തൻ ശിവിർ'' ഇവിടെ പ്രതിപാദിക്കേണ്ട ആവശ്യം എന്താണ്?

''ഒരു കുടുംബം, ഒരു ടിക്കറ്റ്'' എന്ന തീരുമാനവും, അനിൽ ആന്റണിയുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള തടസ്സ വാദവും എങ്ങനെയാണ് പൊരുത്തപ്പെടുക? രാഷ്ട്രീയത്തിൽ ഇറങ്ങാൻ കഴിയാത്ത ഒരു 39-കാരന്റെ അമ്മയുടെ തീരാ വേദനയായി അവതരിപ്പിച്ചതിന് പിന്നിലെ ലക്ഷ്യമെന്താണ്? 33 വയസ്സ് മുതൽ തന്നെ കോൺഗ്രസ്സ് രാഷ്ട്രീയവുമായി ചേർന്ന് പ്രവർത്തിക്കുന്നയാളല്ലേ അനിൽ ആന്റണി.

2017-ൽ അനിൽ ആന്റണിയും, ഫൈസൽ പട്ടേലും (അഹമ്മദ് പട്ടേലിന്റെ മകൻ) ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിജിറ്റൽ മീഡിയ ഉത്തരവാദിത്തം ഏറ്റെടുത്തതും, 2019-ൽ കേരളത്തിലെ കോൺഗ്രസ്സ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനറായി അനിൽ ആന്റണി ചുമതലയേറ്റതും ഏതെങ്കിലും ഉടമ്പടി/ പ്രമാണ/തുണ്ട്/നിയോഗം വഴിയല്ലല്ലോ?

അവസരങ്ങൾക്കും, സ്ഥാനമാനങ്ങൾക്കുമായി ബിജെപിയിലെത്തിയ അനിൽ ആന്റണി ജീ, ഒരപേക്ഷ. ഇടയ്‌ക്കൊക്കെ;
അൽഫോൻസ് കണ്ണന്താനം ജീ,
ടോം വടക്കൻ ജീ,
രാമൻ നായർ ജീ,
എസ് കൃഷ്ണകുമാർ ജീ,
വിജയൻ തോമസ് ജീ,
ജോണി നെല്ലൂർ ജീ,
വിക്ടർ തോമസ് ജീ
എന്നിവരുടെ ക്ഷേമ വിവരങ്ങൾ കൂടി അന്വേഷിക്കണം.

തുണ്ടില്ലാത്തതിനാൽ ഇടമില്ലാതെ അലയുന്ന ഇവരോട് എത്രയും വേഗം ഉടമ്പടിയിൽ ഏർപ്പെടാനും, തൈലം തേയ്ച്ച് പ്രമാണിയാകാനും പറയണം. ഇതിനോടൊപ്പം ഒരു കാര്യം വ്യക്തമായി, ജോസഫ് അച്ചൻ കറ തീർന്ന ''ഐ'' ഗ്രൂപ്പുകാരനാണ്. എന്നാലുമെന്റെ ജോസഫ് അച്ചോ, ഇതിലും വലിയ ഒരു പണി, സ്വപ്നങ്ങളിൽ മാത്രം.