മ്മൻ ചാണ്ടിയെന്ന ജനകീയ മുഖ്യമന്ത്രിയെ കരി വാരി തേയ്ക്കാൻ ബോധപൂർവ്വം തയ്യാറാക്കിയ ഒരു തിരക്കഥ. വ്യക്തിപരമായി അദ്ദേഹത്തെ തേജോവധം ചെയ്ത സിപിഎം നേതാക്കൾ, സിപിഎം മുഖപത്രം, സിപിഎം ചാനൽ. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വ്യഭിചരിച്ച, അസാന്മാർഗിക പത്ര പ്രവർത്തനം. ഒരു ഉമ്മൻ ചാണ്ടി മാത്രമല്ല ദേശാഭിമാനിയുടെ അധാർമ്മികതയുടെ ഇര. ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യയെക്കുറിച്ച് എഴുതിയതും ഈ അവസരത്തിൽ ചേർത്ത് വായിക്കേണ്ടതുണ്ട്.

ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ:

നിയമനം- 2013 ഒക്ടോബർ 28

(കാലാവധി 8 തവണ നീട്ടി നൽകി)
പ്രവർത്തനം- 343 സിറ്റിങ്, 214 സാക്ഷികൾ,
972 രേഖകൾ, 8464 പേജ് സാക്ഷി മൊഴികൾ
റിപ്പോർട്ട്- നാല് വാല്യങ്ങളിലായി 1074 പേജുകളുള്ളതാണ് സമ്പൂർണ്ണ റിപ്പോർട്ട്.
സമർപ്പണം- 2017 സെപ്റ്റംബർ 26
ചെലവ്- 1,77,16,711 രൂപ

സ്ത്രീ പുരുഷ ബന്ധങ്ങളുടെയും, ബന്ധപ്പെടലുകളുടെയും, വർണ്ണനകളുടെയും, അരോചകമായ സ്വകാര്യ കഥകളിലേക്കും കടന്നു കയറി നാലാംകിട മസാലക്കഥകളെ വെല്ലുന്ന രീതിയിൽ തയ്യാറാക്കിയ റിപ്പോർട്ട്, മനുഷ്യന്റെ അന്തസും സ്വകാര്യതയും ഹനിക്കുന്ന കണ്ടെത്തലുകളാണെന്ന് ഹൈക്കോടതി പറഞ്ഞതോടെ ഉമ്മൻ ചാണ്ടി, തന്റെ നിരപരാധിത്വം തെളിയിച്ചു. എന്നാൽ, 36 മണിക്കൂർ താൻ നിയോഗിച്ച കമ്മീഷന്റെ മുന്നിൽ പുഞ്ചിരിയോടെ,സഹിഷ്ണുതയോടെ എല്ലാ ചോദ്യങ്ങൾക്കും ക്ഷമയോടെ ഇരുന്ന് മറുപടി പറഞ്ഞ ഉമ്മൻ ചാണ്ടിയെന്ന വ്യക്തി, അദ്ദേഹത്തിന്റെ കുടുംബം, അദ്ദേഹത്തെ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രവർത്തകർ, മണ്ഡലത്തിലെ ജനങ്ങൾ എന്നിവർ വർഷങ്ങളോളം അനുഭവിച്ച മനോവേദനക്ക് ആര് മറുപടി പറയും? നിസ്സാരമായ ആരോപണമല്ലല്ലോ സിപിഎം ഉയർത്തിയത്. പിതാവിനെപ്പോലെ കരുതുന്നുവെന്ന് പറഞ്ഞ ഒരു തട്ടിപ്പുകാരിയെ മുതലെടുത്ത്, പീഡിപ്പിച്ചു എന്ന് പരാതി കൊടുപ്പിച്ച നെറി കെട്ട രാഷ്ട്രീയ വൈകൃത ബുദ്ധിയുടെ സൃഷ്ടാവ് ആരെന്ന് ഈ സമൂഹത്തിന് അറിയണ്ടേ? മണ്മറഞ്ഞ ഉമ്മൻ ചാണ്ടിയെന്ന വ്യക്തിക്ക് എല്ലാവിധ ഔദ്യോഗിക ബഹുമതികളും നൽകുവാൻ വെമ്പൽ കൊള്ളുന്ന മുഖ്യമന്ത്രിക്ക് ആർജ്ജവമുണ്ടോ, ഉയർന്ന ആരോപണങ്ങളുടെ പേരിൽ നിഷ്പക്ഷമായ അന്വേഷണം പ്രഖ്യാപിക്കാൻ?

മടിയിൽ കനമില്ലെങ്കിൽ, തോളിൽ പാപഭാരമില്ലെങ്കിൽ അന്വേഷിക്കണം, കണ്ടെത്തണം. (ഒന്നും നടക്കില്ല എന്ന പൂർണ്ണ വിശ്വാസത്തോടെ)

''വൈകിയ നീതി; നീതി നിഷേധത്തിന് തുല്യമാണ്'' എന്ന മഹദ്വചനം സാക്ഷി നിർത്തി പറയട്ടെ; കേരള ചരിത്രത്തിൽ ഒരു രാഷ്ട്രീയ നേതാവും ഇത്തരത്തിൽ മൃഗീയമായ ദൃശ്യ-പത്ര മാധ്യമ വിചാരണ നേരിട്ടിട്ടില്ല. നാല് വശത്തു നിന്നും ആക്രമണം നേരിടുമ്പോഴും പത്രക്കാരുടെ ചോദ്യ ശരങ്ങൾക്ക് മുന്നിൽ ഒരു നിമിഷം പോലും ആ മനുഷ്യൻ പതറിയിട്ടില്ല; അവരോട് കയർത്തിട്ടില്ല, അവരോട് ''കടക്ക് പുറത്ത്'' എന്ന് ആക്രോശിച്ചിട്ടില്ല, അവരുടെ മൈക്ക് തട്ടി മാറ്റിയിട്ടില്ല, അവരെ അവഗണിച്ചിട്ടില്ല. സ്വന്തം കുടുംബത്തെ പോലും രാഷ്ട്രീയ നേട്ടത്തിനായി എതിരാളികൾ നിയമസഭക്കകത്തും, പുറത്തും വലിച്ചിഴച്ചപ്പോഴും ഉമ്മൻ ചാണ്ടി അസ്വസ്ഥനായില്ല. രാഷ്ട്രീയ മര്യാദയുടെ, ധാർമ്മികതയുടെ, മനുഷ്യത്വത്തിന്റെ എല്ലാ സീമകളും ലംഘിച്ച കള്ളക്കഥയുടെ അവസാനം കോടതിയിൽ നിന്ന് നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടർന്നു.

ഉമ്മൻ ചാണ്ടിയെ ക്രൂശിച്ച, കെട്ടിച്ചമച്ച സോളാർ കേസുമായി ബന്ധപ്പെട്ട് അടുത്തിടെ ചിലർ നടത്തിയ വെളിപ്പെടുത്തലുകൾ നിസ്സാരമായി തള്ളിക്കളയേണ്ടതല്ല. പ്രമുഖ സിപിഐ നേതാവും, മുൻ മന്ത്രിയുമായ സി ദിവാകരൻ തുറന്നടിച്ചത്; ''ഉമ്മൻ ചാണ്ടി സർക്കാർ നിയോഗിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ അഞ്ച് കോടി വാങ്ങി തോന്നുന്നത് പോലെ റിപ്പോർട്ട് എഴുതിവച്ചു'' എന്നാണ്.

സിപിഎമ്മിന് വേണ്ടി ഈ കള്ളക്കഥ തയ്യാറാക്കിയത് യുഡിഎഫിൽ നിന്നും എൽഡിഎഫിലേക്ക് കൂറ് മാറിയ പ്രമുഖ നേതാവാണ് എന്ന സൂചനയാണ് പുറത്തു വരുന്നത്. ഉമ്മൻ ചാണ്ടിയുമായുള്ള അഭിപ്രായ വ്യത്യാസവും, ഇടതു മുന്നണിയിൽ ചേക്കേറുന്നതിന്റെ ഭാഗമായി നടത്തിയ നീക്കങ്ങളുടെ അനന്തര ഫലമായാണ് സോളാർ കേസ് സൃഷ്ടിക്കപ്പെട്ടതെന്നും, അന്ന് തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ നേതാവിനെയും മകനെയും അറസ്റ്റ് ചെയ്തു നന്നായി ചോദ്യം ചെയ്താൽ സോളാർ കേസിന്റെ എല്ലാ നാൾവഴികളും ഗൂഢാലോചനയും പുറത്ത് വരുമെന്ന് ഉമ്മൻ ചാണ്ടി സർക്കാരിൽ മന്ത്രിയായിരുന്ന, ഇപ്പോൾ ആർഎസ്‌പി സംസ്ഥാന സെക്രട്ടറിയായ ഷിബു ബേബി ജോൺ പരസ്യമായി പറഞ്ഞിട്ടുമുണ്ട്.

ഉമ്മൻ ചാണ്ടിയുടെ മരണ ശേഷം കുറ്റബോധത്താൽ ഞെട്ടിക്കുന്ന തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്, ദേശാഭിമാനി പത്രത്തിന്റെ മുൻ കൺസൾട്ടിങ് എഡിറ്റർ എൻ മാധവൻകുട്ടിയാണ്. അദ്ദേഹം, ദേശാഭിമാനിയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് ഉമ്മൻ ചാണ്ടിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകളിൽ മനഃപൂർവ്വം മൗനം പാലിക്കേണ്ടി വന്നതായാണ്, ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ വരികൾ:

''സോളാർ വിഷയത്തിൽ ഉമ്മൻ ചാണ്ടിക്കു നേരേ ഉയർത്തപ്പെട്ട അടിസ്ഥാന രഹിതമായ ലൈംഗിക ആരോപണത്തിനു അന്നു ദേശാഭിമാനിയിൽ കൺസൾട്ടിങ്ങ് എഡിറ്റർ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ ഞാൻ നൽകിയ അധാർമ്മിക പിന്തുണയിൽ ഞാനിന്നു ലജ്ജിക്കുന്നു.''

ഇതിൽ ഏറ്റവും നിർണ്ണായകമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് മുൻ ഡിജിപിയും, സോളാർ കേസ് അന്വേഷണ സംഘത്തിന്റെ തലവനുമായ എ ഹേമചന്ദ്രനാണ്. സദാചാര പൊലീസിന്റെ മാനസികാവസ്ഥയിലായിരുന്നു കമ്മീഷനെന്നും, തട്ടിപ്പ് കേസിലെ പ്രതികളെയായിരുന്നു തെളിവിനായി ആശ്രയിച്ചതെന്നും, കമ്മീഷന്റെ മാനസികാവസ്ഥ പ്രതികൾ നന്നായി മുതലെടുത്തിരുന്നെന്നുമാണ് മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ. തട്ടിപ്പുകേസിലെ പ്രതിയുടെ ആകൃതി, പ്രകൃതം, വസ്ത്രധാരണം എന്നിവയെ കുറിച്ചായിരുന്നു തെളിവെടുപ്പിലെ പ്രധാന ചോദ്യങ്ങൾ. അന്വേഷണ ഉദ്യോഗസ്ഥരുടേതടക്കം അന്തസ്സും മൗലിക അവകാശവും ഹനിക്കുന്ന പെരുമാറ്റം കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്നും എ ഹേമചന്ദ്രൻ കുറ്റപ്പെടുത്തുന്നു. സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷനെതിരെ എ ഹേമചന്ദ്രൻ അത്യന്തം ഗൗരവമേറിയ, അതിരൂക്ഷ വിമർശനമാണ് ''നീതി എവിടെ'' എന്ന തന്റെ ആത്മകഥയിൽ, 'സോളാർ കമ്മീഷൻ- അൽപ്പായുസ്സായ റിപ്പോർട്ടും തുടർചലനങ്ങളും' എന്ന അധ്യായത്തിലൂടെ നടത്തുന്നത്.

ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയപ്പോഴുള്ള പൊതുദർശനത്തിലും, തിരുവനന്തപുരത്തു നിന്നും പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്രയിലും ലക്ഷക്കണക്കിന് ജനങ്ങൾ അന്ത്യോപചാരം അർപ്പിക്കാൻ, ഒരു നോക്ക് കാണുവാൻ പാതയോരങ്ങളിൽ നിൽക്കുന്നത് ആ നേതാവിന്റെ ജനകീയതയാണ് പ്രകടമാക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും മണിക്കൂറുകൾ ആബാലവൃദ്ധം ജനങ്ങൾ കാത്തിരിക്കുന്നത് തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണുന്നതിനാണ്. മരണമറിഞ്ഞപ്പോൾ മുതൽ മുതലക്കണ്ണീർ പൊഴിക്കുന്ന, സ്വർണ്ണ ലിപികളാൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുന്ന സിപിഎം നേതാക്കൾ, ഒന്ന് തിരിഞ്ഞ് നോക്കുന്നത് നല്ലതായിരിക്കും. തികച്ചും വ്യക്തിപരമായാണ് അദ്ദേഹത്തെ അവർ ആക്രമിച്ചത്; രാഷ്ട്രീയപരമായല്ല. അരാഷ്ട്രീയമായ ആ പ്രസ്താവനകൾ പിൻവലിച്ച്, നിരുപാധികം മാപ്പ് പറയാതെ നടത്തുന്ന ഈ കാപട്യ മഹത്വവൽക്കരണം ജനങ്ങൾ തിരിച്ചറിയണം.

സിപിഎം എൻ മാധവൻകുട്ടിയെ തള്ളിപ്പറയുമോ?

സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതിന്, പാർട്ടി പത്രത്തെ അപകീർത്തിപ്പെടുത്തിയതിന് നിയമപരമായി മുന്നോട്ട് പോകുമോ?

സിപിഎം, സിപിഐ & ജസ്റ്റിസ് ശിവരാജൻ

സി ദിവാകരനെതിരെ നിയമപരമായി നടപടി സ്വീകരിക്കുമോ?
കമ്മിഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരം നിയമിക്കപ്പെട്ട അന്വേഷണ കമ്മീഷൻ അതിന്റെ നിയോഗങ്ങളിൽ നിന്നു വ്യതിചലിച്ചു പദവി ദുരുപയോഗം ചെയ്തതു ഗുരുതര കുറ്റകൃത്യമല്ലേ? അഴിമതി നിരോധന നിയമപ്രകാരം പ്രാഥമിക അന്വേഷണം നടത്തി ജസ്റ്റിസ് ശിവരാജനെതിരെ കേസെടുക്കേണ്ടതല്ലേ?
''എന്റെ പൊതുജീവിതം ജനങ്ങൾക്കു മുൻപിൽ തുറന്ന പുസ്തകമാണ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചു പൊതുപ്രവർത്തകരെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നതു ശരിയാണോയെന്ന് ഇനിയെങ്കിലും ആലോചിക്കണം''?
ഒരു പതിറ്റാണ്ടോളം ഇടതു മുന്നണിയും, 2 പിണറായി സർക്കാരുകളും കിണഞ്ഞ് പരിശ്രമിച്ചിട്ടും, കേസിൽ സിബിഐ കുറ്റവിമുക്തനാക്കിയപ്പോൾ ഉമ്മൻ ചാണ്ടി പ്രതികരിച്ചത് ഇങ്ങനെയാണ്. ദുരാരോപണങ്ങളിൽ പതറാതെ,
നീതിന്യായ വ്യവസ്ഥതിയിൽ അഗ്‌നിശുദ്ധി വരുത്തിയ കേരളത്തിന്റെ ഉമ്മൻ ചാണ്ടി,
പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്, ബഹുദൂരം സഞ്ചരിക്കുന്നു,
നിത്യ വിശ്രമത്തിലേക്ക്; മായാത്ത പുഞ്ചിരിയുമായി..