- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുപ്പള്ളിയിൽ സിപിഎമ്മിന് വിനയായത് ഇരട്ടത്താപ്പുകൾ; ഇനിയെങ്കിലും സത്യസന്ധത കാട്ടിയില്ലെങ്കിൽ നോട്ടയോട് മത്സരിക്കുന്ന സാഹചര്യം വരും; ആർഎസ്പി നേതാവ് സി.കൃഷ്ണചന്ദ്രൻ എഴുതുന്നു: 'മൗനത്തിന്റെ സൂപ്പർ മാർക്കറ്റിൽ, മാനത്തിന്റെ പെട്ടിക്കട'
മൗനത്തിന്റെ സൂപ്പർ മാർക്കറ്റിൽ, മാനത്തിന്റെ പെട്ടിക്കട
രണ്ട് സംസ്ഥാനങ്ങൾ, കേരളം & ത്രിപുര, രണ്ട് എംഎൽഎ മാരുടെ മരണം, ഉമ്മൻ ചാണ്ടി & ഷംസുൽ ഹഖ്, രണ്ട് ഉപതിരഞ്ഞെടുപ്പുകൾ, പുതുപ്പള്ളി & ബോക്സാനഗർ രണ്ട് സ്ഥാനാർത്ഥികൾ; ചാണ്ടി ഉമ്മൻ & മിസാൻ ഹുസൈൻ.
പുതുപ്പള്ളിയിൽ, കോൺഗ്രസ്സ് സ്ഥാനാർത്ഥി അന്തരിച്ച എംഎൽഎ യുടെ മകൻ. ബോക്സാനഗറിൽ, സിപിഎം സ്ഥാനാർത്ഥി അന്തരിച്ച എംഎൽഎ യുടെ മകൻ. കേരളത്തിലെ സിപിഎം പറയുന്നു കേവലം, സഹതാപ വോട്ടിന് വേണ്ടിയാണ് കുടുംബത്തിൽ നിന്ന് സ്ഥാനാർത്ഥിയെ നിർത്തിയത്. മക്കൾ രാഷ്ട്രീയത്തെ അടിമുടി തള്ളിപ്പറയുന്നു.
പക്ഷെ ത്രിപുരയിൽ ഇതേ, സിപിഎം പറയുന്നു കുടുംബത്തിൽ നിന്ന് സ്ഥാനാർത്ഥിയാകാം. മക്കൾ രാഷ്ട്രീയത്തെ സ്വാഗതം ചെയ്യുന്നു. പുതുപ്പള്ളിയിലെ മകൻ ചാണ്ടി ഉമ്മൻ ഗംഭീര വിജയം നേടുന്നു. ബോക്സാനഗറിലെ മകൻ മിസാൻ ഹുസൈൻ ദയനീയമായി പരാജയപ്പെടുന്നു.
20 വർഷമായി സിപിഎമ്മിന്റെ കൈവശമിരിക്കുന്ന ബോക്സാനഗർ കൈവിട്ടു. 53 വർഷമായി കോൺഗ്രസ്സിന്റെ കൈവശമിരിക്കുന്ന പുതുപ്പള്ളി കൈവിട്ടില്ല.
പുതുപ്പള്ളിയിൽ പ്രചാരണ സമയത്ത് പറഞ്ഞത്, സഹതാപ തരംഗമില്ല, മണ്ഡലത്തിൽ വികസനമില്ല, ചാണ്ടി ഉമ്മന് രാഷ്ട്രീയമില്ല, സർക്കാരിന്റെ വിലയിരുത്തലാകും പുതുപ്പള്ളിയിൽ. ഇന്ന് പറയുന്നത്, സഹതാപ തരംഗം മാത്രമേയുള്ളൂ സർക്കാരിന്റെ വിലയിരുത്തലല്ല.
ഇനി അടുത്തത്, എൽഡിഎഫിന് വോട്ട് കുറഞ്ഞില്ലേ എന്ന ചോദ്യത്തിന്റെ ഉത്തരം രാഷ്ട്രീയ ഗവേഷകരെ പോലും നാണിപ്പിക്കുന്നതാണ്. ആദ്യ പടി, ബിജെപി വോട്ടെവിടെ എന്ന മറുചോദ്യം. 2019, 2021 തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ലഭിച്ച ''ബേസ് വോട്ടുകൾ'' യുഡിഎഫിന് മറിച്ചു. പക്ഷെ, സിപിഎമ്മിന്റെ ''ബേസ് വോട്ടുകൾ'' കണക്കു കൂട്ടുന്നത് 2006-ലെ തിരഞ്ഞെടുപ്പാണ്. ഈ പറയുന്ന 2006-ൽ ബിജെപിക്ക് ലഭിച്ചത് കേവലം 3,522 വോട്ടുകളാണ്. 2011-ൽ ബിജെപിക്ക് ലഭിച്ചത് കേവലം 6,679 വോട്ടുകളുമാണ്. സിപിഎമ്മിന്റെ ഈ കണക്കുകൂട്ടൽ എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ആർക്കും മനസ്സിലാകാത്ത പ്രസ്താവനകളിലൂടെയാണല്ലോ സിപിഎം എന്ന പ്രസ്ഥാനം നിലനിൽക്കുന്നത് തന്നെ...
ഒരു കാര്യം കൂടി, 20 വർഷം കൈവശമിരുന്ന ത്രിപുരയിലെ ബോക്സാനഗർ സീറ്റിൽ സിപിഎം സ്ഥാനാർത്ഥിയായ,മക്കൾ രാഷ്ട്രീയം തൊട്ട് തീണ്ടിയിട്ടില്ലാത്ത, സഹതാപ തരംഗം തീരെ ഏശാത്ത, വികസന രാഷ്ട്രീയം മാത്രം ചർച്ച ചെയ്തപ്പോൾ ലഭിച്ചത് ഏതാണ്ട് 3,900 വോട്ടും, 10% ആണ്. എതിർ സ്ഥാനാർത്ഥി 88% വോട്ടാണ് നേടിയത്. വേറെ സ്ഥാനാർത്ഥികൾ ആരും തന്നെയില്ലായിരുന്നു താനും. വോട്ടെവിടെ പോയി എന്ന് ആരോടും ചോദിക്കാൻ സിപിഎമ്മിന് സാധ്യമല്ലല്ലോ.
ചുരുക്കി പറഞ്ഞാൽ; സിപിഎം വാദമിങ്ങനെ: ഭരണവിരുദ്ധ വികാരം ഇല്ലേയില്ല, സിപിഎമ്മിന്റെ അടിത്തറ കൂടുതൽ ഭദ്രമായി, പക്ഷെ, ബിജെപിയും, കോൺഗ്രസ്സും തമ്മിലുള്ള അവിശുദ്ധ ബന്ധത്താൽ, പുതുപ്പള്ളിയിൽ ബിജെപി വോട്ടുകൾ കൊണ്ട് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക്.
ജീവിച്ചിരുന്നപ്പോൾ
ഉമ്മൻ ചാണ്ടി കൊള്ളരുതാത്തവൻ
മരിച്ചപ്പോൾ
ഉമ്മൻ ചാണ്ടി നല്ലവൻ
ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ
ഉമ്മൻ ചാണ്ടി വീണ്ടും കൊള്ളരുതാത്തവൻ
ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ
ഉമ്മൻ ചാണ്ടി വീണ്ടും നല്ലവൻ
ഇരട്ടത്താപ്പുകൾ മാറ്റി സത്യസന്ധതയോടെ ജനങ്ങളെ ഇനിയെങ്കിലും സമീപിച്ചില്ലെങ്കിൽ, കേരളത്തിന് പുറത്ത് സിപിഎം സ്ഥാനാർത്ഥികൾ നോട്ടയോട് മത്സരിക്കുന്ന സാഹചര്യം അതി വിദൂരമല്ലാതെ കേരളത്തിലും സംജാതമാകും.
സിപിഎമ്മിലെ ബുദ്ധി ജീവികളുടെ അസഹ്യമായ താത്വിക അവലോകനങ്ങൾ, കണക്കുകൾ, നിരീക്ഷണങ്ങൾ കേട്ട് മടുത്തു. കൂടുതൽ ഡെക്കറേഷൻ ഇല്ലാതെ, ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതമായി പറഞ്ഞാൽ ഉപകാരമായിരുന്നു.
പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ 37,719 വോട്ടുകൾക്ക് ജയ്ക്ക് സി തോമസിനെ പരാജയപ്പെടുത്തി.
കഴിഞ്ഞ തവണ (2021) ലഭിച്ചതിൽ നിന്നും സിപിഎം സ്ഥാനാർത്ഥിക്ക് 11,903 വോട്ടുകൾ കുറഞ്ഞു.
ബിജെപി സ്ഥാനാർത്ഥിക്ക് 5,136 വോട്ടുകൾ കുറഞ്ഞു.
യുഡിഎഫ് സ്ഥാനാർത്ഥിക്ക് 16,772 വോട്ടുകൾ കൂടി.
2021-ൽ പോൾ ചെയ്തത് - 1,31,797
2023-ൽ പോൾ ചെയ്തത് - 1,30,563
വിജയിച്ച ചാണ്ടി ഉമ്മന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
''പൈതൃകം; അത് സ്വകാര്യ അഹങ്കാരമാണ്, അലങ്കാരമല്ല...'