- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്സാലോജിക്കിന് പണിയില്ലെങ്കിലും മണി എന്നത് ഒരു ഫാക്ടാണ്; മറ്റൊന്നിൻ ഭരണ യോഗത്താൽ അതു താനല്ലയോ ഇത് എന്നു ആദായ നികുതിക്കാശങ്ക മാസപ്പടിയാലംകൃതി: ആർഎസ്പി നേതാവ് സി കൃഷ്ണചന്ദ്രൻ എഴുതുന്നു: 'കരിമണലും കരിനിഴലും'
'കരിമണലും, കരി നിഴലും'
'കർത്താവ് ഏൽപ്പിച്ച കർമ്മം, ക്രിയ കൊണ്ട് വിക്രിയമാക്കിയെങ്കിലും അർത്ഥം ലഭിച്ചു'. ഇന്നലെ ചാനൽ ചർച്ചകളിൽ നിന്ന് മനസ്സിലായ ഒരു കാര്യം, സിപിഎം പ്രതിനിധികൾ പോലും ഒരേ സ്വരത്തിൽ, സംശയലേശമന്യേ പറയുന്നു:
''എക്സാലോജിക്കിന് പണിയറിയില്ല''
സ്പീക്കറുടെ ഭാഷയിൽ,
എക്സാലോജിക് എന്ന കമ്പനി ഒരു മിത്താണ്. എക്സാലോജിക്കിന് പണിയില്ലെങ്കിലും മണി എന്നത് ഒരു ഫാക്ടാണ്. അവിടെയാണ് കാതലായ പ്രശ്നം. പണിയറിയാത്ത കമ്പനിക്ക് പണിയറിയാവുന്ന കമ്പനി, പണി കിട്ടാനോ, പണി കിട്ടാതിരിക്കാനോ, ചെയ്യാത്ത പണിക്ക് പണം കൊടുക്കുന്നു.
പണം കൊടുത്ത കമ്പനി മുട്ടൻ പണി വാങ്ങുന്നു. പണം വാങ്ങിയ കമ്പനി മുട്ടൻ മൗനം. പണം കൊടുത്തതിനെയും, വാങ്ങിയതിനെയും മുട്ടൻ പാർട്ടിയും, മുട്ടൻ നേതാക്കളും ന്യായീകരിക്കുന്നു. അതായത്, കർത്തരി പ്രയോഗത്തിൽ കർത്താവ് ആഖ്യയായും, കർമ്മണി പ്രയോഗത്തിൽ കർത്താവ് ഉപാധിയായും പെരുമാറിയതിന്റെ പശ്ചാത്തലത്തിൽ, ക്രിയയുടെ ഫലം കർമ്മത്തിൽ ആശ്രയിച്ചിരിക്കുന്നു.
ഇവിടെ എക്സ്ട്രാ ലോജിക്കൊന്നും ആവശ്യമില്ല.
ലോജിക്കില്ലാതെ ''എക്സാലോജിക്കിനെ'' ന്യായീകരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവർ പറഞ്ഞു കൂട്ടുന്ന വിക്രിയകൾ, കർത്താവിനെ മാത്രമല്ല ഭർത്താവിനെയും കുരുക്കുന്ന കർമ്മത്തിലേക്കാണ് നീങ്ങുന്നത്. കാരണം കർത്താവ് കൊടുത്തത്, ഭർത്താവ് രേഖകളിൽ പറഞ്ഞിട്ടില്ല. പരസ്പര പൂരകമല്ലാത്തതിനാൽ ഭാരതത്തിലെ ആദായ നികുതി ഉദ്യോഗസ്ഥർക്ക് ഉത്തമമായ ഈ കരിമണൽ കാവ്യം വായിച്ചപ്പോൾ അവാച്യമായ ഒരാനന്ദവും അനുഭവപ്പെട്ടില്ല. മാത്രമല്ല, വർണ്യത്തെ അവർണ്യമായി സംശയിച്ച് ഉൽപ്രേക്ഷ അലങ്കാരമാണെന്ന് വിധിയെഴുതുകയും ചെയ്തു.
ലക്ഷണം:
''മറ്റൊന്നിൻ ഭരണ യോഗത്താൽ
അതു താനല്ലയോ ഇത്
എന്നു ആദായ നികുതിക്കാശങ്ക
മാസപ്പടിയാലംകൃതി...'