'എ കെ ബാലിശൻ'

ബാലൻസ് തെറ്റിയ സ: എ കെ ബാലൻ വക വളരെയേറെ പുച്ഛം, അതിലേറെ ധാർഷ്ട്യം, എന്നാൽ കാമ്പില്ലാത്ത, വസ്തുതാവിരുദ്ധമായ ബാലിശമായ പരസ്യ പ്രസ്താവനകൾ. ഉത്തരം മുട്ടിയപ്പോൾ, മാധ്യമ സുഹൃത്തുക്കൾ പടച്ചു വിടുന്നതാണത്രേ. മാധ്യമ പ്രവർത്തകരിൽ നിന്ന് സുവ്യക്തമായ മറു ചോദ്യമുയർന്നപ്പോൾ, ഇൻകം ടാക്‌സ് വകുപ്പ് സൃഷ്ടിച്ചതാണെന്നായി വാദം.

എത്ര വലിയ നേതാവായാലും തെറ്റുകൾ ചൂണ്ടിക്കാണിക്കണം എന്ന അടിസ്ഥാന കമ്മ്യൂണിസ്റ്റ് തത്വം മറന്ന്, അനാവശ്യ വാശി, കേട്ട് കേൾവിയില്ലാത്ത വരട്ടുവാദം, അന്ധമായ ന്യായീകരണം, പൊള്ളയായ താരതമ്യങ്ങൾ, രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യ ചെയ്യുക എന്നിവയിലൂടെ യജമാന പ്രീതി സമ്പാദിക്കാൻ വെമ്പൽ കൊള്ളുന്ന നേതാക്കളാണ് സത്യത്തിൽ ''അടിമ തൊഴിലാളികൾ''. വ്യക്തിത്വവും, ആർജ്ജവവും, സാമാന്യബോധവും പണയം വച്ച് മറ്റുള്ളവർക്ക് വേണ്ടി ഓശാന പാടുന്ന ഇത്തരക്കാർ പ്രസ്ഥാനത്തിന്റെ അടിവേരിളക്കുകയാണ്, തിരഞ്ഞെടുത്ത ജനങ്ങളെ പുച്ഛിക്കുകയാണ്.

സ്വന്തം മക്കൾ ചെയ്യുന്ന കാര്യത്തിൽ പോലും നേതാക്കൾക്കും, പാർട്ടിക്കും ഉത്തരവാദിത്തമില്ല എന്നതാണ് സിപിഎം നിലപാട്. പക്ഷെ, മറ്റുള്ളവരുടെ ആരോഗ്യ കാര്യത്തിൽ, മക്കളുടെ കാര്യത്തിൽ എന്ന് വേണ്ട ആമസോൺ കാട് കത്തിയാലും ഇടപെടും, ഉത്തരവാദിത്തമേറ്റെടുക്കും. അതാണ് നവ കേരള ലൈൻ... ഇപ്പോൾ എല്ലാ മാധ്യമ ചർച്ചകളിലെയും ന്യായീകരണ സഖാക്കളുടെ പൂപ്പലെടുത്ത കാപ്‌സ്യൂൾ വാദങ്ങളിങ്ങനെ:

OC എന്നത് ഉമ്മൻ ചാണ്ടി,
RC എന്നത് രമേശ് ചെന്നിത്തല,
KK എന്നത് കുഞ്ഞാലിക്കുട്ടി
IK എന്നത് ഇബ്രാഹിം കുഞ്ഞ്
പക്ഷെ, PV പിണറായി വിജയനല്ല

സിപിഎം നേതാക്കൾ കാശ് വാങ്ങിയ ചരിത്രമില്ല. സിപിഎം നേതാക്കൾ മുതലാളിമാരെ സഹായിച്ചിട്ടില്ല. സിപിഎം ഓഫീസിൽ ആരും കാശ് കൊണ്ട് വരാറില്ല. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക് എന്ത് തരം സർവ്വീസ് ആണ് കൊടുത്തതെന്ന് വിശദമായി കരാറിലുണ്ട്.

2016 മുതൽ 2022 വരെ സിപിഎം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച രേഖാപ്രകാരം, വാങ്ങിയ സംഭാവനകളുടെ ലിസ്റ്റിൽ സിഎംആർഎൽ ഇല്ല. കേരളത്തിലെ ഒട്ടു മിക്ക ക്വാറി കമ്പനികളിൽ നിന്നും, ആഭരണശാലകളിൽ നിന്നും, പണമിടപാട് സ്ഥാപനങ്ങൾ തുടങ്ങി അബ്കാരി മുതലാളിമാരിൽ നിന്ന് വരെ പിരിവ് നടത്തിയ സിപിഎം, സിഎംആർഎൽ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ല എന്ന് മലയാളികൾ വിശ്വസിക്കണോ?

2016-ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം ഒപ്പിട്ട, എക്സാലോജിക്- സിഎംആർഎൽ കരാർ ആരാണ് കണ്ടിട്ടുള്ളത്? അങ്ങനെയൊന്ന്, കായംകുളം ഏരിയ കമ്മിറ്റിയിൽ നിന്ന് ഉല്പാദിപ്പിച്ച വ്യാജരേഖയാണെങ്കിൽ കൂടി പുറത്തു വിടണം.

എക്സാലോജിക് ''കമ്പ്യൂട്ടർ വത്കരണ സഹായം'' ചെയ്തുകൊടുത്ത സിഎംആർഎൽ വെബ്‌സൈറ്റ് പ്രബുദ്ധരായ മലയാളികൾ ഒന്ന് പരിശോധിക്കണം. ''ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം'' എന്ന് പറയുന്നത് പോലെ, സാമാന്യയുക്തിയുള്ള ആരും 1.72 കോടി രൂപയുടെ സേവനമെന്തെന്ന് ചോദിച്ചു പോകും. സാധാരണയിൽ സാധാരണമായ ഒരു സ്റ്റാറ്റിക് വെബ്‌സൈറ്റ്. അവരുപയോഗിക്കുന്ന സോഫ്റ്റ്‌വെയർ വിശദാംശങ്ങളെല്ലാം തന്നെ കമ്പനി സിഎഫ്ഒ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിമാസം 8 ലക്ഷം രൂപയുടെ എഎംസി എന്നത് നിസ്സാരമാണോ എന്ന് ഈ രംഗത്തുള്ളവരോട് അന്വേഷിച്ചറിഞ്ഞാൽ മതി.
അമിതമായ കർമ്മ ഉത്സുകതയും, അല്പ ജ്ഞാനവും, അതീവ യജമാന ഭക്തിയും, അധികാര ഹുങ്കും, പ്രതിക്രിയാ വിപ്ലവ വാദവും കൂടിച്ചേരുമ്പോൾ സർവ്വതിനോടും പുച്ഛവും, വാക്കുകളിൽ അക്ഷമയും, മറ്റുള്ളവരോട് അവജ്ഞയും, എല്ലാം തികഞ്ഞവരെന്ന് സ്വയം ബോധ്യവും കൈവരിക്കും.

ഇവരാണ് തികഞ്ഞ ആധുനിക ന്യായീകരണ അടിമ തൊഴിലാളികൾ. iOS-ന് സിരി, Android-ന് അലക്‌സ എന്നത് പോലെ...

സി കൃഷ്ണചന്ദ്രൻ