'വീണ' ലൂണ- പരാജയ ദൗത്യങ്ങൾ

ചോ: എന്താണ് എക്സാലോജിക്- ടി വീണ -സിഎംആർഎൽ വിഷയം?

ഉ: മലയാള മനോരമയുടെ ഗൂഢാലോചന

ചോ: എക്സാലോജിക് കമ്പനിയുടെ പേരിൽ ഇൻകം ടാക്‌സ് കണ്ടെത്തൽ ശരിയാണോ?

ഉ: കേന്ദ്ര സർക്കാരിന്റെ പേടി സ്വപ്നമായ സിപിഎമ്മിനേയും, മുഖ്യമന്ത്രിയെയും കരി വാരി തേയ്ക്കാൻ സർക്കാർ ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നതിന്റെ ഫലമാണ് ഈ റിപ്പോർട്ട്.

ചോ: മുഖ്യമന്ത്രിയോ, മകളുടെ എക്സാലോജിക് കമ്പനിയോ അനധികൃതമായ സാമ്പത്തിക ഇടപാടുകൾ കരിമണൽ കമ്പനിയുമായി നടത്തിയിട്ടുണ്ടോ?

ഉ: യുഡിഎഫ് നേതാക്കളാണ് അനധികൃത സാമ്പത്തിക സമാഹരണം നടത്തിയിരിക്കുന്നത്.

മടിയിൽ കനമുള്ളവനെ വഴിയിൽ ഭയമുള്ളൂ. മുഖ്യമന്ത്രിയുടെയും, മകളുടെയും കൈകൾ ശുദ്ധമാണ്.

ചോ: മുഖ്യമന്ത്രിയുടെ പേരും റിപ്പോർട്ടിൽ ഉണ്ടല്ലോ?

ഉ: രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലികുട്ടി എന്നിവരുൾപ്പെടെയുള്ള യുഡിഎഫ് നേതാക്കളുടെ പേര് ശരിയാണ്. പക്ഷെ, PV എന്നാൽ പിണറായി വിജയനല്ല എന്ന് തറപ്പിച്ച് പറയാം.

ചോ:കരിമണൽ കമ്പനിയുമായി സിപിഎമ്മിന് ബന്ധമുണ്ടോ?

ഉ: കരിമണൽ കമ്പനിയുമായി യുഡിഎഫിനും, ബിജെപിക്കുമാണ് ബന്ധം. സിപിഎമ്മിന് കോർപറേറ്റുകളുമായി യാതൊരു ബന്ധവുമില്ല.

ചോ: എക്സാലോജിക്- സിഎംആർഎൽ കരാർ കണ്ടിട്ടുണ്ടോ?

ഉ: സുതാര്യമായ, വ്യക്തമായ, നിയമസാധുതയുള്ള കരാറാണ്. ആരും കണ്ടിട്ടില്ല, നിയമപരമായി ആരെയും ഒരിക്കലും കാണിക്കാനും സാധിക്കില്ല.

ചോ: എക്സാലോജിക് കമ്പനിയും, മുഖ്യമന്ത്രിയുടെ മകളും മാസപ്പടി വാങ്ങിയോ?

ഉ: എക്സാലോജിക് വികസിപ്പിച്ചെടുത്ത POWER BUILDER, MS OFFICE, TALLY എന്നീ വില കൂടിയ ഉൽപ്പന്നങ്ങൾക്ക് മാസം തോറും ബാങ്കിൽ കൂടിയാണ് പണം കൊടുത്തത്. അത് മാസപ്പടിയല്ല,കഠിനമായ ജോലിക്ക് ലഭിച്ച പ്രതിഫലമാണ്.

ചോ: 1.72 കോടി രൂപക്ക് എക്സാലോജിക് എന്ത് സേവനമാണ് കൊടുത്തത്?

ഉ: കുഴൽനാടൻ അനധികൃത നിർമ്മാണം നടത്തി

ചോ: എക്സാലോജിക് നികുതി വെട്ടിച്ചോ?

ഉ: കുഴൽനാടൻ നികുതി വെട്ടിച്ചു

ചോ: എക്സാലോജിക് ജിഎസ്ടി കൃത്യമായി അടച്ചിട്ടുണ്ടോ?

ഉ: കുഴൽനാടൻ ജിഎസ്ടി കൃത്യമായി അടച്ചിട്ടില്ല

ചോ: എക്സാലോജിക് നേടിയ വരുമാനം മുഹമ്മദ് റിയാസ് സത്യവാങ്മൂലത്തിൽ ഒളിച്ച് വച്ചോ?

ഉ: കുഴൽനാടൻ സത്യവാങ്മൂലത്തിൽ കള്ളം പറഞ്ഞു.

ചോ: എക്സാലോജിക് വിദേശ ഫണ്ട് സ്വീകരിച്ചിട്ടുണ്ടോ?

ഉ: കുഴൽനാടന് സംശയാസ്പദമായ വിദേശ നിക്ഷേപമുണ്ട്.

ചോ: പഠനം പൂർത്തിയാക്കിയ ഉടൻ മുഖ്യമന്ത്രിയുടെ മകൾ ഒരു കമ്പനിയിൽ സിഇഒ ആയി ജോലിയിൽ പ്രവേശിച്ചോ?

ഉ: കുഴൽനാടൻ പ്രീഡിഗ്രിക്ക് കോപ്പിയടിച്ചിട്ടുണ്ട്

ചോ: എക്സാലോജിക് ഐജിഎസ്ടി, ജിഎസ്ടി അടച്ചതിന്റെ രേഖകൾ കൈവശമുണ്ടോ?

ഉ: രേഖയുണ്ടെങ്കിൽ കുഴൽനാടൻ പൊതു പ്രവർത്തനം അവസാനിപ്പിക്കുമോ?

ചോ: മുഖ്യമന്ത്രി എന്താണ് ഒന്നും മിണ്ടാത്തത്?

ഉ: കുഴൽനാടനെ പോലെ മീഡിയ മാനിയ മുഖ്യമന്ത്രിക്കില്ല.

തീർന്നില്ല, ഇനിയുമുണ്ട്. സിപിഎമ്മിനും, മുഖ്യമന്ത്രിക്കും, എക്സാലോജിക്കിനും വേണ്ടി ചാനൽ ചർച്ചയിൽ കൂകി തോൽപ്പിക്കാൻ എത്തി തേഞ്ഞൊട്ടുന്ന ജന്മങ്ങളുടെ വാദ മുഖങ്ങൾ. എക്സാലോജിക്, മുഖ്യമന്ത്രി, മകൾ വീണ വിജയൻ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവരുത്തരം പറയേണ്ട ചോദ്യങ്ങൾക്ക് മനോരമയുടെയും, യുഡിഎഫിന്റെയും, കുഴൽനാടന്റെയും ദേഹത്ത് ചാരിയാണോ ന്യായീകരണം കണ്ടെത്തേണ്ടത്? കുഴൽനാടനും, യുഡിഎഫ് നേതാക്കളും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അക്കാര്യങ്ങളും അന്വേഷിച്ച് കണ്ടെത്തണം. ഡിവൈഎഫ്‌ഐയുടെ സമുന്നത നേതാക്കളൊക്കെ നഗ്‌നമായ ഈ കള്ളത്തരത്തിന് വക്കാലത്തെടുത്ത് വാദിക്കുമ്പോൾ ഒന്നോർക്കുക; അഭ്യസ്തവിദ്യരായ, തൊഴിൽ രഹിതരായ, ജന്മനാ പാർട്ടിക്കാരായ യുവ സഖാക്കളുൾപ്പെടെ നൂറു കണക്കിന് പേർ സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ ഉൾപ്പെടെ തുടങ്ങി, രണ്ടറ്റം കൂട്ടി മുട്ടിക്കാൻ സാധിക്കാതെ ഗതി കെട്ട് അലയുമ്പോഴാണ്; ഇല്ലാത്ത ജോലിക്ക്, അറിയാത്ത പണിക്ക്, ചെയ്യാത്ത കാര്യത്തിന്, നോക്ക് കൂലി വാങ്ങുന്നത്.

പ്രിയപ്പെട്ട എസ്എഫ്‌ഐ/ ഡിവൈഎഫ്‌ഐ സഖാക്കളെ, പ്രത്യയശാസ്ത്രത്തെ വിൽപ്പനക്ക് വയ്ക്കരുത്. പാർട്ടി നേതാക്കളുടെ തെറ്റ് ചൂണ്ടിക്കാട്ടി ശരിയുടെ പാതയിൽ പ്രസ്ഥാനത്തെ നയിക്കേണ്ടതുണ്ട്. തെറ്റാണെന്ന പൂർണ്ണ ബോധ്യമുണ്ടെങ്കിലും നേതാക്കളെ സംരക്ഷിക്കാൻ, തെറ്റിനെ മറയ്ക്കാൻ ആരുടെയും ചട്ടുകമാകരുത്.

''സഖാക്കളെ മുന്നോട്ട്'' എന്നാഹ്വാനം ചെയ്ത, പാർട്ടിക്കുള്ളിൽ സ്വയംവിമർശനം വേണമെന്ന് ശഠിച്ച സ: പി കൃഷ്ണപിള്ളയുടെ പിൻഗാമികളാണ് എന്നതോർക്കണം. ഈ വ്യതിയാനം സിദ്ധാന്തപരമല്ല; പാളിച്ചയും, തകർച്ചയുമാണ്.

പ്രത്യേക അറിയിപ്പ്: അന്തർദേശീയ, ഇതരസംസ്ഥാന, അന്യഗ്രഹ ജീവികളുടേതുൾപ്പെടെ ക്ഷേമത്തിനും പുരോഗതിക്കും രാപ്പകൽ യത്‌നിക്കുന്ന സിപിഎം പാർട്ടിക്ക്, ഇവിടെ കേരളത്തിൽ മിണ്ടാട്ടം മുട്ടി ഭ്രമണപഥത്തിൽ ലക്ഷ്യം തെറ്റി ആടിയുലയുന്ന ഉപഗ്രഹത്തിന്റെ കപ്പിത്താനെ രക്ഷിക്കാൻ സമയം തികയുന്നില്ല. അതിനാൽ, ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ലോകോത്തര, ബഹിരാകാശ, സത്യാനന്തര കാര്യങ്ങളിൽ ഇടപെടുന്നതല്ല എന്നറിയിച്ചു കൊള്ളുന്നു.

ചിത്രത്തിലുള്ളത് ''ലൂണ'' പകർത്തിയ ചിത്രമാണ്;
കരിമണൽ ആയി തെറ്റിദ്ധരിക്കരുത്.