സിപിഐ തീരുമോ? തീരണോ?

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം പോയതോടെ സിപിഐ ദേശീയപ്പാർട്ടി അല്ലാതായി മാറിയിരിക്കാം. അതൊരു സാങ്കേതിക കാര്യമായാണ് കരുതേണ്ടത് എന്നെനിക്ക് തോന്നുന്നു. ഇതോടെ സിപിഐ തീർന്നു എന്നൊക്കെ പറയുന്നത് ശരിയാണെന്ന് തോന്നുന്നുമില്ല. പാർലമെന്റ്, അസംബ്ലി സീറ്റുകളുടെ എണ്ണം വച്ച് ഒരു പാർട്ടിയുടെ നന്മയോ പ്രസക്തിയോ തീരുമാനിക്കാൻ കഴിയില്ലെന്ന് രാജ്യത്തെ സമീപകാല അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നുമുണ്ട്.

ഇന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഒരു പാർട്ടിയൊന്നുമല്ല സിപിഐ. എന്നാൽ കുറേയേറെ നല്ല നേതാക്കളും പ്രവർത്തകരും ആ പാർട്ടിയിൽ ഉണ്ട്. പല സംസ്ഥാനങ്ങളിലും. കേരളത്തിൽ കൂടുതലായി. വിദ്യാഭ്യാസ കാലം മുതൽ സിപിഐ വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എഫ് - ൽ നിന്നും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടില്ല.

യൂണിവേഴ്‌സിറ്റി കോളേജ് മുതൽ എനിക്ക് സുഹൃത്തുക്കളായുള്ള ഒരുപാട് പേർ സിപിഐയിലുണ്ട്. അന്നവർ എ.ഐ.എസ്.എഫ് ആയിരുന്നു. ഞാൻ അവിടെ കോളേജ് ചെയർമാനായപ്പോൾ അവർ എതിർ മുന്നണിയിൽ ആയിരുന്നു. ഇപ്പോഴും അവർ എതിർ മുന്നണിയിൽ ആണ്. എങ്കിലും അവരെല്ലാം അന്നത്തെപ്പോലെ നല്ല സുഹൃത്തുക്കളായി തുടരുന്നു. അന്നോ ഇന്നോ അവരിലൊരാൾ പോലും മോശമായ ഒരു വാക്ക് പറയുന്നത് കേട്ടിട്ടില്ല. ആരെയും തല്ലുന്നതും കണ്ടിട്ടില്ല. അവർക്ക് ശക്തിയില്ലാഞ്ഞിട്ടല്ല അത്.

സിപിഐക്ക് ആൾബലം കൂടുതലുള്ള സ്ഥലങ്ങൾ എനിക്കറിയാം. അവിടെയും അവർ പൊതുവേ മാന്യമാരും സഹവർത്തിത്വത്തിൽ വിശ്വസിക്കുന്നവരുമാണ്. രാഷ്ട്രീയമായി എതിർക്കുമ്പോഴും സൗഹൃദം സൂക്ഷിക്കുന്നവരാണ്. നാൽപതുകൊല്ലം മുമ്പ് യൂണിവേഴ്‌സിറ്റി കോളജിൽ ഞാൻ നയിച്ച കോളേജ് യൂണിയനിൽ ആർട്‌സ് ക്ലബ് സെക്രട്ടറിയായിരുന്ന ടി.ജി. ബിജുവുമായി ഇപ്പോഴും നല്ല സൗഹൃദം തുടരുന്നു. അന്നേ അറിയപ്പെടുന്ന നേതാവായിരുന്ന ബൈജു ച്രന്ദ്രനും ജീവിത പങ്കാളി ബീനയും, ടി.കെ. വിനോദനും ഇപ്പോഴും സുഹൃത്തുക്കൾ.
ശ്രീ. കെ.പി രാജേന്ദ്രൻ ഇടത് മുന്നണി മന്ത്രിയായിരുന്നപ്പോൾ അന്ന് കോൺഗ്രസ് എംഎ‍ൽഎ ആയിരുന്ന ശ്രീ. എം. മുരളിക്കൊപ്പം ഡൽഹിയിലെ എന്റെ വീട്ടിൽ വന്നിട്ടുണ്ട്. പരസ്പരം അറിയുമ്പോഴും നേരിട്ട് പരിചയമില്ലാത്തതിന്റെ കാരണം പറഞ്ഞ് ആ സന്ദർശനം അദ്ദേഹം ഒഴിവാക്കിയില്ല.

പട്ടിക ഇങ്ങനെ നീളും. എന്നാൽ എന്നെ ഏറ്റവും അതിശയപ്പെടുത്തിയ ഒരു സംഭവം കഴിഞ്ഞ വർഷം ഉണ്ടായി. തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ശ്രീ ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്ത ഒരു ചടങ്ങിൽ ഞാനും പ്രസംഗിക്കാനുണ്ടായിരുന്നു. വിളക്ക് കൊളുത്താൻ ഒരുമിച്ച് കൂടിയപ്പോൾ 'ലാലേ, അമ്മ മരിച്ചതറിഞ്ഞു, ഡൽഹിയിലായതിനാൽ വരാൻ കഴിഞ്ഞില്ല' എന്ന് എന്നോട് പറഞ്ഞു. ഞാൻ നന്ദി പറഞ്ഞു. എങ്കിലും എന്റെ മുഖത്ത് ചെറിയ അതിശയമുണ്ടായത് അനിൽ തിരിച്ചറിഞ്ഞു. അദ്ദേഹം എന്റെ കൈയിൽ പിടിച്ചു. എന്നിട്ട് പറഞ്ഞു: ലാൽ എന്നെ ഓർക്കുന്നോ? ഞാൻ ലാലിന്റെ ജൂനിയറായി യൂണിവേഴ്‌സിറ്റി കോളേജിൽ പഠിച്ചതാണ്. ഞാൻ എ.ഐ.എസ്.എഫ് ആയിരുന്നു.'ഞാനിതിനെ വിനയമെന്ന് വിളിക്കുന്നില്ല. അതിന്റെ ആവശ്യമില്ല. പക്ഷേ, മര്യാദയെന്ന് വിളിക്കും.

പരേതനായ മുൻ മുഖ്യമന്ത്രി അച്യുതമേനോനോട് മറ്റെല്ലാവരെയും പോലെ എനിക്കും വലിയ ബഹുമാനമുണ്ട്. ആരോഗ്യ പ്രവർത്തകൻ എന്ന നിലയിൽ വലിയ നന്ദിയും. അദ്ദേഹത്തിന്റെ ഭരണകാലത്താണ് കേരളത്തിൽ ഒറ്റയടിക്ക് ഏറ്റവുമധികം പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയത്. നമ്മുടെ മെച്ചപ്പെട്ട ആരോഗ്യത്തിന് നമ്മൾ അച്യുത മേനോനോടും കടപ്പെട്ടിരിക്കുന്നു. അദ്ദേത്തിന്റെ മകൻ ഡോ: രാമൻ കുട്ടി പൊതുജനാരോഗ്യ പഠനത്തിൽ എന്റെ ഗുരുവാണ്. 1997-98 കാലഘട്ടത്തിൽ ശ്രീചിത്ര ഇൻസ്റ്റിട്യൂട്ടിൽ MPH കോഴ്‌സ് ചെയ്യുമ്പോൾ. അക്കാലത്ത് ഒരു ചടങ്ങിൽ അദ്ദേഹത്തെ ഞാൻ പരിചയപ്പെടുത്തുകയായിരുന്നു. മുൻ മുഖ്യമന്ത്രിയുടെ മകനാണെന്ന് പറയുന്നതിൽ നിന്നും അദ്ദേഹം എന്നെ തടഞ്ഞു. ആ ചടങ്ങിലെ ഒരുപാട് മെഡിക്കൽ വിദ്യാർത്ഥികൾക്ക് അങ്ങനെ ആ വിവരം ലഭിച്ചില്ല. അച്ഛന്റെ പേരിൽ അവകാശവാദങ്ങൾ ഉന്നയിച്ച് കാര്യങ്ങൾ നേടാത്ത ചില മനുഷ്യർ ഉണ്ട്. ഇതൊന്നും വ്യക്തിപരമായ സവിശേഷതകൾ മാത്രമല്ല. സംഘടനയിൽ നിന്ന് കിട്ടുന്ന പരിശീലനം കൂടിയാണ്.

സിപിഐയും സിപിഎമ്മും തമ്മിലുള്ള ആശയപരമായ വ്യത്യാസം മനസിലാക്കാൻ പ്രയാസമാണ്. ചൈനക്കാര്യത്തിൽ ഒഴികെ. പക്ഷേ പ്രവർത്തനത്തിൽ, കുറഞ്ഞത് കേരളത്തിൽ, അവർ തമ്മിൽ വലിയ വ്യത്യാസമുണ്ട്. കോൺഗ്രസുമായി ചേർന്ന് ഒരു മുന്നണിയിൽ പ്രവർത്തിച്ചതിന്റെ കൂടി മിതത്വമാണ് അവരിൽ ഇപ്പോഴും കാണുന്നതെന്ന് തോന്നിയിട്ടുണ്ട്. കോൺഗ്രസുകാരോടുള്ള സ്‌നേഹം അവരിൽ ഇപ്പോഴും ദൃശ്യമാണ്.

കേരളത്തിൽ സിപിഐയോട് രാഷ്ടീയമായ വിയോജിപ്പുകൾ ഉണ്ട്. മുന്നണിയെ സംരക്ഷിക്കാൻ മാത്രം ചില തെറ്റുകൾ കാണാതിരിക്കുന്നതിൽ പരിഭവമുണ്ട്. എങ്കിലും ദേശീയ തലത്തിൽ സിപിഐ സ്വീകരിക്കുന്ന പല നിലപാടുകളും ജനനന്മയ്ക്ക് ഉതകുന്നതാണ്. അവിടെയും ഇവിടെയും ഓരോ സീറ്റ് ജയിക്കാൻ വേണ്ടിയുള്ള അടവുകളല്ല. അതാണ് സിപിഐ യെ വ്യത്യസ്തമാക്കുന്നത്. അതുകൊണ്ടാണ് സിപിഐയുടെ രാഷ്ടീയ പ്രസക്തി നിലനിൽക്കുന്നത്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കെടുപ്പിന്റെ ഫലമായി സിപിഐ നാളെ തീരില്ല എന്ന് വിശ്വസിക്കുന്നത്.

വാലറ്റം: സിപിഐ പോലൊരു വലിയ ചരിത്രമുള്ള പാർട്ടിയെ ഉപദേശിക്കാൻ ഞാനാളല്ല. സിപിഎം-ന്റെ തെറ്റുകൾ ചെറിയ തോതിലെങ്കിലും നിയന്ത്രിക്കാൻ സിപിഐയ്ക്ക് കഴിയുന്നുണ്ട്. എന്നാൽ സിപിഎം സഹവർത്തിത്വം സിപിഐയുടെ നന്മകൾ ഇല്ലാതാക്കാതെ നോക്കണം. സിപിഐക്കാർ കൈകളിൽ അഴിമതിക്കറ പുരളാതെയും നോക്കണം. മുന്നണിക്ക് വേണ്ടി നടത്തിയ ചില വിട്ടുവീഴ്ചകൾ സിപിഐ-യെയും സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ടെന്നത് ഗൗരവമായെടുക്കണം.
ഡോ: എസ്.എസ്. ലാൽ