ഡോ. ശശി തരൂർ aka സർ ചേറ്റൂർ ശങ്കരൻ നായർ ജൂനിയർ, ചരിത്ര നിയോഗം ഏറ്റെടുത്തുകൊണ്ട് കോൺഗ്രസ്സിനെ ഉത്തേജിപ്പിച്ച് ശക്തിപകരാൻ ഞങ്ങളുടെ പാലക്കാടുനിന്നും ഒരു നിയന്താവ് കൂടി ഉദയം ചെയ്യുകയാണ്. ഞങ്ങളുടെ പാലക്കാട് അങ്ങനെയാണ്. അതിലെ അറിയപ്പെടാത്ത ഗ്രാമങ്ങളിൽ നിന്നും കാലാകാലങ്ങളിൽ ഒരു നിയോഗം പോലെ വ്യക്തിത്വങ്ങൾ പുറത്തേക്ക് വന്നുകൊണ്ടേയിരിക്കും. നൂറ്റിയിരുപത്തിയഞ്ചു വർഷങ്ങൾക്ക് മുൻപ് ഗാന്ധിയും നെഹ്റുമാരുമൊക്കെ കോട്ടും ടൈയും കെട്ടാൻ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഞങ്ങളുടെ മങ്കരയെന്ന ഗ്രാമത്തിൽ നിന്നും ഒരു മഹാൻ രാജ്യവാസികൾക്ക് അവകാശങ്ങളെ പഠിപ്പിക്കാൻ കോൺഗ്രസ് എന്നൊരു സംഘടനയെ ശക്തിപ്പെടുത്തുകയുണ്ടായി കെട്ടിപ്പടുക്കുകയുണ്ടായി. ആ കോൺഗ്രസിന് കാലങ്ങളുടെ പ്രവാഹത്തിൽ ക്ഷയം വന്നപ്പോൾ അപ്രസക്തമായിക്കൊണ്ടിരിക്കുമ്പോൾ അതിനെ ഊർജ്ജസ്വലമാക്കാൻ, ഇന്ത്യൻ ജനാധിപത്യത്തിന് ശക്തി പകരാൻ, ഞങ്ങളുടെ പാലക്കാട്ടുനിന്നും ഒരു ഉദ്ധാരകൻ പാകപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ആ നിയോഗം പൂർത്തീകരിക്കാൻ ഒരു ചിറ്റലഞ്ചേരിക്കാരൻ ഉയർന്നുകഴിഞ്ഞു. അദ്ദേഹത്തെ ലോകം ഡോ ശശി തരൂർ എന്ന് അറിയുന്നു. ഈ കാല ഘട്ടത്തിന്റെ രാഷ്ട്രീയ ച്യുതികൾ ഏൽക്കാത്ത അവ നേരിടാനുള്ള കഴിവുള്ള ഒരു ധീഷണയെയാണ് ഞങ്ങളുടെ പാലക്കാട് ഒരുക്കി വളർത്തി തയാറാക്കി പൊതുമദ്ധ്യത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്ന നിയോഗത്തിന് ആവശ്യമായ എല്ലാ അടിസ്ഥാന യോഗ്യതകളും അർഹതയും കൊടുത്ത് തേച്ചു മിനുക്കിയ ഒരു ധീഷണയെയാണ് ഒരുക്കി വളർത്തി തയാറാക്കി പൊതുമദ്ധ്യത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. തേച്ചു മിനുക്കപെട്ടിരിക്കുന്ന ആ ധീഷണ വ്യക്തിത്വം ഒന്നൊന്നായി പരിശോധിക്കാം.

ഒന്ന്. കുത്തിത്തിരുപ്പുകളും കൊള്ളിവാക്കുകളും ഇല്ലാത്ത പെരുമാറ്റം. ഇന്ത്യൻ രാഷ്ടീയക്കാരുടെ കുല്‌സിതങ്ങൾ മാത്രം കണ്ട് വളർന്ന നമുക്ക് രാഷ്ട്രീയത്തിന്റെ അരങ്ങിൽ ഇത് സാധ്യമാണോ കൊണ്ടുനടക്കാൻ കഴിയുമോ. പ്രത്യേകിച്ച് കേരളത്തിലെ രാഷ്ട്രീയത്തിൽ നടക്കുന്ന കുതികാൽ വെട്ടുകൾ വായിച്ചു വളർന്ന നമുക്ക് ഇത്തരം ഒരു വ്യക്തിത്വത്തിന് ആ അരങ്ങിൽ നിലനിക്കുവാൻ കഴിയുമോ എന്നത് സഹജമായ ആകാംക്ഷയാണ്. വ്യക്തിത്വം നിലനിർത്തിക്കൊണ്ടുള്ള, മാന്യത നിലനിർത്തിക്കൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനം അസാധ്യമാണ് എന്നതാണ് പൊതുബോധം. ആ അരങ്ങിലേക്ക് നല്ല പെരുമാറ്റം ഉള്ളൊരു വ്യക്തി വിജയിക്കുമോ. കോൺഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷമുള്ള ശ്രീ ശശി തരൂരിന്റെ രീതികൾ നോക്കുക. ഇത്രയും കാലമായി കേരളത്തിലെ കോൺഗ്രസ് പാർട്ടി മാടമ്പിമാർ അവരുടെ ജന്മാവകാശം പോലെ കൊണ്ടുനടന്നിരുന്ന പദവികളിൽ ഇരുന്നുകൊണ്ട് നടത്തിയ എല്ലാ ആക്രമങ്ങളെയും അദ്ദേഹം നേരിട്ട രീതിതന്നെ അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ കുലീനത്തം വെളിവാക്കുന്നതാണ്. കേരള രാഷ്ട്രീയ ഗോദയിൽ കാണാറില്ലാത്തതാണ്.

രണ്ട്. മാൻ മാനേജ്‌മെന്റ് കഴിവ്. അദ്ദേഹത്തെ ശ്രദ്ധിച്ചാൽ കാണാവുന്ന വേറൊരു പ്രധാന മികവ് എന്തെന്നാൽ ആരെയും മുഴിപ്പിക്കാതെ കാര്യങ്ങളെ നേടിയെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ്. അദ്ദേഹം വ്യക്തികളെ പല തലത്തിലുള്ള വ്യക്തികളെ ആരെയും മുഴിപ്പിക്കാതെ കാര്യങ്ങൾ നേടിയെടുക്കുന്നു. ഇപ്പോൾ നടക്കുന്ന കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുതന്നെ അതിന് തെളിവ്. കേരളത്തിലെ തലമുതിർന്ന കോൺഗ്രസ് നേതാക്കളെ എല്ലാവരെയും മറികടന്നുകൊണ്ട് ആരെയും മുഴിപ്പിക്കാതെ അവരെയെല്ലാം പ്രതിരോധത്തിലാക്കികൊണ്ട് അദ്ദേഹം രണ്ടാം നിര നേതാക്കളെ തന്റെ വശത്തേക്ക് വളച്ചെടുത്തത് മാനേജ്‌മെന്റ് വിദ്യാർത്ഥികളെ പഠിപ്പിക്കാവുന്ന കുശലതയാണ്. ഇന്ത്യ മുഴുവനുമുള്ള കോൺഗ്രസിലെ അതികായന്മാരെ പി സി സി നേതാക്കളെ തരണം ചെയ്തുകൊണ്ട് അവരുടെ തൻപോരിമയെ സമർത്ഥമായി തരാതരം പോലെ കൈകാര്യം ചെയ്ത് കോൺഗ്രസ്സിലെ ഒരു അനിഷേധ്യ നേതാവായി ഇപ്പോൾ തന്നെ അദ്ദേഹം സ്വയം പ്രതിഷ്ഠിച്ചുകഴിഞ്ഞു. തിരഞ്ഞെടുപ്പ് ഫലം എന്തുമാകട്ടെ ഇനി ശശി തരൂർ എന്ന വ്യക്തിയെ തഴഞ്ഞുകൊണ്ട് ഒരു നേതാവിനും മുന്നോട്ടുപോകാനാവില്ല. അദ്ദേഹം കോൺഗ്രസ്സിലെ ഒരു ശക്തികേന്ദ്രമായി കഴിഞ്ഞു. ഒരു ഗോഡ് ഫാദർ സഹായവുമില്ലാതെ തന്നെ അതുനേടാനായി എന്നതാണ് മാനേജ്‌മെന്റ് എഫിഷ്യൻസി. ശ്രീ ശശി തരൂരിന്റെ ഭാഷയിൽ പറഞ്ഞാൽ Consutative Management. എന്റെ അഭിപ്രായം പറഞ്ഞാൽ Consutative Management എന്ന പ്രഖ്യാപിത നിലപാടുകളിലൂടെ ഉദ്ദേശിക്കുന്ന, കാര്യങ്ങൾ നടത്തിയെടുക്കുന്ന കുശലത.

മൂന്ന്. I Q, (intelligence quotient). ശശി തരൂരിനെ വാഴ്‌ത്തികൊണ്ട് പല മീഡിയ പോസ്റ്റുകൾ നിങ്ങൾ കണ്ടിരിക്കാനിടയുണ്ട്. അവിടെയൊന്നും പ്രാമുഖ്യം കാണാത്ത ഒരു ഗുണ വശം ശ്രീ തിരൂരിൽ നിങ്ങൾ വായിക്കേണ്ടതുണ്ട്. അത് അദ്ദേഹത്തിന്റെ I Q, ആയിരിക്കണം. വസ്തുതകളെ അതിന്റെ കോറിൽ പോയി മനസ്സിലാക്കി പ്രതികരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്. അദ്ദേഹത്തിന്റെ എല്ലാ അഭിമുഖങ്ങളും മടുപ്പില്ലാതെ താല്പര്യത്തോടെ കാണാൻ നമ്മെ പ്രേരിപ്പിക്കുന്ന ഘടകo അതാണ്. അത് വരുന്നത് അദ്ദേഹത്തിന്റെ ഐ ക്യു വിൽ നിന്നാണ്. പലരും അത് അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യവുമായി കലർത്തി ചിന്തിക്കുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയിലുള്ള ചാതുര്യം വേറെ, ഒരു വസ്തുത അതിന്റെ കാമ്പ് മനസ്സിലാക്കി പ്രതികരിക്കാനുള്ള ശേഷി വേറെ. അത് പ്രതിഭയുടെ വേറെ വശങ്ങളാണ്. ഒരാൾക്ക് അതിമനോഹരമായ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം ഉണ്ടെന്നുവെച്ചു് പ്രതികരണങ്ങൾ ആകർഷണീയം ആകണമെന്നില്ല. അതിന് ചേർന്ന ബുദ്ധിചാതുര്യം കൂടി ചേരുമ്പോഴാണ് ഒരു ശശി തരൂർ ഉണ്ടാകുന്നത്. സന്ദർഭവശാൽ പറയട്ടെ ഈയുള്ളവൻ കഴിഞ്ഞ മാതൃഭൂമി ബുക്ക് ഫെസ്റ്റിവലിൽ ചോദ്യോത്തരവേളയിൽ അദ്ദേഹത്തോട് നേരിട്ട് അദ്ദേഹത്തിന്റെ ഐ ക്യു അഭിനന്ദിച്ചു് സംസാരിക്കുകയുണ്ടായിട്ടുണ്ട്.

നാല്. വിഷൻ, കാഴ്ചപ്പാട്. വാക്ക് ചാതുരിയോടെ സംസാരിക്കാനറിയാമെന്ന് വെച്ച് ഒരു വ്യക്തി വലിയൊരു ജനപക്ഷത്തിന് ആകർഷകൻ ആകണമെന്നില്ല. അത് ഓക്‌സ്‌ഫോർഡ് ഇംഗ്ലീഷ് സംസാരിക്കാനറിയാമെന്ന് വെച്ചു് ഉണ്ടാകുന്നതല്ല. ശ്രീ തരൂരിന്റെ ആരാധക വൃന്ദങ്ങളിൽ എല്ലാ സ്‌പെക്ട്രത്തിൽ നിന്നും വരുന്നവരുണ്ട് . ഉയർന്ന നിലവാരമുള്ള ബുദ്ധിജീവികളുണ്ട്. സാധാരണ ഗ്രാഡുവേറ്റ് യുവാക്കളുണ്ട്. ഇവരിലാരും അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവരായി ഇല്ല. ( ചില സ്ഥാന ഭയമുള്ള രാഷ്ടീയക്കാരെ ഒഴിവാക്കുക). ആ നേട്ടം വാക്ക് ചാതുരിയിൽ നിന്ന് വരുന്നതുമാത്രമാണെങ്കിൽ ഒരു നീണ്ടകാലത്തേക്ക് നിലനിൽക്കില്ല. അതുവരുന്നത് സുതാര്യമായ ദൃഢമായ കാഴ്ചപാടുകൾ ഉള്ളതുകൊണ്ടാണ്. അത് ഓക്‌സ്‌ഫോർഡ് ഇംഗ്ലീഷ് സംസാരിക്കാനറിയാമെന്ന്വെച്ചു് ഉണ്ടാകുന്നതല്ല. അടിസ്ഥാനമായി ഒരു വ്യക്തിയിൽ നിലനിൽക്കുന്ന നിലപാടുകൾ, മാറ്റുരക്കപെട്ടു തെളിയിക്കപ്പെട്ടു കാണപെടുന്നതുകൊണ്ടാണ് അത് എല്ലാവർക്കും സ്വീകാര്യമായിരിക്കുന്നത്. ശ്രീ ശശി തരൂർ ഈസ് എ മാൻ ഓഫ് ക്ലിയർ വിഷൻ.

അഞ്ചു് . അന്യനോട് അവജ്ഞയില്ലാത്ത പെരുമാറ്റം. ഇത് ഒരു വ്യക്തിയിൽ കാണപെടുന്നുവെങ്കിൽ അവരെയാണ് നമ്മൾ നിറകുടം എന്ന് വിളിക്കുന്നത് . നിറകുടം തുളുമ്പില്ല എന്ന് പറയുമ്പോൾ ധ്വനിക്കുന്നത് ഈ മാനസികാവസ്ഥയെയാണ്. അത് വരുന്നത് contented (സന്തുഷ്ടിനിറഞ്ഞ) പേഴ്സണാലിറ്റികളിൽ മാത്രമാണ്. ശ്രീ ശശി തരൂരിന്റെ എത്ര കുത്തുവാക്കുകളും ദുസ്സൂചനകളും നിറഞ്ഞ അഭിമുഖങ്ങളാണെങ്കിലും ശരി ദേഷ്യപ്പെടാത്ത അവജ്ഞയില്ലാത്ത ശാന്തമായ പ്രതികരണങ്ങൾ നമുക്ക് അവിടെ കാണാം. കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാരുടെ മലീമസമായ കുത്തുവാക്കുകൾ എത്ര സമവായത്തോടെയാണ് അദ്ദേഹം പ്രതികരിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവരിൽ ഈ ഗുണം കാണപെടുന്നവരെ കാണണമെങ്കിൽ നമ്മൾ ഭൂതക്കണ്ണാടി വെച്ചു് തിരയേണ്ടിവരും. രാഷ്ട്രീയത്തിന്റെ അതി തീക്ഷണമായ മത്സരങ്ങളിൽ പ്രവർത്തനങ്ങളിൽ ഈ ഗുണം നിലനിർത്തികൊണ്ടുപോകണമെങ്കിൽ ഒരു സാധാരണ മോർട്ടലുകളെ കൊണ്ട് കഴിയുന്ന കാര്യമല്ല. എത്ര സമവായത്തോടെയാണ് അദ്ദേഹം പ്രതികരിക്കുന്നത് എന്നതു തന്നെ അദ്ദേഹത്തെ വലിയ നേതാവാക്കുന്നു.

ആറ്. ജനാധിപത്യ ബോധം. ജനാധിപത്യത്തിന്റെ ഓരോ അക്ഷരവും മനസ്സിലാക്കിയ ഒരു വ്യക്തിത്വം. ജനാധിപത്യ ബോധം, ജനാധിപത്യ സംസ്‌കാരം, അതിനോടുള്ള പ്രതിബദ്ധത, ഭരണഘടനയോടുള്ള കൂറ് നിറഞ്ഞു നിൽക്കുന്ന മാതൃകാ വ്യക്തിത്വo. അതാണ് ശശി തരൂർ. അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും ജനാധിപത്യ സംസ്‌കാരം അടിത്തറയായി പ്രവർത്തിക്കുന്നു . പോരാ ഇന്ത്യൻ പാർലമെന്ററി ജനാധിപത്യം പ്രവർത്തിക്കുന്ന രീതി അതിന്റെ പോരായ്മകൾ അതിന്റെ പരാജയങ്ങൾക്ക് ഇടവരുത്താവുന്ന കാരണങ്ങളെ കുറിച്ചുള്ള ധാരണകൾ ഇതൊക്കെ ഇത്രയും കൂലങ്കഷമായി ധാരണയുള്ള ഒരു രാഷ്ട്രീയക്കാരൻ വേറെയുണ്ടോ എന്ന് സംശയമാണ്. മാത്രമല്ല ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ ലാബിറിന്ത്കളുടെ (രാവണൻ കോട്ടയുടെ ) അറിവ്, അതിലൂടെ വളഞ്ഞൊഴുകി കാര്യങ്ങൾ നടത്തിയെടുക്കാനുള്ള പക്വത എല്ലാം തികഞ്ഞ ഒരു വ്യക്തിത്വം ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ ഉണ്ടെങ്കിൽ അത് ശ്രീ ശശി തരൂർ ആണെന്ന് നമുക്ക് സംശയ ലേശമെന്യേ പറയാവുന്നതാണ്. ഇന്ത്യൻ ജനാധിപത്യം ഈ കൈകളിൽ ഭദ്രമായിരിക്കും. ഇദ്ദേഹത്തെ പോലെയുള്ളവരെ അർഹിക്കുന്ന സ്ഥാനത്ത് എത്തിക്കാതിരുന്നാൽ അത് ഇന്ത്യൻ ജനതക്ക് ഒരു വൻ നഷ്ടമായിരിക്കും .

ഏഴ്. രാഷ്ട്രീയത്തിലുള്ള അധികം ഒന്നും നേതാക്കൾക്ക് അവകാശ പെടാനാവാത്ത സാമ്പത്തിക കാര്യങ്ങളിലെ ശുദ്ധത. അദ്ദേഹത്തിന്റെ സമ്പത്ത് അദ്ദേഹം നേടിയ സമ്പത്തുമാത്രമാണ്. തെളിവുകളുള്ള എല്ലാറ്റിനും സ്രോതസ്സ് കാണിക്കാൻ കഴിയുന്ന സമ്പത്ത് . അത് അധികമൊന്നും ഉള്ളതല്ലെങ്കിലും ഉള്ളത് സുതാര്യമായി കിടക്കുന്നവയാണ് . ഇന്ത്യൻ സിസ്റ്റങ്ങളെ ക്രോണി ചെയ്‌തെടുത്ത ഒരു കണിക പോലും ആ സമ്പത്തിൽ ഇല്ല. അതുകൊണ്ടു തന്നെ ആരെയും ഭയക്കേണ്ടിവരുന്നില്ല. വിട്ടുവീഴ്ചയുടെ ഭാഷ സംസാരിക്കേണ്ടിവരുന്നില്ല.

എട്ട് . അഹങ്കാരമൊട്ടുമില്ലാത്ത പ്രകൃതം. ബ്ലോക്ക് തലത്തിൽ ഒരു സ്ഥാനം കിട്ടുമ്പോഴേക്കും അധികാരം തലയ്ക്കു പിടിച്ചു്, ഭാഷയിലും ബോഡി ലാംഗ്വേജ് ലും അഹങ്കാരo കൊണ്ടുനടക്കുന്ന കേരള രാഷ്ട്രീയക്കാരുടെ ഇടയിൽ ഒരു ഹൃദ്യമായ ചിരിയാണ് ശ്രീ ശശി തരൂർ. ആർക്കും സമീപിക്കാവുന്ന പ്രകൃതം. ഒരു രാഷ്ട്രീയക്കാരനായിട്ടു പോലും ഇതൊക്കെ ഇപ്പോഴും എങ്ങനെ കൊണ്ടുനടക്കുന്നു എന്ന് തോന്നിപ്പിക്കുന്ന രീതികൾ. ലോകം മുഴുവൻ കണ്ടറിഞ്ഞിട്ടുള്ള പല ലോക നേതാക്കളെയും നേരിട്ട് കണ്ട് സംസാരിച്ചിട്ടുള്ള വ്യക്തി. എന്നാൽ ആ വിജയങ്ങളുടെ കണിക പോലും പെരുമാറ്റങ്ങളിലെവിടെയും അദ്ദേഹത്തിൽ നമുക്ക് കാണാൻ കഴിയുന്നില്ല. ഡൗൺ ടു എർത്ത് എന്ന് പ്രയോഗിക്കാമെങ്കിൽ ഒരു രാഷ്ട്രീയക്കാരനിൽ പ്രയോഗിക്കാമെങ്കിൽ അതാണ് ശശി തരൂർ.

ഒൻപത്. സമവായത്തിന്റെ മൂർത്തിരൂപമാണ് ശശി തരൂർ. രാഷ്ട്രീയത്തിൽ എന്റെ വഴി അല്ലെങ്കിൽ പെരുവഴി എന്ന രീതികൊണ്ടുനടക്കുന്നവരാണ് മിക്കവരും. കടക്കു പുറത്തുകളും ടി പി ചന്ദ്രശേഖരൻ മാരും നിറഞ്ഞു കിടക്കുന്ന ഭൂമിയാണ് നമ്മുടേത്. തുറന്ന മനസ്സോടെയുള്ള സ്വീകാര്യതയും വരൂ നമുക്ക് സംസാരിക്കാം മനോഭാവങ്ങളും അന്യം നിന്നുപോയ മേഖലയാണ് ഇന്ത്യൻ രാഷ്ട്രീയം. A breath of fresh air മായി ശ്രീ ശശി തരൂർ അവിടേക്ക് നേതൃനിരയിൽ വരുന്നത് രാഷ്ട്രീയത്തിന് ഒരു വൻ മുതൽക്കൂട്ട് ആയിരിക്കും.

ശ്രീ ശശി തരൂർ കൊണ്ഗ്രസ്സ് പ്രെസിഡൻഡ് ആയി വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ വിജയം ഇന്ത്യൻ ജനാധിപത്യത്തിന്റെ ആവശ്യമായി മാറുന്നു എന്നുള്ളതാണ് ഇതിന്റെ പ്രാധാന്യം. ഇന്ത്യൻ ജനാധിപത്യം ഇപ്പോൾ മുന്നോട്ടുപോകുന്നത്, ഒരു പ്രതിതുലനം ഇല്ലാതെ മുന്നോട്ടുപോകുന്നത്, ബിജെപി ക്ക് ഒരു പ്രതിയോഗിയെ കാണാനില്ല എന്ന അവസ്ഥയിൽ മുന്നോട്ടുപോകുന്നത്, നമ്മുടെ മനോഹരമായ ഈ ജനാധിപത്യത്തിന് ആപത്താണ്. ജനാധിപത്യങ്ങളിൽ ഏകാധിപത്യ പ്രവണതകളിലേക്ക് വീഴാതിരിക്കാൻ ജനാധിപത്യത്തിൽ അത്യാവശ്യമായ സന്തുലിതാവസ്ഥ നിലനിർത്തികൊണ്ട് മുന്നോട്ടുപോകാൻ ഒരു ശക്തമായ എതിർപക്ഷം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് ശ്രീ ശശി തരൂരിന്റെ കൊണ്ഗ്രസ്സ് പ്രെസിഡണ്ട് പദത്തിലേക്കുള്ള വിജയം അത്യന്താപേക്ഷിതമാകുന്നത്. ഇപ്പോൾ ശ്രീ ശശി തരൂരിന് മാത്രമേ ഒരു ശക്തമായ രാഷ്ട്രീയ എതിരാളിയായി ബിജെപി യെ ചെറുക്കാനുള്ള പൊതുജന സമ്മിതി ഉള്ളു. കേരളത്തിലെ പൊതുബോധം പറയുന്നതുപോലെ ബിജെപി യുടെ മന്ദിറും മതവും വെച്ചുകൊണ്ടുള്ള രാഷ്ട്രീയം കൊണ്ടുമാത്രമൊന്നുമല്ല അവർ വടക്കേയിന്ത്യയിൽ ഒരു ശക്തിയായി നിൽക്കുന്നത്. മലയാളികൾ സ്വയം വീർപ്പിച്ചുകൊണ്ട്, രാഷ്ട്രീയ പ്രബുദ്ധരാണ് ഞങ്ങൾ എന്ന സ്വയം വീർപ്പിക്കലുകൾ കാരണം, വടക്കേയിന്ത്യൻ പുതു തലമുറയുടെ രാഷ്ട്രീയ അവബോധം കാണാതെ പോകുകയാണ്. മന്ദിറിനും മതത്തിനും വെളിയിൽ ചിന്തിക്കാൻ കഴിവുള്ള ഇന്ത്യ എന്ന രാജ്യത്തെ പ്രതി ചിന്തിക്കാൻ കഴിവുള്ള ശ്രീ നരേന്ദ്ര മോദിയുടെ വികാസ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന ഒരു പുതു തലമുറ ഹിന്ദി ബെൽറ്റിൽ വളർന്നു വന്നിട്ടുണ്ട്. വടക്കേ ഇന്ത്യയിൽ കുറച്ചൊക്കെ യാത്ര ചെയ്തിട്ടുള്ള വ്യക്തി എന്ന നിലക്ക് പറയാനുള്ളത് എന്തെന്നാൽ തലയിൽ പകിടിയും കെട്ടിക്കൊണ്ട് നടക്കുന്ന പഴയ തലമുറയിലെ വ്യക്തികളുടേതല്ല ഇന്നത്തെ ഉത്തരേന്ത്യൻ രാഷ്ട്രീയ മണ്ഡലം. അവിടെയും ശക്തമായ സോഷ്യ മീഡിയ കൾ ഉണ്ട്. 'ദേശ് കെ ലിയെ' 'ദേശ് കോ ക്യാ ഹോഗാ' എന്നൊക്കെ വായിനു വായിനു സംസാരിക്കുന്ന അഭിനന്ദിക്കേണ്ട ഒരു യുവ തലമുറ അവിടെയുണ്ട്. ഇന്ത്യൻ ദേശീയതയിൽ അഭിമാനം കൊള്ളുന്ന ഒരു വലിയ യുവതലമുറ അവിടെയുണ്ട്. അവരുടെ മുന്നിൽ ഇപ്പോൾ നരേന്ദ്ര മോദിയും ബിജെപി യും അല്ലാതെ പകരം വെക്കാൻ തലയെടുപ്പുള്ള ഒരു രാഷ്ട്രീയ എതിരാളിയില്ല. അവർക്കു ഗാന്ധി പരിവാറിൽ വലിയ വിശ്വാസമില്ല. അവർക്ക് ശ്രീ ഖർഗെയെ കേട്ടുകേൾവി മാത്രമേ ഉള്ളു. അവരുടെ വിശ്വാസമാർജിക്കാൻ കഴിവുള്ള മറ്റു നേതാക്കളില്ല. എന്നാൽ ശ്രീ ശശി തരൂർ ആരാണെന്ന് അവരിൽ മിക്കവർക്കും അറിയാം . തെളിവുവേണമെങ്കിൽ സോഷ്യൽ മീഡിയകളിൽ, ഹിന്ദി സോഷ്യൽ മീഡിയകളിൽ, തിരയുക. അവർക്ക് ഇംഗ്ലീഷ് വശമില്ലായിരിക്കാം. പക്ഷെ അവർക്ക് വ്യക്തികളെ വിലയിരുത്താനുള്ള അപാര കഴിവുണ്ട്. ഇന്ത്യ എന്ന രാജ്യത്തെ പ്രതി ചിന്തിക്കാൻ കഴിവുണ്ട്. ശ്രീ ശശി തരൂരിന്റെ യോഗ്യതയെ കുറിച്ച് അവർക്ക് ധാരണയുണ്ട്.

പകരം വെക്കാൻ ഒരു അവസരം കിട്ടുന്ന മുറക്ക് ജാതി ബോധങ്ങളിൽ വീർപ്പുമുട്ടുന്ന വലിയൊരു വിഭാഗം ഉത്തരേന്ത്യൻ യുവാക്കൾ കോൺഗ്രസ്സിലേക്കു തിരികെ വരും. അവിടെയാണ് ശ്രീ ശശി തരൂരിന്റെ ഉൾകാഴ്ച, മാനേജീരിയൽ കഴിവ് പ്രവർത്തിച്ചു തുടങ്ങുക. അദ്ദേഹം ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന 'എംപവർ കാര്യകർത്താസ് ' വളരെ മനസ്സിലാക്കി അദ്ദേഹം പറയുന്നതാണ്. ആ എംപവർമെന്റ് ഒരു ശക്തമായ രാഷ്ട്രീയ അടിത്തറയായി വളരും. ദശകങ്ങളായി ചംച്ചാ ഗിരിയിൽ വളർന്നു നിൽക്കുന്ന ഒരു നേതൃനിരയാണു് കോൺഗ്രസിൽ ഉള്ളത്. അവിടെ ഊർജസ്വലരായ ജനങ്ങളോട് അടുത്തുനിൽക്കുന്ന ഒരു നേതൃനിര ശ്രീ ശശി തരൂർ വളർത്തിയെടുക്കാൻ ഉദ്ദേശിക്കുന്ന നേതൃനിര ഉണ്ടാകുന്നത് ഇന്ത്യൻ രാഷ്ട്രീയമണ്ഡലത്തെ ശക്തമാക്കും. ബിജെപിക്ക് ഒരു ശക്തമായ എതിരാളിയായി ഇന്ത്യൻ ജനാധിപത്യത്തിന് ഒരു ശക്തിയായി അത്തരം ദ്വന്ദ്വo പ്രവർത്തിക്കും. ഒരഞ്ചു വർഷം പാർട്ടിയെ വളർത്താൻ അദ്ദേഹത്തിന് അവസരം കൊടുക്കുക. അദ്ദേഹം ആവർത്തിച്ചു പറയുന്ന business as usual അവസ്ഥയിൽ നിന്ന് മാറി കോൺഗ്രസിനെ കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് ഒരവസരം കിട്ടിയാൽ അത് ഇന്ത്യൻ ജനാധിപത്യത്തിന് കിട്ടുന്ന വലിയൊരു ശക്തി പകരലായിരിക്കും. Restore Institutions, strong Congress for strong India എന്നൊക്കെ അദ്ദേഹം ഉൾക്കാഴ്ചയോടെ പറയുന്നതാണ്. ഒരു രാഷ്ട്രീയക്കാരന്റെ മുദ്രാവാക്യങ്ങൾക്കുപരി ഈ വരികൾക്ക് അതിന്റേതായ ആവശ്യങ്ങളുണ്ട്. ഇതൊക്കെ പുനര്‌നിര്മ്മിച്ചെടുക്കാൻ ഏതായാലും ഇപ്പോഴത്തെ നേതൃനിര തുടർന്നാൽ നടക്കാൻ പോകുന്നില്ല. അതുകൊണ്ടാണ് ശ്രീ ശശി തരൂരിന്റെ വിജയം ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിക്ക് ആവശ്യമായി വരുന്നത്.

ബിസിനസ്സ്‌കളെ വളർത്തുന്ന ബിസിനസ്സ്‌കളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്ന ഒരു മനോഗതിയാണ് ശ്രീ ശശി തരൂരിന്റേത്. അതേ മനോഗതിയുള്ള ബിജെപിയുമായി പരസ്പരം മത്സരിച്ചാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ വരും ദശകങ്ങളിൽ രാഷ്ട്രീയ പോരാട്ടങ്ങൾ നടക്കുക എങ്കിൽ അത് ഇന്ത്യയെ സമ്പന്തിച്ചിടത്തോളം ഒരു ഗോൾഡൻ ഏര ആയിരിക്കും.

ശ്രീ സാജൻ സ്‌കറിയ ആശംസിച്ചതുപോലെ ശ്രീ ശശി തരൂർ ഇന്ത്യൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ; അതിനദ്ദേഹം ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിലെ എല്ലാരെക്കാളും അർഹനുമാണ്, എങ്കിൽ അത് മതേതര ഇന്ത്യൻ ജനാധിപത്യത്തിന് ശക്തിപകരാൻ, ലോകത്തെ അടുത്ത നൂറ്റാണ്ടിലേക്ക് നയിക്കുന്ന ഒരു എൻജിൻ ആയി ഇന്ത്യയെ വളർത്താൻ അദ്ദേഹത്തിന് കഴിയും. അതിനുള്ള നേതൃ പാടവങ്ങൾ അദ്ദേഹത്തിനുണ്ട്. സമവായത്തോടെ എല്ലാവരെയും കൂടെ കൊണ്ടുപോകാനുള്ള മാനസിക പരിപാകതയുണ്ട്, പാർലമെന്ററി ജനാധിപത്യത്തിന്റെ നൂലാമാലകളിലൂടെ കാര്യങ്ങളെ നടത്തികൊണ്ടുപോകാനുള്ള മാനേജീരിയൽ കഴിവുണ്ട്. ലോക നേതാക്കളുടെ മുന്നിൽ ഇന്ത്യയുടെ കാര്യങ്ങൾ അവതരിപ്പിച്ചു് സമര്ഥിച്ച്‌ചെടുക്കാനുള്ള ധീഷണയുടെ ശക്തിയുണ്ട്. എല്ലാറ്റിനുമുപരി ജനാധിപത്യത്തിന്റെ സംസ്‌കാരം അരക്കിട്ടുറപ്പിക്കപ്പെട്ട വ്യക്തിത്വമുണ്ട്. ഒന്നേ ബാക്കിയുള്ളൂ ഒക്ടോബർ പത്തൊൻപതാം തിയതി രാജ്യത്തെ 9000 ത്തിലധികം വരുന്ന കോൺഗ്രസ് അംഗങ്ങൾക്ക് ഇതൊക്കെ ഉൾക്കൊണ്ട് അദ്ദേഹത്തെ തിരഞ്ഞെടുക്കാനുള്ള ഉൾകാഴ്‌ച്ചയുണ്ടോ അത് ഉപയോഗപ്പെടുത്തുമോ എന്നത് മാത്രം.