ഗുരുവായൂരപ്പനെ കാണാൻ ഐഡന്റിറ്റി കാർഡ് വേണോ..? ഗുരുവായൂരപ്പനെ കാണാൻ വേണ്ട. പക്ഷേ ഇവിടെ മുറി കിട്ടണമെങ്കിൽ ഐഡന്റിറ്റി കാർഡ് വേണം.

ചോദ്യപേപ്പർ വിവാദകാലത്തെ ഒളിവുജീവിതം നർമ്മത്തിന്റെ അകമ്പടിയോടെ പങ്കുവയ്ക്കുകയാണ് ജോസഫ് മാഷ്. തിരിച്ചറിയൽ രേഖ ഒന്നും ഇല്ലാത്തതിനാൽ ഗുരുവായൂരിലെ ലോഡ്ജുകളിലൊന്നും മാഷിന് മുറി കിട്ടിയില്ല. അന്ന് രാത്രി ക്ഷേത്രമതിലകത്ത് കൃഷ്ണഭക്തർക്കൊപ്പം അദ്ദേഹം അന്തിയുറങ്ങി.

സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ ജോസഫ്‌സാർ അദ്ദേഹത്തിന്റെ പീഡനപർവം പങ്കുവയ്ക്കുമ്പോൾ അറിയാതെ നമ്മുടെ കണ്ണുകളും നിറഞ്ഞുപോകും. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് ഉദ്‌ഘോഷിച്ചിരുന്ന ഒരു ഭരണകൂടം കേരളം ഭരിക്കുമ്പോഴാണ് ജോസഫ് സാർ വേട്ടയാടപ്പെട്ടത്. ഭീകരവാദികൾക്ക് അദ്ദേഹത്തെ പെട്ടെന്ന് തിരിച്ചറിയാൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സരസ്വതി ദേവിയുടെ നഗ്‌നചിത്രം വരച്ചതിന് ഹിന്ദുത്വവാദികളുടെ എതിർപ്പ് നേരിടേണ്ടിവന്ന എം എഫ് ഹുസൈന് രവിവർമ്മ പുരസ്‌കാരം നല്കിയ അതേ എംഎ ബേബി , പ്രവാചകനെ നിന്ദിച്ച ജോസഫ് മാഷിനെ കയ്യാമം വച്ച് നടത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു.

ഒളിവിൽ പോയ ചോദ്യപേപ്പർ 'കുറ്റവാളി'യുടെ ബന്ധുവായ നോവലിസ്റ്റ് ജോയ്‌സിയെ തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ജോസഫ് മാഷിന്റെ മകൻ മിഥുന്റെ കഴുത്തിന് കുത്തിപ്പിടിച്ച് അവിടെ തമ്പടിച്ചിരുന്ന ഉയർന്ന ഉദ്യോഗസ്ഥരുടെ മുന്നിലേക്ക് കൊണ്ടുപോകുന്നത് ജോയ്‌സി നേരിട്ട് കണ്ടു. ക്രൂരമർദ്ദനമേറ്റ മിഥുൻ പിന്നീട് ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്യപ്പെട്ടു.

അവസാനം സ്വയം കീഴടങ്ങിയ ജോസഫ് മാഷിനെ വിലങ്ങണിയിച്ച് ചാനലുകാരുടെ മുന്നിൽ പ്രദർശിപ്പിച്ചു. വിവാദമായ ചോദ്യപേപ്പർ വിവാദം ബ്രിട്ടനിലോ ഫ്രാൻസിലോ ആയിരുന്നു സംഭവിച്ചിരുന്നതെങ്കിൽ അവിടുത്തെ ഭരണകൂടം അതിന്റെ എല്ലാ സംവിധാനങ്ങളും വിഭവങ്ങളും ഉപയോഗിച്ച് ജോസഫ് മാഷിന് സംരക്ഷണമൊരുക്കുമായിരുന്നു. കപടമതേതരത്വും ഒറിജിനൽ മതേതരത്വവും തമ്മിലുള്ള വ്യത്യാസവും ഇതുതന്നെയാണ്.

ജോസഫ് മാഷിന്റെ ചോദ്യപേപ്പറിൽ 'നിന്ദിക്കപ്പെട്ടത് ' വല്ല ശ്രീരാമനോ സരസ്വതിയോ ആയിരുന്നെങ്കിൽ മാഷിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പിന്തുണയും സംരക്ഷണവും കവചവുമായി വിപ്ലവവിദ്യാർത്ഥി-യുവജന സംഘടനകൾ മുന്നിൽ തന്നെ കാണുമായിരുന്നു.
തിരക്കഥയുടെ രീതിശാസ്ത്രം എന്ന ഗ്രന്ഥത്തിലെ പി ടി കുഞ്ഞുമുഹമ്മദ് ലേഖനത്തിലെ ഒരു സംഭാഷണശകലം അതേപോലെ പകർത്തുകയും എഴുത്തുകാരനോടുള്ള റഫറൻസ് കാണിക്കുവാനായി ഭ്രാന്തൻ കഥാപാത്രത്തിന് യാദൃശ്ചികമായി മുഹമ്മദ് എന്ന് പേര് നല്കിയതാണെന്ന് ജോസഫ് ആവർത്തിച്ച് ബോധിപ്പിച്ചെങ്കിലും വേട്ടക്കാരെ പ്രീണിപ്പിക്കാൻ ശ്രമിച്ചവർ അത് ചെവിക്കൊണ്ടില്ല.

പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ചുവെന്ന ആരോപണവും വ്യാഖ്യാനവും ആദ്യമായി കേട്ടപ്പോൾ സപ്തനാഡികളും തളർന്നുപോയെന്ന് ജോസഫ് മാഷ് നിസ്സഹായതയോടെ പറയുന്നത് കേൾക്കുമ്പോൾ കേരളാ മോഡൽ സെക്കുലറിസത്തോടെ മതജീവികളല്ലാത്ത ആർക്കും പുച്ഛം തോന്നിപ്പോകും.

പൊതുസമൂഹത്തിന്റെ മുന്നിൽ കൊടുംകുറ്റവാളിയാക്കി ചിത്രീകരിച്ച് ജയിലിൽ അടച്ച ഭരണകൂടം തന്നെയാണ് ജോസഫ് മാഷിന്റെ കൈവെട്ടി മാറ്റുന്നതിന് അനുകൂലമായ അന്തരീക്ഷം പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ഒരുക്കിക്കൊടുത്തത്. കൈവെട്ട് കേസിലെ ഒരു പ്രതി വാഴക്കുളം ബ്‌ളോക്ക് ഡിവിഷൻ തെരഞ്ഞെടുപ്പിൽ ജയിലിൽ കിടന്നുകൊണ്ട് തന്നെ മത്സരിച്ച് വിജയിച്ചു. വിശ്വാസികളുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങിയ പ്രതികൾ കോടതിവിധി കേട്ട് പൊട്ടിച്ചിരിച്ചു.

കയ്യും കാലും ഛേദിക്കപ്പെട്ടിട്ടും ജോലിയും ശമ്പളവും നിഷേധിക്കപ്പെട്ടിട്ടും ജീവിതസഖി ജീവനൊടുക്കിയിട്ടും ജോസഫ് മാഷ് അതിജീവിച്ചു. കേരളത്തിലെ അനുകൂലസാഹചര്യത്തിൽ പിറവിയെടുത്ത് ഇന്ത്യ മുഴുവൻ സ്വാധീനം വ്യാപിപ്പിച്ച ഒരു ഭീകരസംഘടനയെ നിരോധിക്കാൻ കേന്ദ്രസർക്കാർ കോടതി മുമ്പാകെ ചൂണ്ടിക്കാട്ടിയ ഒരു കാരണം അവർ ജോസഫ് മാഷിനെതിരെ നടത്തിയ നിന്ദ്യമായ ആക്രമണമായിരുന്നു. അറ്റുപോയ വിരലുകളാൽ ഹൃദയം ദ്രവീകരിക്കുന്ന ഭാഷയിൽ ജോസഫ് മാഷ് ഒരു പുസ്തകം എഴുതി. കേരളസാഹിത്യ അക്കാദമി അവാർഡ് ഒരുതരത്തിൽ മാഷിനോടുള്ള മാപ്പപേക്ഷ കൂടിയായിരുന്നു.

സ്വന്തം ചോരവീണ മണ്ണിൽ നിന്ന് ഉണർന്നെഴുന്നേറ്റ്, മലയാളത്തിന്റെ സാംസ്‌കാരിക നഭസ്സിൽ നക്ഷത്രച്ചിരിയോടെ ജോസഫ് മാഷ് ഇന്ന് ജീവിക്കുന്നു. കല്ലേറുകളെയും കല്ലറകളെയും അതിജീവിച്ച് ദൈവങ്ങൾ മാത്രമല്ല ചില മനുഷ്യരും ചിലകാലത്ത് ഉയർത്തെഴുന്നേൽക്കും.