- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്‌മെന്റ് ടാക്‌സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
പൂട്ടിക്കിടക്കുന്ന വീടുകൾ
ഒന്നരലക്ഷത്തോളം ഭവനങ്ങൾ കേരളത്തിൽ ആൾപ്പാർപ്പില്ലാതെ ഒഴിഞ്ഞുകിടക്കുന്നുവെന്ന ദീനരോദനം മിക്കപ്പോഴും ഉയരാറുണ്ട്. വീടുകൾ അടച്ചിടുന്നത് എന്തോ വലിയ ക്രൈമും അപരാധവുമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ഇനി നമുക്ക് വസ്തുതകളിലേക്ക് കടക്കാ. അടഞ്ഞുകിടക്കുന്ന വീടുകൾ മുഴുവൻ പ്രവാസികളുടേതാണ്. പത്തമ്പത് ലക്ഷത്തോളം മലയാളികൾ മെച്ചപ്പെട്ട ജീവിതം തേടി അന്യരാജ്യങ്ങളിൽ ജോലി ചെയ്യുന്നു.അവരിൽ മഹാഭൂരിപക്ഷവും ഗൾഫിലാണ്. പാശ്ചാത്യ രാജ്യങ്ങളിലും അമേരിക്കയിലും ജോലി ചെയ്യുന്നവരുടെ എണ്ണം പ്രവാസികളുടെ മൊത്തം ജനസംഖ്യയുമായി നോക്കുമ്പോൾ തുലോം തുച്ഛമാണ്.
മികച്ച ശമ്പളം ലഭിക്കുന്ന ഉയർന്ന ജോലി വിദേശത്തുള്ളവർക്ക് മാത്രമേ സ്വന്തം കുടുംബത്തെ കൂടെ കൂട്ടാൻ കഴിയുകയുള്ളു. അവർ ഭാഗ്യം ചെയ്തവരാണ്. ഭൂമിയിലെ സ്വർഗ്ഗം അവർക്കുള്ളതാണ്.
ബഹുഭൂരിപക്ഷം പ്രവാസികൾക്കും അവരുടെ പങ്കാളികൾക്കും ജീവിതം പ്രേമസുരഭിലവും യൗവനതീഷ്ണവുമായിരിക്കുന്ന കാലത്ത് ലൈംഗികതയുടെ സൗരഭ്യവും സംഗീതവും നിഷേധിക്കപ്പെടുന്നു. ഓമനമക്കളുടെ പിച്ചാപിച്ച നടത്തം കണ്ടുനിറയാനുള്ള ഭാഗ്യം പോലും ലഭിക്കാത്തവരാണ് ഇന്നാട്ടിലെ പത്തേമാരി അച്ഛന്മാർ.
സ്വന്തമായി പത്തു സെന്റ് ഭൂമിയും അതിലൊരു വീടും എന്ന സ്വപ്നസാക്ഷാത്ക്കാരത്തിനായി ജീവിതത്തിന്റെ വസന്തം മുഴുവനും മണലാരണ്യത്തിലും ലേബർ ക്യാംപുകളിലും ഹോമിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർ. അവർക്ക് തീഷ്ണവികാരങ്ങളുണ്ട്, ശരീരകാമനകളുണ്ട്.
നാട്ടിലെ വീടുകളിൽ അതേ വികാരവിചാരങ്ങളെ സ്വയം അടിച്ചമർത്തി കഴിയുന്ന അവരുടെ പങ്കാളികളുണ്ട്.
പൂട്ടികിടക്കാത്ത വീടുകളിൽ ഇണയുടെ സാമീപ്യവും സ്പർശവും ലഭിക്കാനാവാതെ പുകയുന്ന ആത്മാക്കളുടെ സംഘർഷവും സങ്കടവും ഒറ്റപ്പെടലും തിരിച്ചറിയപ്പെടാതെ പോകുന്നു. ജനിച്ചുവളർന്ന നാട്ടിൽ നല്ലൊരു ജീവിതം കരുപ്പിടിപ്പാക്കാനുള്ള അവസരമില്ലാത്തതിനാലാണ് പ്രാഥമിക തൊഴിലവകാശങ്ങൾ പോലും നിലവിലില്ലാത്ത അറേബ്യൻ രാജ്യങ്ങളിൽ മലയാളിക്ക് അലയേണ്ടിവരുന്നത്.
കുടുംബത്തെ കൂടെ കൂട്ടിയിട്ടുള്ള പ്രവാസികളും നാട്ടിൽ വീടു പണിയുന്നു. ജീവിതസായാഹ്നത്തിൽ ജനിച്ചുവളർന്ന മണ്ണിലേക്ക് തിരിച്ചുവന്ന് ഇവിടെ കിടന്ന് മരിക്കണമെന്നുള്ള ആഗ്രഹത്താലാണ് പാശ്ചാത്യ പളപളപ്പിൽ ജീവിക്കുന്നവർ പോലും നാട്ടിൽ വീട് കെട്ടിപ്പൊക്കുന്നത്. അവരെ കുറ്റം പറയാൻ ആർക്കും അവകാശമില്ല.
ഒരു വീട് പൂട്ടിക്കിടക്കുന്നത് കാണുമ്പോൾ അവിടെ താമസിച്ചിരുന്ന കുടുംബം വിദേശത്തെവിടെയൊ ആഹ്‌ളാദത്തോടെ ഒന്നിച്ചു ജീവിക്കുന്നുവെന്ന് കരുതി സമാധാനിക്കുകയാണ് വേണ്ടത്. വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് എന്തോ വലിയ അപരാധമാണെന്ന അസൂയ കലർന്ന ചിന്തയിൽ നിന്നാണ് പണിഷ്‌മെന്റ് ടാക്‌സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്.
തുറന്നുകിടക്കുന്ന വീടുകളുടെ അകത്തളങ്ങളിൽ യൗവനം ലോക്കുചെയ്യപ്പെട്ട് കഴിയുന്ന ജന്മങ്ങളുടെ തീരാവേദനയാണ് ചർച്ച ചെയ്യപ്പെടേണ്ടത്.
വിരഹനോവിന് നികുതി ഏർപ്പെടുത്തിയാൽ ഒരുപക്ഷേ ഇന്ത്യയിലെ ഏറ്റവും സമ്പന്ന സംസ്ഥാനമായി കേരളം മാറിയേക്കാം