ജാതി മത വിഭാഗങ്ങളെ പരമാവധി പ്രീണിപ്പിച്ച് പരമാവധി വോട്ട് നേടാൻ ശ്രമിക്കുന്ന മറ്റൊരു രാഷ്ട്രീയക്കാരൻ മാത്രമാണ് രാഹുൽ ഗാന്ധി. ഗുജറാത്തിലെ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതിനെ പറ്റി അദ്ദേഹം സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി മേൽക്കോടതികൾ എടുത്ത് തോട്ടിലെറിയും. അക്കാര്യത്തിൽ ഒരു സംശയവുമില്ല. ഇനി രാഹുലിന്റെ പ്രസംഗത്തിന്റെ കാമ്പിലേക്ക് വരാം.

ലളിത് മോദി, നീരവ് മോദി, നരേന്ദ്രമോദി തട്ടിപ്പും വെട്ടിപ്പും നടത്തിയ ആദ്യത്തെ രണ്ട് മോദിമാരെ പോലെ പ്രധാനമന്ത്രി മോദിയും ഒരു കാട്ടുകള്ളനാണ്. ഇതായിരുന്നു രാഹുൽജിയുടെ പ്രസംഗം. ഈ ആരോപണമാണ് പരിശോധിക്കപ്പെടേണ്ടത്. 2001 മുതൽ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി. അദ്ദേഹത്തിന് ഭാര്യയില്ല മക്കളില്ല സഹോദരങ്ങൾ ഏറ്റവും സാധാരണക്കാരായി ജീവിക്കുന്നു. മോദിയുടെ മുഖ്യമന്ത്രി പദം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ജീവിതനിലവാരത്തിൽ ശൈലിയിൽ ഒരു മാറ്റവും വരുത്തിയില്ല.

കഴിഞ്ഞ ഒമ്പത് വർഷമായി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. കേന്ദ്രമന്ത്രിസഭയിലെ ഒരാൾക്ക് നേരെ പോലും ഇന്നുവരെ ഒരു അഴിമതിയാരോപണവും ഉയർന്നിട്ടില്ല. മൂന്നാം ക്ലാസ് മുതൽ പത്രം വായിക്കുന്ന ഈയുള്ളവന് ഇങ്ങനെയൊരു കറപ്ഷൻ ഫ്രീ ഗവൺമെന്റ് ഓർമ്മയിലില്ല. റാഫേൽ വിമാനങ്ങൾ വാങ്ങിയതിൽ വലിയ അഴിമതി നടന്നെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. സുപ്രീം കോടതി മേൽനോട്ടത്തിൽ നടന്ന അന്വേഷണം റാഫേൽ ഉണ്ടയില്ലാ വെടിയാണെന്ന് തെളിയിക്കപ്പെട്ടു. അഴിമതിയുടെ കറപുരളാത്ത പ്രധാനമന്ത്രിയെ ചൗക്കിദാർ ചോർ ഹേ എന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. കാവൽക്കാരൻ കള്ളനാണ് എന്ന അധിക്ഷേപത്തിനെതിരെ സുപ്രീംകോടതി തന്നെ രാഹുലിനെതിരെ തിരിഞ്ഞിരുന്നു. യുപിഎ ഭരണകാലത്ത് റാഫേൽ ഇടപാടിൽ അഴിമതി നടന്നുവെന്ന വാർത്ത തെളിവ് സഹിതം ഒരു ഫ്രഞ്ച് മാധ്യമം പുറത്തുവിട്ടതിന് ശേഷം രാഹുൽ റാഫേൽ എന്നൊരു വാക്ക് പോലും ഉച്ചരിച്ചിട്ടില്ല.

സോണിയാഗാന്ധിയുടെ റിമോട്ടിലായിരുന്നു യുപിഎ ഭരണം. തീവെട്ടിക്കൊള്ള നടന്ന ഇക്കാലത്ത് യുവരാജാവിന്റെ കസേരയിൽ രാഹുൽ ഗാന്ധിയായിരുന്നു വിരാജിച്ചത്. ദരിദ്ര ഇന്ത്യയുടെ വിഭവങ്ങൾ കൊള്ളയടിച്ച ലാലു യാദവുമാരുടെ തോളിൽ കയ്യിട്ട് നടന്ന രാഹുലിന് കോൺഗ്രസ് നേതാക്കളൂടെ ലൂട്ടിങ് ഒരുകാലത്തും ഒരു വിഷയമേയായിരുന്നില്ല. രാജീവ് ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഒരു മലയാളി വരെ 150 കോടി വെട്ടിച്ചെന്ന് കേട്ടിട്ടുണ്ട്.ഘടകകക്ഷികൾ ഖജനാവ് മൊത്തത്തിൽ വിഴുങ്ങുന്ന കാലത്ത് നിശ്ശബ്ദതയുടെ ഉപാസകനായിരുന്നു രാഹുൽ.

വാജ്‌പേയിയുടെ ഭരണകാലത്തും വൻ അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ മോദിയുടെ ഈ ഒമ്പത് വർഷം ഇന്ത്യയ്ക്ക് പഴയ ഇരുണ്ട കറപ്ഷൻ രാജിൽ നിന്നുള്ള ഒരു മോചനക്കാലമായിരുന്നു. ഭരിക്കാനായി ജനിച്ചവർ എന്ന മെഗലോമാനിയയുടെ പിടിയിലാണ് ഇന്നും നെഹ്‌റു കുടുംബം. എന്റെ രക്തം കുലീനരക്തം എന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചുറപ്പിച്ച് പറയുന്നത് അതുകൊണ്ടാണ്. ഈ ഫാമിലിയുടെ അടിമയാകാൻ വിസ്സമിതിച്ച പ്രധാനമന്ത്രിയായിരുന്നു നരസിംഹ റാവു. അദ്ദേഹത്തിന്റെ ശവശരീരം ഡൽഹി കോൺഗ്രസ് ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കാൻ പോലും സോണിയാഗാന്ധി അനുവദിച്ചില്ല. ആധുനിക ഇന്ത്യൻ ഇക്കോണമിയുടെ പിതാവിന്റെ ജഡം ഡൽഹിയിൽ സംസ്‌ക്കരിക്കാൻ യുപിഎ സർക്കാർ സമ്മതിച്ചില്ല. അവസാനം ഹൈദരാബാദിൽ, അനാഥപ്രേതം പോലെ പാതിമാത്രം കത്തി നരസിംഹ റാവുവിന്റെ തിരസ്‌കൃതജീവിതം അവസാനിച്ചു.

ഇന്ദ്രപ്രസ്ഥത്തിലെ അധികാരത്തിന്റെ രാജസിംഹാസനത്തിൽ നിന്ന് രാഹുൽ ഫാമിലി പുറത്താക്കപ്പെട്ടിട്ട് ഒരു ദശകം പൂർത്തിയാകുന്നു. ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പിലൂടെ ഇന്ത്യയിലെ ജനങ്ങളാണ് തങ്ങൾക്ക് ഈ അധോഗതി വരുത്തിയതെന്നുള്ള വസ്തുത ഉൾക്കൊള്ളാൻ സോണിയാഗാന്ധിയും മക്കളും ഇന്നുവരെ തയ്യാറായിട്ടില്ല. ഗുജറാത്തിലെ ഒരു ചായക്കടക്കാരന്റെ മകൻ രാജ്യത്തിന്റെ ഭരണാധികാരിയായതും ആദിവാസി സ്ത്രീ രാഷ്ട്രപതിയായതും ഇന്ത്യൻ ഡമോക്രസിയുടെ ശക്തിയും തിളക്കവുമാണെന്ന് രാഹുൽ തിരിച്ചറിയേണ്ടിയിരിക്കുന്നു. നെഹ്‌റു കുടുംബത്തോട് പഴയ ആരാധനയും രോമാഞ്ചവും ഇപ്പോഴുമുള്ളത് മലയാളികൾക്ക് മാത്രമാണ്. പഴയ പ്രജകൾ ജനാധിപത്യത്തിലൂടെ അധികാരസ്ഥാനങ്ങളിൽ എത്തുന്നത് കാണുമ്പോൾ രാജപാരമ്പര്യത്തിൽ വീമ്പുകൊള്ളുന്നവർക്കുണ്ടാകുന്ന അസഹിഷ്ണുതയിൽ നിന്ന് മോചനം നേടാത്തതിന്റെ വൈകാരിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തനാകുവാൻ രാഹുൽ ഇനിയെങ്കിലും ശ്രമിക്കണം. സ്‌ക്കൂൾ ഡ്രോപ്പൗട്ടാണ് നരേന്ദ്രമോദി.

എന്നാൽ അദ്ദേഹത്തിന്റെ മന്ത്രിമാർ അശ്വിനി കുമാർ വൈഷ്ണവ്, പിയുഷ് ഗോയൽ, ജയശങ്കർ ,നിർമ്മലാ സീതാരാമൻ തുടങ്ങിയ തുടങ്ങിയ തിളങ്ങുന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. പശു, ചാണകം മൂന്നാംകിട ഐറ്റംസിനെ ഭരണത്തിന്റെ ഏഴയലത്ത് പോലും അടുപ്പിക്കാത്തതുകൊണ്ടാണ് മികച്ച ഭരണം കാഴ്ചവയ്ക്കാൻ മോദിക്ക് കഴിയുന്നത്. കോൺഗ്രസ് കേന്ദ്രം ഭരിക്കുന്ന കാലത്ത് നെഹ്‌റു കുടുംബത്തിന്റെ അടിമകൾക്ക് മാത്രമായിരുന്നു ഭരണത്തിൽ ഉന്നതസ്ഥാനങ്ങൾ ലഭിച്ചിരിക്കുന്നത്..

അദാനിയുടെ ഏതെങ്കിലും കമ്പനിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് മോദിയുടെ കുടുംബക്കാർ ഇല്ല. ഒരു ഗൾഫ് ബിസിനസുകാരനായ യൂസഫലി കേരളത്തിലെ രാഷ്ട്രീയനേതാക്കളുടെ ചങ്കാണ്. തൊഴിലാളി വർഗ്ഗ പാർട്ടി നേതാക്കൾ വരെ ഗൾഫിലെത്തുമ്പോൾ യൂസഫലിയുടെ നിഴലായാണ് നടക്കുന്നത്. ഒരു മലയാളി വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തതിൽ നമുക്കെല്ലാവർക്കും പ്രത്യേകിച്ച് ഇവിടുത്തെ രാഷ്ട്രീയ നേതാക്കൾക്ക് വലിയ സന്തോഷമാണ്. അതുപോലെതന്നെയാണ് അദാനിയും. ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ചർ വികസനത്തിൽ വലിയ പങ്ക് വഹിക്കുന്ന അദാനിയുടെ കമ്പനികൾ തട്ടിപ്പ് നടത്തിയെങ്കിൽ ആഡംസ്മിത്ത് വിഭാവനം ചെയ്ത മാർക്കറ്റിലെ നിയമങ്ങൾ നല്ല പണി കൊടുത്തിരിക്കും. അതാണ് സ്വയം കറക്റ്റ് ചെയ്യുന്ന കമ്പോളത്തിന്റെ ധാർമ്മിക സദാചാരം.

ബിജെപിക്ക് വൻകിട കമ്പനികളിൽ നിന്ന് വൻതോതിൽ ഫണ്ട് ലഭിക്കുന്നുണ്ട്. മുമ്പ് കോൺഗ്രസായിരുന്നു കോർപ്പറേറ്റ് ഫണ്ടിംഗിന്റെ മുഖ്യഗുണഭോക്താവ്. അതാതുകാലത്തെ ശക്തമായ രാഷ്ട്രീയ കക്ഷികൾക്ക് പണം നല്കി അവരെ പ്രീണിപ്പിക്കാൻ ബിസിനസുകാരും വ്യവസായികളും ശ്രമിക്കാറുണ്ട്. രാവിലെ മുതൽ പാതിരാത്രി വരെ ഡബ് ചെയ്ത മൂന്നാംകിട തമിഴ് പടങ്ങൾ മാത്രം സംപ്രേഷണം ചെയ്യുന്ന, കാഴ്ചക്കാരേയില്ലാത്ത, കൈരളി ചാനലിൽ, ഓരോ അഞ്ച് മിനിറ്റ് കൂടുമ്പോഴും പരസ്യം വരുന്നത് അത് കേരളം ഭരിക്കുന്ന അല്ലെങ്കിൽ ഏറ്റവും ശക്തമായ രാഷ്ട്രീയ പാർട്ടിയുടെ ചാനലായതുകൊണ്ടാണ്. ഇതേകാരണത്താലാണ് ബിജെപി ഇപ്പോൾ ഒരു അതിസമ്പന്ന രാഷ്ട്രീയ പ്രസ്ഥാനമായി മാറിയത്. ജനാധിപത്യത്തിന്റെ ഉയർന്ന മൂല്യങ്ങളിൽ നിന്ന് നോക്കിയാൽ രാഷ്ട്രീയ പാർട്ടികൾ വൻകിടക്കാരിൽ നിന്ന് സാമ്പത്തിക സഹായം കൈപ്പറ്റുന്നത് നൈതികമായി ശരിയല്ല. പാശ്ചാത്യ ലിബറൽ ഡമോക്രസിയുടെ ഉയർന്ന തലത്തിലേക്ക് ഇന്ത്യൻ ജനാധിപത്യം വികസിക്കുമ്പോൾ ഇത്തരം അനഭിലഷണീയമായ പ്രവണതകൾ ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കാം.

രാഹുൽ ഗാന്ധിയുടെ തടവ് ശിക്ഷ പ്രതിപക്ഷത്തിന് ഒരുതരത്തിലും ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല. പണ്ട് കർണാടക മുഖ്യമന്ത്രിയായിരുന്ന ദേവഗൗഡ ചുളുവിൽ പ്രധാനമന്ത്രി ആയതുപോലെ പിഎം സിംഹാസനം സ്വപ്നം കണ്ട് നടക്കുന്നവരാണ് മമതി ബാനർജി തൊട്ട് സ്റ്റാലിൻ തൊട്ട് ചന്ദ്രശേഖർ റാവു തൊട്ട് നിതീഷ് കുമാർ വരെയുള്ള എല്ലാ നേതാക്കളും. കോൺഗ്രസിനെ ദുർബലമാക്കാൻ അടിപ്പാര പണിയുന്ന ഈ അധികാരദുർമോഹികൾ ഒരു കാലത്തും രാഹുൽ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കാൻ തയ്യാറാവില്ല.

രാഹുൽ ഗാന്ധി ജനങ്ങളോട് നേരിട്ട് ഇടപഴകുന്ന രീതി അനുകരണീയമാണ്. അദ്ദേഹത്തിന് വ്യക്തിപരമായി ഒത്തിരി നല്ല ഗുണങ്ങളുണ്ട്. പക്ഷേ ജനവിധി എതിരായാൽ ജനാധിപത്യത്തെ പുച്ഛിക്കുന്ന സമീപനം ഒരു ആധുനിക യുവനേതാവിന് ഒട്ടും ചേർന്നതല്ല. ബിജെപയുടെ സൈബർ സെല്ലും കേരളത്തിലെ ഇടത് പ്രൈഫൈലുകളും( വയനാട്ടിൽ സ്ഥാനാർത്ഥിയായതിന് ശേഷം) രാഹുലിനെ വ്യക്തിപരമായി ഒത്തിരി അധിക്ഷേപിച്ചിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ച് സജീവമായി രാഷ്ട്രീയത്തിൽ നിലനിൽക്കാൻ കഴിഞ്ഞത് വലിയ നേട്ടം തന്നെയാണ്. രാഹുൽ ഗാന്ധി ഒരു വലിയ സംഭവമാണെന്നാണ് സ്വയം കരുതുന്നതെങ്കിലും അതിനുള്ള സ്റ്റഫൊന്നും അദ്ദേഹത്തിൽ ഇല്ലെന്ന് ബറാക് ഒബാമ എഴുതിയതിനെ അന്വർത്ഥമാക്കുന്ന ശൈലിയിലുള്ള കുടുംബ പാരമ്പര്യ മെഗലോമാനിയ ചാപല്യങ്ങളിൽ നിന്ന് വിടുതൽ പ്രാപിച്ച് ഭാരതത്തിന്റെ നേതാവായി വളരാൻ അദ്ദേഹത്തിന് കഴിയട്ടേയെന്ന് ആശംസിക്കുന്നു.