മലയാള സിനിമാ ചരിത്രത്തിലെ റെക്കോർഡ് കളക്ഷൻ ഏറ്റുവാങ്ങിയ ചിത്രമെന്ന ഖ്യാതി ഇനി ഒപ്പത്തിന്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത അൽഫോൻസ് പുത്രൻ- നിവിൻ പോളി ചിത്രമായ പ്രേമത്തിന്റെ കളക്ഷൻ റെക്കോർഡ് തകർത്താണ് പ്രിയദർശൻ- മോഹൻലാൽ ചിത്രം ഒപ്പം മുന്നേറുന്നത്. പ്രേമത്തിന്റെ കളക്ഷൻ ആദ്യ ഒരാഴ്ചയിൽ 10.40 കോടി രൂപയായിരുന്നെങ്കിൽ ഒപ്പത്തിന് ആദ്യ ഏഴു ദിവസം 12.6 കോടിയാണ്.

ഇതിൽ ആറു കോടി ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഷെയർ ആണ്. മലയാളത്തിൽ ഏറ്റവും വേഗത്തിൽ പത്തു കോടി കളക്ഷൻ നേടുന്ന ചിത്രമായിരിക്കുകയാണ് ഒപ്പം. ചിത്രം 104 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്തത്. റിലീസിന്റെ ആദ്യ ദിനം തന്നെ 1.56 കോടി രൂപ നേടിയിരുന്നു.

റെക്കോർഡ് കളക്ഷൻ നേടി മുന്നേറുന്ന ചിത്രം ഹിന്ദിയിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുണ്ട്. സിനിമ കണ്ട് താൽപ്പര്യം കയറിയ ഉലകനായകൻ കമൽഹാസനാണ് സിനിമയുടെ തമിഴ്പതിപ്പിന് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. സിനിമ കണ്ട താരം ലാലിനെയും പ്രിയനെയും ഫോണിൽ വിളിച്ച് അഭിനന്ദിച്ചെന്നും തമിഴിൽ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെന്നും വാർത്തകളുണ്ട്. നേരത്തേ പ്രിയൻ തന്നെ ഹിന്ദിയിൽ സിനിമ ഒരുക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കമൽ തമിഴിലേക്ക് ആഗ്രഹം പ്രകടിപ്പിച്ചതായുള്ള വർത്തമാനങ്ങളും വരുന്നത്.

ഒരു കാലത്തെ മലയാളത്തിലെ സ്ഥിരം ഹിറ്റ്മേക്കർമാരായ പ്രിയൻ മോഹൻലാൽ ടീം ദീർഘകാലത്തിന് ശേഷമാണ് കേരളത്തിൽ വൻ കളക്ഷൻ നേടുന്ന സിനിമയുടെ ഭാഗമാകുന്നത്. മോഹൻലാൽ ജയരാമൻ എന്ന അന്ധനെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അനുശ്രീയും വിമലാരാമനുമായിരുന്നു നായികമാർ. അതേസമയം ഒപ്പത്തിന്റെ ആദ്യരൂപം ആരാധകർ കണ്ടതിൽ പ്രേമം സംവിധായകന്റെ കയ്യൊപ്പും ഉണ്ടായിരുന്നു എന്നതാണ് വ്യത്യസ്തത. ഒപ്പത്തിന്റെ ട്രെയ്ലർ എഡിറ്റ് ചെയ്തത് മലയാളത്തിലെ മികച്ച എഡിറ്റർമാരിൽ ഒരാൾ കൂടിയായ അൽഫോൻസ് പുത്രനായിരുന്നു. വീഡിയോ ഷെയറിങ് വെബ്സൈറ്റുകളിൽ ഇത് വൻ ശ്രദ്ധയാണ് കവർന്നത്.