തിരുവനന്തപുരം: കബാലി തരംഗത്തിനിടെ മോഹൻലാൽ ആരാധകർക്കും ആഘോഷിക്കാനായി 'ഒപ്പം' എത്തി. പ്രിയദർശൻ ചിത്രത്തിന്റെ ട്രെയിലറാണ് ഇന്നു പുറത്തിറങ്ങിയത്.

അന്ധനായി മോഹൻലാൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ആരാധകരെ തൃപ്തിപ്പെടുത്തുന്നതാണ്. പ്രിയദർശൻ ആദ്യമായി ഒരു സസ്പെൻസ് ത്രില്ലർ ഒരുക്കുന്നു എന്നതാണ് ഒപ്പത്തെ സംബന്ധിച്ചുള്ള ആദ്യത്തെ പ്രത്യേകത.

ചിത്രത്തിന്റെ ട്രെയിലർ എഡിറ്റ് ചെയ്തിരിക്കുന്നത് അൽഫോൻസ് പുത്രനാണ്. ഒരുമിനിട്ട് 46 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലറിൽ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം എത്തുന്നു.

മോഹൻലാൽ അന്ധനായ കഥാപാത്രമായാണ് എത്തുന്നത്. ഒരു കൊലപാതകത്തിന് സാക്ഷിയാകുന്ന അന്ധനായ നായകൻ, പ്രതിയായി മുദ്രകുത്തപ്പെടുകയും തന്റെ നിരപരാതിത്വം തെളിയിക്കാനുള്ള അയാളുടെ ശ്രമങ്ങളുമാണ് ഒപ്പം എന്ന ചിത്രം. വിമല രാമനാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

നെടുമുടി വേണു, ബേബി മീനാക്ഷി, ഇടവേള ബാബു, ചെമ്പൻ വിനോദ്, രൺജി പണിക്കർ, അനുശ്രീ, സിദ്ദിഖ്, അജു, സമുദ്രക്കനി, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രിയദർശൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രാഹണം നിർവ്വഹിക്കുന്നത് എൻകെ ഏകാമ്പരനാണ്. സിനിമ ഓണാഘോഷത്തിന്റെ ഭാഗമായി തിയേറ്ററുകളിലെത്തും.