തിരുവനന്തപുരം: പ്രതിപക്ഷം വളരെ ദുർബലമാണ് കേരളത്തിലെന്ന വാദങ്ങൾ കുറച്ചുകാലമായി നിലനിൽക്കുന്നതാണ്. അടുത്തകാലത്തെ സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ ഒരു സമരം സംഘടിപ്പിക്കാൻ ചെന്നിത്തല നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. ഉന്നയിക്കാൻ വിഷയങ്ങൾ ഇഷ്ടംപോലെ ഉണ്ടായിട്ടും ഒന്നും ഫലം കാണാത്ത അവസ്ഥയാണ് പ്രതിപക്ഷത്തുള്ളത്. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് സമരം തുടങ്ങിയെങ്കിലും അതൊന്നും വിജയിക്കാൻ പോകുന്നില്ലെന്ന ബോധ്യം പ്രതപക്ഷത്തിന് ഇപ്പോഴുമുണ്ട്.

ഓണം, ബക്രീദ് കൂടി വരുമ്പോൾ സത്യാഗ്രഹമിരിക്കുന്ന പ്രതിപക്ഷ എംഎൽഎമാർക്ക് വീട്ടിൽ പോകാൻ ധൃതിയായിട്ടുണ്ട്. അതുകൊണ്ട് തന്നെ മന്ത്രി ശൈലജയെ രാജിവെപ്പിച്ച് മടങ്ങാം എന്ന ആലോചന വെറുതേയാകുമെന്നത് ഉറപ്പാണ്. ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎ‍ൽഎ.മാർ നടത്തുന്ന സമരം ഇന്ന് അവസാനിപ്പിക്കാനാണ് സാധ്യത്. നിയമസഭ പിരിയുന്നതിലാണ് എംഎ‍ൽഎ.മാരുടെ സത്യാഗ്രഹം അവസാനിപ്പിക്കുന്നത്.

നിയമസഭാ കവാടത്തിൽ നടത്തിവരുന്ന സമരം മൂന്നാംദിവസം പിന്നിട്ടു. ബുധനാഴ്ചയും പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്‌കരിച്ച് സത്യാഗ്രഹമിരിക്കുന്ന എംഎ‍ൽഎ.മാർക്ക് അഭിവാദ്യങ്ങളർപ്പിച്ചു. കെപിസിസി. പ്രസിഡന്റ് എം.എം.ഹസൻ, മുസ്ലിംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി., മന്ത്രിമാരായ തോമസ് ഐസക്ക്, കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ മന്ത്രിമാരായ ഷിബു ബേബിജോൺ, വി.സുരേന്ദ്രൻ പിള്ള, കേരളാ കോൺഗ്രസ് ജേക്കബ് ചെയർമാൻ ജോണി നെല്ലൂർ തുടങ്ങിയവർ സമരം നടത്തുന്ന എംഎ‍ൽഎ.മാരെ സന്ദർശിച്ചു.

സമരം പുറത്തേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ചും യുഡിഎഫ് നേതൃത്വം ഉടൻ തീരുമാനമെടുത്തേക്കും. തുടർച്ചയായി പരാജയപ്പെടുന്നവരാണ് പ്രതിപക്ഷത്തുള്ളതെന്ന വിമർശനം ഇപ്പോൾ തന്നെ ശക്തമാണ്. അതിനിടെ മന്ത്രിക്കെതിരെ പുതിയ ആരോപണവും പ്രതിപക്ഷം കൊണ്ടുവന്നിട്ടുണ്ട്. കെ.എച്ച്.ആർ.ഡബ്ല്യു.എസ് മാനേജിങ് ഡയറക്ടർ നിയമനത്തിൽ ക്രമക്കേട് നടത്തി എന്നതാണ് ആരോപണം. അപേക്ഷ സ്വീകരിക്കാതെയാണ് നിയമനം നടന്നത്. കേരള ഇൻഡസ്ട്രിയൽ ഡെവലപമന്റെ് കോർപറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ ആയിരുന്ന അശോക് ലാലിനെ കെ.എച്ച്.ആർ.ഡബ്ല്യു.എസ് മാനേജിങ് ഡയറക്ടറായി നിയമിച്ച് ഉത്തവ് പുറപ്പെടുവിക്കണമെന്ന് മന്ത്രി കെ.കെ. െൈശലജ 2016 ഓഗസ്റ്റ് അഞ്ചിന് കുറിപ്പ് നൽകി.

ഇതിൽ അശോക് ലാലിന്റെ അപേക്ഷ ലഭ്യമല്ലെന്ന് ആരോഗ്യ വകുപ്പിന്റെ കുറിപ്പിലും വ്യക്തമാക്കുന്നു. നിയമന ഉത്തരവ് ഇറങ്ങും മുമ്പ് മുഖ്യമന്ത്രി കണ്ടില്ല. ഇ.പി. ജയരാജൻ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നത് ഇതേ സാഹചര്യത്തിലായെിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് കാബിനറ്റിലാണ് ഇത്തരം തീരുമാനങ്ങൾ എടുക്കാറുണ്ടായിരുന്നത്. ആരോഗ്യമന്ത്രിയെ തുടർച്ചയായി കോടതി കുറ്റപ്പെടുത്തിയിട്ടും സർക്കാറിന്റെ മൗനം അത്ഭുതപ്പെടുത്തുന്നു. മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധകരമാണ്.

മന്ത്രി ശൈലജയുടെ രാജിയില്ലാതെ പ്രതിപക്ഷം പിന്നോട്ടില്ല. സ്വാശ്രയ മെഡിക്കൽ പ്രവേശനം, ബാലാവകാശ കമീഷൻ നിയമനം എന്നീ വിഷയങ്ങളിൽ ശൈലജക്ക് സ്വന്തം താൽപര്യമാണ് ഉണ്ടായിരുന്നത്. തൽപരകക്ഷികളുടെ താളത്തിനൊത്ത് തുള്ളിയ ഈ സർക്കാർ കുറ്റവാളിയായാണ് ഇപ്പോൾ ജനങ്ങളുടെ മുമ്പിൽ നിൽക്കുന്നത്. ജനാധിപത്യത്തിൽ എക്‌സിക്യൂട്ടിവ് പരാജയപ്പെടുമ്പോളാണ് ജുഡീഷ്യറി ഇടപെടുന്നതെന്നും ചെന്നിത്തല പറഞ്ഞു.