തിരുവനന്തപുരം: കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രതികളെ മോചിപ്പിക്കാൻ സർക്കാർ നടത്തുന്ന നീക്കത്തിനെതിരെ സഭയിൽ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. ടിപി കേസ് പ്രതികൾ ഉൾപ്പെടെയുള്ളവർക്ക് നിരന്തരം പരോൾ നൽകുകയും ഇപ്പോൾ പുറത്തിറക്കാനുള്ള നീക്കം നടത്തുകയും ചെയ്യുകയാണ് സർക്കാർ എന്നതുൾപ്പെടെ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നീക്കം നടത്തിയത്. ടിപി കേസ് പ്രതിയായ കുഞ്ഞനന്തനെ പ്രായത്തിന്റെ ആനുകൂല്യം നൽകി പുറത്തിറക്കാൻ സർക്കാർ നീക്കം നടത്തുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

എന്നാൽ എല്ലാ സർക്കാരും ചെയ്യുന്നതേ ഈ സർക്കാരും ചെയ്യുന്നുള്ളൂ എന്നായിരുന്നു സർക്കാരിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ മറുപടി നൽകിയത്. വർഷങ്ങളായി പരോൾ ലഭിക്കാത്ത പ്രതികളുണ്ട്. ഇത്തരത്തിൽ 30 പേരുടെ ലിസ്റ്റാണ് പരിശോധിച്ചത്. ഇതിൽ 19 പേരുടെ കാര്യമാണ് പരിഗണിച്ചത്. ഇതിൽ യുഡിഎഫുകാരുമുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്തും ഇത്തരത്തിൽ നടപടികൾ സ്വീകരിച്ചിരുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പരോൾ പ്രതി പാർട്ടി ഓഫീസുകൾ ഉൾപ്പെടെ ഉദ്ഘാടനം ചെയ്യാറുണ്ടോ എന്നു ചോദിച്ചായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയത്തിൽ പ്രതികരിച്ചത്. അതേസമയം കുഞ്ഞനന്തന്റെ മോചന സാധ്യത തള്ളാതെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത് എന്നതും ശ്രദ്ധേയമാണ്. നിയമപ്രകാരമാണ് പരോൾ അനുവദിക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രി നൽകുന്ന മറുപടി. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തിര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ടി.പി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തനെ ജയിൽ മോചിതനാക്കാൻ സർക്കാർ ശ്രമം തുടങ്ങിയെന്ന വിവരം പുറത്തുവന്നതോടെ ഇത് വലിയ ചർച്ചയായി. ഇതോടൊപ്പം പരിധിവിട്ട് കുഞ്ഞനന്തൻ ഉൾപ്പെടെയുള്ള ടിപി കേസ് പ്രതികൾക്ക് പരോൾ നൽകിയതും വിവാദത്തിലായി. ടി.പി കേസ് പ്രതികളായ കുഞ്ഞനന്തനും കെ.സി രാമചന്ദ്രനും അടക്കം 1800 പേർക്ക് ശിക്ഷായിളവ് നൽകാനായി ജയിൽ വകുപ്പ് തയാറാക്കിയ പട്ടിക ഗവർണർ നേരത്തേ തള്ളിയിരുന്നു.

പലരേയും ജയിൽ മോചിതനാക്കാനായിരുന്നു ഈ നീക്കം. മറുനാടൻ മലയാളി ഈ വിവരം റിപ്പോർട്ട് ചെയ്തതോടെ വലിയ പ്രതിഷേധമാണ് സർക്കാരിന്റെ നീക്കത്തിനെതിരെ ഉയർന്നത്. ഇത് വലിയ ചർച്ചായാവുകയും ചെയ്തതിന് പിന്നാലെ സർക്കാർ നൽകിയ ലിസ്റ്റ് ഗവർണർ തള്ളുകയായിരുന്നു. പിന്നീട് ടി.പി കേസ് പ്രതികളെ ഒഴിവാക്കി പുതിയ പട്ടിക നൽകി. ഇതിനുപിന്നാലെയാണ് പ്രായപരിധിയുടെ പേരിൽ ടി.പി കേസ് പ്രതികളെ പുറത്തിറക്കാൻ ശ്രമം തുടങ്ങിയതും അതും വിവാദത്തിലാകുന്നതും.

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വഴിവിട്ട് പരോൾ അനുവദിച്ചതായി വിവരാവകാശ രേഖ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തുവന്നതോടെയാണ് പരോൾ അനുവദിച്ച് സിപിഎമ്മുകാരായ പ്രതികളെ പുറത്ത് വിലസാൻ അവസരം നൽകുന്നത് വിവാദത്തിലാവുന്നത്. പതിമൂന്നാം പ്രതി പി.കുഞ്ഞനന്തന് 144 ദിവസവും എട്ടാം പ്രതി കെ.സി.രാമചന്ദ്രന് 90 ദിവസവും പരോൾ അനുവദിച്ചുവെന്നാണ് രേഖകളിൽ നിന്ന് വ്യക്തമായത്. ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയ്ക്ക് ജയിൽമേധാവി നൽകിയ മറുപടിയിലാണ് ഈ നിയമലംഘനം വ്യക്തമായത്. വർഷത്തിൽ പരമാവധി 60 ദിവസം പരോളെന്ന നിയമം മറികടന്നാണ് പ്രധാന പ്രതികൾക്ക് വഴിവിട്ട് പുറത്തിറങ്ങാനുള്ള അനുമതി നൽകിയത്. രാഷ്ട്രീയ സ്വാധീനം കാരണമാണ് ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിന്നതെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രമ ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

ടിപി കേസ് പ്രതികൾക്ക് പരിധിവിട്ട് പരോൾ

ശിക്ഷാകാലയളവിൽ ഇതുവരെ 500ലേറെ ദിവസം കുഞ്ഞനന്തന് പരോൾ അനുവദിച്ചുവെന്ന വിവരം പുറത്തുവന്നതും അടുത്തിടെ വലിയ വിവാദത്തിലേക്ക് നീങ്ങി. തു ചട്ടലംഘനമാണെന്ന ആരോപണം നിലനിൽക്കെയാണ് ശിക്ഷയിൽ ഇളവുനൽകാൻ സർക്കാർതലത്തിൽ ശ്രമം തുടങ്ങിയത്. കുഞ്ഞനന്തന് എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 211 ദിവസവും യു.ഡി.എഫ് സർക്കാരിന്റെകാലത്ത് 301 ദിവസവും പരോൾ അനുവദിച്ചുവെന്നാണ് വിവരാവകാശ രേഖയിൽ വ്യക്തമായത്. 2014 ജനുവരി 24നാണ് കുഞ്ഞനന്തൻ ഉൾപ്പെടെ 11 പ്രതികളെ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ജയിലിലടച്ചത്.

ടി.പി കേസ് പ്രതികൾക്കുമാത്രം മാനുഷിക പരിഗണന വാരിക്കോരി നൽകുന്നതെന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഇടതുസർക്കാർ അധികാരമേറ്റതിനുശേഷം ഓരോ മാസവും പകുതിയിലധികം ദിവസം കുഞ്ഞനന്തന് പരോൾ അനുവദിച്ചിട്ടുണ്ടെന്നും ടിപിയുടെ വിധവയും ആർഎംപി നേതാവുമായ കെകെ രമ വ്യക്തമാക്കിയിരുന്നു. നാലുകൊല്ലംപോലും ശിക്ഷയനുഭവിക്കാതെ കൊലക്കേസ് പ്രതിയെ പുറത്തുവിടാനുള്ള നീക്കമാണ് നടക്കുന്നതെന്നും രമ പറഞ്ഞു. 70 വയസ് കഴിഞ്ഞവർക്കുള്ള ആനുകൂല്യം കണക്കിലെടുത്ത് കുഞ്ഞനന്തന് ശിക്ഷയിളവ് നൽകാൻ നീക്കം നടത്തുകയായിരുന്നു. ഇതിനായി പൊലീസ് ടിപിയുടെ ഭാര്യ കെ.കെ.രമയുടെയും കുഞ്ഞനന്തന്റെ കുടുംബത്തിന്റെയും മൊഴിയെടുക്കുകയും ചെയ്തിരുന്നു.